കാലത്തിലൂടെയുള്ള കലാകാരന്റെ വ്രണിത തീർത്ഥാടനം സ്വന്തം ചോരകൊണ്ട് സാക്ഷ്യപ്പെടുത്തിയ ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാമിന്റെ വേർപാടിന് മേയ് 30ന് 38 വർഷം തികയുന്നു. ജോൺ എബ്രഹാമിന്റെ ജീവിതം സത്യത്തിന്റെ നഗ്നമായ പ്രകാശനമായിരുന്നു. കലാപരമായ സത്യസന്ധതയും ധിഷണാപരമായ ധിക്കാരവും മാത്രമായിരുന്നു ജോണിന്റെ മൂലധനം. വിട്ടുവീഴ്ചയില്ലാത്ത സത്യാത്മകതയിൽ നിന്ന് വളർന്നതാണ് ജോൺ എബ്രഹാമിന്റെ എല്ലാ സൃഷ്ടികളും. അഗ്രഹാരത്തിൽ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, അമ്മ അറിയാൻ എന്നീ ചിത്രങ്ങൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും മൗലികതയുള്ള രചനകളാണ്. ജോൺ എബ്രഹാമിന്റെ പ്രശസ്തമായ അഗ്രഹാരത്തിൽ കഴുതൈ 1978‑ൽ പുറത്തിറങ്ങി. ലോകചലച്ചിത്ര മേളകളിൽ അഗ്രഹാരത്തിൽ കഴുതൈ സ്വാധീനം ചെലുത്തി. ലോകപ്രശസ്ത വിമർശകരും ബുദ്ധിജീവികളും ഈ അസാധാരണ പ്രതിഭയെത്തേടി തെരുവുകളിൽ വന്നെത്തി. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ 1980‑ൽ പ്രദർശനത്തിനെത്തി. അന്നത്തെ സിനിമാ ബഹളങ്ങളിൽ നിന്ന് ഈ ചിത്രം ബഹുദൂരം മാറിനിന്നു. ഈ സിനിമയിലെ അഭിനയത്തിന് അടൂർ ഭാസിക്ക് മികച്ച അഭിനേതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കയ്യിൽ കാശില്ലാതെ ഈ ചലച്ചിത്ര സംവിധായകൻ നിത്യജീവിതത്തിന് പോലും വകയില്ലാതെ ദാരിദ്യ്രം ഒരു നിധി പോലെ താങ്ങികൊണ്ട് സ്വന്തം ജീവിതത്തെ അനുഭവിച്ചു. പരസ്പരം അന്വേഷിച്ച് എത്തിയവർ ഒത്തുചേർന്ന് രൂപം കൊടുത്തതാണ് ഒഡേസ എന്ന പേരിൽ പ്രസിദ്ധി നേടിയ ജനകീയ സിനിമാ പ്രസ്ഥാനം. തൊഴിലാളികൾ നേടിയെടുത്ത വിജയത്തിന്റെ സ്മരണയായി സ്വീകരിച്ച ആ പേര് അന്വർത്ഥമായ ഒരു സിനിമ സൃഷ്ടിക്കുന്നതിന്റെ ആദ്യപടവുകളായിത്തീർന്നു. കോഴിക്കോടായിരുന്നു ഒഡേസ കേന്ദ്രീകരിച്ചത്. അമ്മ അറിയാൻ 1986‑ൽ പുറത്തിറങ്ങി. കലാപരതയിലും ശൈലിയിലും സമീപനത്തിലും തികച്ചും അപരിചിതമായ അമ്മ അറിയാൻ ജോണിന്റെ മാതൃകല്പനകളുടെ കാൽച്ചുവട്ടിൽ നിവേദിക്കപ്പെട്ട വിശുദ്ധ ബലിപുഷ്പമാണ്. ലോകത്തെ പ്രമുഖ മേളകളിലേക്കല്ലാം ഈ ചിത്രം ക്ഷണിക്കപ്പെട്ടു.
