28 March 2024, Thursday

കങ്കണയുടെ ‘തലൈവി’

പി സി
September 19, 2021 3:16 am

പുരുഷ കേന്ദ്രീകൃതമായ രാഷ്ട്രീയത്തില്‍ ഒരു സ്ത്രീയുടെ വിജയകഥ കാട്ടിത്തരുന്ന ‘തലൈവി’, സിനിമാ നടിയില്‍ നിന്ന് തമിഴകത്തിന്റെ തലൈവിയായി മാറിയ ജയലളിതയുടെ ജീവിതകഥ അനാവരണം ചെയ്യുന്നു. എഎല്‍ വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികാവേഷം കയ്യാളുന്നത് ബോളിവുഡിലെ റിബല്‍ എന്ന് വിശേഷിപ്പിക്കാവുന്ന കങ്കണ റണൗട്ട് ആയത് യാദൃശ്ചികമെന്നേ പറയേണ്ടു. നൂറ് കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച ചിത്രം ആദ്യ ആഴ്ച 4.75 കോടി രൂപ കളക്ട് ചെയ്തിട്ടുണ്ട്. എംജിആര്‍-ജയലളിത ജോടികളുടെ പ്രണയവും രാഷ്ട്രീയത്തിലേയ്ക്കുള്ള ജയയുടെ കടന്നുവരവുമാണ് ആദ്യപകുതിയിലെ ഹൈലൈറ്റ്. തമിഴക രാഷ്ട്രീയത്തിന്റെ ഉന്നതിയിലേയ്ക്കുള്ള ജയലളിതയുടെ കുതിപ്പാണ് രണ്ടാംപകുതിയില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുള്ളത്. എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. എംജിആറിന്റെ മാനറിസവും സ്റ്റൈലും അതേപടി അനുകരിച്ചിട്ടുണ്ടെങ്കിലും ജയയുമായുള്ള റൊമാന്റിക് രംഗങ്ങള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തും. മണിരത്നത്തിന്റെ ‘ഇരുവറി‘ല്‍ എംജിആറിനെ എത്ര മനോഹരമായാണ് മോഹന്‍ലാല്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. കരുണാനിധിയുടെ റോള്‍ കയ്യാളുന്നത് നാസറാണ്. ‘ഇരുവറി‘ലും ഇതേ വേഷമായിരുന്നു നാസറിന്.

 

സഹോദരതുല്യമായ ബന്ധം രാഷ്ട്രീയത്തിന്റെ അന്തഃസംഘര്‍ഷങ്ങളില്‍പ്പെട്ട് ചിന്നിചിതറുന്നത് യാഥാര്‍ത്ഥ്യബോധത്തോടെയാണ് മണിരത്നം ദൃശ്യവല്‍ക്കരിച്ചത്. എന്നാല്‍ ‘തലൈവി‘യില്‍ കരുണാനിധിയെ ഒരുവില്ലന്‍ കഥാപാത്രമായാണ് തിരക്കഥാകൃത്ത് അവിഷ്ക്കരിച്ചിട്ടുള്ളത്. ഇത് ചരിത്രത്തോട് കാട്ടുന്ന അനീതിതന്നെയാണ്.
ജയലളിതയുടെ റോള്‍ കങ്കണയ്ക്കാണെന്ന് വാര്‍ത്ത വന്നപ്പോള്‍ തന്നെ നെറ്റി ചുളിച്ചവര്‍ നിരവധി. പ്രോസ‌്‌തെറ്റിക് മേക്കപ്പിന്റെ സഹായത്തോടെയാണ് കങ്കണയുടെ വേഷപ്പകര്‍ച്ച. രൂപസാദൃശ്യം കുറവാണെങ്കിലും ജയലളിതയുടെ ഭാവഹാവാദികളും ചടുലതയും അതേപടി അവതരിപ്പിക്കാന്‍ കങ്കണയ്ക്ക് കഴിഞ്ഞു. പക്ഷേ ജയലളിത എന്ന രാഷ്ട്രീയക്കാരിയെ അതിന്റെ പൂര്‍ണതയില്‍ വരച്ചിടുന്നതില്‍ സംവിധായകന്‍ അമ്പേ പരാജയമടഞ്ഞു. മിക്ക സീനുകളിലും പഞ്ച് ഡയലോഗുകള്‍ കുത്തിനിറച്ചിട്ടുള്ളത് പോരായ്മയായി മുഴച്ചുനില്‍ക്കുന്നു. ഇത്തരത്തിലുള്ള പല സീനുകളും കോമഡിയിലേയ്ക്ക് തരംതാഴുന്നുണ്ട്.

 

 

ആര്‍എം വീരപ്പന്റെ റോള്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സമുദ്രക്കനിയുടെ പക്കല്‍ ഭദ്രമായി. എംജിആറിന്റെ ഭാര്യ ജാനകിയായി മധൂവും എംആര്‍ രാധയായി രാധാരവിയും ജയലളിതയുടെ തോഴി ശശികലയായി മലയാളി നടി ഷംന കാസിമുമാണ് രംഗത്ത്. എംജിആറിന്റെ കാലത്തെ തമിഴ് സിനിമ കാലഘട്ടത്തെ ഛായാഗ്രാഹകനായ വിശാല്‍ വിത്തല്‍ മിഴിവോടെ പകര്‍ത്തിയിട്ടുണ്ട്. ജി വി പ്രകാശ്‌കുമാറാണ് സംഗീതം. മൂന്ന് പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിക്കഴിഞ്ഞു. തമിഴിലും ഹിന്ദിയിലുമാണ് ചിത്രം പുറത്തിറക്കിയിട്ടുള്ളത്. തിയേറ്റര്‍ റിലീസിന് ശേഷം ആമസോണിലും നെറ്റ്ഫ്ളിക്സിലും ‘തലൈവി’ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.