21 April 2024, Sunday

അച്യുതമേനോനും ഭരണഭാഷയും

കെ കെ പൊന്നപ്പൻ
October 31, 2021 2:22 am

മ്മുടെ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പല കാലങ്ങളിലായി നിരവധി സാഹിത്യകാരന്മാർ ഉദ്യോഗസ്ഥരായി വന്നിട്ടുണ്ട്. മഹാകവി ഉള്ളൂർ, പണ്ഡിതശ്രേഷ്ഠനായ ഡോ. ശൂരനാടു കുഞ്ഞൻപിള്ള, പ്രൊഫ. എം കൃഷ്ണൻ നായർ തുടങ്ങിയവർ ആദ്യകാല ഉദ്യോഗസ്ഥരായിരുന്നു. മലയാറ്റൂർ രാമകൃഷ്ണൻ (കെ വി രാമകൃഷ്ണ അയ്യർ), ആർ രാമചന്ദ്രൻ നായർ, ഡോ. ഡി ബാബുപോൾ, സി പി നായർ, ജെ ലളിതാംബിക, ടി എൻ ജയചന്ദ്രൻ, കെ ജയകുമാർ, പി സുബ്ബയ്യാപിള്ള തുടങ്ങിയവർ പില്ക്കാലത്തു വന്നവർ. കൂടാതെ എം ഗോവിന്ദൻ, സി എൻ ശ്രീകണ്ഠൻ നായർ, ജി വിവേകാനന്ദൻ, ടി കെ സി വടുതല, തോട്ടം രാജശേഖരൻ, എൻ മോഹനൻ, കെ അശോകൻ, ജി എൻ പണിക്കർ, സി ആർ ഓമനക്കുട്ടൻ, ഇ വാസു, കെ എസ് വിശ്വംഭരദാസ്, എം ആർ മനോഹര വർമ, എസ് മഹാദേവൻ തമ്പി തുടങ്ങിയ സാഹിത്യകാരന്മാരും എഴുത്തുകാരും സെക്രട്ടേറിയറ്റ് മന്ദിരങ്ങളിലെ ഒരു കോണിൽ ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നു.