ഒഡേസയുടെ പ്രവർത്തകർ, ചിത്രം നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രദർശിപ്പിച്ചു. തിയേറ്ററുകളുടെ വെയിറ്റിങ് ലിസ്റ്റിലേക്കല്ല മറിച്ച് നാട്ടുകാരുടെ കൺമുന്നിലേക്ക് അമ്മ അറിയാൻ എത്തിച്ചേർന്നു. അനുസ്യൂതമായ അന്വേഷണ ബുദ്ധികൊണ്ട് ജോൺ എബ്രഹാം തന്റെ സിനിമാജീവിതത്തെ സമ്പുഷ്ടമാക്കി. അതിന്റെ നിദർശനമാണ് അമ്മ അറിയാൻ. തെയ്യത്തെക്കുറിച്ചുള്ള കളിയാട്ടം എന്ന ഡോക്യുമെന്ററി ജോൺ എബ്രഹാം സംവിധാനം ചെയ്തിട്ടുണ്ട്. കയ്യൂർ, ജോസഫ് ഒരു പുരോഹിതൻ, നന്മയിൽ ഗോപാലൻ എന്നിങ്ങനെ അനേകം പൂർണങ്ങളും അപൂർണങ്ങളുമായ തിരക്കഥകൾ അവശേഷിക്കുന്നു. നായ്ക്കളി എന്ന തെരുവ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
ജോൺ എബ്രഹാം മലയാള സിനിമയുടെ നാറാണത്ത് ഭ്രാന്തനായിരുന്നു. ഇദ്ദേഹം ഏറ്റവും മൗലീകവും കലാസുഭഗവുമായ ആശയങ്ങളുടെ ആൾരൂപമായിരുന്നു. എന്നാൽ മഹാസാഗരത്തിന്റെ അടിത്തട്ടിൽ പുതഞ്ഞുകിടക്കുന്ന രത്നങ്ങൾ പുറത്തെടുക്കാനോ തുടച്ച് വിളക്കി ലോകത്തിന് സമ്മാനിക്കാനോ ജോണിന് കഴിഞ്ഞില്ല. ജീവിച്ചിരിക്കുമ്പോൾ ലെജൻഡായി മാറിയ ഏക സംവിധായകനാണ് ജോൺ ഏബ്രഹാം. കപടപൊയ്മുഖങ്ങളെ ജോൺ നിഷ്കരുണം ചീന്തിയെറിഞ്ഞു. തമിഴ് നാട്ടിലെ ബ്രാഹ്മണ സാമുദായത്തെ ജോണിന്റെ അഗ്രഹാര ചിത്രീകരണം ഒട്ടൊന്ന് ചൊടിപ്പിച്ചു. ഈ അഗ്രഹാരം വെറുമൊരു അഗ്രഹാരമല്ലെന്നു മൂത്തുമുരടിച്ച വിശ്വാസപ്രമാണങ്ങൾ ഭരിക്കുന്ന നമ്മുടെ സമൂഹം തന്നെയാണെന്ന് അവരറിഞ്ഞില്ല. സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ചലച്ചിത്ര രചനാരീതിക്ക് അഗ്രഹാരത്തിൽ കഴുതപോലെ മറ്റൊരു മാതൃക ഇന്ത്യൻ സിനിമയിലില്ല. ഇത് തമിഴ് സിനിമയാണെങ്കിലും കേരളത്തിൽ ഏറെ സ്വീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ജോൺ എബ്രഹാം തഞ്ചാവൂരിലെ അഗ്രഹാരത്തിൽ നിന്ന് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലൂടെ കുട്ടനാടൻ കൃഷിയിടങ്ങളിലേക്ക് വന്നെത്തുകയായിരുന്നു. സമൂഹത്തിന്റെ അധർമ്മങ്ങളിൽ സ്വയമറിയാതെ പങ്കാളിയാവേണ്ടിവരുന്ന സാധാരണക്കാരന്റെ ആത്മസംഘർഷമാണ് ചെറിയാന്റെ ക്രൂരകൃത്യങ്ങളിൽ വെളിവാകുന്നത്. സ്ത്രീശക്തിയുടെ സ്ഫുരണങ്ങളുണർത്തുന്ന അമ്മ അറിയാൻ എന്ന അവസാന സിനിമയും ജോൺ നിർമ്മിച്ചു. ഇതിന്റെ കഥാവിഷ്കാരം മലയാളത്തിന് ഒരു പുതുമയായിരുന്നു. ഈ നിർമ്മിതിക്കു പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചെറുപ്പക്കാരായിരുന്നു. എന്നാൽ ഈ ധാരണയോട് ജോൺ ചേർന്നുനിന്നില്ല. ഈ വൈരുദ്ധ്യം ചിത്രത്തിലുടനീളം കാണാനാകും.
