ജീവിതം കൊത്തിയ കവിത

ജയൻ മഠത്തിൽ
Posted on October 18, 2020, 3:45 am

“കേവലമർത്യതയ്ക്കപ്പുറം മറ്റൊന്നു-
മാകാൻ കൊതിക്കാത്തൊരെന്റെ മനസ്സിലെ -
പ്പാടും കിളികൾക്കു സ്നേഹ സാന്നിധ്യമാം
പൂവും പുലരിയും തേനും കവിതയും
നേരും നെറിയുമാണിഷ്ടം.”
-ഏഴാച്ചേരി രാമചന്ദ്രൻ

ശ്രേഷ്ഠമായ കാവ്യഭാഷണം മന്ത്രോച്ചാരണത്തിന് സമാനമാണ് എന്നുപറഞ്ഞത് അരവിന്ദഘോഷാണ്. കവിതയെ സംബന്ധിച്ചുള്ള അഭിജാതഗൗരവമുള്ള നിരീക്ഷണമായിരുന്നു അത്. മലയാള കവിതയിൽ പാരമ്പര്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും വൈകാരികവിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഏഴാച്ചേരി രാമചന്ദ്രന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ അരവിന്ദഘോഷിന്റെ ഈ വാക്കുകളുടെ നിലാവെളിച്ചം നമുക്ക് അനുഭവപ്പെടും. വളരെപ്പണ്ട്, സ്വന്തം ഗ്രാമത്തിലെ വായനശാല, ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ വെറും ബാലനായിരുന്ന ഏഴാച്ചേരി ഓർത്തിട്ടുണ്ടാകില്ല മലയാളസാഹിത്യ ലോകത്തെ മുന്തിയ സിംഹാസനം തന്നെക്കാത്തിരിക്കുന്നുണ്ടെന്ന്.

ദ്രാവിഡപ്പെരുമ

നാട്ടുഭാഷയുടെയും പാട്ടുഭാഷയുടെയും കവിയാണ് ഏഴാച്ചേരി. ചീരാമനും കണ്ണശ്ശനും മുതൽ നാടോടിഗായകർവരെ തുറന്നിട്ട വെട്ടുവഴികളിലൂടെ നടന്നു നീങ്ങിയാണ് ഏഴാച്ചേരി പാരമ്പര്യത്തിന്റെ പതാകവാഹകനായത്. ദ്രാവിഡത്തനിമയിലെ നാടോടിസംസ്കാരത്തെ ആത്മാവുകൊണ്ടു ചുംബിക്കുകയായിരുന്നു ഏഴാച്ചേരി. കവികൾ മിത്തുകളിലേക്കും ഐതിഹ്യങ്ങളിലേക്കും വർഗ്ഗപ്പഴമയിലേക്കും മടങ്ങിപ്പോവുന്നത് പൈതൃകത്തിന്റെ പ്രേരണ കൊണ്ടാണ്. ദ്രാവിഡ മിത്തുകളെ ആവേശത്തോടെയാണ് ഏഴാച്ചേരി കവിതയിലേക്ക് ജപിച്ചുവരുത്തിയത്. ‘കണ്ണുകളിലെപ്പോഴും തീനാളമുണ്ടെന്ന് കാടു പറയുന്ന’ കള്ളിയങ്കാട്ടെ കറുത്ത നീലിയും യുഗയുഗാന്തരങ്ങളിൽ കൃഷ്ണന്റെ ഇണയായി വന്ന് ഉൾത്താപത്താൽ ഉരുകിത്തിളച്ച ‘പൂതന’യുമെല്ലാം ദ്രാവിഡകരുത്തിന്റെ പ്രതീകങ്ങളാണ്. ‘വീണയേക്കാൾ ചെണ്ടയും തപ്പും ഇഷ്ടപ്പെടുന്ന കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ‘യാണ് തന്റെ കവിത അഭിസംബോധന ചെയ്യുന്നത് എന്ന് കവി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

