തമ്പാന്‍ തായിനേരി

ബാലയുഗം 5

November 22, 2020, 3:31 am

കുഞ്ഞനും പുലിയച്ചനും

Janayugom Online

അനുസരണക്കേട് കാണിക്കുമെങ്കിലും ബുദ്ധിശാലിയായിരുന്നു കുഞ്ഞൻ മുയൽ. മുയലമ്മയെ കാണാതെ പലപ്പോഴും അവൻ പോത്തൻ കാട്ടിലേക്ക് പോകും. എത്രയോ തവണ മുയലമ്മ കുഞ്ഞനെ ഉപദേശിച്ചിട്ടുണ്ട്: ”കുഞ്ഞാ പോത്തൻ കാട്ടിൽ തനിച്ച് പോകല്ലേ. ദുഷ്ടന്മാരായ മൃഗങ്ങൾ വസിക്കുന്ന കാടാണ്. അവറ്റകളുടെ വായിൽപെട്ടാൽ ജീവൻ പോയതുതന്നെ.”
മുയലമ്മയുടെ ഉപദേശമുണ്ടോ കുഞ്ഞൻ അനുസരിക്കുന്നു. ഒരു ദിവസം മുയലമ്മ കീരിപുഴയുടെ കരയിൽ ഭക്ഷണത്തിന് പോയ തക്കം നോക്കി കുഞ്ഞൻ പോത്തൻ കാട്ടിലേയ്ക്ക് വെച്ചടിച്ചു. സന്ധ്യ കഴിഞ്ഞിട്ടും കുഞ്ഞൻ തിരിച്ചെത്തിയില്ല. മുയലമ്മ ആകെ സങ്കടപ്പെട്ടു. കുഞ്ഞന് എന്തെങ്കിലും ആപത്ത് സംഭവിച്ചോ എന്ന പേടിയായിരുന്നു. കുഞ്ഞനെ അന്വേഷിച്ച മുയലമ്മ പോത്തൻ കാട്ടിലേയ്ക്ക് പോയി. ആദ്യം കണ്ട അണ്ണാൻ കുട്ടിയോട് മുയലമ്മ ചോദിച്ചു; ”അണ്ണാൻകുട്ടി എന്റെ കുഞ്ഞനെ കണ്ടോ?”
”ഓ. . ഇവിടെയൊക്കെ തുള്ളിച്ചാടി നടക്കുന്നത് കണ്ടിരുന്നു.” പിന്നീട് വഴിയിൽ കണ്ട പന്നിക്കുട്ടനോട് ചോദിട്ടു; ”പന്നിക്കുട്ടാ, എന്റെ കുഞ്ഞനെ കണ്ടോ…?” ”ഓ… കുറ്റിക്കാട്ടിൽ മേയുന്നത് കണ്ടിരുന്നു.” പിന്നീട് മരത്തിന്റെ മുകളിലുള്ള മിട്ടുക്കുരങ്ങനോട് ചോദിച്ചു; ”കുരങ്ങച്ചാ, എന്റെ കുഞ്ഞനെ കണ്ടോ…?” ”പോത്തൻ കാട്ടിൽ പുലിയച്ചൻ ഇറങ്ങിയിട്ടുണ്ട്. കുഞ്ഞന്റെ പിന്നാലെ ഓടുന്നതു കണ്ടിരുന്നു.”
അയ്യോ… മുയലമ്മ ഞെട്ടിപോയി. എങ്കിൽ പിന്നെ കുഞ്ഞന്റെ കഥ കഴിഞ്ഞതു തന്നെ. 

”കുഞ്ഞാ… കുഞ്ഞാ…” എന്നു വിളിച്ച് മുയലമ്മ പോത്തൻ കാട്ടിൽ അലഞ്ഞു. അന്വേഷിച്ച് തളർന്നിട്ടും മുയലമ്മയ്ക്ക് കുഞ്ഞനെ കണ്ടെത്താനായില്ല. മുയലമ്മ സങ്കടത്തോടെ കീരിപുഴയുടെ കരയിലുള്ള മാളത്തിലേയ്ക്ക് തിരിച്ചുപോയി.
അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സന്ധ്യയ്ക്ക് മാളത്തിന്റെ പുറത്ത് നിന്നും ഒരു ശബ്ദം കേട്ടു. കിർ… കിർ… ഒരു മുരൾച്ച. മുയലമ്മ മാളത്തിൽ നിന്നും പുറത്തേയ്ക്ക് നോക്കി. ഹയ്യോ പുറത്ത് ഒരു പുലിയച്ചൻ നിൽക്കുന്നു. കുഞ്ഞനെയും തിന്ന് മതി വരാതെ തന്നെയും പിടിക്കാൻ വന്നതായിരിക്കും. ”മുയലമ്മേ, കുഞ്ഞനെ കൊണ്ടു വന്നിട്ടുണ്ട്. പേടിക്കാതെ പുറത്തേയ്ക്ക് വന്നോളൂ.” പുലിയച്ചൻ പറഞ്ഞു. അപ്പോൾ പുറത്തു നിന്നും ഒരു ചാട്ടത്തിന് കുഞ്ഞൻ മുയലമ്മയുടെ അരികിലെത്തി. എന്തൊരത്ഭുതം. കുഞ്ഞന് ഒരാപത്തും സംഭവിച്ചില്ലെന്നോ. അപ്പോൾ മുയലമ്മയും പുറത്തേയ്ക്ക് വന്നു. മുയലമ്മയുടെ അരികിലെത്തണമെന്ന് കുഞ്ഞന് നിർബന്ധം. അവന്റെ സങ്കടം കാണാൻ വയ്യ. അതുകൊണ്ട് അവനെ കൊണ്ടുവന്നതാ. കേട്ടു കേൾവിയില്ലാത്ത സംഭവം. പുലി വർഗ്ഗത്തിൽ ഇങ്ങനെയും സ്നേഹമുള്ളവർ ഉണ്ടോ. മുയലമ്മ പുലിയച്ചനെ മിഴിച്ചുനോക്കി. ”ഈ സ്നേഹം ഞാൻ മറക്കില്ല പുലിയച്ചാ.”

