September 29, 2022 Thursday

കളിയാക്കിച്ചിരിക്കുന്ന ശിഷ്ടങ്ങൾ

 ജി രാധാകൃഷ്ണൻ, ഹരിപ്പാട്
September 20, 2020 3:30 am

 ജി രാധാകൃഷ്ണൻ, ഹരിപ്പാട്

 

“ഹാരകം പൂർണ്ണമായി

ഹാര്യത്തിൽ അടങ്ങിയാലും

അവസാന പടിയിൽ ശിഷ്ടം 

കളിയാക്കി ചിരിക്കുന്നു.”

ജീവിതത്തിന്റെ സമസ്തഭാവങ്ങളെയും ഒതുക്കിച്ചേർത്ത നാലുവരികൾ. വെളിച്ചത്തിലേക്ക് കൈപിടിച്ചു നയിക്കുന്ന സ്ത്രീയെയും വിരലിൽ തൂങ്ങുന്ന കൊച്ചുകുട്ടിയെയും വിളക്കിച്ചേർത്ത സുന്ദരമായ പുറംചട്ട. ഒരു കള്ളിയിലുമൊതുക്കാനാകാത്ത വിഷയവൈവിദ്ധ്യങ്ങളോടെ അനുവാചകന്റെ മുന്നിലേയ്ക്കെത്തിയ, രേഖ ആർ താങ്കളുടെ ‘ഹരണക്രിയ’ എന്ന കവിതാ സമാഹാരം അനിർവ്വചനീയമായ ആഹ്ളാദത്തിന്റെ പല മേഖലകളിലേക്കും വായനക്കാരനെ കൊണ്ടുപോകും.

ദേശാടനത്തിനിടയിൽ തീവണ്ടിയാപ്പീസിന്റെ ചാരു ബഞ്ചിൽ ഒറ്റയ്ക്കിരിക്കുമ്പോഴും (കവിത യാത്രയിലാണ് ) ആസ്വാദകന്റെയുള്ളിലെ കൃത്യമായ ഇടങ്ങളിലേയ്ക്ക് സ്ഥാനം പിടിക്കുന്ന ഈ കവിതകൾ വരാനുള്ള തീവണ്ടികളിലൊന്നിൽ കയറിപ്പറ്റാതിരിക്കില്ല. അത്ര മനോഹരങ്ങളായ ബിംബങ്ങളാലും കല്പനകളാലും സ്വയം സാക്ഷ്യപ്പെടുത്തുന്നു അവ.

“ആളൊഴിഞ്ഞ വഴിത്താരയിലെ

പൂത്ത വാകമരച്ചോട്ടിൽ

പൂമഴയിൽ നനയാൻ 

കണ്ണുകളടച്ച് കാത്തുനിൽക്കുന്നതു പോലെ”

രഹസ്യമായി പ്രണയിക്കപ്പെടുമ്പോഴും അതിന്റെ സാഹസികതയെക്കുറിച്ചോർമ്മിപ്പിച്ച് കവി നമ്മെ ഞെട്ടിക്കുന്നുണ്ട്.

“ആത്മഹത്യാമുനമ്പിൽ നിന്ന്

അഗാധതയുടെ സൗന്ദര്യം 

ആസ്വദിക്കുന്നതു പോലെ അത് സാഹസികവുമാണ് ” എന്ന്.

എന്റെ അക്ഷരങ്ങളിലൂടെ എന്നെ പിന്തുടരുമ്പോൾ, ഞാൻ പിന്നിട്ട പാതകളിലാണ് നിങ്ങൾ, എന്നു കവി പറയുമ്പോഴും ചിതറിത്തെറിക്കുന്ന ചുവന്ന പൂക്കളാൽ കാലമിടുന്ന പൂക്കളത്തിൽ എന്നെങ്കിലും സുഗന്ധം മണക്കുമെന്ന് പ്രത്യാശിക്കുന്നുമുണ്ട്.