തന്റെ ഈണവും താളവും നോവും നാട്ടിലെ കറുകറുത്ത, അടിസ്ഥാന വർഗ്ഗങ്ങൾക്കുള്ളതാണെന്നും കവി തുടർന്നു പറയുന്നു. കവിത, പാരമ്പര്യത്തിന്റെ താളവും സംഗീതവുമാണെന്ന് ഏഴാച്ചേരി വിശ്വസിക്കുന്നു. ഏഴാച്ചേരി കവിതയെഴുതുമ്പോൾ ഉടുക്കിന്റെ സംഗീതത്തിൽ നൃത്തംചെയ്യുന്ന നടരാജനെ നമ്മൾ മനസിൽ കാണുന്നു. പ്രപഞ്ചത്തിന്റെ താളബോധമാണ് ആ കവിതയുടെ ശക്തി. ആ ശൈവതാളത്തിൽ നിന്ന് കവിക്ക് മാറി നിൽക്കാനാകുന്നില്ല. ഒഎൻവി എഴുതി: ”താളത്തിന്റെ ചെകിളപ്പൂ തുടിക്കാത്ത ഒരൊറ്റ വരിയും ഏഴാച്ചേരിക്ക് എഴുതാനാവില്ല. സഹജശോഭയോടെ വാക്കുകൾ താളത്തിൽ വാർന്നുവീഴുന്നു. മനഃപൂർവ്വമെടുത്തു പ്രയോഗിക്കുന്ന, കണക്കു കൂട്ടിയൊപ്പിച്ചുള്ള താളമല്ല അത്. വെറുതെ നടന്നു പോകുമ്പോഴും നർത്തകിയുടെ കാൽച്ചിലമ്പ് കിലുങ്ങുംപോലെ, കാറ്റിന്റെ വ്യത്യസ്തഭാവത്തിനനുസരിച്ച് ദ്രുതമധ്യമന്ദഗതികളിൽ മാറിമാറിച്ചലിക്കുന്ന ചില്ലകളുടെ താളം പോലെ അനിവാര്യവും അനായാസവും എന്നാൽ ഭാവനാനുസൃതവുമായൊരു താളം ഈ കവിതകൾക്കുണ്ടായിപ്പോകുന്നു.”

