December 5, 2022 Monday

ഭാരത് മാതാ കീ പിതാ

അന്ന
March 8, 2020 8:18 am

ഭാര ത് മാതാ കീ ജയ്’

സംഘപരിവാർ രാഷ്ട്രീയം തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച് രാജ്യസ്നേഹം പ്രകടിപ്പിക്കുന്ന വിശ്വവിഖ്യാതമായ മുദ്രാവാക്യമാണിത്. കഴിഞ്ഞ ദിവസം നരേന്ദ്രമോഡി അതാവർത്തിച്ചു. ആ മുദ്രാവാക്യം വിളിക്കാത്ത ദേശദ്രോഹികൾക്കെതിരെ മോഡി ആഞ്ഞടിച്ചു. ചിന്നിച്ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ച് ഒരു രാജ്യമാക്കിമാറ്റാൻവേണ്ടിയും, കൊളോണിയൽ ഭരണത്തിന്റെ നുകത്തിൽ നിന്ന് ഭാരതമെന്ന രാഷ്ട്രത്തെ രക്ഷിക്കാൻവേണ്ടിയും, അനാദികാലം മുതൽക്കേ നിലനിൽക്കുന്ന ആർഷഭാരതത്തിന്റെ പവിത്രമായ മൂല്യങ്ങൾ വീണ്ടെടുക്കാൻ വേണ്ടിയും പുണ്യപുരാതന കാലം മുതൽക്കേ അവതാരമെടുത്ത ശത്രുസംഹാരിണിയായ ഭാരതാംബയ്ക്ക് ജയ് വിളിക്കാതെ കാട്ടുന്ന നിഷേധം രാജ്യദ്രോഹപ്രവർത്തിയല്ലാതെ പിന്നെ മറ്റെന്താണ്?

ഒരു നൂറ്റാണ്ടായി ഹിന്ദുരാഷ്ട്രീയ സഖ്യത്തിന്റെ ‘മാതൃരാജ്യസ്നേഹികൾ ’ ആവർത്തിച്ചുയർത്തുന്ന നിഷ്കളങ്കമായ ചോദ്യങ്ങളാണിത്. ചോദ്യങ്ങൾ ഇനിയുമെത്ര ആവർത്തിച്ചാലും, രാജ്യദ്രോഹപ്പട്ടംതന്നെ കിട്ടിയാലും നമ്മൾ മനസ്സിലാക്കേണ്ട വസ്തുത ‘മേൽപറഞ്ഞ തരത്തിലോ ലക്ഷ്യങ്ങൾക്കോ വേണ്ടിയല്ല, ഭാരതമാതാവ് പിറന്നതും വളർന്നതും’ എന്നതാണ്.

ഭാരതത്തെ ഒരമ്മയായി സങ്കൽപ്പിച്ചുകൊണ്ടുള്ള ‘ഭാരതമാതാ’ എന്ന സങ്കല്പം അനാദികാലം മുതൽക്കുള്ളതല്ല അതിന് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമേയുള്ളു. വിഗ്രഹാരാധനയുടെയും നാടായ ഇന്ത്യയ്ക്ക് ഏതൊരു ആശയത്തിനും ഒരു ഭൗതികരൂപം ആവശ്യപെടുന്ന വിശ്വാസിയുടെ മനസ്സാണുള്ളത്. ഇന്ന് ഹിന്ദുരാഷ്ട്രീയം ജയ് വിളിക്കണമെന്നാവശ്യപ്പെടുന്ന ഭാരതമാതാ/ഭാരതാംബയുടെ രൂപ‑ഭാവ‑ചരിത്രം ആരംഭിക്കുന്നത് വിശ്വകവി രവീന്ദ്രനാഥടാഗോറിന്റെ മരുമകൻ അബനീന്ദ്രനാഥടാഗോറിൽ നിന്നാണ്. അതേസമയം ദേശീയതയെയും ദേശരാഷ്ട്രസങ്കൽപ്പങ്ങളെയും സംബന്ധിച്ച് രവീന്ദ്രനാഥടാഗോറിന്റെ ഏഴയലത്ത് വരുന്ന ആളായിരുന്നില്ല അബനീന്ദ്രനാഥ് എന്നോർക്കണം. അധീന ഇന്ത്യയുടെ ഒരു സന്നിഗ്ധ സന്ധിയിൽ ‘ഭാരതാംബ’യെ ക്യാൻവാസിൽ വാട്ടർകളർകൊണ്ട് സൃഷ്ടിച്ച അബനീന്ദ്രനാഥെന്ന ‘ഭാരതമാതാവിന്റെ പിതാവിനെ’ കുറിച്ചറിയാൻ കൊളോണിയൽ ചരിത്രത്തേക്കാൾ കലയുടെ ചരിത്രത്തിലന്വേഷിക്കുന്നതാണ് ഉത്തമം.

