11 November 2024, Monday
KSFE Galaxy Chits Banner 2

കുഞ്ഞാലിയുടെ കഥപറയുമ്പോൾ

എ ഐ ശംഭുനാഥ്
December 12, 2021 3:00 am

മണ്ണിൽ അലിഞ്ഞുചേർന്ന നാടിന്റെ വീരനായകൻമാരുടെ കഥകൾ എന്നും സിനിമാക്കാർക്ക് ആവേശമുണർത്തുന്ന ഘടകമാണ്. തിരക്കഥാകൃത്തിന്റെ പൂർണ്ണഭാവനയിൽ രൂപപ്പെടുന്ന നായകൻമാരെക്കാൾ ഒരുപടി മുകളിലായിരിക്കും ചരിത്രപുരുഷന്മാരുടെ സ്ഥാനം. ചരിത്രമായതിനാൽ പ്രേക്ഷകർക്ക് കഥയെ ബന്ധപ്പെടുത്താൻ എളുപ്പത്തിൽ സാധിച്ചേക്കും. ജനങ്ങൾക്ക് സുപരിചിതമായ കഥയും കഥാപാത്രവും ഭൂമികയുമാണ് അതിന്റെ പ്രധാന കാരണം.
പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബികടലിന്റെ സിംഹം’ നീണ്ട കാത്തിരിപ്പിനുശേഷം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ‘കാലാപാനി’ പോലൊരു ചരിത്ര സിനിമ ചെയ്ത പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട് കുഞ്ഞാലിമരക്കാറിന്റെ കഥ സിനിമയാക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. പ്രേക്ഷകർക്കിടയിൽ മരക്കാറിന്റെ റിലീസിനായുള്ള കാത്തിരിപ്പിന് ഊർജ്ജം നൽകിയതും അത്തരം പ്രതീക്ഷകളാണ്. സിനിമ കാണുന്ന ചരിത്രപ്രേമികളായ പ്രേക്ഷകർ കുഞ്ഞാലിമരക്കാറിന്റെ യഥാർത്ഥ ജീവിതം താളിയോലകളിൽനിന്ന് തപ്പിപിടിച്ച് സിനിമയുടെ കഥയുമായി താരതമ്യം ചെയ്യേണ്ട ആവശ്യകത ഉയരുന്നില്ല. ചരിത്രത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് പ്രിയദർശന്റെ ഭാവനയിൽ വിരിഞ്ഞ മരക്കാറിന് രൂപം കൊടുക്കുക മാത്രമാണ് ഈ ചിത്രത്തിൽ ഉണ്ടായിട്ടുള്ളത്. 

മോഹൻലാലിനെ മരക്കാറാക്കി വെള്ളിത്തിരയിൽ എത്തിക്കുമ്പോൾ താരപ്പകിട്ടോടുകൂടിയാകും വരവും കഥയുടെ പോക്കെന്നും കരുതിയ ഫാൻസുകാർക്കും പ്രേക്ഷകസമൂഹത്തിനും തെറ്റി. ഇവിടെ സിനിമയാണ് താരമാകുന്നത്. തിരക്കഥയിൽ നായകവേഷത്തിന് മുൻതൂക്കം കൊടുത്ത് കളങ്കപ്പെടുത്താത്തതിനാവട്ടെ പ്രിയദർശന് ആദ്യത്തെ കയ്യടി. ആശിർവാദ് സിനിമാസ് ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നത് തീർത്തും പ്രശംസനീയമായ കാര്യമാണ്.
മോഹൻലാലിന്റെ തീർത്തും വ്യത്യസ്തമായ വേഷപകർച്ചയാണ് മരക്കാർ. സംഘട്ടനരംഗങ്ങളിൽ അത് പ്രത്യേകിച്ചും. മരക്കാറിലെ അഭിനേതാക്കളെല്ലാം സിനിമാലോകത്തെ കുലപതികളാണ്. എല്ലാവരുടേയും പ്രകടനം സിനിമയുടെ തിരക്കഥയ്ക്ക് മുതൽകൂട്ടാണ്. നെടുമുടി വേണു, അർജ്ജുൻ സാർജ, പ്രഭു, സുനിൽ ഷെട്ടി, ഹരീഷ് പേരാടി തുടങ്ങിയവർ അരങ്ങിൽ പ്രേക്ഷകരുടെ ശ്രദ്ധ കൈയടക്കി. പ്രണവ് മോഹൻലാലിന്റെ അഭിനയസിദ്ധിയുടെ വശങ്ങൾ കൃത്യമായി നിരീക്ഷിച്ച് അത് വേണ്ടുവോളം സിനിമയിൽ ഉപയോഗിക്കാൻ സംവിധായകനു സാധിച്ചിട്ടുണ്ട്. വൈകാരികമായ അടുപ്പം പ്രണവിന്റെ കഥാപാത്രത്തോട് തോന്നും വിധമാണ് യുവാവായ കുഞ്ഞാലിയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങിയവരുടെ കഥാപാത്രങ്ങൾവേറിട്ട രീതിയിലാണ് സിനിമയിൽ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നത്.