അകംപുറം യാത്രകൾ

ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യം തേടിപ്പോവുന്ന ഒരു നചികേതസ് എല്ലാ കവികളിലുമുണ്ട്. ഈ അകംപുറം യാത്രയിടങ്ങളിലെ മണ്ണിലാണ് കവിത പൂക്കുന്നത്. രണ്ട് ചിറകുകളുള്ള ഒരു കാവ്യപക്ഷിയാണ് ഏഴാച്ചേരി. അവ ഉപയോഗിച്ച് അകത്തേക്കും പുറത്തേക്കും കവി പറന്നു കൊണ്ടേയിരിക്കുന്നു. അകത്തേക്കും പുറത്തേക്കും ഒരേ സമയം തുറന്നടയുന്ന യാത്രയുടെ ജീവചരിത്രമായി ഏഴാച്ചേരിക്കവിത മാറുന്നു. ചിലപ്പോൾ ഒരു തഥാഗതനെപ്പോലെ കവി അലഞ്ഞുതിരിയുന്നു. സഞ്ചാരിയുടെ വിയർപ്പും നോവും തിണർത്തു നിൽക്കുന്ന പാദമുദ്രകൾ ഏഴാച്ചേരിക്കവിതയെ ഗന്ധവത്താക്കുന്നു. ‘നൂറു പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ ഫലം തരുന്നത് അകം നിറഞ്ഞുള്ള ഒരു യാത്രയാണെ‘ന്ന് കവിമൊഴി. കേദാരത്തിലെ ഗൗരിയെത്തേടിയുള്ള യാത്ര കവിക്ക് തീവ്രവും വ്രതശുദ്ധവുമായിരുന്നു. സന്താനലബ്ധിക്കായി തുലാം മാസത്തിൽ സ്ത്രീകൾ അമാവാസി വ്രതം അനുഷ്ഠിച്ച് കേദാരഗൗരിയെ പൂജിക്കാറുണ്ട്. വളരെ ദൂരെ നിന്നു തന്നെ പാർവതിയുടെ മൂക്കുത്തി ഒറ്റനക്ഷത്രം പോലെ നിന്നു കത്തി. കുളത്തിൽ മുങ്ങിക്കുളിച്ച് ഈറനോടെ സ്ത്രീയും പുരുഷനും മുട്ടിയുരുമ്മി ഗൗരിയെ കണ്ടുപ്രാർഥിച്ചാൽ സന്താനലബ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
“നിൻ വിരൽ തൊട്ട പവിത്രദാഹങ്ങളെ,
പെൺജാതകങ്ങളെ, പ്രേമവടുക്കളെ,
നാദരഹിതമാം ചണ്ഡവാതങ്ങളെ,
നാഭിയിൽ ഹോമിച്ചൊതുക്കി ചിരിച്ചു നീ…”
(കേദാരഗൗരി)
കള്ളിയങ്കാടും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ഒട്ടേറെ തവണ പോയതിന്റെ കലാപരമായ പ്രതികരണമാണ് ‘നീലി. ’ ശ്യാമഭാരതി, കന്യാകുമാരി, ബന്ധുരാംഗീപുരം, മീനച്ചിലാറ്, മലയാളവേരുകൾ, പാലക്കട്ടെ പെൺകൊടിമാർ… ഏഴാച്ചേരിയുടെ യാത്രപ്പാട്ടുകൾ അവസാനിക്കുന്നില്ല. സർഗ്ഗാത്മകതയെ തൊട്ടുണർത്തുന്ന യാത്രകളെ കവി തന്നോട് ചേർത്തുനിർത്തിയിരുന്നു. കവിയുടെ യാത്രകൾ കാലവും ദേശവും കടന്ന് ഇതിഹാസങ്ങളിലേക്കും ചരിത്രത്തിന്റെ അടരുകളിലേക്കും യുദ്ധക്കളങ്ങളിലേക്കും സാംസ്കാരിക കേദാരങ്ങളിലേക്കും കടക്കുന്നുണ്ട്. നിലയ്ക്കാത്ത യാത്രയിലൂടെ, മനുഷ്യമോചന സ്വപ്നങ്ങളുടെ സാക്ഷാൽക്കാരവും മനുഷ്യന്റെ അതിജീവന സാധ്യതയും ആരായുകയായിരുന്നു കവി. മനുഷ്യസ്ഥിതിയെപ്പറ്റിയുള്ള കലാകാരന്റെ വെളിപാടാണ് കവിത എന്ന് ഏഴാച്ചേരിക്കവിതകൾ നമ്മോട് പറഞ്ഞുതരുന്നു.

