പൊന്ന്യം കൃഷ്ണൻ

October 18, 2020, 6:00 am

കെ രാഘവൻ മാസ്റ്റർ ഈണങ്ങളുടെം രാജശില്പി; നാളെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മ ദിനം

Janayugom Online

സംഗീത ചക്രവർത്തി കെ രാഘവൻമാസ്റ്റരുടെ ചരമവാർഷികദിനമാണ് ഒക്ടോബർ 19. അറബികടലിന്റെ തീരത്ത് അന്ത്യവിശ്രമം കൊള്ളുകയാണ് മാസ്റ്റർ. മലയാള നാടക ചലച്ചിത്ര ഗാനശാഖയെ നാടൻ ശീലുകളുടെയും മാപ്പിളപ്പാട്ടിന്റെയും ചിലങ്കയണിയിച്ച സംഗീത സംവിധായകനായിരുന്നു കെ രാഘവൻ മാസ്റ്റർ. അദ്ദേഹം ഈണം നൽകിയ പാട്ട് മലയാളിയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. 1950ൽ ആകാശവാണികോഴിക്കോട് നിലയം സ്ഥാപിച്ചപ്പോൾ ലളിതഗാന വിഭാഗത്തിൽ പ്രൊഡ്യൂസറായി നിയമനം കിട്ടി. രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു കോഴിക്കോട് നിലയത്തിൽ നിന്ന് ആദ്യമായി പ്രക്ഷേപണം ചെയ്തത്. ‘പാടാനോർത്തൊരു മധുരിതഗാനം പാട്ടിയതില്ലല്ലൊ…’ തുടങ്ങിയ എത്രയോ ഗാനങ്ങൾ ആകാശവാണിക്ക് വേണ്ടി മാസ്റ്റർ ഒരുക്കി.

ആകാശവാണിയിലെ കലാജീവിതമാണ് അദ്ദേഹത്തെ നാടക ലോകത്തെത്തിച്ചത്. കെ പി എസിയുടെ ‘അശ്വമേധ’ത്തിലെ ‘പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട്…, ‘തലയ്ക്ക് മീതെ ശൂന്യാകാശം…’ തുടങ്ങിയ ഗാനങ്ങൾക്ക് സംഗീതം നൽകി. 1950ൽ വെളിച്ചം കാണാതെ പോയ ‘കതിരുകാണാക്കിളി’, ‘പുള്ളിമാൻ’ എന്നീ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കി നൂതനമാറ്റം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴി‍ഞ്ഞു. പി ഭാസ്കരന്റെ വരികൾ കൊണ്ട് സമ്പന്നമായ നീലകുയിലിലെ ഗാനങ്ങളിലെ സംഗീതമാണ് രാഘവൻ മാസ്റ്റരുടെ കഴിവ് സിനിമാലോകം തിരിച്ചറിഞ്ഞത്. രാഘവൻ മാസ്റ്റർ സംഗീതം നൽകി അദ്ദേഹം തന്നെ പാടിയ, ‘കാലരികത്ത് വലയെറിഞ്ഞപ്പോൾ…’ എന്ന ഗാനം മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.

