September 30, 2022 Friday

ലോകമെങ്ങും ഈസ്റ്റർ

റവ. ജോർജ് മാത്യു പുതുപ്പള്ളി
April 17, 2022 4:30 am

വിപുലമായ രീതിയിൽ ഈസ്റ്റർ ആഘോഷിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. ചോക്ലേറ്റ് കൊണ്ടുള്ള ഈസ്റ്റർ മുട്ടകളാണ് ആഘോഷത്തിന്റെ കേന്ദ്രബിന്ദു. വ്യക്തികളും സംഘടനകളും ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കി വില്പന നടത്താറുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം സംഘടനകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. വിവിധ നിറങ്ങളാൽ അലങ്കരിക്കുന്ന ഈസ്റ്റർ മുട്ടകൾ വീടുകളിലും ദേവാലയങ്ങളിലും പ്രദർശനത്തിന് വയ്ക്കും. കുട്ടികൾക്കായി ‘ഈസ്റ്റർ മുട്ട വേട്ട’ മത്സരവും നടത്താറുണ്ട്. ‘ഈസ്റ്റർ ബണ്ണി’ വേഷം കെട്ടിയ വ്യക്തികൾ രാവിലെ കുട്ടികൾക്ക് മുട്ടകൾ സമ്മാനമായി നല്കും. ഓസ്ട്രേലിയയിലെ പ്രസിദ്ധമായ സിഡ്നി റോയൽ ഈസ്റ്റർ ഷോയിൽ ആയിരങ്ങൾ പങ്കെടുക്കും.

ബ്രസീലുകാർ പീഡാനുഭവത്തിൽ മതപരമായ ചടങ്ങുകൾക്കും ആരാധനയ്ക്കുമാണ് കൂടുതൽ പ്രാധാന്യം നല്കുക. ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള എല്ലാ ദിവസങ്ങളിലും അവർ ദേവാലയത്തിൽ എത്തും. കുരുത്തോല പ്രദക്ഷിണവും കുരിശ് മുത്തലും കാൽകഴുകൽ ശുശ്രൂഷയും ആരാധനയിലെ മുഖ്യ ഘടകങ്ങളാണ്. യേശുവിന്റെയും മേരിയുടെയും ജോസഫിന്റെയും മാലാഖമാരുടെയും പ്രതിമകളുമേന്തിയായിരിക്കും പ്രദക്ഷിണം നടത്തുക. ലോകപ്രസിദ്ധമായ ‘റിയോ കാർണിവൽ’ ഈസ്റ്റർ വാരത്തിലാണ് ഇവിടെ അരങ്ങേറുന്നത്. പൂക്കളും കുരുത്തോലകളുമായിട്ടായിരിക്കും വിശ്വാസികൾ ദേവാലയത്തിൽ എത്തുക. വൈദികൻ അവ അനുഗ്രഹിച്ചിട്ട് തിരികെ നല്കും. അവ ഉണക്കിയൊടിച്ച് ചാരമാക്കി വെള്ളത്തിൽ കലക്കി രോഗ സൗഖ്യത്തിനായി ഉപയോഗിക്കാറുണ്ട്. ഈസ്റ്റർ കേക്കുകളും ചോക്ലേറ്റുകളും ഉണ്ടാക്കി ബന്ധുജനങ്ങൾക്കു വിതരണം ചെയ്യാറുമുണ്ട്. ഈസ്റ്റർ സദ്യയിൽ സുഹൃത്തുക്കളെയൊക്കെ ക്ഷണിക്കാറുണ്ട്.

ഫ്രാൻസിലെ ഈസ്റ്റർ ആഘോഷത്തിലെ പ്രധാന ഘടകം ഈസ്റ്റർ മത്സ്യമാണ്. ഈസ്റ്റർ മത്സ്യത്തിന് ഫ്രഞ്ചുകാർ നല്കിയിരിക്കുന്ന പേര് ‘ഏപ്രിൽ മത്സ്യ’മെന്നാണ്. ഫ്രാൻസിലെ റോമൻ കത്തോലിക്കരുടെ വിശ്വാസം ദുഃഖ വെള്ളിയാഴ്ച ഫ്രാൻസിലെ പള്ളിമണികൾ റോമിലെ വത്തിക്കാനിലേക്കു പോകുമെന്നാണ്. ദുഃഖവെള്ളിയിൽ ഫ്രാൻസിൽ പള്ളിമണികൾ മുഴങ്ങാറില്ല. ഈസ്റ്റർ ദിവസം രാവിലെ പള്ളിമണികൾ വത്തിക്കാനിൽ നിന്നും ഈസ്റ്റർ മുട്ടകളുമായി മടങ്ങിവരുമെത്രെ. ഈസ്റ്റർ വിരുന്നിലെ പ്രധാന വിഭവങ്ങൾ വിവിധ രീതിയിൽ പാകം ചെയ്ത ആട്ടിറച്ചിയും ഈസ്റ്റർ മുട്ടകളുമായിരിക്കും. പരമ്പരാഗത രീതിയിലുള്ള ആട്ടിൻ സൂപ്പും ആട്ടിൻ സ്റ്റ്യൂവും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഈസ്റ്റർ ആഘോഷത്തെക്കുറിച്ച് ചിന്തിക്കാൻപോലും ഫ്രഞ്ച് ജനതയ്ക്കാവില്ല.