മുകളിൽ ആദ്യം പറഞ്ഞ രണ്ട് കാലഘട്ടങ്ങളിലെയും സാഹിത്യകാരന്മാരായ ഉദ്യോഗസ്ഥന്മാരിൽ ഉള്ളൂരിനെയും ശൂരനാട്ടു കുഞ്ഞൻപിള്ളയേയും സെക്രട്ടേറിയറ്റിൽ നിയമിച്ചിരുന്നത് അവരുടെ ഭാഷാപാണ്ഡിത്യം പരിഗണിച്ചായിരുന്നു. മറ്റുള്ളവരാരും അവരുടെ പാണ്ഡിത്യമോ സാഹിത്യസംഭാവനകളോ മുൻനിർത്തിയല്ല നിയമിതരായിരുന്നത്. വളരെ കാലത്തിനുശേഷം ഒരാളെ അദ്ദേഹത്തിന്റെ ഭാഷാപാണ്ഡിത്യം പരിഗണിച്ച് സെക്രട്ടേറിയറ്റിൽ നിയമിക്കുകയുണ്ടായി. പ്രശസ്ത സാഹിത്യകാരനും മലയാളം പ്രൊഫസറുമായിരുന്ന വി ആനന്ദക്കുട്ടൻ നായർ സാറായിരുന്നു അത്. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തുന്നതിനുവേണ്ടി സെക്രട്ടേറിയറ്റിൽ ആദ്യമായി ഒരു പ്രത്യേക വിഭാഗം ഉണ്ടാക്കിയതിന്റെ ഭാഗമായാണ് കോളജ് അധ്യാപകനായിരുന്ന ആനന്ദക്കുട്ടൻ സാറിനെ സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്ന് പ്രസ്തുത വിഭാഗത്തിൽ നിയമിച്ചത്. ഭാഷാ വിദഗ്ധൻ എന്ന തസ്തികയിലായിരുന്നു ആ നിയമനം. ഈ തസ്തിക കൂടാതെ ധാരാളം തസ്തികകളും ഇതോടൊപ്പം സൃഷ്ടിച്ചിരുന്നു. 1971 ജൂലൈയിലോ മറ്റോ ആണ് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ആ സെക്ഷന് ഓഫീഷ്യൽ ലാംഗ്വേജ് (ഔദ്യോഗിക ഭാഷ) എന്ന പേരുമിട്ടു. ഇത് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ പോർട്ട്ഫോളിയോയിൽപ്പെട്ട ഏറ്റവും വലിയ വകുപ്പായ പബ്ലിക് ഡിപ്പാർട്ട്മെന്റി (പൊതുവകുപ്പ്) ൽ ആണ് ഉൾപ്പെടുത്തിയിരുന്നത്. അതുവരെ പൊതുവകുപ്പിന്റെ തന്നെ ‘മിസലേനിയസ്’ എന്ന ഒരു സെക്ഷനിൽ ഒരു അസിസ്റ്റന്റിന് അലോട്ട് ചെയ്തിരുന്ന പല വിഷയങ്ങളിൽ ഒന്നു മാത്രമായിരുന്നു ഭരണഭാഷാ വിഷയം. ആ സ്ഥാനത്ത് ഇത്രയും വിപുലമായ ഒരു ഉദ്യോഗസ്ഥവൃന്ദത്തെ നിയമിച്ചതിൽ നിന്നും ഭരണഭാഷ മലയാളമാക്കുന്നതിന് അന്നത്തെ സർക്കാരിനുണ്ടായിരുന്ന പ്രതിബദ്ധത വ്യക്തമാകുമല്ലോ. ഭരണനിർവഹണത്തിൽ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് ഖ്യാതിനേടിയ സി അച്യുതമേനോൻ ആയിരുന്നു അന്ന് മുഖ്യമന്ത്രി. ഈ ലേഖകൻ സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റായി നിയമിതനായത് ഇക്കാലത്താണ്. ആദ്യം നിയമിച്ചത് പുതിയ ഔദ്യോഗിക ഭാഷാവിഭാഗത്തിലും എനിക്കുമുമ്പേ ഒട്ടുമിക്ക തസ്തികകളിലും ഉദ്യോഗസ്ഥന്മാരെ നിയമിച്ചുകഴിഞ്ഞിരുന്നു. നവാഗതനായ എന്നെ കണ്ട് പരിചയപ്പെടാനായി ആനന്ദക്കുട്ടൻ സാർ എന്നെ സാറിന്റെ മുറിയിലേക്ക് വിളിച്ചു.

