19 April 2024, Friday

ദുരിതകാലത്തില്‍ നിന്നുള്ള ‘മുക്തി’

വിജു വി ഗ്രാൻമ
April 17, 2022 6:00 am

മഹാമാരി പെയ്തൊഴിഞ്ഞു…

 

ആളൊഴിഞ്ഞ കൂത്തമ്പലങ്ങളിൽ കലയുടെ കൈത്തിരികൾ തെളിഞ്ഞു. കേരളീയ കലകളുടെ തിരുവിളയാട്ടം അരങ്ങുണർത്തി. കേരള സംഗീത — നാടക അക്കാദമിയും പ്രകാശ് കലാകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച നാടകോത്സവം ഏറെക്കാലത്തിനു ശേഷം നീരാവിൻ ഗ്രാമഹൃദയത്തെ തൊട്ടുണർത്തി. കലയുടെ ലാവണ്യം തുളുമ്പിനിന്ന നാടകരാത്രി. ദുരിതകാലത്തിന്റെ ഓർമ്മകൾക്ക് അവധി നല്കി പ്രേക്ഷക മനസുകളെ ആനന്ദധാരയിൽ അക്ഷരാർത്ഥത്തിൽ സ്നാനം ചെയ്തെടുക്കുകയായിരുന്നു, പി ജെ ഉണ്ണികൃഷ്ണൻ രചിച്ച് പ്രവീൺരാജ് കിളിമാനൂർ സംവിധാനം ചെയ്ത് ആലപ്പുഴ സംസ്കൃതി അവതരിപ്പിച്ച ‘മുക്തി’ എന്ന രംഗകാവ്യം. കെട്ടകാലത്തിന്റെ കഠിനതകളിൽ നിന്നുള്ള മോചനം കൂടിയായിരുന്നു സമ്മോഹനമായ ഈ ദൃശ്യാനുഭവം.

ജർമ്മൻ കവിയും നോവലിസ്റ്റുമായ ഹെർമ്മൻ ഹെസ്സെയുടെ ‘സിദ്ധാർത്ഥ’ എന്ന വിശ്വവിഖ്യാത കൃതിയുടെ സ്വതന്ത്ര രംഗാവിഷ്കാരം. ജീവിതത്തിന്റെ പൊരുൾതേടിയുള്ള സിദ്ധാർത്ഥന്റെ ഒടുങ്ങാത്ത യാത്ര. സിദ്ധാർത്ഥൻ നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. ഉത്തരങ്ങൾ കിട്ടുന്നില്ല എന്നറിയുമ്പോഴും അടുക്കുംതോറും അകലുന്ന സത്യം തേടിയുള്ള നിലയ്ക്കാത്ത പ്രയാണം. സിദ്ധാർത്ഥനെ ശ്രമണസംഘത്തിലെത്തിച്ചു. സന്യാസം സ്വീകരിച്ചു. സർവവും ത്യജിച്ച് സ്വസ്ഥതയില്ലാത്ത ജീവിതത്തിന്റെ ഗതിവിഗതികൾ അനുഭവിച്ചു. അറിയുന്തോറും ആഴമേറുന്ന അധ്യയനം. ശ്രമണരിൽ നിന്നും പഠിച്ചതൊക്കെയും ഏത് വഴിയമ്പലത്തിൽ നിന്നും വേശ്യാലയത്തിൽ നിന്നും ചൂതാട്ടക്കാരന്റെ കൈയിൽ നിന്നും പഠിക്കാവുന്നതേയുള്ളു എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ വൃദ്ധശ്രമണന്റെ അനുഗ്രഹം വാങ്ങി ബുദ്ധപഥത്തിലേക്ക് സഞ്ചരിക്കുന്നു സിദ്ധാർത്ഥൻ.

