ജലജാപ്രസാദ്

January 31, 2021, 4:12 am

‘വീരകേരള’ത്തിന്റെ മഹാകവി

Janayugom Online

ഇലക്ട്രോണിക് മാഘ്യമങ്ങളുടെ കടന്നുകയറ്റത്തോടെ വായനയുടെ വിശാലമായ വാതായനങ്ങൾ, വെളിച്ചം പടർത്തുന്ന, തൊട്ടുനീക്കാവുന്ന ഉള്ളം കയ്യിലൊതുങ്ങുന്നു. വായന ഒതുങ്ങിയിരിക്കേണ്ട ഒരനുഭവമല്ലല്ലോ. ‘വായന മരിച്ചുകൊണ്ടിരിക്കുന്നു’ എന്ന പരിദേവനം നിരന്തരം മുഴങ്ങിക്കേൾക്കുന്ന ഇക്കാലത്താണ്, മലയാളികൾ അറിഞ്ഞിരിക്കേണ്ടതായ ഒരു മഹാകാവ്യം കൂടി മലയാളത്തിന് ലഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ കൈതക്കൽ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ ‘വീരകേരളം.’ ചരിത്രസംഭവങ്ങളെ പ്രമേയമാക്കി രചിക്കപ്പെട്ട ഉള്ളൂരിന്റെ ‘ഉമാകേരള’ത്തിനു ശേഷം മലയാളത്തിൽ രചിക്കപ്പെട്ട ചരിത്ര മഹാകാവ്യമാണ് ‘വീരകേരളം.’ ബ്രിട്ടീഷ് ഭരണാധിപൻമാരോടു പോരടിച്ച് വീരമൃത്യു വരിച്ച ‘കേരളസിംഹം’ വീരപഴശ്ശിരാജയുടെ ചരിത്രമാണ് ഇതിവൃത്തം.

ചരിത്രയാഥാർത്ഥ്യങ്ങളോട് അന്യാദൃശമായ സത്യസന്ധത പുലർത്തി, സംസ്കൃത പദങ്ങളുടെയും, മലയാള പദങ്ങളുടെയും ഔചിത്യവും ലാവണ്യവും ശ്രവണസുഖവും ഒത്തിണങ്ങുന്ന മട്ടിൽ ഭാവുകരെ പുളകം കൊള്ളിക്കുന്ന രീതിയിൽ ക്ലാസിക്കൽ ശൈലിയിൽത്തന്നെയാണ് കാവ്യരചന നടത്തിയിട്ടുള്ളത്. മഹാകാവ്യത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ വീരകേരളത്തിന്റെ മഹാകവിയോടൊപ്പം ഒരിത്തിരി നേരം…

രചനയുടെ പ്രചോദനം

സംസ്കൃതം അല്പം പോലും ഔപചാരികമായി പഠിച്ചിട്ടില്ലാത്ത ഞാൻ ഭർതൃഹരിയുടെ ശതകത്രയത്തിന്റെ വൃത്താനുവൃത്ത തർജമയുടെ പോരായ്മകൾ പരിശോധിക്കുന്നതിനായി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗം തലവനായ ഡോ. വാസുദേവനുമായുള്ള ചർച്ചക്കിടെ എന്നിലേക്കു വീണ ഒരു തീപ്പൊരിയാണതിനു പിന്നിൽ. ”മഹാകാവ്യം പോലെ ദുഷ്കരമായൊരു രചനയക്ക് ഇക്കാലത്ത് ആരും മെനക്കെടില്ല. വേണംച്ചാൽ ജാതവേദൻ മെനക്കെടണം.“എന്നതായിരുന്നു ആ പരാമർശം.

പഴശ്ശിരാജയുടെ ചരിത്രം

മിക്ക മഹാകാവ്യങ്ങളും പുരാണേതിഹാസങ്ങളിലെ കഥാപാത്ര കേന്ദ്രീകൃതമായപ്പോൾ ഉള്ളൂരിന്റെ മഹാകാവ്യം തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെടുത്തി വിരചിതമായി. അത്തരത്തിൽ ഒരു ചരിത്ര രചനയാവാമെന്ന തോന്നലാണ് വീരപുരുഷനായ പഴശ്ശിരാജയെ കാവ്യത്തിലാവാഹിക്കാൻ കാരണമായത്.