പ്രണയത്തിന് എത്ര ചിറകുകൾ

പ്രണയത്തെ മുന്തിരിവീഞ്ഞുപോലെ കുടിച്ച് ആസ്വദിച്ച ഖലീൽ ജിബ്രാനും, ശലോമോനും അമേരിക്കയിലെ സംസ്ഥാനമായ വെർജീനിയയിൽ കണ്ടുമുട്ടുന്നു. വെർജീനിയയുടെ തലസ്ഥാനമായ റിച്ച്മോണ്ടിൽ കുടിയേറ്റക്കാരായ ലബനോൺകാർ നിർമ്മിച്ച അന്തോണീസ് പുണ്യവാളന്റെ പള്ളിയിലാണ് ഇരുവരും ഒന്നിച്ചത്. മൂന്നു ദിവസത്തെ പെരുനാളാണ്. ആട്ടവും പാട്ടും തീറ്റിയുമൊക്കെയായി ആഹ്ളാദത്തിമിർപ്പ്. ശലോമോൻ എന്ന സോളമനും ജിബ്രാനും പ്രിയപ്പെട്ടയിടം. ഇവരുടെ ഒത്തുചേരൽ എങ്ങനെയായിരിക്കുമെന്നതിന്റെ ഭാവനാ ലോകത്തിലാണ് ‘ഒരു വെർജീനിയൻ വെയിൽകാല’ത്തിന്റെ പിറവി.
” സോളമൻ കുതിരപ്പുറത്തെഴുന്നെള്ളുന്നു
ദേവതാരുത്തണലിലൂടെ.
താണുവണങ്ങി നിൽക്കും ഖലീൽ ജിബ്രാന്റെ
കാമുകമുഖം തിരിച്ചടിയാൽ സോളമൻ
കവിതയിൽ പ്രണയസന്ത്രാസങ്ങൾ വിരിയിച്ച
വിരലുകൾ താണു ചുംബിച്ചു;
ഏതു കാലത്തിലു,മേതു ലോകത്തിലു-
മെത്ര നിരാസപരിഹാസമേൽക്കിലും
പ്രാണന്റെ ഭാഷ തിരിച്ചറിയപ്പെടും
ഭൂമണ്ഡലം തിരിയുവോളം.”
ചങ്ങമ്പുഴക്കവിതയുടെ ലാവണ്യശോഭ ഏഴാച്ചേരിയുടെ കവിതകളെ നിറം പിടിപ്പിക്കുന്നുണ്ട്. മലയാളത്തെ സ്നേഹിക്കുന്ന ഒരാൾക്കും ചങ്ങമ്പുഴയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല എന്ന് കവിയുടെ ഏറ്റുപറയൽ. ” അഞ്ചാം ക്ലാസിൽ രമണനിലെ ആദ്യത്തെ കുറേ വരികൾ പഠിക്കാനുണ്ടായിരുന്നു. സെബാസ്റ്റ്യൻ സാർ ആ കവിത ഈണത്തിൽ ചൊല്ലി പഠിപ്പിച്ചനാൾ മുതൽക്കേ ചങ്ങമ്പുഴ ഉള്ളിൽക്കടന്നു. മുതിർന്ന ക്ലാസിൽ എത്തിയപ്പോൾ കിട്ടാവുന്നത്ര ചങ്ങമ്പുഴക്കവിതകൾ വായിച്ചു…” പ്രകൃതിയുമായി ബന്ധപ്പെട്ടു വികസിക്കുന്ന പ്രണയ സങ്കൽപ്പമാണ് ഏഴാച്ചേരിയുടേത്. പ്രകൃതിയും പ്രണയിനിയും ഒരേഭാവത്തിന്റെ രണ്ട് മുഖങ്ങളാണ്. പ്രണയത്തിന്റെ തീവ്രാനുവഭതലങ്ങളിൽ പ്രണയഗായകൻ, ഖലീൽ ജിബ്രാനെ ഏഴാച്ചേരി ഹൃദയത്തിന്റെ നിഗൂഢമായ അറയിൽ നിന്ന് പുറത്തേക്ക് കൂടഞ്ഞിടുന്നു.
‘നീയില്ലാതെ, ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ?
ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമകൾക്കു വേണ്ടി ദാഹിച്ചുകിടക്കുന്നു.’ എന്ന് പ്രണയത്തിന്റെ ലഹരിദായകമായ അവസ്ഥയിൽ നിന്ന് ജിബ്രാൻ പാടുന്നു.
പ്രണയകവിതകളിൽ പുഴ സജീവസാന്നിധ്യമായി ഏഴാച്ചേരിക്കവിതകളിൽ വരുന്നു. പ്രണയസമാഗമങ്ങളുടെയും സല്ലാപങ്ങളുടെയും പശ്ചാത്തലമാകുകയാണ് പുഴ. ജീവിത സങ്കീർണതകളെ അതിജീവിക്കാനും പ്രതിസന്ധികളെ മറികടക്കാനുമുള്ള ഉപാധിയാണ് കവിക്ക് പ്രണയം. വിരഹവും വേദനയും നൈമിഷികതയും പ്രണയത്തിന്റെ തൂവലുകളാണ്. എങ്കിലും പ്രണയത്തെ കവി, ഹൃദയത്തോട് ചേർക്കുന്നു. ‘വിളക്കിന്റെ നാളങ്ങളിൽ വീണെരിയുന്ന ശലഭങ്ങളെപ്പോലെ ക്ഷണികമായ മോഹങ്ങളെ വർണ്ണച്ചെപ്പുകളിൽ ശേഖരിക്കുന്ന ഭിക്ഷു’ എന്നാണ് കവി പ്രണയത്തിന് നൽകുന്ന വിശദീകരണം.
“കത്തും വിളക്കിന്റെ നാളങ്ങളെച്ചെന്നു
മുത്തും ക്ഷണിക മോഹങ്ങൾതൻ വേദനാ -
ഭിക്ഷുവാണെന്നിലെ പ്രേമം. ”
പ്രണയം, കാലഭേദങ്ങൾക്കും പ്രായഭേദങ്ങൾക്കും അപ്പുറമാണ്. പ്രണയത്തിനും പ്രണയിനികൾക്കും ഒരിക്കലും വാർദ്ധക്യം ബാധിക്കുകയില്ല. ദാവീദും ബദ്ഷെബയും സലോമിയും ജിബ്രാനും ഒരിക്കലും ജരാനര ബാധിക്കാത്ത പ്രണയബിംബങ്ങളായി നിലനിൽക്കുമെന്ന് കവി കരുതുന്നു.