ശരണത്രയങ്ങളുടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ബുദ്ധ വചനങ്ങൾ തെളിഞ്ഞുകേൾക്കാം.
‘ജനനം തന്നെ ദുഃഖമാണ്
വാർധക്യവും മരണവും ശോകം
രോദനം മനസിന്റെ അസ്വാസ്ഥ്യം
ദുഃഖം അവസാനിക്കണമെങ്കിൽ തൃഷ്ണ അവസാനിക്കണം.
ശരിയായ വീക്ഷണം, ശരിയായ കർമ്മം,
ശരിയായ സങ്കൽപം, ശരിയായ വാക്ക്, ജീവിതം
ശരിയായ സ്മരണ, ശരിയായ സമാധി
എന്നിവയിലൂടെ ദുഃഖത്തെ നിരോധിക്കാം…”

ബുദ്ധമാർഗത്തിൽ ലയിച്ച സിദ്ധാർത്ഥൻ അറിയുന്തോറും അകന്നുപോകുന്ന പരമസത്യം തേടി, ബുദ്ധനെ ത്യജിച്ച് യാത്ര തുടർന്നു. ലോകത്തിന്റെ യാതനകളെ സ്വന്തം ചിന്തയിൽ തളച്ചിടാതെ ജീർണതകൾക്കപ്പുറമുള്ള രഹസ്യം തേടി സ്വയം പീഡിപ്പിക്കാതെ യോഗസാധനകളിൽ നിന്നും തപശ്ചര്യകളിൽ നിന്നും ഒഴിഞ്ഞ് സിദ്ധാർത്ഥൻ, സിദ്ധാർത്ഥന്റെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്നു.

സിദ്ധാർത്ഥനിപ്പോൾ സിദ്ധാർത്ഥനെ അന്വേഷിക്കുകയാണ്. കുയിലിന്റെ കൂജനത്തിൽ ബാല്യം തിരിച്ചറിഞ്ഞ്, പ്രകൃതിയുടെ പച്ചപ്പിൽ പുളച്ച്, പൂവിന്റെ പരിമളത്തിൽ ലയിച്ച് ജ്ഞാനത്തിന്റെ മറുപുറം കാണുന്ന സിദ്ധാർത്ഥൻ സ്വയം സ്വതന്ത്രനാകുന്നു.

ലൗകീക ജീവിതത്തിന്റെ സുഖ ദുഃഖങ്ങളെ അറിയാതെ എങ്ങനെയാണ് ജീവിതത്തിന്റെ അർത്ഥതലങ്ങളെ വിശകലനം ചെയ്യാനാകുക? സ്ത്രീയുമായി ചേരാതെ എങ്ങനെയാണ് പുരുഷൻ പൂർണനാകുക? ബ്രാഹ്മണനെ അന്വേഷിച്ച യാത്രയിൽ പലപടികൾ കടന്ന് സിദ്ധാർത്ഥൻ ഒടുവിലെത്തിയത് കാമദേവന്റെ കവി വീടായ കമലയുടെ ഉദ്യാനത്തിൽ. കമലയുടെ ചുംബനത്തിൽ വിടർന്ന് സുഖകാമനകളിൽ അവൻ ആറാടി. ഒടുവിൽ കടത്തുകാരൻ വാസുദേവനൊപ്പം തോണി തുഴഞ്ഞു ആ നദിയിൽ നിന്നും അതിന്റെ രഹസ്യം തിരിച്ചറിഞ്ഞു സിദ്ധാർത്ഥൻ.

‘ഞാൻ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി. സിദ്ധാർത്ഥൻ എന്ന ബാലനും സിദ്ധാർത്ഥൻ എന്ന പക്വത വന്ന മനുഷ്യനും സിദ്ധാർത്ഥനെന്ന വൃദ്ധനും വേർതിരിക്കപ്പെട്ടിരിക്കുന്നത് നിഴലുകളാൽ മാത്രമാണ്. അവ യാഥാർത്ഥ്യങ്ങളല്ല. അവന്റെ മരണവും ബ്രഹ്മത്തിലേക്കുള്ള മടക്കവും ഭാവി കാലത്തുമല്ല. എല്ലാം വർത്തമാനകാല ജീവിതത്തിൽ അടങ്ങിയിരിക്കുന്നു. അത് മാത്രമാണ് യാഥാർത്ഥ്യം’.