പല വമ്പൻ ബജറ്റ് ചിത്രങ്ങളും മുട്ടുകുത്തുന്ന ഇടമാണ് വി എഫ് എക്സ്. നൂറു കോടിയിൽ മുതൽമുടക്കിൽ തീർത്ത മരയ്ക്കാറിന്റെ വി എഫ് എക്സ് കൊണ്ടുള്ള ദൃശ്യഭംഗി ഇതിനു മുൻപ് ഇറങ്ങിയ പല ഇന്ത്യൻ സിനിമകൾക്കും ഒരു ചൂണ്ടുപലകയാണ്. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ മേൽനോട്ടം വഹിച്ച ആ ചുമതല വളരെ കാര്യക്ഷമമായി തന്നെ സിനിമയിൽ ഭവിച്ചിട്ടുണ്ട്. ദൃശ്യാവിഷ്കാരത്തിന്റെ മികവിൽ മലയാള സിനിമയെ ആഗോള തലത്തിൽ ഉയർത്തിപിടിക്കാൻ കെൽപ്പുള്ള അഭ്രപാളികൾക്കാണ് സിദ്ധാർത്ഥ് വിഷ്വൽ എഫക്സിലൂടെ രൂപം കൊടുത്തത്. മമ്മാലി അഥവാ കുഞ്ഞാലി എന്ന കുഞ്ഞാലി മരക്കാറുടെ യുവത്വത്തിലാണ് സിനിമ തുടങ്ങുന്നത്. കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റി മാത്രം മുന്നോട്ടു പോകുന്ന തിരക്കഥയല്ല സിനിമയുടേത്. വന്നു പോകുന്ന പല കഥാപാത്രങ്ങളുടെയും മാനസിക സംഘർഷങ്ങളും അവസ്ഥാന്തരങ്ങളും ചിത്രത്തിൽ വ്യക്തമായി ഇടം പിടിക്കുന്നു. കുഞ്ഞാലിയുടെ യാത്ര അതിനു വഴി തുറന്നു കൊടുക്കുകയാണ് ഉണ്ടാകുന്നത്. 

കുഞ്ഞാലിയുടെ ഐതിഹാസികമായ യാത്രയിലേക്കുള്ള കുതിപ്പാണ് സിനിമയുടെ കഥാതന്തു. സാമൂതിരിയുടേയും പാലിയത്തച്ഛന്റെയും ചേരി തിരിഞ്ഞുള്ള വാഗ്വാദങ്ങൾക്കിടയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ കുഞ്ഞാലിക്ക് നാടിന്റെ രക്ഷയ്ക്കായി സേനാധിപനാകേണ്ടി വരുന്നു. പറങ്കികൾക്കെതിരെയുള്ള പോരാട്ടത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളിൽ ഭാവനയുടെ അംശങ്ങൾ കൂടി ചേരുമ്പോൾ കഥയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിക്കുന്നു.
അനാവശ്യമായ ജസ്റ്റിഫിക്കേഷനുകൾ സിനിമയിലെ കഥപാത്രങ്ങൾക്ക് കൊടുക്കുന്ന പഴഞ്ചൻ രീതി മരക്കാറിന്റെ തിരക്കഥാ രചനയെ ഒട്ടും ബാധിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ സ്വാർത്ഥതയും മറ്റും അതിന്റേതായ അർത്ഥത്തോടെ വരച്ചുകാട്ടുകയാണ് ചിത്രം. പുതിയ കാലത്തിന്റെ സിനിമാകഥയുടെ സുതാര്യതയെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അംഗീകരിച്ചതിന്റെ തെളിവാണത്. മലയാള സിനിമയിൽ ഇത് തീർത്തും വിപ്ലവകരമായ മാറ്റമാണ്. മരക്കാറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പ്രിയദർശനും ഐ വി ശശിയുടെ മകൻ അനി ഐ വി ശശിയും ചേർന്നാണ്. ദൃശ്യഭാഷയുടെ പുതിയ തലങ്ങളെ വാർത്തെടുക്കുകയാണ് ഇരുവരും. 