ദൈവത്തിന്റെ കിരണങ്ങൾ

‘Woman is ray of God’ എന്നാണ് ജലാലുദ്ദീൽ റൂമി പറഞ്ഞത്. She is cre­ative, not cre­at­ed എന്ന് റൂമി തുടർന്ന് പറയുന്നുണ്ട്. പ്രകൃതിക്കൊപ്പം പൂക്കാനും തളിർക്കാനും പാടാനും അനുഗ്രഹം ലഭിച്ച ‘അവളെ‘പ്പറ്റി ഒട്ടേറെ കവിതകൾ ഏഴാച്ചേരി എഴുതിയിട്ടുണ്ട്. പുരുഷ കാമത്തിന്റെയും പുരുഷ സ്വാർഥതയുടെയും വാൾത്തലപ്പിൽ ഹൃദയം മുറിഞ്ഞുപോയവരുടെ അടക്കിപ്പിടിച്ച നിശ്വാസങ്ങൾ ഏഴാച്ചേരി ക്കവിതകൾക്ക് ഏടുകൾ തീർത്തിട്ടുണ്ട്. ഗ്രാമീണ മനസുകൾ നാട്ടുവഴക്കങ്ങളിലൂടെ സങ്കൽപ്പിച്ചെടുത്ത കള്ളിയങ്കാട്ടെ നീലിമുതൽ അറയ്ക്കൽ ബീവി വരെ നമ്മുടെ മനസിൽ ദീപ്തമായ അനുഭവമായി മാറുന്നു. വർത്തമാനകാല സ്ത്രീയനുഭവങ്ങളെ, അവളുടെ നിസ്സഹായതയെ തീക്ഷ്ണമായ കടുംനിറങ്ങളിലാണ് കവി കോറിയിടുന്നത്.

‘സ്വർഗ്ഗങ്ങൾ സ്വതസിദ്ധമെന്ന് തൻ ചിരി കൊണ്ട് വെട്ടപ്പെടുത്തുന്ന’വളായ ആലീസുമാർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. പട്ടാളവീട്ടിൽ അടുക്കളക്കാരിയായി എത്തുന്ന അനാഥയായ ആലീസ് ഭോഗാസക്തിയുടെ ഇരയായി മാറുന്നു. അധികാരത്തിന്റെയും ഭോഗാസക്തിയുടെയും ചിഹ്നമാണ് പട്ടാളവീട്. അവളുടെ ദയനീയാവസ്ഥ കണ്ട് കവി ചോദിക്കുന്നു: “പാപങ്ങളിത്രമേലെന്തിവൾ ചെയ്തു പിതാക്കളേ?”
ബലിമൃഗങ്ങളുടെ ദയനീയകഥകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ജൂലിയ, വള്ളുവച്ചിരുത, ജീനാ സെലീനാ സെബാസ്റ്റ്യൻ, പടി കയറി വരുന്ന പാർവ്വതി, സ്റ്റെല്ല, ചിന്നമ്മു, ആനി അന്ന ഡിസൂസ, ഇന്ദുലേഖ, കർമ്മലീന… അവളുടെ കഥകൾ അവസാനിക്കുന്നില്ല.