നദിക്ക് കാതോർത്ത് വസുദേവനും സിദ്ധാർത്ഥനും ദീർഘകാലം ജീവിച്ചു. ഒരുനാൾ ബുദ്ധന് സർവ സ്വത്തും സമർപ്പിച്ച് ബുദ്ധമാർഗം തേടിയിറങ്ങിയ കമലയും അവസാന സംയോഗത്തിൽ സിദ്ധാർത്ഥനിൽ നിന്ന് സിദ്ധിച്ച പുത്രനുമായി അവിടെയെത്തി. സർപ്പ ദംശത്തിൽ മരിക്കും മുമ്പ് അവൾ പുത്രനെ സിദ്ധാർത്ഥനെ ഏല്പിച്ചു. എല്ലാ സുഖസൗകര്യങ്ങളിലും വളർന്ന പുത്രൻ തന്റെ ആവശ്യങ്ങൾ നിവർത്തിച്ചു തരാൻ കഴിയാത്ത പിതാവിനെ എല്ലാ വ്യഥകളും അനുഭവിപ്പിച്ച് അവനെ ഉപേക്ഷിച്ച് സുഖങ്ങൾ തേടി യാത്രയായി. പുത്രനെ അന്വേഷിച്ചു വ്യഥിതനായി ‘പുത്രാ’ എന്ന് ഉറക്കെ വിളിച്ച് കേഴുന്ന സിദ്ധാർത്ഥൻ ഇങ്ങനെ പറയുന്നു.

“ചോദ്യങ്ങൾ ചോദിക്കാതെ ജീവിക്കുക സുഖകരമാണ്. അർത്ഥമറിയാതെ ഉച്ചരിക്കുന്ന വാക്കുപോലെ! സുരതത്തിൽ തുടങ്ങി മരണത്തിലവസാനിക്കുന്ന ജീവിതം…
മരിക്കാത്തവരുടെ നെടുവീർപ്പുകൾ‍ കൂടി ഒടുങ്ങുമ്പോൾ… ശൂന്യം! ചോദ്യങ്ങൾ… ഉത്തരങ്ങൾ… അന്വേഷണങ്ങൾ… അനുമാനങ്ങൾ.… പിന്നെയും ചോദ്യങ്ങൾ… ആ ജീവിതം ദുഷ്കരമാണ്. ഈ പ്രപഞ്ചത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രേമമാണ്. ചിന്തകന്മാരും പണ്ഡിതന്മാരും ലോകത്തെ നിരൂപണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യട്ടെ. പക്ഷെ എനിക്ക് പ്രധാനമായി തോന്നുന്നത് ലോകത്തെ പ്രേമിക്കുക മാത്രമാണ്. അല്ലാതെ അതിനെ വെറുക്കലല്ല. ഈ പ്രപഞ്ചത്തെയും നമ്മെയും സർവചരാചരങ്ങളെയും പ്രേമത്തോടെ വിസ്മയത്തോടെ ആദരവോടെ നോക്കിക്കാണാ‍ൻ കഴിയുക എന്നതാണ് മഹത്തായ കാര്യം. സിദ്ധാർത്ഥൻ ഒരു സാധാരണ മനുഷ്യനാണ് എന്ന വലിയ തിരിച്ചറിവിൽ, സത്യദർശനത്തിൽ നാടകം പൂർണമാകുന്നു.

