കെ കെ ജയേഷ്

October 18, 2020, 5:33 am

തള്ളെ എന്തര്.…

Janayugom Online

ബ്ദ കോലാഹലങ്ങൾ കൊണ്ടും ഇളകിയാട്ടങ്ങൾ കൊണ്ടും സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു അയാൾ മുമ്പ്. “തള്ളെ എന്തര്” എന്നും പറഞ്ഞ് അയാൾ വരുമ്പോൾ പ്രേക്ഷകർ ആർത്തുചിരിച്ചു. ഭാഷകൊണ്ട് മാത്രം ജീവിക്കുന്നവൻ അധികനാൾ മുന്നോട്ട് പോവില്ലെന്ന് പലരും പരസ്യമായി പറഞ്ഞു. എന്നാൽ അത് മറികടന്ന് ചിരിപ്പിച്ച് മുന്നോട്ടുപോയ അയാളുടെ പ്രകടനങ്ങൾ പിന്നീടെപ്പോഴോ ആവർത്തന വിരസങ്ങളായി. ഒരേ അച്ചിൽ വാർത്ത, കഥയും കഥാപാത്രങ്ങളും തലയിൽ വെച്ചുകയറ്റപ്പെട്ടപ്പോഴായിരുന്നു ഇത്തരമൊരു അനുഭവം.

എന്നാൽ പതിയെ അയാൾ ഇളകിയാട്ടം നിറഞ്ഞ രസച്ചേരുവകളുടെ പുറം കുപ്പായം അഴിച്ചുമാറ്റി. ഉൾക്കാമ്പുള്ള കഥകൾ അയാളെ തേടിയെത്തി. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ അയാൾ വെള്ളിത്തിരയിൽ അനശ്വരമാക്കി. ദേശീയപുരസ്ക്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അയാളെ തേടിയെത്തി. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘വികൃതി’ തുടങ്ങിയ ചിത്രങ്ങളിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്ക്കാരം സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമൂട് സ്വാഭാവിക ഭാവപ്രകടനത്തിലൂടെയാണ് ഇന്ന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘ആക്ഷൻ ഹീറോ ബിജു‘വിലെ പവിത്രൻ മേസ്തിരിയുടെ ഭാവചലനങ്ങളും അടക്കിപ്പിടിച്ച വിതുമ്പലും മാത്രം മതി സുരാജിലെ അഭിനേതാവാവിനെ അടയാളപ്പെടുത്താൻ. പ്രേക്ഷക മനസ്സ് കവരാൻ നായകനാവണമെന്നില്ലെന്നും ഒരു രംഗത്ത് മാത്രം വന്നുപോയാലും മതിയെന്നും ഈ ചിത്രത്തിലെ സുരാജിന്റെ കഥാപാത്രം തെളിയിക്കുന്നു. ആക്ഷനും കോമഡിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന സ്ക്രീനിലേക്കാണ് മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് പവിത്രൻ മേസ്തിരി കടന്നു വരുന്നത്. ഭാര്യ കൂട്ടുകാരനൊപ്പം ഒളിച്ചോടിപ്പോയിരിക്കുന്നു.

