കെ കെ ജയേഷ്

June 07, 2020, 8:50 am

ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീത ദിനങ്ങൾ

Janayugom Online

സെമിനാരിയിലെ പഠനം… പിന്നെ വിവിധ ജോലികളുമായി കുറേ വർഷങ്ങൾ. . തുടർന്നാണ് സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാൻ ചെന്നൈയിലേക്ക് വണ്ടികയറിയത്. തുടർന്ന് എട്ടു വർഷം ബിജിബാലിനൊപ്പം പ്രവർത്തിച്ച ശേഷമാണ് ജസ്റ്റിൻ വർഗീസ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തണ്ണീർ മത്തൻ ദിനങ്ങൾ തുടങ്ങിയ സിനിമകളിലെ പാട്ടുകളൊരുക്കി മലയാളികളുടെ മനം കവർന്ന സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് സംഗീത വഴികളിലൂടെ സഞ്ചരിക്കുന്നു.

 

സെമിനാരിയിലെ പഠനം

കുട്ടിക്കാലത്താണ് സെമിനാരിയിൽ ചേരണമെന്നൊരു തോന്നലുണ്ടായത്. പാട്ടുകളോടുള്ള ഇഷ്ടവും കീ ബോർഡ് പഠിക്കാനുള്ള താത്പര്യവും അതിനൊരു കാരണമായിരിക്കാം. പള്ളികളിലെ പാട്ടു കേട്ട് വളർന്നൊരു കുട്ടിക്കാലമായിരുന്നു എന്റേത്. സംഗീതത്തോട് താത്പര്യമുണ്ടെന്നല്ലാതെ വീട്ടിൽ ആർക്കും സംഗീതവുമായി വലിയ ബന്ധമൊന്നുമില്ല. പള്ളികളിലെ പാട്ടുകൾ ഒരുക്കി വലിയ സംഗീത സംവിധായകർ ആയിത്തീർന്ന നിരവധി പേരുടെ കഥകൾ കേട്ടിട്ടുണ്ട്. അതെല്ലാം സ്വാധീനിച്ചതുകൊണ്ടാവാം അത്തരമൊരു തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. സെമിനാരിയിൽ പോയാൽ എപ്പോൾ വേണമെങ്കിലും കീ ബോർഡ് വായിക്കാമല്ലോ എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ എറണാകുളം- അങ്കമാലി അതിരൂപതയിലെ മൈനർ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി. അവിടുത്തെ ജീവിതത്തിനിടെ കീ ബോർഡ് വായിക്കാൻ പഠിച്ചു. കർണാട്ടിക് മ്യൂസിക്കിന്റെ അടിസ്ഥാന പാഠനങ്ങളും അവിടെ നിന്ന് തന്നെയാണ് പഠിച്ചത്. പ്ലസ് ടു, ഡി ഗ്രി പഠനമെല്ലാം അവിടെ തന്നെയായിരുന്നു. ഡിഗ്രി അവസാന വർഷമായപ്പോഴാണ് അവിടെ നിന്നും തിരിച്ചുവന്നത്. എന്റെ താത്പര്യങ്ങളും നിയോഗവും വ്യത്യസ്തമാണെന്ന തിരിച്ചറിവിലായിരുന്നു മടക്കയാത്ര. തുടർന്ന് കുറേക്കാലം പല ജോലികളും ചെയ്ത് കഴിഞ്ഞു. ഡൽഹിയിലും അരുണാചൽ പ്രദേശിലുമെല്ലാം ജോലി നോക്കി.

ചെന്നൈ ദിനങ്ങൾ

സംഗീതവുമായി ബന്ധമുള്ള എന്തെങ്കിലും ജോലി ചെയ്യാനുള്ള ആഗ്രഹം തോന്നിയപ്പോഴാണ് ചെന്നൈയിൽ സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാൻ പോയത്. എ ആർ റഹ്മാന്റെ കൂടെ വർക്കു ചെയ്യുന്ന എന്റെ ഒരു ബന്ധുവും അതിന് പ്രോത്സാഹനം നൽകി. ചെന്നൈയിൽ ക്ലാസിൽ ചേർന്നപ്പോൾ പിൽക്കാലത്ത് ഏറെ പ്രസിദ്ധമായ ‘തൈക്കുടം ബ്രിഡ്ജി‘ലെ ഗോവിന്ദ്, നിതിൻ ലാൽ, ക്രിസ്റ്റി എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. എല്ലാവരും സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാൻ വന്നവരാണെങ്കിലും സംഗീതത്തോടുള്ള അടങ്ങാത്ത താത്പര്യമായിരുന്നു അവർക്കൊക്കെ. പിന്നെ ഞങ്ങൾ ഒരുമിച്ച് ഒരുമുറിയിൽ താമസം. സംഗീതത്തെ സ്വപ്നം കണ്ട് കഴിഞ്ഞ നാളുകൾ. സ്വന്തമായി പാട്ടുകൾ ഒരുക്കിയും പാടിക്കേൾപ്പിച്ചും കുറേക്കാലം. പഠനകാലത്തെ സൗഹൃദങ്ങൾ തന്നെയാണ് എന്നെ സംഗീത സംവിധായകനിലേക്ക് വഴി നടത്തിയത്. ചെന്നൈയിലെ പഠനത്തിന് ശേഷം സംഗീത സംവിധായകൻ അഫ്സൽ യൂസഫ് വഴിയാണ് ഗോപി സുന്ദറിനേയും ബിജിബാലിനേയും പരിചയപ്പെടുന്നത്.

