23 November 2024, Saturday
KSFE Galaxy Chits Banner 2

പുസ്തകത്തെരുവ്

വിജയ് സി എച്ച്
May 29, 2022 3:00 am

മഹാമാരിക്കാലത്ത് മന്ദീഭവിച്ചുപോയ വഴിയോര പുസ്തക വിൽപന വീണ്ടും സജീവമായി. കോവിഡ് ദിനങ്ങളിലെ ‘ഡിജിറ്റൽ’ വായനയിൽ അനുഭവിച്ച വീർപ്പുമുട്ടലായിരിയ്ക്കാം ‘പുസ്തകമേള’കളെ ഇത്ര പെട്ടന്ന് നടപ്പാതയിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നത്. പകർച്ചവ്യാധിയുടെ ഭീഷണി മൂലം രണ്ടു വർഷത്തിലേറെക്കാലം അവലംബിക്കേണ്ടിവന്ന ഓൺലൈൻ വായനയുടെ യാതനകൾ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫുട്പാത്തിൽ മടങ്ങിയെത്തിയ ഈ വിജ്ഞാന വ്യാപാര മാമാങ്കങ്ങൾ പുസ്തക വില്പനയുടെ ജനകീയ രൂപമാണ്. ഷേക്സ്പീരിയൻ നാടകങ്ങൾ മുതൽ ബെന്യാമിന്റെ ആടുജീവിതം വരെയും, ആർട്ടിഫിഷ്യൽ ഇൻറലിജൻസു മുതൽ കൈരേഖാശാസ്ത്രം വരെയും, ഐൻസ്റ്റീൻ മുതൽ അബ്ദുൾകലാം വരെയുള്ള ശാസ്ത്രജ്ഞരെയും വായനക്കാർക്ക് വഴിയരികുകളിൽ നിന്ന് കൂട്ടാം.

വഴിയോരത്തെ ബൂത്തുകളിൽ കാണുന്ന ഇഷ്ടപ്പെട്ട പുസ്തകങ്ങൾ, യാത്രാമദ്ധ്യേ, ജോലിത്തിരക്കിനിടയിൽ, വായനക്കാർ വാങ്ങുന്നു. വിലയിൽ കാര്യമായ കുറവ്. കൂടാതെ പേരും പെരുമയുമുള്ള പുസ്തകക്കടകളിലേയ്ക്ക് പോകാനുള്ള ക്ലേശങ്ങളും ഒഴിവാക്കാം. ഇന്നത്തെ ജീവിത വ്യഗ്രതകൾക്കിടയ്ക്ക് സമയവും ലാഭിക്കാം.
പഴയതാണോ, പൈറേറ്റഡ് ആണോ, അല്ലെങ്കിൽ മുഷിഞ്ഞ് മൂലകൾ ചുരുണ്ടിരിക്കുന്നതാണോ എന്നതൊന്നും ഒരു യഥാർത്ഥ പുസ്തകപ്രേമിയെ സംബന്ധിച്ചിടത്തോളം അത്ര ഗൗരവമുള്ള കാര്യങ്ങളേയല്ല. “എല്ലാർക്കൂള്ള സാധനം ഇവടെണ്ട്. പല പുസ്തകങ്ങൾക്കും നാൽപ്പതു മുതൽ അറുപത് ശതമാനം വരെ ഡിസ്കൗണ്ട് ഞാൻ കൊടുക്കും.” ഒരു വഴിയോര കച്ചവടക്കാരൻ ആവേശംകൊണ്ടു. “കൊറോണയ്ക്കു ശേഷം ഇപ്പോഴാണ് നിത്യേന കട തുറക്കുന്നത്. വിറ്റഴിക്കൽ വില്പനയിലെയെന്നോണമാണ് ഞങ്ങൾ വില കുറയ്ക്കുന്നത്. വരുമാനം ഒന്നുമില്ലാതെ രണ്ടു കൊല്ലം വീട്ടിൽ ചുമ്മാതിരുന്നത് മറന്നിട്ടില്ല…” അയാൾ കൂട്ടിച്ചേർത്തു.