സാഹിത്യസംഭാവനകൾ

ഭർതൃഹരിയുടെ ‘ശതകത്രയം’, മേല്പത്തൂരിന്റെ ‘ശ്രീപാദ സ്പതതി’, നീലകണ്ഠ ദീക്ഷിതരുടെ ‘അന്യാപദേശ ശതകം’, മാങ്ങോട്ടശ്ശേരികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ‘ഭൃംഗ സന്ദേശം’ തുടങ്ങിയ കൃതികൾ, നിരവധി സംസ്കൃത മുക്തകങ്ങൾ എന്നിവ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരിൽ നിന്നുള്ള ‘കവന കൗതുകം’, ഗുരുവായൂരിൽ നിന്നുള്ള ‘കവന കൈരളി‘എന്നീ ശ്ലോക മാസികകളിൽ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ മുപ്പതോളം ഖണ്ഡകാവ്യങ്ങൾ, ഒട്ടനവധി ഭാഷാ മുക്തകങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ‘തപസ്യ’ കാവ്യസമാഹാരം, ‘നിലാവൊളി’ എന്ന പരിഭാഷാ സമാഹാരം എന്നിവയാണു മറ്റു പ്രധാന രചനകൾ.

അയത്നലളിതമായ സംസ്കൃതം

സാമൂതിരി രാജാക്കൻമാരുടെ രേവതി പട്ടത്താനസദസ്സിൽ സുപ്രധാന സാന്നിദ്ധ്യം അറിയിച്ചവരുണ്ടായിരുന്ന കൂടല്ലൂർ മനയിലെ പാരമ്പര്യമെന്നിലുമുണ്ടാവാം.പൂർവ പണ്ഡിതന്മാർ ചെയ്തവ്യാഖ്യാനങ്ങളുടെ സഹായത്തോടെയാണ് ഞാൻ സംസ്കൃത കൃതികളുടെ പരിഭാഷകൾ തയ്യാറാക്കിയത്. ‘ശ്രീകൃഷ്ണചരിതം മണിപ്രവാളം’ പോലുള്ള കൃതികളിലെ ശ്ലോകങ്ങൾ കുട്ടിക്കാലത്തു തന്നെ അമ്മ ചൊല്ലിത്തന്നത് ഉരുവിട്ട് ഹൃദിസ്ഥമാക്കിയിരുന്നു. അങ്ങനെ അവയോട് ഒരു പ്രത്യേക താല്പര്യം ഉടലെടുത്തു.

അക്ഷരശ്ലോക സദസ്സുകള്‍

മറ്റു കലകൾപോലെ എളുപ്പം ആസ്വദിക്കത്തക്കതല്ല ഇത്തരം ശ്ലോകങ്ങൾ. താത്പര്യവും പരിശ്രമവും ഒരേപോലെയുള്ളവർക്കേ പദങ്ങൾ അന്വയിച്ച് ആശയം ഗ്രഹിച്ചാസ്വദിക്കാനാവൂ. ആത്മസംതൃപ്തി എന്ന ഒരു ഗുണം മാത്രമാണ് ഇതിന്റെ ലാഭം എന്നു പറയുന്നത്

ഭാഷയെ വികലമാക്കാതിരിക്കുക

എന്റെ രചനകളിൽ ഞാൻ തേടുന്നത് ആത്മസംതൃപ്തിയാണ്. അതിനേസ്വാഭാവികതയുള്ളൂ എന്നും കരുതുന്നു. നാംതന്നെ നമ്മുടെ ഭാഷയെ വികലമാക്കാതിരിക്കുക. ഏതൊരു വാക്കും വേണ്ടവിധത്തിൽ ഉച്ചരിക്കാൻ ബോധപൂർവം ശീലിക്കുക. ഭാഷാപദങ്ങളുടെഅർത്ഥം ശരിയായിമനസ്സിലാക്കി മാത്രം പ്രയോഗിക്കാൻ ശ്രദ്ധിക്കുക. വരും തലമുറയും ഇക്കാര്യങ്ങൾ നിഷ്കർഷയോടെ പുലർത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. ,