ബുദ്ധകാല ഗുഹാചിത്രങ്ങൾ കഴിഞ്ഞാൽ മുഗൾ മിനിയേച്ചറുകൾ, തഞ്ചാവൂർ, രജ്പുത്, പഹാരി പെയിന്റിംഗുകൾ, മ്യൂറലുകൾ തുടങ്ങിയവയും സ്റ്റെൻസിലിംഗ്, ഫ്രെഡ്കോ, കളിമൺപാത്രങ്ങൾ തുടങ്ങിയ അലങ്കാരചിത്രപ്പണികളും (dec­o­ra­tive designs ) ചേർന്നതായിരുന്നു ഇന്ത്യൻകല. ഓയിൽപെയിന്റിംഗിന്റെ കണ്ടുപിടിത്തത്തോടെ പ്രകൃതിയെ അപ്പടി ദൃശ്യവൽക്കരിക്കാനാവുന്ന പാശ്ചാത്യചിത്രകല ഇംഗ്ലീഷുകാരൻ പ്രചാരത്തിലാക്കിയത് കണ്ട് ഇന്ത്യൻചിത്രകാരൻമാർ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് അതിലവർ മാസ്റ്റേഴ്സ് ആയി. എങ്കിലും ഇന്ത്യയ്ക്കൊരു സ്വന്തം ‘ഭാരതീയശൈലി’ വേണമെന്ന അടങ്ങാത്ത വാഞ്ഛയാണ് അബനീദ്രനാഥെന്ന ചിത്രകാരനെ ലോകപ്രശസ്തനാക്കിയത്. ഈ ’ മേക്ക് ഇൻ ഇന്ത്യ ’ ശൈലിയാണ് അബനിയെ ആധുനിക ഇന്ത്യൻചിത്രകലയുടെ പിതാവാക്കി മാറ്റിയതും. ഭാരതമെന്ന ആശയത്തെ പെണ്ണായും പിന്നെ മണ്ണായും പരികൽപ്പിച്ച് അദ്ദേഹം രചിച്ച ‘ഭാരതമാതാ’ എന്ന ചിത്രത്തിന്റെ പിതാവായും ടാഗോറിന്റെ അനന്തിരവൻ മാറി. എന്നു കരുതി അദ്ദേഹത്തിന്റെ രാഷ്ട്രീയബോധ്യം അത്ര കണ്ട് ബ്രിട്ടീഷ് വിരുദ്ധവും ദേശീയബോധം ‘ഗുരുജി‘യുടേതിനൊപ്പം മഹത്തരമായിരുന്നുവെന്ന് കരുതിക്കളയരുത്.