 

പത്തുവർഷമായി ബിജിബാലിനൊപ്പം

ജീവിതത്തിൽ എന്റെ ഗുരുവും വഴികാട്ടിയുമെല്ലാം ബിജിബാലാണ്. ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണദ്ദേഹം. പത്തു വർഷത്തോളമായി ഞാൻ അദ്ദേഹത്തിനൊപ്പം കീ ബോർഡ് പ്രോഗ്രാമറായി ജോലി ചെയ്യുന്നു. 2009 ൽ ലൗഡ് സ്പീക്കർ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പിന്നീട് ‘ബെസ്റ്റ് ആക്ടർ’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’, ‘സാൾട്ട് ആന്റ് പെപ്പർ’, ‘ഡാ തടിയാ’, ‘വെള്ളിമൂങ്ങ’, ‘മഹേഷിന്റെ പ്രതികാരം’, ‘മായാമോഹിനി’, ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ തുടങ്ങി നിരവധി ചിത്രങ്ങളിൽ സംഗീത സഹായിയായി. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവുമൊരുക്കി. അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ച നിരവധി സിനിമകളിൽ പശ്ചാത്തല സംഗീതത്തിന്റെയും പാട്ടുകളുടെയും പ്രോഗ്രാമിംഗും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചു. അതെല്ലാം ജീവിതത്തിലെ വലിയ അനുഭവങ്ങളായിരുന്നു. പിന്നീട് ബിജിച്ചേട്ടന്റെ മകനെ കൊണ്ട് എന്റെയൊരു പാട്ടുപാടിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ഇപ്പോഴും അദ്ദേഹത്തോട് ചോദിച്ച് മാത്രമേ ഞാനെന്ത് കാര്യവും ചെയ്യാറുള്ളു. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയുടെ സംവിധായകൻ അൽത്താഫ് സലിമിനെ എനിക്ക് നേരിട്ട് പരിചയമുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ നിർദ്ദേശിക്കുന്നതും ബിജിബാലാണ്. എട്ടു വർഷത്തോളം കാത്തിരുന്നാണ് 2017ല്‍ ‘ഞണ്ടുകളുടെ നാട്ടി‘ലൂടെ ഞാൻ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. ഈ കാലമത്രയും ഞാൻ എന്നെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. പ്രതിഭാശാലികളായ സംഗീത സംവിധായകർക്കൊപ്പം ആ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു.

 

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള

രണ്ടു പാട്ടുകളായിരുന്നു ‍‘ഞണ്ടുകളുടെ നാട്ടിൽ’ ഉണ്ടായിരുന്നത്. സന്തോഷ് വർമ്മയായിരുന്നു ഗാനരചന. സിനിമ ഇറങ്ങിയപ്പോൾ ചിത്രത്തിലെ ”എന്താവോ. . ഇതെന്താവോ… നെഞ്ചിൽ സൂചി കൊണ്ടപോലെ.… . .” എന്ന ഗാനം ഹിറ്റായി. അന്നത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിലെ ”നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ പുഞ്ചിരി വിരിയാഞ്ഞതെന്തേ.… .” എന്ന ഗാനം ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആദ്യ പാട്ട് പുറത്തിറങ്ങും മുമ്പ് വലിയ ടെൻഷനായിരുന്നു. ആദ്യം സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. പിന്നെ എന്താവോ എന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തു. നനവേറെ തന്നിട്ടും എന്ന ഗാനം ഏറെ മനോഹരമായിരുന്നു. അതിപ്പോൾ ആളുകൾ തിരിച്ചറിയുന്നുവെന്നതും വലിയ സന്തോഷം.

