Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
  മനു പോരുവഴി

March 07, 2021, 2:21 am

പകര്‍ത്തുനല്‍കിയ കരള്‍ കൊണ്ട് ജീവിതം തിരിച്ചു പിടിച്ചവള്‍

Janayugom Online

വിജയത്തിന്റെ പടവുകൾ ചവിട്ടിക്കയറിയ നസീമ നജീം എന്ന വീട്ടമ്മ ഇന്ന് ശ്രദ്ധേയയാണ്.കരൾ പൂർണ്ണമായും പ്രവർത്തന ക്ഷമമായി പന്ത്രണ്ട് വർഷത്തോളം തന്റെ ജീവിതത്തിൽ കടന്നു വന്ന പ്രതിസന്ധികളെ വകഞ്ഞു മാറ്റി പുതിയ പന്ഥാവ് തുറന്നു കൊണ്ട്
ഭർത്താവ് പകുത്തു നൽകിയ കരൾ കൊണ്ട് വിധിയെ പൊരുതി തോൽപ്പിച്ച്, മകളെ ഒരു ഡോക്ടറാക്കി,ചെറുകവിതകളും കഥകളുമായി സജീവമയി ഇന്നും സമൂഹ മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന നസീമ ഒരു പ്രതീകമാണ്.

ഒറ്റപ്പെടലെന്ന കനത്ത പ്രതിസന്ധിയെയും ഗുരുതരമായ കരൾ രോഗത്തേയും തന്റെ മനസിൽ തോന്നിയ ചെറു കവിതകൾ കൊണ്ട് തോൽപ്പിച്ച ഒരു വീട്ടമ്മയുടെ കഥയാണ് നജീമ എന്ന നാൽപ്പത്തിയെട്ടുകാരിയ്ക്ക് ഈ വനിതാ ദിനത്തിൽ പറയാനുള്ളത്.
കൊല്ലം പരവൂർ കലയ്ക്കോട്ട് ഷംസുദ്ദീൻ റംലാബീവി എന്നിവരുടെ മകളായ നസീമാ നജീമാണ് മരണത്തെ മുഖാമുഖം കണ്ടിട്ടും അതിന്റെ മുന്നിൽ പകച്ചു നിൽക്കാതെ വിധിയെ തോൽപ്പിച്ചു പുതിയൊരു ജീവിതം കണ്ടെെത്തിയിരിക്കുന്നത്.ജിവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ അനുഭവപ്പെട്ട ശാരിരിക പ്രശ്നങ്ങൾ ഗൗരവമായി കാണാതിരുന്ന നജീമ തനിക്ക് ഗുരുതരമായ കരൾ രോഗമാണെന്ന് തിരിച്ചറിയുന്നത് മുപ്പത്തിയാറാമത്തെ വയസിലാണ്.

എൽ ഐ സി ഏജൻ്റായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിനിടയിൽ ചെറിയ ചെറിയ അസ്വസ്ഥതകൾ തോന്നിയെങ്കിലും ഗൗരവമായി എടുത്തിരുന്നില്ല. കാലിൽ ചെറിയ തോതിൽ നീരു വരുന്നതും, ശരീരത്തിന്റെ പല ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുന്നതും മൊക്കെയാണ് ആദ്യം അനുഭവപ്പെട്ടത്.ഇതിനോടൊപ്പം ചെറിയ ഒരു മുഴ കൂടി ശരീരത്ത് കാണപ്പെട്ടതോടെ സ്ഥിരമായി എൽ ഐ സി യുടെ ആവശ്യങ്ങൾക്ക് കാണാറുള്ള ഡോക്ടറെ ഒന്നു കാണാൻ തീരുമാനിച്ചു.അദ്ദേഹം രക്തം പരിശോധിക്കാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനയിൽ രക്തത്തിൽ പ്ലേറ്റ് ലെറ്റുകൾ കുറയുന്നതായി കണ്ടു. ഒരാഴ്ച്ചയക്കു ശേഷം ഒന്നുകൂടി പരിശോധിച്ചതിൽ ഗണ്യമായ നിലയിൽ കുറവു വരുന്നതായി കണ്ടപ്പോൾ കുറച്ചു കൂടി ഗൗരവമായ പരിശോധന വേണമെന്ന് അദ്ദേഹം തന്നെ നിർദ്ദേശിച്ചു.തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിരിയിൽ ചികിൽസ തേടി അവരുടെ നിർദ്ദേശപ്രകാരം ഈ രണ്ട് കാര്യങ്ങൾ മനസിലക്കാനായി സ്കാൻ ചെയ്യുന്നതിനിടയിൽ ഒട്ടേറെ സംശയങ്ങൾ ഡോക്ടർമാർക്ക് തോന്നുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു. നെഞ്ചിൽ കാണപ്പെട്ട മുഴയിൽ ഭയക്കാനായി ഒന്നുമില്ലെന്നും എന്നാൽ കരളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് അവർ പറഞ്ഞപ്പോളും താൻ ഇത്രയും ഗുരുതര രോഗത്തിന് അടിമയാണെന്ന് നജീമ അറിഞ്ഞിരുുന്നില്ല.

