January 28, 2023 Saturday

കോവിഡ് കാലത്തെ വസന്തം

കെ കെ ജയേഷ്
November 1, 2020 4:30 am

കെ കെ ജയേഷ് 

നേർരേഖയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ജീവിതം പെട്ടന്ന് ഒരിടത്തുചെന്നു നിൽക്കുന്നു. പുതിയ കാഴ്ചകളും അനുഭവങ്ങളും മുമ്പിൽ നിറയുന്നു. മാനവരാശി ഒരുവേള പകച്ചു പോയ കോവിഡിന്റെ പശ്ചാത്തലത്തിൽ കഥ പറയുകയാണ് ‘പുത്തം പുതു കാലൈ’ എന്ന തമിഴ് ചിത്രം. ഏത് ദുരന്തങ്ങൾക്കൊടുവിലും പുതിയ പ്രതീക്ഷകൾ മുളപൊട്ടുകയും പുതിയ തുടക്കങ്ങൾ സംഭവിക്കുമെന്നും ഈ സിനിമ പറയുന്നു.

സ്നേഹവും പ്രണയവും നിറഞ്ഞു നിൽക്കുന്ന കാഴ്ചകളിലൂടെ പ്രത്യാശയോടെ ജീവിതത്തെ നോക്കികാണാൻ സിനിമ പ്രചോദനമാകുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മനുഷ്യബന്ധത്തിന്റെ ആഴങ്ങളിലേക്കും കോവിഡ് മഹാമാരിയുടെ കാലത്തെ ജീവിതാവസ്ഥകളിലേക്കും സഞ്ചരിക്കുന്ന ചിത്രം പ്രണയം, പ്രതീക്ഷ, കാത്തിരിപ്പ്, തിരിച്ചറിവുകൾ എന്നിവയിലേക്ക് പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്നു. തമിഴിലെ പ്രമുഖരായ അഞ്ചു സംവിധായകർ ഒരുക്കിയ അഞ്ചു സിനിമകളുടെ സമാഹാരമാണ് ‘പുത്തംപുതു കാലൈ.’ ഓരോ കഥയും വ്യത്യസ്തമാകുമ്പോഴും അവയിൽ നിറയുന്ന പ്രതീക്ഷയുടെ സ്പർശം ചിത്രങ്ങളെ പരസ്പരം കണ്ണിചേർക്കുന്നുണ്ട്.

സുധ കൊങ്കര, ഗൗതം വാസുദേവ് മേനോൻ, സുഹാസിനി, രാജീവ് മേനോൻ, കാർത്തിക്ക് സുബ്ബരാജ് എന്നിവരാണ് ഇതിലെ ഓരോ ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. ഇതിൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘മിറാക്കിൾ’ മാത്രമാണ് പ്രമേയപരമായി മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നത്. ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലും പ്രണയവുമാണ് സുധ കൊങ്കര ഒരുക്കിയ ‘ഇളമൈ ഇതോ ഇതോ’ എന്ന സിനിമയുടെ പ്രമേയം. കൗമാര പ്രണയങ്ങളുടെ നിറപ്പകിട്ടുകൾക്കിടയിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ സിനിമാ ലോകത്ത് പ്രായമായ രണ്ടുപേരുടെ അതിതീവ്രമായ പ്രണയത്തെ തേടുകയാണ് ഈ സിനിമ. കുടുംബത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച രണ്ടുപേർ. ജീവിതയാത്രക്കിടയിൽ ജീവിത പങ്കാളികളെ നഷ്ടമായ രാജീവും ലക്ഷ്മിയും മക്കൾ സ്വന്തം ജീവിതം തേടി പോകുന്നതോടെ തീർത്തും ഒറ്റപ്പെടുന്നു. മരവിച്ച, മനംമടുപ്പിക്കുന്ന ഏകാന്തതയിൽ അവർ പരസ്പരം തിരിച്ചറിയുകയാണ്. കുടുംബാംഗങ്ങളോട് കള്ളം പറഞ്ഞ് കണ്ടുമുട്ടുന്ന ഈ കഥാപാത്രങ്ങളെ കോവിഡ് കാലത്തെ ലോക് ഡൗൺ ഒരു വീട്ടിൽ ഒരുമിപ്പിച്ച് നിർത്തുന്നു. പരിഭവവും പിണക്കവും സന്തോഷവും ആവേശവുമെല്ലാം നിറഞ്ഞ കുറേ ദിവസങ്ങൾ. രാജീവായ ജയറാമിന്റെയും ലക്ഷ്മിയാകുന്ന ഉർവ്വശിയുടെയും മനോഹരമായ പ്രകടനങ്ങൾക്കൊപ്പം പ്രണയത്തിന് യൗവ്വനത്തിന്റെ ആവേശംപകർന്ന് കാളിദാസ് ജയറാമും കല്യാണി പ്രിയർദർശനുമെത്തുമ്പോൾ പ്രണയജീവിതം കൂടുതൽ മിഴിവുള്ളതായി മാറുന്നു. മനോഹരമായ തിരക്കഥയും സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന് മിഴിവേകുന്നു. കാലങ്ങൾക്ക് ശേഷം ജയറാമിനെ പഴയ ഊർജ്ജത്തോടെ കണ്ടപ്പോൾ കാളിദാസിന്റെ രണ്ടാം വരവിലെ ഏറ്റവും മികച്ച സിനിമയും കഥാപാത്രവും ഇതുതന്നെയാകുന്നു. ഉർവ്വശിയുടെയും കല്യാണിയുടെയും പ്രകടനം സിനിമയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം സകലകലാവല്ലവൻ എന്ന ചിത്രത്തിലെ എസ് പി ബി ആലപിച്ച ഗാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ആ പാട്ട് നൽകുന്ന ആവേശം ഒട്ടും ചോരാതെ സിനിമയും പകർന്നു നൽകുന്നുണ്ട്.