അധികാരം കൊയ്യണമാദ്യം

കവിത ഒരു പ്രാർഥനയാണ്. കവി സ്വന്തം മനസിനു മുന്നിൽ നടത്തുന്ന വിശുദ്ധ പ്രാർഥന. ഈ പ്രാർഥനയിൽ സ്വകാര്യതകളോടൊപ്പം മനുഷ്യൻ നേരിടുന്ന ധാർമികപ്രതിസന്ധികളും ഭരണകൂടത്തിന്റെ കാട്ടാളനീതിയോടുള്ള പ്രതിഷേധവുമുണ്ടായിരിക്കും. ‘നാം ഈ ലോകവുമായി അനിവാര്യമായ വിധത്തിൽ ബന്ധപ്പെടുന്നു എന്ന വികാരമാണ് സർഗസൃഷ്ടിയുടെ പിന്നിലെ പ്രധാന പ്രേരണയെന്ന് സാർത്ര് പറയുന്നു. അധികാര കേന്ദ്രത്തോടുള്ള കലഹം കവിതയ്ക്ക് കൂടുതൽ കരുത്തു നൽകും. ആയുധത്തേക്കാൾ മൂർച്ചയുള്ള വാക്കുകൾകൊണ്ട് ഭരണകൂടത്തോടു കലഹിക്കുകയായിരുന്നു നെരൂദ. അഗ്നി സമാനമായ അക്ഷരങ്ങൾ നെരൂദയ്ക്ക് ഭരണകൂട ഭീകരതയ്ക്കെതിരെ പിടിച്ച ദിവ്യായുധമായിരുന്നു.

ഭരണകൂടത്തിന്റെ അനുശാസനകളെ അവഗണിക്കുവാൻ കഴിയാതെ വരുമ്പോൾ കലാകാരന്റെ മരണം സംഭവിക്കുന്നു എന്ന് ഏഴാച്ചേരി വിശ്വസിച്ചിരുന്നു. പ്രത്യയശാസ്ത്ര പിൻബലത്തോടെയാണ് ഏഴാച്ചേരി രാഷ്ട്രീയ കവിതകൾ എഴുതിയത്. അത് ഏറ്റവും വലിയ ഹ്യൂമനിസമായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമായിരുന്നു. അത് അധ്വാനിക്കുന്നവന്റെ പ്രത്യയശാസ്ത്രമായിരുന്നു. മനുഷ്യവേഷത്തിൽ വന്ന് കന്നുപൂട്ടുകയും കന്നിച്ചേറിൽ വിത്തു വിതയ്ക്കുകയും ചെയ്യുന്നവരെ ദൈവത്തിന്റെ മനുഷ്യാവതാരങ്ങളായി കവി കാണുന്നു. മാനവ ശക്തിയിലും തൊഴിലാളി വർഗ്ഗത്തിന്റെ അജയ്യതയിലുമാണ് കവിക്ക് വിശ്വാസം. സമകാലികമായ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടത് എഴുത്തുകാരന്റെ കടമയാണ് എന്ന് ഏഴാച്ചേരി വിശ്വസിക്കുന്നു. കയ്യൂർ, പുന്നപ്ര- വയലാർ, ചീമേനി സംഭവങ്ങളോട് ഏഴാച്ചേരിയുടെ പേന പ്രതികരിക്കുന്നുണ്ട്. ചരിത്ര സംഭവങ്ങളെ കവി ആവേശത്തോടെ വീണ്ടെടുക്കുന്നു. ‘അധികാരം കൊയ്യണമാദ്യം’ എന്നു പാടിയ ഇടശ്ശേരി ഉയര്‍ത്തിപ്പിടിച്ച കൊടി ഏറ്റുവാങ്ങിയാണ് ഏഴാച്ചേരിയുടെ യാത്ര. ’ തുലാം പത്ത് ’ എന്ന കവിതയിൽ പുന്നപ്ര‑വയലാർ രക്തസാക്ഷിത്വത്തിന്റെ ദീപ്തമായ ഓർമ്മ തുടിച്ചു നിൽക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരപ്രക്ഷോഭവുമായി വയലാർ സമരത്തെ കവി ബന്ധിപ്പിക്കുന്നു.
“ഇടിമിന്നലുകൾക്കിടയിലൊരിന്ത്യ
ചുവന്നുണരുന്നതുവിന്ധ്യഹിമാചല
മുടികളിലീറൻ പരമാർത്ഥങ്ങൾ
ബലിക്കല്ലുകളിൽ തൊട്ടറിയിച്ചു…”
‘അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരം മറവിക്കെതിരെയുള്ള ഓർമയുടെ നിരന്തര സമരമാണ് ’ എന്ന മിലൻ കുന്ദേരയുടെ വാക്കുകളുടെ ഇടിമുഴക്കം ഏഴാച്ചേരിയുടെ രാഷ്ട്രീയ കവിതകളിൽ നാം കേൾക്കുന്നു. ഓർമ്മകളിലൂടെ വർത്തമാനകാല രാഷ്ട്രീയത്തെ ജ്വലിപ്പിച്ചു നിറുത്തുകയാണ് കവി.