 

വഴിയോര ബുക്ക് സ്റ്റാൾ ഉടമയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. പക്ഷെ, ചില വിവരങ്ങൾ പങ്കിടുന്നതിൽ അയാൾക്ക് ബുദ്ധിമുട്ടുള്ളതുപോലെ.
“യാത്രക്കാർക്ക് തടസ്സമൊന്നും ഇല്ലെങ്കിലും, വഴിയോരത്തല്ലേ ഇത്രയും പുസ്തകങ്ങൾ ഇങ്ങനെ നിരത്തിയിട്ടിരിക്കിണത്! ഞങ്ങളുടെയൊക്കെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതേ സാർ…” സുഹൃത്ത് സവിനയം അറിയിച്ചു. ശരിയാണ്. ഈ പറഞ്ഞതു മാനിച്ച് അയാളെ സുഹൃത്ത് എന്നു മാത്രം സംബോധന ചെയ്യട്ടെ. കോർപ്പറേഷൻകാർക്ക് വിവരമെത്തിച്ച് ഒരു പുസ്തകക്കട പൂട്ടിക്കുന്നൊരു അക്ഷരവൈരിയല്ല ഞാനെന്ന് അയാൾക്ക് ഉറപ്പു കൊടുത്തു.
സെക്കൻഡ്സ് (സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ ഓമനപ്പേര്) അന്വേഷിച്ച് സുഹൃത്തിന്റെ പുസ്തകശാലയിലെത്തുന്നവരിൽ സ്കൂൾ‑കോളജ് വിദ്യാർത്ഥികൾ മുതൽ എൻജിനീയറിങ്ങിനും മെഡിസിനും പഠിക്കുന്നവർ വരെയുണ്ട്. “ഇംഗ്ളീഷ്, മലയാളം നോവലുകൾ ഞാൻ തിരിച്ചെടുക്കും. അവർ എനിയ്ക്ക് തന്നതിന്റെ മുപ്പത് ശതമാനം കാശ് തിരിച്ചുകൊടുക്കും.” സുഹൃത്ത് കച്ചവട രീതി വ്യക്തമാക്കി.

സെക്കൻഡ്സിൽ, സ്കൂൾ‑കോളജ് പുസ്തകങ്ങൾക്കാണത്രെ ‘ബംബർ ഓഫർ’! “സങ്കടം പറഞ്ഞ് ‘സെന്റി‘യടിക്കുന്നതിനു മുന്‍പുതന്നെ അവര് പ്രതീക്ഷിക്കുന്നതിൽ കൂടുതൽ കിഴിവ് ഞാൻ കൊടുക്കും. കുട്ട്യോള് പഠിച്ച് നന്നാവട്ടെ സാർ.” ഡിജിറ്റൽ അല്ലാത്ത വായന ഒരു പ്രാകൃത സമ്പ്രദായമാണെന്ന് ന്യൂജെൻ തത്ത്വശാസ്ത്രങ്ങൾ വിളംബരം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനി അതൊരു കൊടും കുറ്റകൃത്യമാണെന്ന് വിധി എഴുതുന്നതുവരെ, തെരുവിലെ പുസ്തക മേളകൾക്ക് ജനപ്രിയമായിത്തന്നെ തുടരാം. കേരളത്തിൽ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും നഗരങ്ങളിലെല്ലാം ഫുട്പാത്ത് പുസ്തക വ്യാപാരം സജീവമാണ്. ബാർഗൈൻ ബുക്ക് സ്റ്റാളുകൾ മുതൽ ഇഷ്ടപ്പെട്ട സെക്കൻഡ്സുകൾ കിലോ കണക്കിന് തൂക്കി വാങ്ങാവുന്ന മാർക്കറ്റുകൾ വരെ കാണാം.
കൊൽക്കത്തയും ഡൽഹിയും കഴിഞ്ഞാൽ, മുംബൈയിലായിരിയ്ക്കും രാജ്യത്തെ ഏറ്റവും വലിയ വഴിയോര പുസ്തക ശേഖരങ്ങൾ. ബംഗളൂരുവും, ചെന്നൈയും, ഹൈദരാബാദും, തിരുവനന്തപുരവും തൊട്ടു പിന്നിലുണ്ട്. ഇവയിൽ പലതും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നുണ്ടെങ്കിലും, നമ്മുടെ മനസ്സുകളിൽ നിന്ന് വായനാശീലം കുടിയിറങ്ങുന്നതുവരെ ഈ വഴിയോര വില്പന മഹോത്സവങ്ങൾക്ക് ഒന്നും സംഭവിക്കാനിടയില്ല.