മകളെയെങ്കിലും തനിക്ക് തിരിച്ചുകിട്ടണമെന്ന ആവശ്യം മാത്രമാണ് പൊലീസ് സ്റ്റേഷനിലെത്തിയ അയാൾക്കുള്ളത്. എന്നാൽ താൻ ഇത്രയുംകാലം സ്വന്തമായി കരുതിയിരുന്ന മകൾ തന്റേതല്ലെന്ന് തിരിച്ചറിയുമ്പോൾ അയാൾ തകരുന്ന ഒരു കാഴ്ചയുണ്ട്. ഭാര്യയെ നോക്കി “ഇവൾ പറ്റിക്കാൻ വേണ്ടി പറയുന്നതാ സാറേ…” എന്നു പറഞ്ഞ് പൊലീസുദ്യോഗസ്ഥനു മുന്നിൽ അയാൾ മകളെ നെഞ്ചോടുചേർത്ത് ചുംബിച്ചുകൊണ്ടിരിക്കുന്നു. വാക്കുകൾ ഇടറുന്നു. കണ്ണുനീർ പൊഴിയുന്നു. അതുവരെ കയ്യടികളും പൊട്ടിച്ചിരികളുമായി മുന്നോട്ടുപോയ തിയേറ്റർ ഒരുവേള നിശ്ചലമാകുന്നു. ഇരുട്ടിൽ പ്രേക്ഷകരുടെ കണ്ണുനിറയുന്നു. തിയേറ്റർ വിട്ട് അവർ പുറത്തിറങ്ങുമ്പോൾ അവർക്കൊപ്പം പവിത്രൻ മേസ്തിരിയുമുണ്ടായിരുന്നു. ഡോ. ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവൻ’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയതിന് ശേഷമാണ് ആക്ഷൻ ഹീറോ ബിജു പുറത്തിറങ്ങുന്നത്. ദേശീയ പുരസ്ക്കാരം നേടിയ തന്റെ കഥാപാത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയില്ലല്ലോ എന്ന നിരാശയ്ക്കിടയ്ക്കാണ് പവിത്രനായി സുരാജ് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടുന്നത്.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പ’നിൽ വൃദ്ധനായ പയ്യന്നൂരുകാരൻ ഭാസ്കര പൊതുവാളായി വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു സുരാജിന്റേത്. നമുക്കു ചുറ്റും കാണുന്നൊരു കഥാപാത്രമാണ് ഭാസ്ക്കര പൊതുവാൾ. വാർധക്യത്തിലെ ഏകാന്തമായ ജീവിതം, മടുപ്പ്, പിടിവാശികൾ, എല്ലാറ്റിനോടുമുള്ള ദേഷ്യം എന്നിവയെല്ലാം കൈയ്യടക്കത്തോടെ സുരാജ് അവതരിപ്പിച്ചു. വയസ്സുകാലത്തും ഭാസ്ക്കര പൊതുവാൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കും. കൃഷി ചെയ്യും. തനിക്കാരുടെയും സഹായം വേണ്ട എന്ന അയാളുടെ ഭാവം കാരണം ജോലിക്കാർ പോലും വീട്ടിൽ അധികനാൾ നിൽക്കില്ല. മകൻ വിദേശത്ത് ജോലി തേടി പോകുന്നതോടെ അയാൾ തീർത്തും ഒറ്റപ്പെടുന്നു. ഈ ഏകാന്തതയിലേക്കാണ് മകൻ ഒരു റോബോട്ടിനെ കൊണ്ടുവരുന്നത്. ആദ്യം വെറുക്കുന്നുവെങ്കിലും പതിയെ അയാൾ അതിനെ സ്നേഹിച്ചു തുടങ്ങുന്നു.

ഒറ്റപ്പെടലിൽ യന്ത്രമായാലും കൂടെ ഒരാളുണ്ടാവുന്നതിന്റെ ആശ്വാസം അയാൾ മനസ്സിലാക്കുന്നു. പതിയെ അയാളുടെ ഭാവങ്ങളും ശീലങ്ങളും മാറി മാറി വരുന്നു. അയാൾ ചിരിക്കാനും സന്തോഷിക്കാനും തുടങ്ങുന്നു. പിടിവാശികൾ അയാളെ വിട്ടൊഴിയുന്നു. നരച്ച മുടിയ്ക്കും മുഖത്ത് വരുത്തിയ ചുളിവുകൾക്കും ക്ഷീണിച്ച ശബ്ദത്തിനുമപ്പുറത്ത് ചെറു ശരീര ചലനങ്ങളിൽ പോലും ഭാസ്ക്കര പൊതുവാളിലേക്കുള്ള മാറ്റമായിരുന്നു സുരാജിന്റെ പ്രകടനം. മിമിക്രിയിൽ നിന്ന് സിനിമയിലെത്തിയതുകൊണ്ട് തന്നെ ഭാസ്ക്കര പൊതുവാളിലേക്ക് മിമിക്രി കടന്നുവരാൻ സാധ്യത ഏറെയായിരുന്നു. സ്വന്തം പിതാവിന്റെ രൂപവും ഭാവവും ചലനങ്ങളും നിരീക്ഷിച്ച് ഭാസ്ക്കര പൊതുവാളിനായി ഉപയോഗപ്പെടുത്താൻ മിമിക്രി സഹായിച്ചുവെന്ന് സുരാജ് പറയുമ്പോഴും പൊതുവാളിൽ സുരാജ് ഉണ്ടായിരുന്നില്ല. മിമിക്രിയുടെ സ്വഭാവം കടന്നുവന്നിരുന്നില്ല. കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ കുട്ടൻപിള്ളയെയും ഭാസ്ക്കര പൊതുവാളിനെയും നിരീക്ഷിച്ചാൽ കഥാപാത്രങ്ങളാകുമ്പോൾ സുരാജ് പുലർത്തുന്ന സൂക്ഷ്മത വ്യക്തമാകും.

നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്ത ‘വികൃതി ലളിതമെങ്കിലും’ ആഴത്തിലുള്ള സാമൂഹ്യ വിമർശനം നിറഞ്ഞു നിൽക്കുന്ന സിനിമയാണ്. സംസാര ശേഷിയില്ലാത്ത എൽദോ എന്ന കഥാപാത്രത്തിന്റെ പരിമിതികളെ കൃത്യമായി അടയാളപ്പെടുത്തുന്ന സുരാജിന്റെ പ്രകടനത്തെ വിസ്മയം എന്നു തന്നെ പറയാം. ഒരു പ്രൈവറ്റ് സ്കൂളിലെ പ്യൂണാണ് എൽദോ. അയാൾ പലപ്പോഴും നിസ്സഹായനും പരിഹാസകഥാപാത്രവുമായി മാറുന്നുണ്ട്. പ്യൂണിന്റെയും അംഗപരിമിതന്റെയും നിസ്സഹായനായ മനുഷ്യന്റെയും ശരീരഭാഷ കൃത്യമായി ഉൾക്കൊണ്ടാണ് ഈ കഥാപാത്രത്തെ സുരാജ് അവിസ്മരണീയമാക്കുന്നത്. ഈ രണ്ടു ചിത്രങ്ങളിലെയും തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ ഹൃദയസ്പർശിയായി ആവിഷ്ക്കരിച്ച അഭിനയ മികവിന് എന്നാണ് സുരാജിന് പുരസ്ക്കാരം നൽകിക്കൊണ്ടുള്ള ജൂറിയുടെ വിലയിരുത്തൽ.

തിരസ്ക്കരിക്കപ്പെട്ടുപോവുന്ന മനുഷ്യജീവിതങ്ങളുടെ കഥയാണ് ഡോ. ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവർ.’ നഗരസഭയുടെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയുടെയും അയാളുടെ മകന്റെയും ജീവിതത്തിലൂടെ അരികുവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങളുടെ ദുരിതങ്ങൾ കൃത്യമായി അവതരിപ്പിക്കുകയാണ് ഈ സിനിമ. അതിഭാവുകത്വമില്ലാതെ സുരാജ് പേരില്ലാത്ത കഥാപാത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ദേശീയ പുരസ്ക്കാരം ലഭിച്ചെങ്കിലും കേരളത്തിൽ അധികം ആളുകൾ ഇപ്പോഴും സുരാജിന്റെ ഈ കഥാപാത്രത്തെ കണ്ടിട്ടില്ല. ‘സവാരി’ എന്ന സിനിമയിലെ മാനസിക വളർച്ചക്കുറവുള്ള സവാരിയും സുരാജിന്റെ മികച്ചൊരു കഥാപാത്രമായിരുന്നു. സൈക്കിളിൽ തൃശൂർ നഗരത്തിലൂടെ കറങ്ങി ആരെന്ത് ജോലിയേൽപ്പിച്ചാലും ചെയ്യുന്നൊരു കഥാപാത്രം. സുരാജിന്റെ കഥാപാത്രത്തിനും പ്രകടനത്തിനും മുകളിലേക്ക് പക്ഷേ സിനിമയുടെ പ്രമേയത്തിന് ചെന്നെത്താനായില്ല എന്നതായിരുന്നു ഏക പോരായ്മ.

ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക് സാക്ഷിയും’ എന്ന സിനിമയിലെ പ്രസാദിനെ നോക്കുക. കണ്ണിലും ചലനത്തിലും നിറയുന്ന സൂക്ഷ്മത തന്നെയാണ് പ്രസാദിന്റെ കരുത്ത്. വൈക്കത്തുകാരൻ പ്രസാദിന്റെ സംഘർഷങ്ങളും ദയനീയതയും അസാധാരണമാംവിധം സുരാജ് പകർത്തുന്നു. ചെറിയൊരു പ്രമേയവും,ഒരു പൊലീസ് സ്റ്റേഷന്‍ പ്രധാന പശ്ചാത്തലവുമായുള്ള ഒരു സിനിമ. സിനിമയുടെ റിയലിസ്റ്റിക് സ്വഭാവത്തിനൊപ്പം ചേർന്നു നിൽക്കുകയാണ് സുരാജ് ഉൾപ്പെടെയുള്ള നടീനടൻമാരുടെ പ്രകടനം. പ്രസാദായി മറ്റൊരു നടനെയും നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് സുരാജ്, പ്രസാദായി മാറുന്നത്.
ഫൈനൽസിൽ ഇടുക്കിക്കാരനായ കായികാധ്യാപകൻ വർഗ്ഗീസ് മാസ്റ്ററായി സുരാജ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. ‘ഡ്രൈവിംഗ് ലൈസൻസി‘ലെ സുരാജിന്റെ മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ കുരുവിള ജോസഫ് പ്രൃഥ്വിരാജിന്റെ കഥാപാത്രത്തേക്കാൾ ഉയരത്തിലെത്തുന്നതും പ്രേക്ഷകർ അടുത്തിടെ കണ്ടു. ‘വർണ്യത്തിൽ ആശങ്ക’യിലെ പൂട്ടിപ്പോയ ബാറിലെ തൊഴിലാളിയും മുഴുക്കുടിയനുമായ ദയാനന്ദനും സുരാജിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രം തന്നെയാണ്. ‘നീരാളി’, ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘തീവണ്ടി’, ‘മിഖായേൽ’ തുടങ്ങിയ സിനിമകളിലും അടുത്തിടെ സുരാജ് മികച്ച പ്രകടനം കാഴ്ച വെച്ചു.