മെഡിക്കൽ കോളേജിൽ ഗ്യാസ്ട്രോ വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു. അവർ നടത്തിയ പരിശോധനയിൽ ഗുരുതരമായ ലിവർ സിറോസിസ് രോഗം അവർ കണ്ടെത്തി. എൺപത്തിയഞ്ച് ശതമാനത്തോളം കരൾ നിർജ്ജീവമാണെന്ന് അറിയിച്ചു.കരൾ മാറ്റി വയ്ക്കുക മാത്രമേ മാർഗ്ഗമുള്ളൂ എന്ന് അവർ പറഞ്ഞപ്പോൾ മരണം മാത്രമാണ് തന്റെ മുന്നിലുള്ള വഴി എന്ന് ഒരു നിമിഷം തോന്നി.ഭക്ഷണം ക്രമീകരിക്കുകയും ആവശ്യത്തിന് വിശ്രമം വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ മുന്നിൽ ഇല്ലായിരുന്നു. എൽ ഐ സി ഏജന്റ് എന്ന നിലയിലും, ബ്യൂട്ടീഷൻ കോഴ്സ് ചെയ്തിതിട്ടുള്ളതിനാൽ ബ്യൂട്ടീഷൻ ജോലികളുമായി ജീവിതം മുന്നോട്ടു കൊണ്ടുപോയി. ഇതിനിടയിൽ വന്നു പെട്ട സാമ്പത്തിക പ്രതിസന്ധി ജീവിതം അപ്പാടെ മാറ്റിമറിച്ചു. ഷെയർ മാർക്കറ്റിലേക്ക് എൽ ഐ സി പോളിസികൾ ചേർക്കുന്നതിനിടയിൽ നിരവധി പേരുടെ വലിയ തുകകൾ നിക്ഷേപിപ്പിച്ചു.അദ്യമൊക്കെ അവർക്ക് നല്ല ലാഭം ലഭിച്ചുവെങ്കിലും ഷെയർ മാർക്കറ്റിലെ ഇടിവ് നിക്ഷേപം നടത്തിയവർക്ക് വലിയ ബാധ്യത വരുത്തിവെച്ചു.ഈ തുക താൻ കൊടുക്കണമെന്ന പ്രശ്നം ഉയർന്നു തുടങ്ങിയതോടെ കയ്യിലുണ്ടായിരുന്ന സമ്പാദ്യവും, വീടും, ഭൂമിയും, സ്വർണ്ണാഭരണങ്ങളും എല്ലാം കൊടുത് ബാധ്യതകൾ തീർത്തു. ഒടുവിൽ വാടക വീട്ടിലേക്ക് താമസം മാറുന്നതിനിടയിൽ കരൾ മാറ്റിവയ്ക്കണമെന്ന പ്രശ്നങ്ങളൊക്കെ മറന്നിരുന്നു.