 

ഓൺലൈനായി ഓര്‍ഡർ ചെയ്ത് പുസ്തകം വാങ്ങുന്നത് വായനാ സംസ്കാരത്തെ സാരമായി ബാധിക്കുമെന്നാണ് സുഹൃത്തിന്റെ പക്ഷം. ഈ അഭിപ്രായം കച്ചവട താൽപര്യം സ്വാധീനിച്ചതാവാം. പക്ഷേ, അല്പമൊന്ന് ആലോചിച്ചാൽ വസ്തുതയും അതുതന്നെയെന്നു തിരിച്ചറിയാം. ഒരു ലൈബ്രറിയിൽ പോയി ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായിക്കുമ്പോഴൊ, അല്ലെങ്കിൽ പുസ്തക കടയില്‍ നിന്ന് വാങ്ങുമ്പോഴൊ ഉള്ള അനുഭൂതി ഓൺലൈൻ വഴി ലഭിക്കുമോ?
“ചില പുള്ളികള് ‘ബുദ്ധിജീവി‘കളാ! അവര് എന്നോടൊന്നും മിണ്ടില്ല. തെരച്ചിലോട്, തെരച്ചിലാ… എല്ലാം ചിന്നിച്ചിതറി ഇടും. എന്നിട്ട് തളർന്ന് അടുത്തുവന്ന് എന്റെ മുഖത്ത് നോക്കാതെ, ഒരു ചോദ്യമുണ്ട്: ഇവടെ Les Mis­érables ഉണ്ടോ, Sher­lock Holmes ഉണ്ടോ, The Da Vin­ci Code ഉണ്ടോ, എന്നൊക്കെ. നിമിഷനേരംകൊണ്ട് ഞാൻ സാധനം എടുത്തുകൊടുക്കും. ഈ വല്ല്യേ, വല്ല്യേ, വെള്ളക്കാരടെ ബുക്ക്കളെക്കുറിച്ചൊക്കെ എനിയ്ക്കെങ്ങനെ അറിയാമെന്നാ ഇവമ്മാരടെയൊക്കെ ഒരു ഭാവം! കൊറച്ചു കാലം ആയില്യേ, ഈ വക ‘കോഡു‘കളൊക്കെ കാണാൻ തൊടങ്ങീട്ട്!”
“Les Misérables‑ന്റെ ഇംഗ്ളീഷ് പരിഭാഷയുടെ കൂടെ, മലയാളത്തിലെ ‘പാവങ്ങളും’ ചേർത്തു കൊടുക്കുമ്പോഴാണ് അവരൊക്കെ യഥാർത്ഥത്തിൽ ജീൻവാൽജിൻ (Les Mis­érables ലെ പാവം നായകൻ) ആവുന്നത്.” സുഹൃത്തിന്റെ മുഖത്ത് ‘ബുദ്ധിജീവി‘കളോട് ബുദ്ധികാണിച്ച ഒരു സംതൃപ്തി.
കൂടാതെ, വിക്റ്റർ ഹ്യൂഗൊയുടെയും, കോനൻ ഡോയലെയുടേയും, ഡാണ്‍ ബ്രൗണിന്റെയുമൊക്കെ മറ്റു പുസ്തകങ്ങളും എടുത്ത് കാണിച്ചുകൊടുത്ത് ഇത്തരം കസ്റ്റമേഴ്സിനെ ഇടക്കൊക്കെ നമ്മുടെ സുഹൃത്ത് ‘ഇംപ്രസ്സ്’ ചെയ്യുന്നുണ്ട്.

“പിന്നെ, ഫ്രീക്കൻമാര്… അവര് അൽപം കളറും മറ്റുമുള്ള മെഗസീന്‍സ് മറച്ച്നോക്കി കൊറച്ച്നേരം അങ്ങനെ നിൽക്കും. പിന്നീട്, കാര്യത്തിലേയ്ക്ക് കടന്നു പല, പല നോവൽസും അരിച്ച്പെറുക്കും. അവസാനം നല്ലൊരു ‘ഇംഗ്ളീഷ് പൈങ്കിളി’ യിൽ സെറ്റിൽ ചെയ്യും!” എന്നാൽ, ബുദ്ധിജീവികളേയും ഫ്രീക്കൻമാരേയും ഒരു നിലയിൽ നമ്മുടെ സുഹൃത്തിന് ഇഷ്ടമാണത്രെ. “കാരണം, ഈ രണ്ട് വിഭാഗത്തിൽപ്പെട്ടവരും എന്റെയടുത്തുവന്ന് ‘പെർഫോം’ ചെയ്യുന്നതിനാൽ, അവർക്ക് ബാർഗൈൻ ചെയ്യാനുള്ള ഒരു ‘ഇത്’ നഷ്ടപ്പെടും. അതിനാൽ, ഞാൻ ചോദിക്കുന്ന കാശും തന്ന് അവർ സ്ഥലം വിടും.”
ഈ ഏർപ്പാട് എങ്ങനെ, ഗുണമുണ്ടോ, ഞാൻ ചോദിച്ചു.