 

തരംഗമായ ജാതിക്കാ തോട്ടം

”ഈ ജാതിക്കാ തോട്ടം.… എജ്ജാതി നിന്റെ നോട്ടം…” കൊച്ചുകുട്ടികൾ വരെ ഈ പാട്ട് പാടി നടക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം. ഹിറ്റാകുമോ എന്ന് പോലും ഉറപ്പില്ലാത്ത പാട്ടാണ് കേരളത്തിൽ തരംഗമായത്. ‘ഞണ്ടുകളുടെ നാട്ടി‘ലിന് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് ‘തണ്ണീർ മത്തൻ ദിനങ്ങൾ’ പുറത്തിറങ്ങുന്നത്. അൽപ്പം സരസമായ ഒരു പാട്ടാവണം എന്നായിരുന്നു സംവിധായകൻ ഗിരീഷ് എ ഡിയുടെ നിർദ്ദേശം. നവാഗതനായ ഷുഹൈയിൽ കോയയായിരുന്നു ‘ജാതിക്കത്തോട്ട’ത്തിന്റെ വരികളെഴുതിയത്. രസകരമായ വരികളും ആലാപനത്തിലെ വ്യത്യസ്തതയും പാട്ടിന്റെ വലിയ ജനപ്രീതിയ്ക്ക് കാരണങ്ങളായി. സൗമ്യ രാമകൃഷ്ണനും ബിജിബാലിന്റെ മകൻ ദേവദത്തും ചേർന്നായിരുന്നു ആ പാട്ട് പാടിയത്. ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ”ശ്യാമ വർണ രൂപിണി കഠോര ഭാഷിണി പ്രിയേ. . പ്രേമലേഖനം നിനക്കു ഞാൻ തരുന്നു ശാരദേ.…”, ”പന്ത് തിരിയണ് അടിമുടി ഉലയണ്.… . .”, ”ദൈവമേ… എന്ത് വിധിയിത്. . വല്ലാത്ത ചതിയിത്…” തുടങ്ങിയ മറ്റുപാട്ടുകളും കേരളം ഏറ്റെടുത്തു. ജാതിക്കത്തോട്ടം പുറത്തിറങ്ങി ആദ്യമൊന്നും വലിയ ചലനമുണ്ടായില്ല. അൽപ്പം നിരാശയോടെ നിൽക്കുമ്പോഴാണ് കാര്യങ്ങളെല്ലാം മാറി മറഞ്ഞത്. ചാനലുകളിലും സോഷ്യൽ മീഡിയയിലുമെല്ലാം പാട്ട് തരംഗമായി. താരങ്ങളില്ലാത്ത സിനിമയായിരുന്നെങ്കിലും ചരിത്ര വിജയമാണ് ഈ കൊച്ചു ചിത്രം സ്വന്തമാക്കിയത്.

 

പുതിയ പാട്ടുകൾ

‘തണ്ണീർ മത്തൻ ദിനങ്ങ’ളുടെ സംവിധായകൻ ഗിരീഷ് എ ഡിയുടെ പുതിയ സിനിമയാണ് ഇനി ആരംഭിക്കാനുള്ളത്. സ്ക്രിപ്റ്റെല്ലാം പൂർത്തിയായി. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനിരുന്നതായിരുന്നു. അപ്പോഴാണ് കോവിഡ് പിടിമുറുക്കിയത്. തണ്ണീർ മത്തന്റെ രചയിതാവായ ഡിനോയ് പൗലോസ് രചന നിർവ്വഹിക്കുന്ന മറ്റൊരു ചിത്രത്തിന്റെ ചർച്ചകളും നടക്കുന്നുണ്ട്. ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ആന്റണി വർഗീസും അർജുൻ അശോകനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ് ഞാൻ ഒരുക്കുന്നത്. തണ്ണീർ മത്തന്റെ തമിഴ് റീമേയ്ക്കിന്റെ ചർച്ചകളും നടക്കുകയാണ്. എഡിറ്റർ ശ്രീകർ പ്രസാദും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്. ജാതിക്കത്തോട്ടത്തിന്റെ സംഗീതം അതുപോലെ ഉപയോഗിക്കാനാണ് അവർ നിർദ്ദേശിച്ചിട്ടുള്ളത്. അത് ആ പാട്ടിന്റെ വിജയമായാണ് ഞാൻ കാണുന്നത്.

 

കുടുംബം

അങ്കമാലി കറുകുറ്റി സ്വദേശിയാണ് ജസ്റ്റിൻ. പരേതനായ വർഗീസിന്റെയും മേരിയുടെയും മകൻ. ഭാര്യ: മീര, മകൾ: തൻവി. സഹോദരൻ: ജെയ്സൺ. കോവിഡ് കാലത്തും പാട്ടിന്റെ വഴികളിൽ സജീവമാണ് ജസ്റ്റിൻ. പാട്ടുകളൊരുക്കിയും ചർച്ചകളുമായി കോവിഡ് കാലം കടന്നുപോകുന്നു.

Eng­lish Sum­ma­ry: janayu­gom varan­tham about music direc­tor justin

You may also like this video

മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