കാലം 1905.മതത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടൺ ജനങ്ങളെയും ബംഗാളിനെയും വെട്ടിമുറിച്ച വിഭജനകാലം. ഏണസ്റ്റ് ബെൻഫീൽഡ് ഹാവെൽ എന്ന വിഖ്യാതനായ ഇംഗ്ലീഷ് ചിത്രകാരനാണ് കൊളോണിയൽ ഇന്ത്യയിൽ ആധുനികചിത്രകല പരിചയപ്പെടുത്തിയതിൽ പ്രധാനി.‘സ്വദേശി‘യെന്ന ആഴമേറിയ മുദ്രാവാക്യം ഇന്ത്യയിൽ പ്രത്യേകിച്ച് ബംഗാളിൽ കൊടുങ്കാറ്റുയർത്തിയ ആ നാളുകളിൽ അബനീന്ദ്രനാഥ് ഹാവെലിന്റെ ശിഷ്യനായി എന്നത് ഒരു കുറ്റമേയല്ല, എന്നാൽ ബംഗാൾ ആർട്ട് സ്കൂളിന്റെ വൈസ്പ്രിൻസിപ്പാളായിരുന്ന് ബ്രിട്ടീഷുകാരന്റെ ശമ്പളം പറ്റിക്കൊണ്ട് അബനീന്ദ്രനാഥ് ‘ഭാരതാംബ’ പൂർത്തീകരിച്ചു എന്നത് സ്വദേശി രാജ്യസ്നേഹമുയർത്തുന്ന ‘ഭാരതമാതാ’ വിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. കൊളോണിയൽ വിരോധം കൊണ്ട് വീട്ടിൽ കിടന്ന പാശ്ചാത്യ അടയാളങ്ങളുള്ള സർവസാമാനങ്ങളും പുറത്താക്കിയ ആളായിരുന്നു അബനി. ദേശീയത എന്നത് ഒരിക്കലും മാനവികതയ്ക്കപ്പുറമല്ല എന്ന് കറതീർത്ത് പറഞ്ഞ ടാഗോറിന്റെ മരുമകന്റെ മതേതര‑ദേശീയ‑സ്വദേശീയ ചിന്തകൾക്ക് അത്ര കണ്ട് ഗാഢത ഉണ്ടായിരുന്നോ എന്ന് ഉറപ്പില്ല. തപതി ഗുഹ തക്കുർത്തയെന്ന കലാനിരൂപക യെഴുതിയ The Mak­ing of a New Indi­an Art എന്ന പുസ്തകത്തിൽ രവീന്ദ്രനാഥടാഗോർ ഒരു രാഖിബന്ധന ദിനത്തിൽ സമീപത്തുള്ള മുസ്ലീംപള്ളിയിലെ മുഴുവൻ വിശ്വാസികളുടെയും കയ്യിൽ രാഖി ബന്ധിച്ചുകൊടുക്കുന്ന കാര്യം ഓർത്തുകൊണ്ട് അബനീന്ദ്രനാഥ് ഗുരുജിയെപോലെ തനിക്കതിനാകാത്തതിനെക്കുറിച്ച് പരിതപിക്കുന്നുണ്ട്. ബംഗാൾ വിഭജനം മത വിവേചനത്തിന്റെ ക്ലൈമാക്സിൽ നിൽക്കുന്ന സന്ദർഭത്തിൽ ഒരിന്ത്യൻ ഹിന്ദുദേവതയുടെ ഭാവഹാവാദികളോടെ അബനീന്ദ്രനാഥടാഗോർ ഒരു ഭാരതമാതാവിനെ സൃഷ്ടിക്കുമ്പോൾ അതിനു പിന്നിലെ വിചാരങ്ങൾക്ക് നിറമില്ലെന്ന് ധരിക്കുന്നത് യുക്തിയല്ല. അതുകൊണ്ടാണ് നൂറ്റിപതിനഞ്ചു കൊല്ലങ്ങൾക്കിപ്പുറവും മതംകൊണ്ട് വിഭജിക്കാൻ വെമ്പുന്നൊരു ഭരണകൂടത്തിന് ആ ചിത്രം രാഷ്ട്രീയ മുദ്രാവാക്യമാവുന്നത്.