കുട്ടനാടൻ ക്രിസ്ത്യാനിയായ ജോണിന്റെ ഹൈന്ദവദർശനങ്ങളുടെ ആഴത്തിലുള്ള സ്വാധീനം കണ്ടെത്താൻ കഴിയും. ഇദ്ദേഹം ശക്തിയെന്ന ദ്രാവിഢസംസ്കാരത്തിന്റെ ആരാധകനായിരുന്നു. ഇതോടൊപ്പം ക്രിസ്തീയ ദർശനവും ജോണിൽ സമ്മേളിച്ചു. ഇദ്ദേഹത്തിന്റെ ചിത്രഘടനയിൽ ക്രിസ്തീയ പാപസങ്കല്പങ്ങൾ വമ്പിച്ച സ്വാധീനം ഉളവാക്കി. ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ മാർക്സിയൻ കാഴ്ചപ്പാടുകളിലുള്ള സാമൂഹിക പ്രതിബദ്ധത പുലർത്തുന്നു. മാർക്സിസത്തിൽ നിന്നുള്ള ഉദ്ധരണികൾ ജോണിന്റെ സൃഷ്ടികളിൽ സുലഭമാണ്.
കുട്ടികളുടെ സർഗവൈഭവത്തെക്കുറിച്ചും ജോൺ ബോധ വാനായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർത്ഥികളും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളും അമ്മ അറിയാൻ എന്ന ചിത്രത്തിന്റെ നിർമാണത്തിന് പതർച്ചയില്ലാതെ ശക്തി നൽകി. ഈ സിനിമയുടെ നിർമ്മാണവൈഭവവും പ്രസ്ഥാനാരംഭവും കാണാൻ നമ്മുടെ ചലച്ചിത്ര ആസ്ഥാന വിദ്വാൻമാർക്കും അവാർഡ് കമ്മിറ്റിക്കും കഴിഞ്ഞില്ല. ജോൺ തന്റെ സിനിമകളും കഥകളും സാഹസികവും നിരാശാകരവുമായ ജീവിതത്തിൽ നിന്നാണ് സൃഷ്ടിച്ചത്. തിരക്കഥയെ ആശ്രയിക്കുന്ന സിനിമാനിർമ്മാണത്തോട് അത്ര മതിപ്പുണ്ടായിരുന്നില്ല. ജോൺ മനസിൽ നിന്ന് സിനിമയെ നേരിട്ട് അഭ്ര പാളികയിലേക്ക് പകർത്തിയിരുന്നു. ഈ ചലച്ചിത്രകാരൻ സിനിമയെ ആത്മപ്രകാശന മാധ്യമമായി സ്വീകരിച്ചു.
‘പട്ടിണികിടന്ന് മരിക്കുമെന്നായാൽപ്പോലും കച്ചവടസിനിമയുടെ ലോകത്തേക്ക് ഞാൻ കടന്നു പോവില്ല. ഉറങ്ങാൻ എനിക്കൊരു മേൽക്കുരപോലും വേണ്ട. എനിക്ക് ഞാനാഗ്രഹിക്കുന്ന സിനിമകളുണ്ടാക്കിയാൽ മതി…’ ജോൺ എബ്രഹാം എന്ന മഹാപ്രതിഭയുടെ വിലയേറിയ വാക്ധോരണകിൾ എന്നെന്നും സ്മൃതി മുദ്രിതങ്ങളായി നിലനിൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.