 

“പുസ്തകം കേടുവരുന്ന സാധനമല്ലല്ലൊ, വിറ്റഴിയാൻ താമസം വന്നാലും കുഴപ്പമില്ല. പിന്നെ, സ്ഥലത്തിന് വാടകയുമില്ല. അതുകൊണ്ട് ജീവിക്കാനുള്ളത് ഇതിൽനിന്ന് കിട്ടും.” ബുക്ക് സ്റ്റാളിന് ആകെയുള്ള ‘സ്ട്രക്ച്ചർ’ ഒരു നീല ടാർപാളിൻ ഷീറ്റാണ്. “രാത്രിയില്‍ മൊത്തം കവർ ചെയ്ത് ഒരു കെട്ടലാണ്, സാറെ! അടുത്ത ദിവസം രാവിലെ തുറക്കുമ്പോൾ, വെച്ചതെല്ലാം അതുപോലെതന്നെ ഇവടെ കാണും.” പുസ്തകങ്ങൾ ആരും മോഷ്ടിക്കില്ലെന്നാണ് അയാളുടെ ഉറച്ച വിശ്വാസം. ‘The Man Who Loved Books Too Much’ എന്ന പുസ്തകം അയാളുടെ ശേഖരത്തിൽ ഉണ്ടോയെന്ന് അയോഴോട് ചോദിച്ചു.
“ഈ പേര് ആദ്യം കേൾക്ക്ആണല്ലോ.” ഖേദമറിയിച്ചു സുഹൃത്ത്. ആലിസൻ ഹൂവർ ബാർറ്റ്ലറ്റ് എഴുതിയതാണ് ഈ പുസ്തകം. യഥാർത്ഥത്തിൽ അവരൊരു പത്രപ്രവർത്തകയാണ്, ഞാൻ കൂടുതൽ വിവരം കൊടുത്തു.
“ഇല്ല, സാർ, ആ പുസ്തകം എന്റെ കളക്ഷനിലില്ല, ” സുഹൃത്ത് സമ്മതിച്ചു.

“കാര്യമെന്താ? ” അയാൾക്ക് ആകാംക്ഷ. ലോകത്തെ ഏറ്റവും (കു)പ്രസിദ്ധനായ പുസ്തക മോഷ്ടാവാണ് ജോൺ ചാൾസ് ഗിൽകി. കാലിഫോർണിയക്കാരൻ. പുള്ളിക്കാരൻ രണ്ട് ലക്ഷം ഡോളർ വിലവരുന്ന പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും മോഷ്ടിച്ച് പിടിയിലായി. വിലപിടിപ്പുള്ള ബുക് മോഷണങ്ങളും മോഷണ രീതികളും വരച്ചുകാട്ടുന്ന ‘The Man Who Loved Books Too Much’, പ്രസിദ്ധീകരിച്ച വർഷം മുതൽ നല്ല വില്പനയാണ്. ‘The True Sto­ry of a Thief’ എന്ന് സകലരും ഈ പുസ്തകത്തെ വിശേഷിപ്പിച്ചു. എന്റെ വിവരണം സുഹൃത്ത് പൂർണ മനസ്സോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “സാറ് പറഞ്ഞു വരുന്നത് മനസ്സിലായി.” കച്ചവടക്കാരൻ ഇപ്പോൾ അല്പം ഗൗരവത്തിലാണ്. “അല്ല, സുഹൃത്തേ, ഗിൽകിക്ക് കാലിഫോർണിയയിൽ നിന്ന് കേരളത്തിലെത്താൻ അധികം സമയമൊന്നും വേണ്ട.” ഇത് കേട്ടയുടനെ സുഹൃത്ത് പൊട്ടിച്ചിരിച്ചു. എനിയ്ക്കു കാര്യം മനസിലായില്ല. “അമേരിക്കക്കാരൻ കേരളത്തിൽ വന്നാൽ, മൂപ്പരുടെ ഇപ്പോഴത്തെ പരിചയസമ്പത്തുവച്ച്, ഇവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല. മൂപ്പര് വല്ല ക്വട്ടേഷൻ സംഘത്തിലും ചേരാനാണ് സാധ്യത. എന്റെ പുസ്തകങ്ങൾ സുരക്ഷിതമാണ്.” എന്നു പറഞ്ഞുകൊണ്ട് ഒടുവിലെത്തിയ കസ്റ്റമർക്ക്, ‘സമ്പൂർണ്ണ ചാണക്യ നീതി’ അയാള്‍ പൊതിഞ്ഞു കൊടുത്തു.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.