ഈസ്റ്റർ പ്രതിമകളുടെയും രൂപണങ്ങളുടെയും ജന്മസ്ഥലമായ ജർമ്മനിയിൽ ഈസ്റ്റർ ബണ്ണികൾക്കും ഈസ്റ്റർ ട്രീകൾക്കുമാണ് മുഖ്യ സ്ഥാനം. ബണ്ണികൾ ഈസ്റ്റർ ദിവസം ചോക്ലേറ്റുമായി എത്തുമെന്ന് കുട്ടികൾ വിശ്വസിക്കുന്നു. മുട്ട കൈമാറ്റം പ്രധാന ചടങ്ങാണ്. ഈസ്റ്റർ മുട്ടകൾ തൂക്കിയ വൃക്ഷങ്ങൾ എവിടെയും കാണാൻ കഴിയും. പുഴുങ്ങിയ മുട്ടകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ച് നിറംകൊടുത്ത് വൃക്ഷങ്ങളിൽ തൂക്കിയിടാറുണ്ട്. ഈസ്റ്റർ സദ്യയിലെ മുഖ്യ വിഭവവും മുഴുവാനായുള്ള പുഴുങ്ങിയ മുട്ടകളായിരിക്കും. ഈസ്റ്റർ ട്രീ അലങ്കാരം വർഷങ്ങളായി നിലനില്ക്കുന്ന ആചാരമാണ്. ഈസ്റ്റർ കാർണിവലും കുരുത്തോല പ്രദക്ഷിണവും മുഖ്യ ചടങ്ങുകളാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന ഒരു ചടങ്ങായി ജർമ്മൻ ജനത ഈസ്റ്റർ വാരത്തെ കണക്കാക്കുന്നു.

ഈസ്റ്റർ വാരത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നവരാണ് ഹംഗറിയിലെ ക്രൈസ്തവർ. ഈസ്റ്ററിനു മാത്രമായി രണ്ടു ദിവസത്തെ പൊതു അവധിയാണ് സർക്കാർപ്രഖ്യാപിച്ചിരിക്കുന്നത്. പാശ്ചാത്യ ഓർത്തഡോക്സ് പാരമ്പര്യമനുസരിച്ചുള്ള ആഘോഷ രീതികളാണ് അവിടെ നടന്നുവരുന്നത്. ഈസ്റ്റർ ഗാനാലാപനവും ക്രിസ്തുവിന്റെ പ്രതിമ വഹിച്ചുള്ള പ്രദക്ഷിണവുമാണ് മുഖ്യ ചടങ്ങുകൾ. ദുഃഖ ശനിയാഴ്ച വിശ്വാസികൾ കൂടുകളിൽ മുട്ടകളും ഉപ്പുമായി ദേവാലയങ്ങളിലെത്തും. വൈദികർ അതിനെ അനുഗ്രഹിച്ചിട്ട് അവർക്ക് നല്കും. വിശ്വാസികൾ അവ ഭക്ഷിക്കും. തിങ്കളാഴ്ചയും ഈസ്റ്റർ കൊണ്ടാടുന്ന ലോകത്തിലെ ഏക രാജ്യം ഒരുപക്ഷെ ഹംഗറിയായിരിക്കും. ആൺകുട്ടികൾ പെൺകുട്ടികളുടെ മേലും യുവാക്കൾ യുവതികളുടെ മേലും സുഗന്ധലേപനം ഒഴിക്കും. ഈസ്റ്റർ മുട്ടകളും ചുംബനവും കൈമാറുന്ന രസകരമായ ചടങ്ങുമുണ്ട്.