‘നായരുപിടിച്ച പുലിവാലി‘ലെ, ‘കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം…’, ‘തച്ചോളി അമ്പു’, ‘നാദാപുരം പള്ളി‘യിലെ തുടങ്ങിയ നിരവധി ഗാനങ്ങൾക്ക് മാസ്റ്റർ ഈണം പകർന്നു. സിനാമലോകത്തെ അദ്ദേഹം നിരവധി പേരെ കൈപിടിച്ച് ഉയർത്തി. ‘എന്തിന് ഇത്ര പഞ്ചസാര…’ എന്ന ഗാനം ആലപിച്ചാണ് കെ പി ഉദയഭാനു സംഗീതലോകത്തേക്ക് കടന്നുവന്നത്. ‘മാനത്തെ കായലിൽ…’ എന്ന ഗാനത്തിലൂടെ ബ്രഹ്മാനന്ദനും കടന്നുവന്നു. വി ടി മുരളി തുടങ്ങി പലരെയും മാസ്റ്റർ വളർത്തികൊണ്ടുവന്നു. ജോലിയിലിരിക്കുന്ന ഘട്ടത്തിൽ രഘുനാഥ്, മോളി എന്ന പേരിൽ പല സിനിമകൾക്കും സംഗീതം പകർന്നു. പ്രണയഗാനങ്ങൾ കൊണ്ടു മധുരാനുഭവങ്ങൾ ഉണ്ടാക്കാൻ രാഘവൻ മാസ്റ്റർക്ക് കഴിഞ്ഞു. ശ്യാമളചേച്ചിയിലെ കള്ളിവളയിറക്കുമ്പോൾ, നഗരമേ നന്ദിയിലെ മഞ്ഞണിപൂനിലാവ് തുടങ്ങി പ്രേമഭാവനയുടെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന എത്രയോ ഗാനങ്ങൾക്ക് മാസ്റ്റർ സംഗീതം നൽകി.
‘ഭാരതമെന്നാൽ പാരിൻനാടുവിൽ…’ പോലുള്ള ദേശഭക്തിഗാനങ്ങൾക്കും സംഗീതം പകരുകയുണ്ടായി. 1973ൽ ‘നിർമ്മാല്യ’ത്തിനും 1977ൽ ‘പൂജക്കെടുക്കാത്ത പൂക്കൾ’ക്കും 1987ൽ ‘പാഞ്ചാലി’ എന്ന നാടകത്തിനും സംസ്ഥാന അവാർഡ് കരസ്ഥമാക്കി. തുടര്‍ന്ന് കേരള സർക്കാർ ജെ സി ഡാനിയൽ അവാർഡുനൽകി ആദരിച്ചു.

‘കള്ളിച്ചെല്ലമ്മ’യിലെ, ‘കരിമുകിൽ കാട്ടിലെ…’, ‘യുദ്ധകാണ്ഡ’ത്തിലെ ‘ശ്യാമസുന്ദര പുഷ്പമേ…’, ‘കൊടുങ്ങലൂരമ്മ’യിലെ ‘മഞ്ജുഭാഷണി…, ‘ഉമ്മാച്ചു‘വിലെ ‘ഏകാന്ത പഥികൻ ഞാൻ…, ‘അമ്മയെ കാണാനില്ല’യിലെ ‘ഉണരുണരൂ…, ‘പൂജക്കെടുക്കാത്ത പൂക്ക’ളിലെ ‘ക്ഷേത്രമെന്ന് അറിയാത്ത… എന്നിങ്ങനെ മലയളികൾ എന്നും നെഞ്ചിലേറ്റുന്ന ഈ പാട്ടുകളൊക്കെ മാസ്റ്റർ ഈണം നൽകിയ ചിലത് മാത്രം. കെപിഎസി നാടക സമിതിയുമായി സഹകരിക്കുകയെന്നത് മാഷിന് അഭിമാനമായിരുന്നു. തോപ്പിൽഭാസിയുടെ മരണം തനിക്ക് സഹിക്കാൻ പറ്റാത്തതാണെന്ന് മാഷ് പറയുമായിരുന്നു. കെപിഎസി നാടകസമിതിയിൽ താമസിച്ചുകൊണ്ട് അഞ്ച് വർഷക്കാലം സംഗീതം പഠിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നാടകഗാനങ്ങളും സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ മനസ്സില്‍ എക്കാലവും നിലനില്‍ക്കും. രാഘവൻ മാസ്റ്റരുടെ ഈണങ്ങൾക്ക് മരണമില്ല. ഈണങ്ങളുട രാജശില്പിയാണ് രാഘവൻ മാസ്റ്റർ.