ഒരു മിമിക്രി താരത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഒരു നടനിലേക്ക് സുരാജ് വെഞ്ഞാറമൂടിന്റെ യാത്ര ഏറെ പ്രതിസന്ധികളിലൂടെയായിരുന്നു. പതിനാറ് വർഷത്തോളം മിമിക്രി വേദിയിൽ. പിന്നീട് ഡബ്ബിംഗ് ആർട്ടിസ്റ്റും ടി വി അവതാരകനുമായി. ഒടുവിൽ 2002 ൽ ‘ജഗപൊക’ എന്ന കോമഡി ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്. മിമിക്രി കലാകാരൻമാരെ ഉൾപ്പെടുത്തി ഒരുക്കിയ സിനിമയായിരുന്നു ജഗപൊക. ഇതിൽ പാച്ചു എന്ന മിമിക്രിക്കാരനായും മമ്മൂട്ടിയുടെ ദാദാസാഹിബായും സുരാജ് തിളങ്ങി. ഇതിന് മുമ്പ് മുകേഷ് നായകനായ ‘തെന്നാലി രാമൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിലും ആ ചിത്രം പുറത്തുവന്നില്ല. താൻ ഏറെ ആദരിക്കുന്ന ജഗതി ശ്രീകുമാറെന്ന മഹാനടന്റെ അനുഗ്രഹത്തോടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്താൻ തെന്നാലി രാമൻ സുരാജിനെ സഹായിച്ചു. തെന്നാലി രാമനിൽ അരങ്ങേറ്റ സീൻ ജഗതി ചേട്ടനൊപ്പമായിരുന്നെന്ന് സുരാജ് ഒരു അഭിമുഖത്തിൽ പറയുന്നു. “അഭിനയത്തിൽ ഹിമാലയം പോലെ നിന്ന ജഗതി ചേട്ടനെ മുന്നിൽ കണ്ടപ്പോൾ തന്നെ മുട്ടിടിച്ചു. പക്ഷെ അദ്ദേഹം തോളിൽ തട്ടി ചിരിച്ചു. അന്ന് ഷൂട്ടിംഗ് കഴിഞ്ഞ് ഒരു മിമിക്രി പരിപാടിയുണ്ടായിരുന്നു. ജഗതി ചേട്ടനാണ് മുഖ്യാതിഥി. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം പ്രസംഗിച്ചുകൊണ്ട് നിൽക്കുന്നു. എന്നെ കണ്ടതും അദ്ദേഹം പറഞ്ഞു. ഞാനിന്ന് പുതിയൊരു സഹോദരനൊപ്പമാണ് അഭിനയിച്ചത്. അനിയൻ കൊള്ളാം. നല്ല ടൈമിംഗ് ഉണ്ട്. രക്ഷപ്പെടും. ആ വാക്കുകൾ പൊന്നുപോലെയായി” സുരാജ് വ്യക്തമാക്കുന്നു.

ദേശീയ‑സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളെല്ലാം നേടിയെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ സ്വപ്ന കഥാപാത്രം ‘കിലുക്കത്തിലെ ജഗതിയുടെ നിശ്ചൽ തന്നെയാണ്. ലാലിന്റെ ജോജിയും ജഗതിയുടെ നിശ്ചലും ചേർന്നുള്ള രംഗങ്ങൾ എത്ര മനോഹരമാണെന്ന് അദ്ദേഹം പറയുന്നു. കാണുമ്പോഴെല്ലാം വിസ്മയിപ്പിക്കുന്നതാണ് ജഗതിയുടെ നിശ്ചലെന്ന ഫോട്ടോഗ്രാഫർ. ആരെങ്കിലും എന്നെങ്കിലും ആ സിനിമ വീണ്ടും ചെയ്യുമ്പോൾ നിശ്ചലിന്റെ കഥാപാത്രം ചെയ്യണമെന്ന സ്വപ്നം സുരാജ് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ സംസാര ശൈലിയാണ് രാജമാണിക്യത്തിന്റെ പ്രധാന ആകർഷണം. ഈ സംഭാഷണത്തിനായി അദ്ദേഹത്തെ സഹായിച്ചത് സുരാജായിരുന്നു. പിന്നീടങ്ങോട്ട് ചെറിയ കോമഡി വേഷങ്ങൾ. ദുർബലമായ പ്രമേയത്തിലും തിരക്കഥയിലും പ്രേക്ഷകനെ ചിരിപ്പിക്കാനുള്ള ശ്രമങ്ങൾ.