കാനഡയിൽ ഈസ്റ്റർ മുട്ടകളുടെ അലങ്കാരത്തിനാണ് മുഖ്യസ്ഥാനം. വീട്ടിലും സ്കൂളിലും കുട്ടികളുടെ പ്രധാന വിനോദവും ഇതുതന്നെയായിരിക്കും. സംഘടനകൾ ‘ഈസ്റ്റർ മുട്ട വേട്ട’ മത്സരം നടത്താറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഈസ്റ്റർ മുട്ട നിർമ്മിക്കപ്പെട്ടത് കാനഡയിലാണ്. 1975 ൽ നിർമ്മിക്കപ്പെട്ട ആ മുട്ട, കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ പ്രൊഫ. റൊണാൾഡ് റസ്കാണ് രൂപകല്പന നടത്തിയത്. കാനഡയിലെ ‘വിന്റർ കാർണിവൽ’ ഈസ്റ്റർ ആഘോഷത്തിലെ പ്രധാന ഘടകമാണ്. പരമ്പരാഗതമായ ഈസ്റ്റർ സദ്യയാണ് മറ്റൊരു വിശേഷം. പച്ചക്കറികളും പഴങ്ങളുമായിരിക്കും സദ്യയിലെ മുഖ്യ വിഭവങ്ങൾ. സംഗീതം ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറും. ഈസ്റ്റർ പുഷ്പങ്ങളും‍ ഈസ്റ്റർ ബണ്ണികളും‍ വിതരണം ചെയ്യും.

വർണപ്പകിട്ടാർന്ന പാരമ്പര്യം പിന്തുടരുന്നവരാണ് ഡൻമാർക്കുകാർ. ലോകത്തിലെ ഏറ്റവുമധികം സന്തോഷിക്കുന്ന ജന വിഭാഗം എന്ന ബഹുമതിയും അവർക്കാണ്. ഡൻമാർക്കിലെ ദേശീയ ദേവാലയമായ ‘ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചി‘ലായിരിക്കും ഈസ്റ്ററിന്റെ പ്രധാന ആഘോഷങ്ങൾ അരങ്ങേറുന്നത്. രാജ്യത്തെ ഏറ്റവും വലിയ ദേവാലയമായ അവിടെ ഈസ്റ്റർ വാരത്തിൽ വിശ്വാസികൾ തടിച്ചുകൂടും. പ്രത്യേക ഈസ്റ്റർ വാര ശുശ്രൂഷകളും നടക്കും. വീടുകളും കടകളും ദേവാലയങ്ങളും ജനതയുടെ ഇഷ്ടനിറങ്ങളായ പച്ച, മഞ്ഞ എന്നിവകൊണ്ട് അലങ്കരിക്കും. ചെടികളും ശിഖരങ്ങളും എവിടെയും സ്ഥാപിക്കും. മാതാപിതാക്കൾ കുട്ടികൾക്ക് മുട്ടകൾ സമ്മാനിക്കും. പേരു വയ്ക്കാതെ സുഹൃത്തുക്കൾക്ക് ഈസ്റ്റർ സന്ദേശമയയ്ക്കുന്ന പതിവുമുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഈസ്റ്റർ സദ്യയിൽ എല്ലാവരും പങ്കുചേരും. മത്സ്യ‑മാംസാദികളും പച്ചക്കറികളുമാണ് ഉപയോഗിക്കുക.

ഇംഗ്ലണ്ടിലെ ഈസ്റ്റർ വാരാഘോഷം തുടങ്ങുന്നത് ഓശാന ഞായറിലെ ശുശ്രൂഷകളോടുകൂടിയാണ്. കുരുത്തോല പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്. കുരിശിന്റെ ആകൃതിയിൽ കുരുത്തോലകൾ മെടഞ്ഞ് ദേവാലയത്തിലും ഭവനങ്ങളിലും കെട്ടിത്തൂക്കും. ഈസ്റ്റർ‍ ഞായറാഴ്ച ആരാധനയ്ക്കുശേഷം പ്രശസ്തമായ ‘മോറിസ് നൃത്തം’ അരങ്ങേറും. വെള്ളയും ചുവപ്പും കറുപ്പും ചേർന്ന വസ്ത്രങ്ങൾ ധരിച്ച് പുരുഷ നർത്തകരായിരിക്കും നൃത്തം അവതരിപ്പിക്കുക. അവർ ധരിക്കുന്ന തൊപ്പിയിൽ റിബണും ചെറിയ മണികളും തയ്ച്ചുപിടിപ്പിക്കാറുണ്ട്. ഗ്രാമീണ ദേവാലയങ്ങളിൽ പരമ്പരാഗത ശൈലിയിലുള്ള ആഘോഷങ്ങളാണ് അരങ്ങേറുക. ഗ്രാമീണ ബേക്കറികൾ വിഭവങ്ങളാൽ സമൃദ്ധമായിരിക്കും. ‘ഈസ്റ്റർ മുട്ട വേട്ട’ മത്സരവും പ്രധാന ആഘോഷമത്രെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.