വിളിച്ചതനുസരിച്ച് ഞാൻ ആനന്ദക്കുട്ടൻ സാറിന്റെ മുറിയിൽ ചെന്നു. ഇരിക്കാൻ പറഞ്ഞു. എന്റെ ഐച്ഛിക വിഷയവും ഉപഭാഷയും എന്തായിരുന്നുവെന്നു ചോദിച്ചു. എനിക്ക് അല്പം ഇംഗ്ലീഷും സ്വല്പം മലയാളവും വശമുണ്ടെന്നു മനസിലായപ്പോൾ സാറിന് എന്നോട് ഒരിഷ്ടം തോന്നിയപോലെ. ‘നാളെ മുതൽ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ നോക്കാം’ — സാർ പറഞ്ഞു. പിറ്റേന്നു മുതൽ കുറച്ചു സമയം സാറിന്റെ മുറിയിൽ പോയിരുന്ന് സാർ പറയുന്നതു കേട്ട് എഴുതിയെടുക്കാൻ തുടങ്ങി. സെൻട്രൽ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ഓഫീസുകളിൽ നിത്യവും ഉപയോഗിക്കുന്ന ഫയൽ നോട്ട് ഫയൽ, കറണ്ട് ഫയൽ, അർജന്റ്, ഇമ്മീഡിയേറ്റ്, ബാക്ക് ഫയൽ തുടങ്ങിയ വാക്കുകളും ‘പുട്ടപ് എക്സാമിൻ, എക്സാമിൻ ആന്റ് പുട്ട് അപ്, പ്ലീസ് പുട്ട് അപ് വിത്തിൻ എ വീക്ക്’ തുടങ്ങിയ പ്രയോഗങ്ങളും ‘അയാം ഡയറക്ടഡ് റ്റു ഇൻഫോം യു ദാറ്റ്’ തുടങ്ങിയ വാചകങ്ങളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്താൻ തുടങ്ങി. ഇതെല്ലാം ആനന്ദക്കുട്ടൻ സാറിനും എനിക്കും തികച്ചും അപരിചിതമായിരുന്നു. ഞങ്ങൾ ഡെപ്യൂട്ടി സെക്രട്ടറിയോട് ചോദിച്ചു മനസിലാക്കി ഏകദേശം ആശയം കിട്ടുന്നതരത്തിൽ പരിഭാഷപ്പെടുത്താനും തുടങ്ങി. സൂപ്രണ്ടും സീനിയർ അസിസ്റ്റന്റും ഇക്കാര്യത്തിൽ യാതൊരു സഹായവും നല്കിയില്ല.
സാറിന് സെക്രട്ടേറിയറ്റിൽ കാര്യമായ ജോലി ഇല്ലായിരുന്നുവെന്നു സൂചിപ്പിച്ചുവല്ലോ. അതിന്റെ പ്രധാനകാരണം ഭരണഭാഷ എങ്ങനെ നടപ്പിലാക്കണമെന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു മാർഗരേഖ ഇല്ലായിരുന്നുവെന്നതാണ്.

1947 ഓഗസ്റ്റ് 15-ഓടെ ബ്രിട്ടീഷുകാർ അധികാരം വിട്ട് ഇന്ത്യ വിട്ടു പോയെങ്കിലും ഏകദേശം ഒരു ദശാബ്ദം കഴിഞ്ഞ് പ്രാദേശികഭാഷകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പുനർനിർണയം നടത്തി 1956 നവംബർ 1ന് കേരളം പിറവിയെടുത്ത് പിന്നെയും ഒരു വർഷം കഴിഞ്ഞ് 1957 ഓഗസ്റ്റ് 31നാണ് മലയാളം ഔദ്യോഗികഭാഷയാക്കുന്നതിനുള്ള നടപടിക്ക് ഹരിശ്രീ കുറിച്ചത്. ഇതു സംബന്ധിച്ച് ഒരു പഠനം നടത്തി റിപ്പോർട്ട് തയാറാക്കുന്നതിനായി കോമാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായി ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. ഒരു വർഷത്തിനുശേഷം കമ്മിറ്റി റിപ്പോർട്ട് നല്കി. അതുപക്ഷെ നീണ്ട ഏഴ് വർഷം പൊടിപിടിച്ചുകിടന്നു. ഒടുവിൽ 1965 ഒക്ടോബറിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള ചില വകുപ്പുകളിൽ, വില്ലേജ് തലം മുതൽ ജില്ലാതലം വരെ മലയാളം ഔദ്യോഗികഭാഷയായി നിശ്ചയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 1966ൽ കുറച്ചുകൂടി വകുപ്പുകളിൽ ഇത് ബാധകമാക്കി.