ഇതിനിടയിൽ 2004 ൽ ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘മായാവി‘യിലെ ഗിരി എന്ന വേഷമാണ് വലിയൊരു ബ്രേക്ക് സമ്മാനിച്ചത്. പിന്നീട് മുൻനിര ചിത്രങ്ങളിലും പൊട്ടിച്ചിരിയുടെ രസക്കൂട്ടായി സുരാജിന്റെ കഥാപാത്രങ്ങൾ മാറി. ‘സേതുരാമയ്യർ സിബിഐ’യിലെ ദല്ലാൾ, ‘രസതന്ത്ര’ത്തിലെ സുരേഷ്, ‘ക്ലാസ്മേറ്റ്സി‘ലെ ഔസേപ്പ് എന്നീ കഥാപാത്രങ്ങൾക്ക് ശേഷം 2007 ൽ ‘മായാവി‘യിലെ ഗിരിയും ‘ഛോട്ടാമുംബൈ‘യിലെ പെണ്ണ് സുനിയും ‘ഹലോ‘യിലെ പൊലീസുകാരനും ‘അറബിക്കഥ’യിലെ ജെയിംസും ‘കഥപറയുമ്പോളി‘ലെ പപ്പൻ കുടമാളൂരും 2008 ൽ പുറത്തിറങ്ങിയ ‘അണ്ണൻ തമ്പി‘യിലെ ആംബുലൻസ് ഡ്രൈവർ പീതാംബരനും ‘മാടമ്പി‘യിലെ വാസുവും ‘വെറുതെ ഒരു ഭാര്യ’യിലെ അലിയും 2009 ൽ പുറത്തിറങ്ങിയ ‘ഇവർ വിവാഹിതരായാൽ’ എന്ന സിനിമയിലെ അഡ്വ. മണ്ണന്തല സുശീൽ കുമാറും ‘പോക്കിരി രാജ’യിലെ ഇടിവെട്ട് സുഗുണനും ‘ഒരു നാൾ വരു‘മിലെ ഡ്രൈവർ ഗിരിജനുമെല്ലാം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. ‘ഡ്യൂപ്ലിക്കേറ്റി‘ലൂടെ നായകവേഷത്തിലുമെത്തി. ‘ചട്ടമ്പിനാടി‘ലെ ദശമൂലം ദാമു എന്ന കഥാപാത്രം ട്രോളൻമാർക്കിടയിൽ ഇന്നും വലിയ ഹിറ്റാണ്. ‘ഇവർ വിവാഹിതരായാ‘ലിലെ മണ്ണന്തല സുശീൽ കുമാറിലൂടെയും ‘ഒരു നാൾ വരു‘മിലെ ഡ്രൈവറിലൂടെയും ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റ’സിലൂടെയും മൂന്നു വർഷം മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്ക്കാരവും സുരാജിന് ലഭിച്ചു.

ബാബു ജനാർദ്ദനന്റെ ‘ഗോഡ് ഫോർ സെയിൽ’, രഞ്ജിത്തിന്റെ ‘സ്പിരിറ്റ്’, കമലിന്റെ ‘ഗദ്ദാമ’, ലാൽ ജോസിന്റെ ‘പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു സുരാജിന്റെ വഴിമാറി നടത്തം. ഡോ. ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവൻ’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടി സുരാജ് വിസ്മയിപ്പിച്ചു. ഇപ്പോഴിതാ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും. “ആരുമായും മത്സരത്തിനില്ല. ഇപ്പോത്തന്നെ പോകുന്നത് പ്രതീക്ഷിക്കാത്ത വഴികളിൽ കൂടിയാണ്…” മുമ്പൊരിക്കൽ സുരാജ് പറഞ്ഞതാണിത്. പ്രതീക്ഷിക്കാത്ത വഴികളിലൂടെ… അസാധാരണ കഥാപാത്രങ്ങളിലൂടെ… സുരാജ് വെഞ്ഞാറമൂട് എന്ന നടൻ യാത്ര തുടരട്ടെ.