അബനീന്ദ്രനാഥ് വരച്ച ഭാരതമാതാ എന്ന ചിത്രം ആദ്യമായി അച്ചടിച്ചുവരുന്നതും അത് സംബന്ധിച്ച എഴുത്തുകളും വിവരങ്ങളും പ്രസിദ്ധപ്പെടുത്തുന്നതും മോഡേൺ റിവ്യൂ എന്ന മാസികയിലൂടെയാണ്. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന രാമാനന്ദചാറ്റർജിയായിരുന്നു അതിന്റെ പത്രാധിപർ. ഭാരതമാതാവ് എന്നചിത്രത്തെക്കുറിച്ച് നിരന്തരം ലേഖനങ്ങളെഴുതുകയും ആ ചിത്രത്തിന്റെ അനവധി പ്രിന്റുകൾ എടുത്ത് കശ്മീർ മുതൽ കന്യാകുമാരി വരെ പ്രചരിപ്പിക്കുന്നതിന് സിസ്റ്റർ നിവേദിതയെ ചുമതലപ്പെടുത്തുന്നതും രാമാനന്ദ് ചാറ്റർജിയാണ്. നമുക്കറിയാം ഹിന്ദുമതത്തെ ഉദാത്തവത്കരിക്കാൻ എന്നും ശ്രമിച്ച സ്വാമി വിവേകാനന്ദന്റെ പ്രഥമശിഷ്യയായിരുന്നു സിസ്റ്റർ നിവേദിത. എന്നാൽ നമുക്കത്ര അറിയില്ലാത്ത കാര്യം 1929ൽ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി ചുമതലയേറ്റെടുത്തയാളായിരുന്നു രാമാനന്ദ് ചാറ്റർജി എന്നതാണ്. അന്ന് അദ്ദേഹം നടത്തിയ അധ്യക്ഷപ്രസംഗംഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾകൊണ്ട് നിറഞ്ഞതായിരുന്നു. അത്തരം രാഷ്ട്രീയത്തിനുകൂടി നീക്കിവച്ച മോഡേൺ റിവ്യൂ യിലെ നിരന്തര റിവ്യൂകളിലൂടെ ഭാരതമാതാചിത്രം ഇന്ത്യൻ മനസിൽ പ്രതിഷ്ഠിക്കപ്പെട്ടു. അത് പക്ഷെ ഇന്ത്യയുടെ കലാമനസിലായിരുന്നില്ല മറിച്ച് രാഷ്ട്രീയ നഭസ്സിലായിരുന്നെന്ന് മാത്രം.

‘ദേശരാഷ്ട്രങ്ങളുടെ നിർമ്മിതി അച്ചടി മൂലധനവുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്’ എന്ന് വിശ്രുത ചരിത്രകാരനായ ബനഡിക്ട് ആൻഡേഴ്സൺ പറഞ്ഞത് എത്ര വലിയ ശരിയാണ്. ! കലാചരിത്രം അന്വേഷിക്കാൻ മിനക്കെടാത്ത ‘മതരാഷ്ട്രീയനിഷ്കളങ്കർ’ അിറഞ്ഞിരിക്കേണ്ട മറ്റു ചില സംഗതികൾ കൂടിയുണ്ട്. അബനീന്ദ്രനാഥടാഗോറിന്റെ കലയെക്കുറിച്ച് അഴത്തിലും ആധികാരികമായും നിഷ്പക്ഷമായും പഠിച്ചെഴുതിയ ആളാണ് ആർ. ശിവകുമാർ. ബനീന്ദ്രനാഥിനെക്കുറിച്ചുള്ള തന്റെ ബൃഹത്തായ പുസ്തകത്തിൽ ശിവകുമാർ ‘ഭാരതമാതാവി’ നെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. രവീന്ദ്രനാഥടാഗോറിന്റെ പുസ്തകങ്ങൾക്ക് ഇല്ലസ്ട്രേഷൻ ചെയ്തുവന്ന അബനിയുടെ ആദ്യകാല ചിത്രങ്ങൾ ഒരുപാട്കുറവുകളുള്ളവയായിരുന്നു. ചിത്രമെന്ന നിലയിൽ ’ ഭാരതമാതാ ’ വിനെ മഹത്തരമാക്കിയ ഒട്ടേറെ ഘടകങ്ങൾ ഈ പുസ്തകത്തിൽ പരിശോധിക്കപെടുന്നു. ‘ഷാജഹാൻ ചക്രവർത്തിയുടെ മരണം’ വിഷയമാക്കിയ ചിത്രത്തോടെയാണ് അബനിയുടെ ചിത്രങ്ങളിൽ ഭാവവ്യതിയാനം പ്രകടമാവുന്നത്. ഭാരതാംബയുടെ ഭാവത്തിനു പിന്നിൽ ഈ പരിശ്രമമുണ്ട്. സ്വന്തം മാതുലനായ ശേഷേന്ദ്ര ഭൂഷൻ നൽകിയ മുഗൾ മിനിയേച്ചർ കണ്ടിട്ടാണ് ‘ഭാരതാംബ’യുടെ രചനാ ശൈലി അബനി ഉറപ്പിക്കുന്നത്.