എന്നാൽ ഇതു സംബന്ധിച്ച് നിയമസഭ പാസാക്കിയ നിയമം ഉണ്ടായത് 1969 ഫെബ്രുവരി 28നാണ്. പിന്നീട് സി അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോൾ ആദ്യമായി മുഖ്യമന്ത്രി അധ്യക്ഷനായി ഒരു ഉന്നതതല ഔദ്യോഗികഭാഷാ സമിതിക്ക് രൂപംകൊടുത്തു (1970 ഫെബ്രുവരി). 1971ൽ ഭരണഭാഷയ്ക്കു മാത്രമായി ഒരു സെക്ഷൻ ഉണ്ടാകുന്നതുവരെ, 1957 മുതൽ സർക്കാർ സ്വീകരിച്ച ചില നടപടികളാണ് മുകളിൽ പറഞ്ഞത്. ഇതിനകം കോമാട്ടിൽ അച്യുതമേനോന്റെ സമിതി 1960ൽ തയാറാക്കിയ ഭരണശബ്ദാവലി (ഇംഗ്ലീഷ്-മലയാളം) എന്ന ഒരു പുസ്തകവും 1970ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മറ്റൊരു ശബ്ദാവലിയും മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇവയിൽ ആദ്യം പറഞ്ഞ ശബ്ദാവലി സാധാരണ ഒരു ഇംഗ്ലീഷ് — മലയാളം നിഘണ്ടുവിന്റെ ഒരു ഹ്രസ്വരൂപം മാത്രമായിരുന്നു. ഇവകൊണ്ട് മാത്രം ഭരണഭാഷ സമ്പൂർണമായി മലയാളത്തിലേക്കു മാറ്റാൻ കഴിയുമായിരുന്നില്ല. അപ്പോഴാണ് അച്യുതമേനോൻ രണ്ടാമതു മുഖ്യമന്ത്രി ആയതിനുശേഷം 1971 ജൂലെെയിൽ ആദ്യം പറഞ്ഞ സെക്ഷൻ ഉണ്ടായതും ആർ രാമചന്ദ്രൻ നായർ ഐഎസ് നെ അതിന്റെ മേധാവിയായും പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ സാറിനെ ഭാഷാവിദഗ്ധനായും നിയമിച്ചുകൊണ്ട് ഒരു വലിയ ഓഫീസുണ്ടാക്കിയത്.

സാഹിത്യകാരൻ കൂടിയായ ജോയിന്റ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ സാർ ഇടയ്ക്കിടയ്ക്ക് സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി, അണ്ടർ സെക്രട്ടറി, ഭാഷാവിദഗ്ധൻ മുതൽ താഴോട്ട് അസിസ്റ്റന്റുമാർ വരെയുള്ളവരെ വിളിച്ച് യോഗം കൂടുകയും എല്ലാവരിൽ നിന്നും നിർദ്ദേശങ്ങൾ ആരായുകയും ചർച്ച ചെയ്ത് ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തുകൊണ്ടിരുന്നു. ആനന്ദക്കുട്ടൻ സാർ, രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന ശേവുകം (സേവനം), നീട്ട് (അധികാരപത്രം), തീട്ടൂരം (കത്ത്, രാജശാസനം), കായിതം (കത്ത്), വിളംബം, വിളംബരം തുടങ്ങിയ പദങ്ങൾ നിലവിൽ ഓഫീസുകളിൽ ഉപയോഗിച്ചുവരുന്ന ഇംഗ്ലീഷ് വാക്കുകൾക്ക് പകരമായി നിർദ്ദേശിച്ചു. രാമചന്ദ്രൻസാർ റവന്യുവകുപ്പിൽ ഉപയോഗിച്ചുവരുന്ന ചില വാക്കുകൾക്ക് ബദൽ നിർദ്ദേശിച്ചു. ഫയൽ, നോട്ട് ഫയൽ, കറന്റ് ഫയൽ തുടങ്ങിയ പദങ്ങൾക്ക് സൂപ്രണ്ടിന്റെയും സീനിയർ അസിസ്റ്റന്റിന്റെയും നിർദ്ദേശങ്ങൾ കൂടി കേട്ട ശേഷം രാമചന്ദ്രൻ നായർ സാർ ഒരന്തിമ തീരുമാനമെടുക്കുകയും ചെയ്തു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഒരു കരട് മുഖ്യമന്ത്രിയായ സി അച്യുതമേനോന്റെ അംഗീകാരത്തിനു സമർപ്പിച്ചു. അദ്ദേഹം അത് അംഗീകരിക്കുകയോ നിരാകരിക്കുകയോ അല്ല ചെയ്തത്; രാമചന്ദ്രൻ സാർ മുതൽ കീഴോട്ടു അസിസ്റ്റുവരെയുള്ളവരുടെ ഒരു യോഗം വിളിച്ചുകൂട്ടി ഇതു ചർച്ച ചെയ്തു. ആദ്യംതന്നെ ഫയലിന് സഞ്ചയം (മരണാനന്തര സഞ്ചയനമല്ല) എന്നു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ സചിവനും (സെക്രട്ടറി) സചിവാലയവും (ശൗചാലയമല്ല) (സെക്രട്ടേറിയറ്റ്) ഉപേക്ഷിക്കുവാൻ നിർദ്ദേശിച്ചു. നിത്യോപയോഗത്തിലുള്ള സുപരിചിതമായ വാക്കുകൾ പരിഭാഷപ്പെടുത്തി സങ്കീർണമാക്കേണ്ടതില്ല. നല്ല വായനക്കാരനും ഗ്രന്ഥകാരനും എച്ച് ജി വെൽസിന്റെ ‘ലോകചരിത്ര സംഗ്രഹം’ എന്ന ബൃഹത്ത് ഗ്രന്ഥത്തിന്റെ പരിഭാഷകനും പ്രഗത്ഭ ഭരണകർത്താവുമായ അച്യുതമേനോൻ ഇത്തരത്തിൽ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ യോഗത്തിന്റെ തീരുമാനങ്ങൾ പിറ്റേദിവസം പത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ വന്നു. അപ്പോൾ ഫയലിനെ സഞ്ചയമാക്കിയ ഞങ്ങൾ ഇളിഭ്യരായി.