ജീവിതം കൊത്തുന്ന കവിത

സൂര്യൻ ചാഞ്ഞു പെയ്ത രണ്ടായിരത്തി പതിനാറിലെ ഒരു പ്രഭാതത്തിലാണ് ഞാന്‍ തിരുവനന്തപുരം വഞ്ചിയൂരിലെ പ്രഭാത് ബുക്ക് ഹൗസിൽ എത്തിയത്. പറഞ്ഞ സമയത്തിനും മുൻപേ ‘ജാതകം കത്തിച്ച സൂര്യനാ‘യി കവി ഏഴാച്ചേരി രാമചന്ദ്രൻ ഹാജരുണ്ടായിരുന്നു. അൽപ്പസമയത്തിനകം പാർവ്വതിച്ചേച്ചിയും (ആർ പാർവ്വതീദേവി) എത്തി. പിന്നെ രണ്ടര മണിക്കൂറോളം കവിയുടെ, കഴിഞ്ഞുപോയ ജാതകം പരിശോധിക്കുകയായിരുന്നു. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഏഴാച്ചേരിയുടെ ‘ആകാശം മുട്ടുന്ന ചില്ലാട്ടങ്ങൾ’ എന്ന പുസ്തകത്തിന്റെ ഒടുവിൽ ചേർക്കാൻ ദീർഘമായ ഒരു അഭിമുഖം വേണമെന്ന് സ്നേഹപൂർവ്വം പറഞ്ഞത് പ്രഭാത് ബുക്ക് ഹൗസിന്റെ എഡിറ്ററും ജ്യേഷ്ഠസുഹൃത്തുമായ ഡോ. വളളീക്കാവ് മോഹൻദാസാണ്.

അതിനേക്കാൾ നല്ലത് ഒരു ചർച്ചയല്ലേയെന്ന് മനസ്സിൽ തോന്നിയ ചിന്തയാണ് അന്നത്തെ പകൽ ധന്യമാക്കിയത്. വാക്കുകളിൽ പെയ്തിറങ്ങിയ പച്ചയായ ഒരു മനുഷ്യന്റെ ഹൃദയത്തിൽ അന്നു ഞാൻ തൊട്ടു. ഒടുവിലത്തെ ചോദ്യത്തിന് കവി പറഞ്ഞ മറുപടി ഇങ്ങനെ: “പത്തു മുപ്പതു പുസ്തകങ്ങളായി. ഭൂരിപക്ഷവും കവിതകൾ തന്നെ. പക്ഷേ, വേണ്ടതരത്തിൽ തിരിച്ചറിയപ്പെടുന്നില്ല എന്ന തോന്നൽ. മരണാനന്തര ബഹുമതികൾ നിരർഥകമാണ്. സ്വയം മാർക്കറ്റു ചെയ്യപ്പെടാനുള്ള തന്ത്രം വേണ്ടത്ര വശമില്ലെന്ന് പാർവതി ഒരിക്കൽ പറഞ്ഞത് നേരാണെന്ന് കൂടുതൽ ബോധ്യപ്പെട്ടു വരികയാണ്… ”

ഒടുവിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് മലയാളത്തിന്റെ ഏറ്റവും വലിയ അംഗീകാരം, മലയാളത്തിന്റെ നോബൽ സമ്മാനം, വയലാർ അവാർഡ്, ‘ഒരു വെർജീനിയൻ വെയിൽ കാലം’ എന്ന കൃതിക്ക് ലഭിച്ചിരിക്കുന്നു. ജീവിതം കൊത്തിയ കവിതകൾ വായനക്കാരുടെ ഹൃദയ ഭിത്തിയിൽ പതിപ്പിച്ചതിന്റെ അംഗീകാരം…

PREVIOUS ARTICLE

ഇദം ന മമ