ഈ കാലഘട്ടത്തിൽ എൽ ഐ സി യിൽ നിന്നു കിട്ടുന്ന ചെറിയ വരുമാനത്തിൽ കുടുംബം സന്തോഷമായി മുന്നോട്ടു പോയി. ഇടയ്ക്ക് ശാരീരിക അസ്വസ്ഥതകൾ തോന്നുമ്പോൾ തിരുവനന്തപുരത്തെത്തി ഡോക്ടറെ കാണുകയും അവർ തരുന്ന മരുന്നുകൾ കഴിച്ച് ജീവിതം തളളി നീക്കുകയും ചെയ്തു.കരൾ മാറ്റി വയ്ക്കുന്നതിന് വേണ്ടി വരുന്ന ഭാരിച്ച തുകയുടെ കാര്യം ഓർക്കുന്നതിനാൽ ഡോക്ടർ നിർദ്ദേശിച്ചിട്ടും ആ കാലത്ത് അതിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. ഇതിനിടയിൽ മകളൾക്ക് കർണ്ണാടകത്തിൽ മെറിറ്റ് സീറ്റിൽ മെഡിസിന് പ്രവേശനം ലഭിച്ചു. മെറിറ്റിൽ പ്രവേശനം ലഭിച്ചുവെങ്കിലും ഒരു സാശ്രയ കോളേജിലാണ് പ്രവേശനം ലഭിച്ചത്. വലിയ തുക ഫീസിനും മറ്റുമായി കണ്ടെത്തേണ്ടിയിരുന്നതിനാൽ തന്റെ ശസ്ത്രക്രിയയേക്കാൾ മകളുടെ പഠനത്തിന് പ്രാധാന്യം നൽകി. മകൾ പഠനത്തിനായി കർണ്ണാടകയിലേക്കും ഭർത്താവ് വിദേശത്തേക്കും പോയതോടെ വാടക വീട്ടിൽ ശരിക്കും ഒറ്റപ്പെട്ട നിലയിലായി. ഈ ഒറ്റപ്പെടലിൽ നിന്ന് ഒരു മോചനം ലഭിക്കുന്നതിനായി മകളുടെ നിർദ്ദേശപ്രകാരമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇതിലൂടെ പഴയ കാല സുഹൃത്തുക്കളുമായി സൗഹൃദ ബന്ധം പുതുക്കി. പഠനകാലത്ത് ചെറിയതായി എഴുതാറുണ്ടായിരുന്നെങ്കിലും ജീവിത പ്രതിസന്ധികൾക്കിടയിൽ ഹൃദയത്തിൽ ഉയർന്ന കലാസൃഷ്ടികൾ എല്ലാം മനസിൽ മാറാല പിടിച്ചു കിടക്കുകയായിരുന്നു. ഈ കാലയളവിൽ സോഷ്യൽ മീഡിയായിലൂടെ എഴുത്തുകൾ വീണ്ടും സജീവമാക്കി. ഒട്ടേറെപ്പേർ പിന്തുണ നൽകിയതോടെ അനുഭവിച്ച ഏകാന്തത തനിയെ ഒഴിവായി.