ഈ ദിശാബോധത്തോടെ ഞങ്ങൾ നീങ്ങാൻ തുടങ്ങി. ഇതിനിടയിൽ ആനന്ദക്കുട്ടൻ സാറിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിയമനമായി. ഏതാണ്ടിതേ സമയത്തുതന്നെ ആർ രാമചന്ദ്രൻ നായർ സാറിനും മാറ്റമായി. ആനന്ദക്കുട്ടൻ സാറിന്റെ സ്ഥാനത്ത് കേരളകൗമുദിയിൽ സബ് എഡിറ്ററായിരുന്ന ഒരു സാഹിത്യകാരൻ കൂടിയായ എ ഡി രാജൻ വന്നു. രാമചന്ദ്രൻ സാറിനു പകരം എഴുത്തുകാരൻ കൂടിയായ ടി എൻ ജയചന്ദ്രൻ വന്നു. പ്രശസ്ത നോവലിസ്റ്റായ ഇ വാസു (പബ്ലിക് റിലേഷൻസ് വകുപ്പ്)വും നിയമ വകുപ്പിൽ നിന്ന് ഒരു ലീഗൽ അസിസ്റ്റന്റും ഈ ലേഖകനും താല്കാലികാടിസ്ഥാനത്തിൽ മലയാളം പരിഭാഷകരായി നിയമിക്കപ്പെട്ടു. അതോടെ വകുപ്പിലെ നിയമനങ്ങളെല്ലാം പൂർത്തിയായി. ജയചന്ദ്രൻ സാറിന്റെ സാരഥ്യം വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്തു. ഓഫീസുകളിൽ കുറിപ്പുകൾ എഴുതുന്നതിനും എഴുത്തുകുത്തുകൾ നടത്തുന്നതിനും മാതൃകയാക്കാൻ സഹായിക്കുന്ന ‘ഭരണഭാഷാ പ്രയോഗ പദ്ധതി’ എന്ന പേരില ഒരു പുസ്തകം രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. കൂടാതെ നിത്യസാധാരണമായി ഓഫീസുകളിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്കു പകരമായ മലയാളപദങ്ങൾ പെട്ടെന്നു കണ്ടുപിടിക്കാൻ സഹായിക്കുന്ന രീതിയിൽ ഒരു കെെപ്പുസ്തകം പ്രസിദ്ധീകരിച്ചു. പ്രധാനപ്പെട്ട കോഡുകളും മാന്വലുകളും പരിഭാഷപ്പെടുത്തി.