താള ഭംഗിയുടെയും വാക്കുകളുടെയും സമഞ്ജസമായ സമ്മേളനത്തിന്റെ ഉത്തമോദാഹരണങ്ങളാണ് മിക്ക കവിതകളും.

“കണ്ണു ചിമ്മിത്തുറക്കും വെളിച്ചത്തി — 

നപ്പുറം മേവുമന്ധതയാണു നീ… 

പൂത്തിറങ്ങുന്ന നോവുകൾക്കപ്പുറം ഉൾത്തടത്തിലമരും നിശീഥിനി” ആയ കറുപ്പിൽ ഒരു നേരമെങ്കിലുമൊന്നമരാൻ നമ്മളും കൊതിച്ചുപോകും.

തലമുറകളുടെ സൃഷ്ടിയ്ക്കുവേണ്ടി വിശുദ്ധബലിയനുഷ്ഠിക്കുന്ന സ്ത്രീയവസ്ഥകളിലൂടെ നേർത്തൊരു വിഷാദത്തോടെ നാം കടന്നുപോകുന്നു. ‘ചുവന്നതെച്ചി മലരുകൾ’ പ്രണയ മുദ്രകൾ കവിളിണകൾ തുടുപ്പിക്കുന്ന പെൺകൊടിയായും, ഭ്രാന്തിയായും വാനത്തെ വർണ്ണിക്കുന്ന (വാനമേ നീ), സ്വപ്നങ്ങൾക്ക് പരസ്പരം ബലിപിണ്ഡമൊരുക്കുന്ന, ഒരുമിച്ചൊരു ബലിതർപ്പണം പോലും വിധിക്കാതെ പോകുമ്പോഴും പുണ്യപാപങ്ങളെ പങ്കുവെച്ച് മുങ്ങി നിവരാനായി നാമിറങ്ങുന്നത് ഒരേ കടലിലെന്ന് ആശ്വാസം കൊള്ളുകയും ചെയ്യുന്ന ‘ഉയിർത്തവന്റെ ഉദകക്രിയ’ പ്രണയത്തിന്റെ സാന്ധ്യ നക്ഷത്രങ്ങൾ തെളിക്കുന്ന ‘പ്രണയ വർണ്ണങ്ങൾ’,

വ്യാഖ്യാനിക്കാനാവാത്ത ഉത്തരാധുനിക കവിത പോലെ തെളിയുന്ന മുഖങ്ങൾ കാണുന്ന ‘പരീക്ഷാ ഹാളിൽ’ തുടങ്ങി പ്രകൃതിയുടെ സമസ്ത ഭാവങ്ങളിലും തന്റെ ‘പ്രതിച്ഛായ’ കാണുന്നു കവി. അപ്പോഴും പാമ്പു കൊത്തി മരിക്കാതെ ജീവിച്ചിരിക്കുന്നതെന്തുകൊണ്ടു കൂടിയാണെന്ന സമകാലീന പെണ്ണവസ്ഥകളെ കുറിച്ച് ഓർത്തു പോവുകയും ചെയ്യുന്നു. കുടിച്ചിറക്കിയ വേദനകൾ പകർന്നു നൽകിയ ശക്തി അവളെ വെളിപാടുതറകളിൽ എത്തിയ്ക്കുന്നു. അവിടെ അവൾ ഉറഞ്ഞുതുള്ളുന്നു.