മൂന്ന് മണിക്കൂർ നീളുന്ന മരക്കാർ എന്ന ദൃശ്യവിസ്മയത്തെ കാണികളുടെ കണ്ണിമവെട്ടാതെ കാത്തുസൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് എഡിറ്റിങ്ങിനുണ്ട്. എം എസ് അയ്യപ്പൻ നായരുടെ ചിത്രസംയോജനം സിനിമയുടെ കഥയെ ഏത് തരത്തിലുള്ളവർക്കും ആസ്വാദ്യയോഗ്യമാക്കുന്നു. ചില ട്രാൻസിഷൻസ് വളരെ ഭംഗിയായി ചിത്രത്തിന്റെ കഥയെ പുഷ്ടിപെടുത്തുന്നു. അനാവശ്യമായ വെട്ടിചുരുക്കൽ എന്ന പ്രക്രിയ മരക്കാറിന്റെ എഡിറ്റിങ്ങിൽ ഏശിയിട്ടില്ല. കഥാപാത്രങ്ങളുടെ എല്ലാ പ്രവൃത്തികൾക്കും അവ അവകാശപ്പെടുന്ന ജീവശ്വാസം നൽകിയാണ് അയ്യപ്പൻ നായർ തന്റെ കരവിരുത് തെളിയിച്ചിരിക്കുന്നത്. എസ് തിരുനാവുകരസ് എന്ന തിരുവിന്റെ ഛായാഗ്രഹണം മരക്കാറിൽ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുള്ള ഒന്നാണ്. ഒരോ ഫ്രെയിമും വ്യത്യസ്തമായ രീതിയിൽ ഒപ്പിയെടുക്കാനുള്ള തിരുവിന്റെ ശ്രമം വലിയ തോതിൽ വിജയം കൈവരിച്ചു. ഇതുവരെ മലയാള സിനിമ കണ്ടു ശീലിച്ചിട്ടില്ലാത്ത തരം മായികത തുളുമ്പുന്ന ദൃശ്യങ്ങളുടെ സംഗമമാണ് മരക്കാറിന്റെ ദൃശ്യഭംഗി. 

രാഹുൽ രാജ്, റോണി റാഫേൽ, അൻകിത്ത് സുരി, ലയൻ ഇവാൻസ് തുടങ്ങിയവരുടെ സംഗീതം പ്രേക്ഷകരുടെ വികാരങ്ങളെ വലിയ അളവിൽ സ്പർശിക്കുന്നുണ്ട്. സിനിമ മുന്നേറുമ്പോൾ സംഗീതം അതിന്റെ താളത്തിനൊത്ത് മുന്നേറുന്ന തരം അപൂർവമായ അനുഭൂതി ചിത്രം സമ്മാനിക്കുന്നു.
സാബു സിറിലിന്റെ നേതൃത്വത്തിലുള്ള പ്രൊഡക്ഷൻ ഡിസൈനിങ്ങ് മരക്കാറിന്റെ നട്ടെല്ലാണെന്നു തന്നെ വിശേഷപ്പിക്കാം. സിനിമയുടെ ഒരോ മുക്കിലും മൂലയിലും വരെ അതിന്റെ ഗുണമേന്മ വ്യക്തമാണ്. ഫ്രെയിമിൽ ഏത് തരം വസ്തുക്കൾ പ്രത്യക്ഷപ്പെടണം എന്ന തീരുമാനം ഒരു നീണ്ട ഹോംവർക്കിന്റെ ഫലമാണ്.
മനുഷ്യന്റെയുള്ളിലെ സ്വാർത്ഥതയുടേയും പകയുടേയും വഞ്ചനയുടേയും തോത് ഒരു കാലത്തും നശിക്കില്ല. പല കാരണങ്ങൾ തേടി അവ സഞ്ചരിച്ചുകൊണ്ടേയിരിക്കും. മരക്കാറിന്റെ കഥയിൽ ഒരു ചരിത്രപുരുഷനെ വാഴ്ത്തുമ്പോഴും മനുഷ്യന്റെ ചില ജീർണ്ണിച്ച ചിന്താഗതികൾ അതിൽ നല്ല തെളിഞ്ഞ പരുവത്തിൽ പരാമർശിച്ചിട്ടുണ്ട്. നായകനെന്നോ മറ്റ് നടീനടന്മാരെന്നോ വേർതിരിവില്ലാതെ എല്ലാവരെയും ഒരേ ത്രാസിൽ അളന്നെടുക്കുന്ന കഥാപാത്രസൃഷ്ടി ചരിത്ര സിനിമകളിൽ മരക്കാറിന്റെ ട്രേഡ് മാർക്ക് ആകും എന്നത് തീർച്ച. ബാഹുബലിയും കെ ജി എഫും കണ്ട് രോമാഞ്ചം കൊള്ളുന്ന മലയാളി പ്രേക്ഷകർ തങ്ങളുടെ നാട്ടിലെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാറിനെ എങ്ങനെ സ്വീകരിക്കും എന്ന ആശയക്കുഴപ്പത്തിലാണ്. ചിത്രത്തെ പറ്റിയുള്ള ബഹുസ്വര അഭിപ്രായങ്ങളാണ് ഇതിനു കാരണം. എന്തായാലും സാകേതിപരമായും ആശയപരമായും മേൽപ്പറഞ്ഞ സിനിമകളെക്കാളും യാഥാർത്ഥ്യബോധത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണ് മരക്കാർ. മുറ്റത്തെ മുല്ലയുടെ മണം മലയാളി സിനിമാ പ്രേക്ഷകൾ ഇനിയെങ്കിലും തിരിച്ചറിയട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.