ഗൗതം മേനോന്റെ അവതരണ മികവും എംഎസ് ഭാസ്കറിന്റെ അഭിനയ മികവും ഒന്നു ചേരുമ്പോൾ ഹൃദയഹാരിയായ ചലച്ചിത്രാനുഭവം ആകുകയാണ് ‘അവരും നാനും’ ‘അവളും നാനും‘എന്ന ചിത്രം. ഏക മകൾ പ്രണയിച്ച് വിവാഹം ചെയ്ത് പോയ ശേഷം ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന വൃദ്ധനായ കഥാപാത്രത്തെയാണ് എം എസ് ഭാസ്ക്കർ അവതരിപ്പിക്കുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താനിലൂടെ ശ്രദ്ധ നേടിയ ഋതു വർമ്മയാണ് നായിക. മുത്തച്ഛനും ചെറുമകളും തമ്മിലുള്ള ബന്ധത്തിലൂടെ മനുഷ്യബന്ധങ്ങളുടെ ആഴത്തിലേക്കാണ് ഗൗതം മേനോൻ കടന്നു ചെല്ലുന്നത്. ഒരുമിച്ച് താമസിക്കുമ്പോഴും ഇവർക്കിടയിൽ വല്ലാത്തൊരു അകലമുണ്ട്. ചെറു സംഭാഷണങ്ങളിലും ചിരിയിലുമെല്ലാം അകലം പ്രേക്ഷകർക്ക് അനുഭവപ്പെടും. അമ്മയോടുള്ള മുത്തച്ഛന്റെ അകലമാണ് കൊച്ചുമകൾക്ക് അയാളിലേക്കെത്താനുള്ള തടസ്സം. രണ്ടു കഥാപാത്രങ്ങളിലൂടെ കഥ പറയുമ്പോഴും ഒരു നിമിഷം പോലും വിരസത അനുഭവപ്പെടാത്ത രീതിയിലാണ് അവതരണം. എം എസ് ഭാസ്ക്കറും ഋതു വർമ്മയും തമ്മിലുള്ള അഭിനയത്തിന്റെ രസതന്ത്രം തന്നെയാണ് സിനിമയുടെ മികവ്. ഭാസ്ക്കറിന്റെ പ്രകടനം പലപ്പോഴും പ്രേക്ഷകരുടെ കണ്ണു നനയിക്കും. കോമയിൽ കഴിയുന്ന എഴുപത്തഞ്ച് വയസ്സ് പ്രായമുള്ള സൗന്ദര മഹേന്ദ്രൻ എന്ന വൃദ്ധ മാതാവിന്റെയും അടുത്തിരുന്ന് അവരെ പരിചരിക്കുന്ന ഭർത്താവിന്റെയും മൂന്നു പെൺമക്കുളുടെയും കഥയാണ് സുഹാസിനി സംവിധാനം ചെയ്ത ‘കോഫി, എനിവൺ? ’ എന്ന ചിത്രം. ലളിതമായ അവതരണ ശൈലിയാലും അഭിനേതാക്കളുടെ കരുത്തുറ്റ പ്രകടനത്താലും ചിത്രം പലയിടത്തും ഹൃദയസ്പർശിയാകുന്നുണ്ട്.