ജില്ലാ കേന്ദ്രങ്ങളിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിച്ചു. ഓരോ ഓഫീസിലും ഓഫീസ് തലവനെ പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേകം ചുമതലപ്പെടുത്തി. ജില്ലാ കളക്ടറെ ജില്ലയുടെ കോ-ഓർഡിനേറ്ററായി നിയോഗിച്ചു. പ്രതിമാസ അവലോകനം നടത്തി പുരോഗതി റിപ്പോർട്ട് സർക്കാരിലേക്കയക്കാൻ നിർദ്ദേശിച്ചു. സി അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഈ പ്രവർത്തനങ്ങളെല്ലാം നടന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്തിനുശേഷം 1978ൽ ഭരണഭാഷ എന്ന പേരിൽ ഒരു മാസികയും ഭരണഭാഷാ വകുപ്പ് ആരംഭിച്ചു. അത് സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും അയച്ചുകൊടുത്തു. അതിലൂടെ മലയാളം ഭരണഭാഷയാക്കുന്നതിനുള്ള മാതൃകകൾ നിർദ്ദേശിച്ചു. ഭാഷാസ്നേഹികളുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഇതോടെ ഭരണത്തിന്റെ എല്ലാ മേഖലകളിലും സർവതലങ്ങളിലും കോടതികളിലും സെക്രട്ടേറിയറ്റിലും വരെ മലയാളം ഉപയോഗിക്കുന്നതിനുള്ള ഉത്തരവുകൾ നല്കി. പക്ഷെ കോടതികളിലും സെക്രട്ടേറിയറ്റിലും ഓരോ ഉദ്യോഗസ്ഥന്റെയും ഓപ്ഷൻ അനുസരിച്ച് ഉപയോഗിക്കാനാണ് നിർദ്ദേശം നല്കിയത്.

നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷ മലയാളമായിരിക്കണം എന്നു തീരുമാനിക്കുന്നതിന്റെ കാരണം വളരെ ലളിതമാണ്. ഒരു സംസ്ഥാനത്തിന്റെ ഭരണഭാഷ ആ സംസ്ഥാനത്തിന്റെ മാതൃഭാഷയായിരിക്കണം; സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയായിരിക്കണം. ഇ ഗവേർണൻസ് പോലെയുള്ള ആധുനിക സാങ്കേതിക രീതി ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ സ്വപ്നപദ്ധതിക്ക് ഇനി ആയുസുണ്ടോ അല്ലെങ്കിൽ പ്രസക്തിയുണ്ടോ എന്ന കാര്യവും സംശയമാണ്. എന്നാൽ എല്ലാ വർഷവും നവംബർ ഒന്നാം തീയതി കേരളപ്പിറവി അനുസ്മരിക്കുന്നതോടൊപ്പം അത് ഭരണഭാഷാ ദിനമായും ആചരിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ ഭരണഭാഷാ പ്രവർത്തനങ്ങൾ ദിശാബോധം നഷ്ടപ്പെട്ട് വഴിമുട്ടി നിന്നപ്പോൾ അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മാർഗനിർദ്ദേശം നല്കി മുന്നോട്ടുനയിച്ചത് അന്നത്തെ മുഖ്യമന്ത്രി ധിഷണാശാലിയായ സി അച്യുതമേനോനാണെന്ന് എടുത്തുപറയേണ്ടതുണ്ട്. അദ്ദേഹം ഒരു വഴിപാടായി ഒന്നിനെയും കണ്ടിരുന്നില്ല. തികഞ്ഞ ആത്മാർത്ഥത, ദീർഘവീക്ഷണം, അർപ്പണബോധം, വ്യക്തമായ ഉൾക്കാഴ്ച ഇവയൊക്കെ അദ്ദേഹത്തിന്റെ കെെമുതലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.