”സ്നേഹം എനിക്കല്ല മുയലമ്മെ. . കുഞ്ഞനാ… സംഭവിച്ച സംഗതിയൊക്കെ കുഞ്ഞൻ പറയും. ഞാൻ പോവുകയാ. ഉപകാരം ചെയ്തവരെയും സ്നേഹം തന്നവരെയും ഞാൻ ചതിക്കില്ല മുയലമ്മേ..” അത്രയും പറഞ്ഞുകൊണ്ട് പുലിയച്ചൻ പോയി.
”കുഞ്ഞാ എന്താ സംഭവിച്ചത്? എങ്ങനെ പുലിയച്ചന്റെ സ്നേഹം പിടിച്ചുപറ്റി?” മുയലമ്മ ചോദിച്ചു. ”എന്നെ കടിച്ചുകൊണ്ട് പുലിയച്ചൻ മാളത്തിലേക്ക് ഒരോട്ടമായിരുന്നു. അവിടെ പുലിയച്ചന്റെ മക്കളും ഉണ്ടായിരുന്നു. കുഞ്ഞനെ രാത്രി ശാപ്പിടാമെന്ന് പറഞ്ഞ് പുലിയച്ചൻ വീണ്ടും കാട്ടിലേക്ക് പോയി. രാത്രിയിൽ മടങ്ങിയെത്തിയ പുലിയച്ചന്റെ കാലിൽ ഒരു വലിയ മുറിവ് കണ്ടു. മുടന്തിയാണ് നടത്തവും. മാൻകുട്ടിയുടെ പിന്നാലെ ഓടുമ്പോൾ ലക്ഷ്യം പിഴച്ച് കുഴിയിൽ വീണതായിരുന്നു. പുലിയച്ചന് പിന്നെ എവിടെയും പോകാനായില്ല. പുലിയച്ചന്റെ സ്നേഹം പിടിച്ചുപറ്റാൻ ഒരു മാർഗ്ഗം കണ്ടു. തൊട്ടാവാടി ചെടിയുടെ ഇലകൾ ചതച്ച് പുലിയച്ചന്റെ കാലിലെ മുറിവിൽ പുരട്ടുകയും തടവുകയും ചെയ്തു. വിശക്കുന്ന പുലിയച്ഛന്റെ മക്കൾക്ക് അണ്ണാൻ കുട്ടികളെയും പക്ഷികളെയും പിടിച്ചുകൊടുത്തു. അങ്ങനെ പുലിയച്ചന്റെ കാലിലെ മുറിവുണങ്ങി പഴയ സ്ഥിതിയിലായി. എന്റെ പരിചരണം കിട്ടിയപ്പോ പുലിയച്ചന്റെ സ്വഭാവത്തിന് മാറ്റം വന്നു. ഒരിക്കൽ പുലിയച്ചൻ മക്കളോടു പറഞ്ഞു. കുഞ്ഞൻ നമ്മുടെ ബന്ധുവാണ്. ഇനി മുതൽ അവനും നമ്മുടെ കൂടെ കഴിയട്ടെ. അമ്മയെ കാണാതെ എനിക്ക് സങ്കടം വന്നു. ഒരിക്കൽ പുലിയച്ചനോട് പറഞ്ഞു. എനിക്ക് അമ്മയുടെ അടുക്കൽ പോകണം. അങ്ങനെയാണ് എന്റെ ആഗ്രഹം സാധിപ്പിച്ചത്. ഒരു കാര്യം മനസ്സിലായി. സ്നേഹം കൊടുത്താൽ ശത്രുക്കളും മിത്രങ്ങളാകും.”
മുയലമ്മ പറഞ്ഞു; ”എനിക്ക് സന്തോഷമായി. നീ മിടുക്കൻ കുട്ടിയാ.” 

മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