‘മുക്തി’ അതിന്റെ ദാർശനിക ഗരിമകൊണ്ടും നാടകത്തിന്റെ പച്ചപ്പുകൊണ്ടും പ്രേക്ഷക മനസുകളെ ആനന്ദിപ്പിക്കുന്നു, വിസ്മയിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. ആദ്യന്തികമായി എല്ലാ കലാരൂപങ്ങളും മനുഷ്യനു വേണ്ടിയുള്ളതാണ്. അവ മനുഷ്യഹൃദയങ്ങളുമായി ആഴത്തിൽ സംവദിച്ച് വികാരങ്ങളെ വിമലീകരിക്കണം. എന്നാൽ പലപ്പോഴും പല ആധുനികമായ രംഗപരീക്ഷണങ്ങളും ആസ്വാദകന് വലിയ ബാധ്യതയായി തീരാറുണ്ട്. ‘മുക്തി’ മനുഷ്യാസ്തിത്വത്തിന്റെ ദാർശനിക തലങ്ങളെ വ്യാഖ്യാനിക്കുമ്പോഴും സിദ്ധാർത്ഥന്റെ സ്വഛബോധത്തിന്റെ സങ്കീർണതകൾ അനാവരണം ചെയ്യുമ്പോഴും പ്രേക്ഷകരുടെ മനോനിലയുമായി ക്രിയാത്മകമായി സംവദിക്കുന്നു എന്നത് മാന്ത്രികമായ രചനയുടേയും ഫലപ്രദമായ സംവിധാനത്തിന്റെയും ഫലസിദ്ധിയാണ്. ഒരു നാടോടിക്കഥയിലൂടെ കൈപിടിച്ചു നടത്തി ജീവിതത്തിന്റെ നദിക്കരയിൽ നമ്മെ എത്തിക്കുന്ന പ്രവീൺരാജ് കിളിമാനൂരിന്റെ ആവിഷ്കാരബോധം ആസ്വാദ്യകരം. സിദ്ധാർത്ഥ എന്ന വിശ്രുതമായ രചനയുടെ സൂക്ഷ്മാംശങ്ങൾ അപഗ്രഥിച്ച് മികച്ച നാടകാനുഭവമാക്കിത്തീർത്ത പി ജെ ഉണ്ണികൃഷ്ണന്റെ രചനാപാടവം അസൂയാവഹം. ഏറെ സങ്കീർണമായ പാഠത്തെ (ടെസ്റ്റ്) ഉചിതവും ലളിതവുമായി വ്യാഖ്യാനിച്ച രംഗപാഠം കാണികളെ ആലക്തിമായ ഒരു ബന്ധനത്തിലാക്കി. അതിൽ നിന്നുള്ള മോചനം ഏറെ കഠിനമായിരുന്നു.

രചനയിൽ വിസ്മയം തീർത്ത പി ജെ അരങ്ങിലും ആടിത്തിമിർത്തു. സിദ്ധാർത്ഥന്റെ ജീവിതം പകർന്നാടിയ പി ജെ സംഭാഷണത്തിന്റെ കൃത്യതയും അഭിനയത്തിന്റെ അനായാസതയും കൊണ്ട് നമ്മെ അമ്പരപ്പിച്ച് നിറഞ്ഞൊഴുകുന്ന ഒരു നദിപോലെയായിരുന്നു. രംഗവേദിയിൽ സിദ്ധാർത്ഥനായ പി ജെ ഉണ്ണികൃഷ്ണൻ ‘നടൻ’ എന്ന് നയിക്കുന്നവർ എന്ന് അഭിമാനത്തോടെ വിളിച്ചു പറയാം. സാൻഡ് വിച്ച് തിയേറ്റർ സങ്കല്പത്തിൽ രൂപപ്പെടുത്തിയ രംഗവേദിയുടെ ഇരുവശങ്ങളിലുമായി കാണികൾ നിരന്നു. ലളിതസുന്ദരമായ രംഗക്രമീകരണങ്ങൾ, വേഷവിധാനങ്ങളുടെ ചൈതന്യം, അനുയോജ്യമായ ദീപവിതാനം, നാടക ശരീരത്തോട് ചേർന്നൊഴുകുന്ന സംഗീതം, മുക്തിയെ മായികയാക്കി മികച്ച നടീനടൻമാരുടെ സാന്നിധ്യം, ഗോവിന്ദനെയും വാസുദേവനെയും അനശ്വരമാക്കിയ നടന്മാർ… മൊത്തത്തിൽ സംഘചാരുതയുടെ ദൃശ്യസമ്പന്നതയായിരുന്നു ‘മുക്തി’.

പ്രവീൺരാജ് കിളിമാനൂർ എന്ന യുവസംവിധായകനെ കേരളത്തിന്റെ നാടക ചരിത്രത്തിൽ അടയാളപ്പെടുത്തും ഈ രംഗാവതരണം. അങ്ങനെ പ്രേക്ഷക ലോകത്തിന് ദുരിതകാലത്തിൽ നിന്നുള്ള ‘മുക്തി’ കൂടിയായി തീർന്നു മനോഹരമായ ഈ രംഗകാവ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.