ഇതിനു ശേഷം തന്റെ ചില സുഹൃത്തുക്കൾ ചേർന്ന് കരൾ മാറ്റിവയ്ക്കുന്നതിനായി ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് ശ്രമം തുടങ്ങി. ഇതിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് സഹായിക്കാൻ കഴിയുന്ന നിരവധി ആളുകളുടെ സഹായം ഒഴുകിയെത്തി. ഭർത്താവ് കരൾ പകുത്തു നൽകാൻ തയ്യാറായതോടെ സർജറിയ്ക്കായി വേണ്ടിവരുന്ന തുക എത്രയെന്ന് പറയാൻ കൂട്ടുകാർ നിർബന്ധിച്ചതോടെയാണ് ഇതിനായി വേണ്ടിവരുന്ന തുകയെ കുറിച്ച് അന്വേഷിച്ചത്.ഏകദേശം മുപ്പത്തിയേഴ് ലക്ഷം രൂപാ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.കൂട്ടുകാർ സമാഹരിച്ച തുകയോടൊപ്പം സർക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷൻ ഫണ്ടിൽ നിന്നും ലഭിച്ച സഹായവും കൂടി ചേർന്നപ്പോൾ ശസ്ത്രക്രിയയ്ക്കുള്ള തുക ലഭിച്ചു. രോഗം സ്ഥിരീകരിച്ച് പന്ത്രണ്ട് വർഷത്തിനു ശേഷം അങ്ങനെ കരൾ മാറ്റി വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകളായി.ഇതിനായി കുടുംബ സുഹൃത്തും ജേഷ്ഠസഹോദര സ്ഥാനീയനുമായി കാണുന്ന ജോയി അണ്ണനും കുടുംബവും വലിയ സഹായങ്ങൾ ഇതിനായി ചെയ്തു തന്നു. കരൾ നൽകുന്നതിനായി ഭർത്താവ് വിദേശത്തു നിന്നും നാട്ടിലെത്തി. രണ്ടായിരത്തി പത്തൊൻപത് നവംബറിൽ കരൾ മാറ്റി വയ്ക്കുന്നതിനായി അഡ്മിറ്റ് ആയെങ്കിലും അന്ന് സർജറി നടന്നിരുന്നില്ല.എന്നാൽ രണ്ട് മാസത്തിനു ശേഷം സർജറി വിജയകരമായി നടന്നു.ഡോക്ടർമാർ നിർദേശിച്ച വിശ്രമ കാലയളവ് പൂർത്തീകരിച്ചതിനാൽ ഇപ്പോൾ പൂർണ്ണമായും ശരിയായി കഴിഞ്ഞു. ദീർഘനാളായി കരൾ ചുരുങ്ങി രക്തയോട്ടം നിലച്ചിരുന്നതിനാൽ വയർ ചുരുങ്ങിപ്പോയതായി ശസ്ത്രക്രിയയിൽ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതിനാൽ കരൾ മാറ്റി വയ്ക്കുന്ന സമയത്ത് ഉൾഭാഗത്തെ സ്റ്റിച്ചുകൾ ഇടുന്നതിന് കഴിഞ്ഞിരുന്നില്ല. ഇതിനായി ഒരു സർജറി കൂടി ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഈ സർജറി ഏപ്രിൽ മാസം നടത്താനായി തയ്യാറെടുക്കുകയാണ്.ഇതിനും നല്ല ചിലവു വേണ്ടി വരും.

