December 1, 2023 Friday

ഹൃദയം തൊട്ട് കാണെക്കാണെ

അരുണിമ സനല്‍
October 3, 2021 5:00 am

നായകൻ- വില്ലൻ എന്ന പതിവ് ചട്ടക്കൂടുകൾക്കപ്പുറമാണ് മനു തോമസിന്റെ ‘കാണെക്കാണെ’. ബോബി, സഞ്ജയ് തിരക്കഥയിൽ പിറന്ന രണ്ടാമത്തെ ചിത്രമാണിത്. കാഴ്ച്ചകാരെ വൈകാരികമായ ഒരു യാത്രയിലേക്കു കൊണ്ടുപോകുന്ന സിനിമ, അസംസ്കൃത മനുഷ്യ ബന്ധങ്ങളുടെ സാങ്കൽപ്പിക കഥയെ ചുറ്റിപറ്റി നിൽക്കുന്നു. മകളുടെ ഓർമ്മയിൽ ജീവിക്കുന്ന ഒരച്ഛന്റെ വിഷമവും ആകുലതയും പ്രേക്ഷകരുടെ മുന്നിൽ ഒരു നെടുവീർപ്പായി തങ്ങി നിർത്താൻ സുരാജിന്റെ ‘പോൾ’ എന്ന കഥാപാത്രത്തിന് സാധിച്ചു. തന്റെ മനസ്സിനെ അലട്ടുന്ന സംശയങ്ങൾക്ക് വ്യക്തത കണ്ടെത്താനുള്ള പോളിന്റെ യാത്ര കൂടിയാണ് ‘കാണെക്കാണെ’. നായക കഥാപാത്രത്തെ എന്നും തന്റെ കൈകളിൽ ഭദ്രമാക്കിയ ടോവിനോ തോമസിന്റെ, അലൻ നൽകിയത് വേറിട്ട പരിവേഷമാണ്. 

തന്റെ മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന രഹസ്യവും കുറ്റബോധവും ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയും എല്ലാം അലനിലൂടെ കാണികളിലേക്കു എത്തിക്കാൻ സാധിച്ചു. ഒരേ സമയം ദേഷ്യവും സഹതാപവും ഉളവാക്കുന്ന കഥാപാത്രമായി മാറുകയാണ് അലന്‍. പതിവു രീതിയിലുള്ള കാമുകി കഥാപാത്രത്തെ മാറ്റി നിർത്തികൊണ്ട്, പക്വതയുള്ള ഒരു ഭാര്യയായിയാണ് ഐശ്വര്യ ലക്ഷ്മിയുടെ സ്നേഹ എന്ന കഥാപാത്രം. വളരെ കുറച്ചു സ്ക്രീൻ സ്പേയിസ് മാത്രം ലഭിച്ച ശ്രുതി രാമചന്ദന്റെ, ‘ഷെറിൻ’ ഒരമ്മയുടെയും മകളുടെയും ഭാര്യയുടെയും സ്വഭാവഗുണം നൽകുന്നു. 

മാസ്റ്റർ അലോക് കൃഷ്ണ, പ്രേം പ്രകാശ്, റോണി ഡേവിഡ്, ബിനു പപ്പു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിരിക്കുന്നു. വികാരങ്ങളെ കേന്ദ്രബിന്ദുക്കളാക്കി സങ്കീർണമായ ഒരു ജീവിത കഥ പറയുന്ന ചിത്രമാണിത്. ഒരു സ്ലോ പേസിൽ നീങ്ങുന്ന ചിത്രം, ത്രില്ലർ ലയർ നൽകുന്നുണ്ടെങ്കിലും, ഒരു ഫാമിലി ഡ്രാമയാണ്. പ്രേക്ഷകരുടെ കണ്ണുനനയിപ്പിക്കുന്ന നിരവധി കഥാമുഹൂർത്തങ്ങളും സംഭാഷാണങ്ങളും ചിത്രത്തിലുണ്ട്. ആൽബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. സിനിമയിൽ ഫ്ലാഷ്ബാക്കുകൾ കൂടി ഉൾപ്പെടുത്തി കഥാപാത്രങ്ങളുടെ ആഴങ്ങളിൽ എത്തിക്കാൻ സംവിധായകനു സാധിച്ചു. കുടുംബങ്ങളെയും യുവപ്രേക്ഷകരെയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് കാണെകാണെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.