അടുക്കളയിലും അകത്തളങ്ങളിലും ഉറക്കറയിലും മയിൽപ്പീലിത്തഴുകലായ് മാറുന്ന അദൃശ്യ സാന്നിധ്യം അവളുടെ അകക്കാമ്പിലെ ശക്തിസ്രോതസ്സാണ്. രാധമാരുടെ മനസ്സുകൾക്ക് കൃഷ്ണനായി, യുഗങ്ങളായ് മരുവുന്ന ആ സാന്നിധ്യം ഓരോ സ്ത്രീ മനസ്സും ആഗ്രഹിക്കുന്ന കരുതൽ തന്നെയാണ്. ഉള്ളിൽ ഉരുണ്ടുകൂടുന്ന അസ്വസ്ഥതകൾ പകർന്നുവയ്ക്കാതെ ജീവിക്കാനാകില്ല എന്ന് വരുമ്പോൾ, മനസിലെ അവസാനതുള്ളി വെളിച്ചത്തെയും അത് കാർന്നു തിന്നുമ്പോൾ അറിയാതെ എഴുതിപ്പോകുന്നു. ആ അവസരത്തിൽ പുതിയ സൃഷ്ടിക്ക് ചൈതന്യം നൽകാൻ ശില്പി ജീവത്യാഗം പോലും ചെയുന്നു.

പ്രതിഷ്ഠ ).പാശ്ചാത്യ പൗരസ്ത്യ വ്യത്യാസമില്ലാതെ പാർശ്വവൽക്കരിക്കപ്പെട്ടവരോട് കാണിക്കുന്ന മനോഭാവത്തോടുള്ള കലാപമാണ് ‘കറുപ്പിന്റെ തത്ത്വ ശാസ്ത്രം.’ ഒരു നേരത്തെ ആഹാരം കാണാതെ എടുത്തതിനു ക്രൂരമായി കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിനെയും വെള്ളക്കാരന്റെ കാല്‍മുട്ടുകൾക്കിടയിൽ ഞെരിഞ്ഞു മരിച്ച അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ്ഫ്ലോയിഡിനെയും വേറിട്ടുകാണാൻ രേഖയ്ക്കാവുന്നില്ല. തത്ത്വശാസ്ത്രമേതായാലും കറുത്തവൻ ആക്രമിക്കപ്പെടുന്നു എന്നതാണ് സത്യമെന്ന് രേഖ വിളിച്ചുപറയുന്നു.

ഇങ്ങനെ, കവിതയുടെയും പ്രണയത്തിന്റെയും പല തലങ്ങളിലൂടെ ഒഴുകിപ്പോകുമ്പോഴും വെറുതെയൊന്നു മുങ്ങി നിവരാനാണ് വരുന്നതെങ്കിൽ, കണക്കുകൂട്ടലിലേറെ താഴ്ചയുണ്ടെന്നും, വഴുക്കലുള്ള പാറകളുണ്ടെന്നും, പെട്ടു പോയാൽ പൊങ്ങി വരാനാകാത്ത നിഗൂഢതകളുണ്ടെന്നും, സുരക്ഷിതമായി നിങ്ങൾക്ക് തിരികെ പോകാനാവില്ലെന്നും, ഓർമ്മിപ്പിക്കുന്നു ഈ കവിതകൾ. കാറ്റൊന്നു തട്ടിയാൽപ്പോലും പാടിപ്പോകുന്ന തന്റെ മുളന്തണ്ടിനെയോർത്ത് വേവലാതിപ്പെടുന്നുണ്ട് കവി. ചെറുചൂടിൽപ്പോലും ഉരുകിയൊഴുകുന്ന വെണ്ണപോലെയാണ് കവിഹൃദയം. അവിടെ എന്തിനെന്നറിയാതെ വിരഹവും പ്രതീക്ഷകളും ഉണരുന്നു. അതൊക്കെ ആ മുളന്തണ്ടിൽ രാഗമായുണരുന്നുവെന്ന ഭാവന സുന്ദരം തന്നെ. അനസ്യൂതം തുടരുന്ന ഹരണത്തിൽ സമസ്തജീവജാലങ്ങളും കവിയ്ക്ക് കൂട്ടായിത്തീരട്ടേയെന്ന് ആശംസിക്കുന്നു

ഹരണക്രിയ

രേഖ ആർ താങ്കൾ

ഉണ്മ പബ്ളിക്കേഷൻസ്

വില: 100 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.