ഇന്ന് എഴുത്തിന്റെ ലോകത്ത് ജീവിക്കുന്ന നജീമ ഇരുന്നൂറിലധികം കവിതകൾ സ്വന്തം പേരിൽ എഴുതി കഴിഞ്ഞു. പത്താം ക്ലാസ് വരെയുള്ള പഠന കാലത്ത് ഇത്തരം കഴിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പത്താം തരം നല്ല മാർക്കോടെ വിജയിച്ചിട്ടും തുടർ പഠനത്തിന് അയയ്ക്കാൻ വീട്ടുകാർക്ക് വലിയ താൽപ്പര്യം ഇല്ലായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു ഇതിൽ ഒരു കാരണം. സഹോദരിയോടൊപ്പം ടൈപ്പ് പഠിക്കാൻ ആയിരുന്നു വീട്ടുകാരുടെ നിർദേശം.തുടർപഠനത്തിന് ആഗ്രഹിച്ചിരുന്ന സമയത്താണ് ദൈവദൂതനെപ്പോലെ വീട്ടിലെത്തിയ പരവൂരിൽ പാരലൽ കോളേജ് നടത്തിയിരുന്ന കൃഷ്ണചന്ദ്രമോഹൻ എന്ന അധ്യാപകൻ സൗജന്യമായി വിദ്യാഭ്യാസം നൽകാമെന്ന് ഏറ്റത്.ഈ സ്ഥാപനത്തിൽ പ്രീഡിഗ്രി പൂർത്തീകരിച്ച ശേഷം ആ ബാച്ചിൽ പഠിച്ച കുട്ടികൾ എല്ലാം കൂടി ചേർന്ന് ചരിത്രത്തിന്റെ ബിരുദ കോഴ്സ് കൂടി ആരംഭിക്കാൻ സാറിനെ സമ്മർദ്ദപ്പെടാത്തി .ഇതിനായി ഒരു ബാച്ച് കുട്ടികളെ സംഘടിപ്പിച്ചു.വീട്ടിൽ നിരവധി പുസ്തകങ്ങളുടെ ശേഖരം ഉണ്ടായിരുന്നതിനാൽ വായനയോട് ചെറുപ്പത്തിലേ വലിയ അഭിമുഖ്യം ഉണ്ടായിരുന്നു.ഈ കാലഘട്ടത്തിലാണ് ചെറിയ ചില എഴുത്തുകൾ ആരംഭിക്കുന്നത്. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം കൊല്ലം കോ ഓപ്പറേറ്റീവ് കോളജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. ഈ അറിവുകളാണ് എഴുത്തിന്റെ ലോകത്ത് എത്തിച്ചത്.ആദ്യമായി മഞ്ജരി പബ്ളിക്കേഷൻസ് പുറത്തിറക്കിയ പൊയട്രി ജംഗ്ഷൻ എന്ന പുസ്തകത്തിലെ ആറ് കവിതകളിലൂടെയാണ് കവിതകൾ അച്ചടിമഷി പുരണ്ടത്.പിന്നീട് ഇരുപത് പേർ ചേർന്ന് പുറത്തിറക്കിയ വേരുകൾ പൂക്കുമ്പോൾ എന്ന കഥാസമാഹാരത്തിൽ ഒരു കഥയും പ്രസിദ്ധീകരിച്ചു.ഇതിൽ നിന്നും ലഭിച്ച തുക പൂർണ്ണമായും ചാരിറ്റി പ്രവർത്തനത്തിനായാണ് ഉപയോഗിച്ചത്.തുടർന്നുള്ള ശസ്ത്രക്രീയയ്ക്കായി തുക കണ്ടെത്തുന്നതിനായാണ് സ്വന്തമായി എഴുതിയ നാൽപ്പത്തിയേഴ് കവിതകൾ ചേർത്ത് അഞ്ച് സുഹൃത്തുക്കൾ എൻ ആത്മ ഗീതങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനുള്ള ചിലവും ഈ കുട്ടുകാർ തന്നെ കണ്ടെത്തിയിരുന്നു.ആദ്യം ഈ പുസ്തകം വിറ്റുകിട്ടിയ തുകയിൽ നിന്ന് നൂറ് പുസ്തകത്തിന്റെ വില സാമൂഹിക സുരക്ഷാ പദ്ധതിയിലെ വി കെയറിലേക്ക് നൽകി.തന്നെ സഹായിച്ച പോലെ തനിയ്ക്കും ഇത്തരത്തിൽ നിരാലംബരായ ആളുകളെ സഹായിക്കുകയെന്ന ലക്ഷ്യമാണ് നജീമയുടെ മുന്നിലുള്ളത്. ഒട്ടേറെ കഴിവുകൾ ഉണ്ടായിട്ടും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തപ്പെടാത്ത സ്ത്രീകളെ കൈ പിടിച്ച് ഉയർത്തിക്കൊണ്ടു വരുന്നതിനും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന കുട്ടികളെ കൗൺസിലിംഗ് നൽകി ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനത്തനങ്ങളുമായി നജീമ നജീം മുന്നോട്ടു പോകുമ്പോൾ ഭർത്താവ് നജീം കുട്ടിയും ഏകമകൾ ഡോ: ജിഷ്ണാ നജിമും എല്ലാത്തിനും ഒപ്പമുണ്ട്.