കുടുംബസുഹൃത്തായ ഫ്രാൻസിസ് മാർട്ടിൻസെയിൽ എന്ന ചിത്രകാരി സമ്മാനിച്ച ചിത്രം ഭാരതമാതാവിന്റെ നിറവിന്യാസങ്ങൾക്ക് അവസാനരൂപം നൽകാൻ അബനിയെ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. ചിത്രത്തിലുപയോഗിച്ച കളറിന്റെ ‘വാഷ് ’ സാങ്കേതികത്വം പഠിച്ചതാവട്ടെ ജപ്പാനിലെ സുഹൃത്തുക്കളിൽ നിന്നും. എന്നാൽ ഇപ്പറഞ്ഞവയൊന്നും ‘ഭാരതാംബ’യെന്ന ചിത്രത്തിന്റെ ഹിന്ദുത്വ ഉള്ളടക്കവുമായി പുലബന്ധം പേലുമുള്ളവയായിരുന്നില്ല എന്നോർക്കുക. ചിത്രകലയ്ക്കെന്ത് മതവും രാഷ്ട്രവും! എന്നാൽ ഹിന്ദുത്വ ശക്തികൾ ‘ഭാരത മാതാ‘വിനെ മതരാഷ്ട്രീയത്തിന്റെ പൂമാല ചാർത്തി അന്നുമുതൽ പൂജിച്ചുകൊണ്ടേയിരിക്കുന്നു. ഒരിക്കൽ മതത്തിന്റെ പേരിൽ രാഷ്ട്രത്തെ ഒന്നിപ്പിക്കാനെടുത്ത ചിത്രത്തെയും രാഷ്ട്രീയത്തെയും ഇന്നവർ ഒരു മതത്തിന്റെ കീഴിൽ രാഷ്ട്രത്തെ കൊണ്ടുവരാൻ നോക്കുന്നുവെന്നു മാത്രം. കാലം മാറിയതോടെ അബനിയുടെ സന്യാസിനിക്ക് ദുർഗയുടെ ദ്രംഷ്ടകളും കാളിയുടെ തലയോട്ടിമാലയും വാഹനങ്ങളായി വന്യമൃഗങ്ങളും ആയിരം കൈകളും അവയിലേന്താൻ പുതുപുത്തൻ ആയുധങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു.

പുത്തൻ ഭാരതാംബമാർ അശോക സ്തംഭം പിളർന്നും കോടതിഭിത്തികൾ ഭേദിച്ചും പുത്തൻ രൂപത്തിൽ ചാടിവരുന്നു. ലക്ഷ്യം. ശത്രു സംഹാരം മാത്രം! രാഷ്ട്രീയ ഭിക്ഷാംദേഹികളിലൂടെ കൈമറിഞ്ഞ് കൊടിയും കുലചിഹ്നങ്ങളും കൈയ്യിലേന്തി അലറിവിളിക്കുന്ന കുലസ്ത്രീയായി അഭിനവകാലത്ത് അവതരിക്കുമ്പോഴും അബനീന്ദ്രനാഥിന്റെ ‘ഭാരതമാതാ’ ഇന്ത്യൻ ചിത്രകലയുടെ ചരിത്രത്തിന്റെ നാഴികക്കല്ലാണ്. അതിനെ ജയ് വിളികളാക്കി മാറ്റുന്നവർക്ക് കാലത്തോടും കലയോടുമുള്ള കണക്ക് പറയേണ്ട. ആവശ്യമില്ല. അജ്ഞതയും അവിവേകവും അവർക്ക് സംരക്ഷണം നൽകും. ഭാരതമാതാ കീ ജയ് വിളിക്കാത്തവർ രാജ്യദ്രോഹികളുമാവും. നാടകമെഴുതിയതിന്റെ പേരിൽ ജർമനിയിൽ നിന്ന് ഹിറ്റ്ലർ നാടുകടത്തിയ ഏണസ്റ്റ് ടോളർ ആണ് പറഞ്ഞത്. ‘മുദ്രാവാക്യങ്ങൾ പൊട്ടൻമാരാക്കും, അവ നമ്മെ സത്യം കേൾക്കാനാവാത്ത വിധത്തിൽ ബധിരരാക്കും” എന്ന്. അതെ, മുദ്രയാണ് ചിത്രകല; മുദ്രാവാക്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.