ഇതേ സമയം അഞ്ചു ചിത്രങ്ങളിൽ ഈ സിനിമ മാത്രം അവതരണപരമായി പഴഞ്ചൻ ശൈലി പിന്തുടരുന്നു. പലപ്പോഴും ഒരു സീരിയലിന്റെ തലത്തിലേക്ക് കടന്നുപോകുന്ന സിനിമ അമിത മെലോഡ്രാമ കുത്തിനിറച്ച് വിരസമാകുന്നുമുണ്ട്. പലയിടത്തായി കണ്ട കാഴ്ചകൾക്കപ്പുറം രചനയിലും സംവിധാനത്തിലും വ്യത്യസ്തത കൊണ്ടുവരാൻ സുഹാസിനിക്ക് കഴിയുന്നില്ലെന്നതാണ് ഈ സിനിമയുടെ പ്രധാന പോരായ്മ. സുഹാസിനി, അനുഹാസൻ, ശ്രുതി ഹാസൻ, കാതാടി രാമമൂർത്തി എന്നിവരുടെ പ്രകടനം മികച്ചു നിന്നു. വൈകി വെളിപ്പെടുന്ന പ്രണയത്തിന്റെയും കരുതലിന്റെയും ജീവിതത്തിലെ പുതിയ തുടക്കത്തിന്റെയും കഥയാണ് രാജീവ് മേനോൻ ഒരുക്കിയ ‘റീയൂണിയൻ’. ലോക്ക് ഡൗൺ കാലത്ത് ഹൈസ്കൂൾ സുഹൃത്തായ വിക്രമിന്റെ വീട്ടിലെത്തുന്ന സാധനയും വീട്ടിലെ അവരുടെ ജീവിതവുമാണ് ചിത്രം പറയുന്നത്. മയക്കുമരുന്നിന് അടിമയാണ് സാധനയെന്ന് വിക്രത്തിന്റെ മാതാവ് തിരിച്ചറിയുന്നതും തുടർന്ന് മറ്റൊരു ജീവിതത്തിലേക്ക് അവളെ നയിക്കാനുള്ള വിക്രമിന്റെ ശ്രമങ്ങളുമാണ് സിനിമ. തിരുത്തലുകൾക്കൊപ്പം ഉള്ളിൽ ഒതുക്കിവെച്ചിരുന്ന പ്രണയം വെളിപ്പെടുകയും പുതിയ പ്രതീക്ഷകൾ നിറയുകയും ചെയ്യുന്നു. ആൻഡ്രിയ, ഗുരുചരൺ, ലീല സാംസൺ എന്നിവരുടെ പ്രകടനങ്ങളും ലളിതമായ ആവിഷ്ക്കാരവും ചിത്രത്തിന് കരുത്താകുന്നു. പറഞ്ഞു പഴകിയ പ്രമേയമാണെന്ന പോരായ്മ നിലനിൽക്കുമ്പോൾ തന്നെ അവതരണപരമായി അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ സംവിധായകൻ നടത്തുന്നുണ്ട്.

രജനീകാന്തിനെ ഉൾപ്പെടെ നായകനായി തട്ടുപൊളിപ്പൻ മാസ് ചിത്രങ്ങൾ ഒരുക്കിയ ആളാണ് കാർത്തിക് സുബ്ബരാജ്. ഇതേ സമയം തന്നെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനും ഈ സംവിധായകൻ ശ്രമിക്കാറുണ്ട്. സ്നേഹവും പ്രതീക്ഷകളും നിറഞ്ഞ ലളിതമായ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാണ് കാർത്തിക് ഒരുക്കിയ ‘മിറാക്കിൾ. ജീവിതത്തിന്റെ ഇരുണ്ട വഴികളിലൂടെ കറുത്ത ഹാസ്യത്തിനൊപ്പം ചേർന്ന് കഥ പറയുകയാണ് കാർത്തിക്. കോവിഡും ദുരിതങ്ങളും പശ്ചാത്തലമാകുമ്പോഴും സമൂഹത്തിലെ അൽപ്പം ഉന്നതരായ മനുഷ്യരിലേക്കാണ് മറ്റു ചിത്രങ്ങൾ ക്യാമറ തിരിച്ചിരിക്കുന്നതെങ്കിൽ കോവിഡ് കാലത്ത് രണ്ട് മോഷ്ടാക്കളുടെ കഥയാണ് കാർത്തിക് പറയുന്നത്. മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ സംഭവബഹുലവുമാണ് ഈ സിനിമ. രണ്ട് കള്ളൻമാരുടെയും അവരുടെ ജീവിതത്തിലെ സാന്നിധ്യമാകുന്ന വ്യാജ പ്രവാചകന്റെയുമെല്ലാം കഥയാണ് സിനിമ. ആക്ഷേപഹാസ്യത്തിൽ ചേർത്ത് അവതരിപ്പിക്കുന്ന സിനിമ രസകരമായ ട്വിസ്റ്റുകളും അവതരണ ശൈലിയും കൊണ്ട് കയ്യടി നേടുന്നുണ്ട്. ഇത്തരം ശൈലിയിലുള്ള നിരവധി ചിത്രങ്ങൾ അടുത്തിടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട് എന്നത് മാത്രം ചിലയിടങ്ങളിൽ രസച്ചരട് മുറിക്കുന്നുണ്ട്. ബോബി സിംഹയുടെ അഭിനയവും കാർത്തികിന്റെ അവതരണ ശൈലിയും മികച്ചു നിന്നു.

കോവിഡിന്റെ മടുപ്പിക്കലിലും നിറഞ്ഞ പ്രതീക്ഷയും ആർദ്രതയും മനസ്സിൽ നിറയ്ക്കാൻ സാധിക്കുന്നു എന്നതാണ് ‘പുത്തംപുതു കാലൈ‘യുടെ മികവ്. മികച്ച സംവിധാനവും നടീനടൻമാരുടെ അതിഗംഭീര പ്രകടനങ്ങളും മനോഹരമായ പശ്ചാത്തല സംഗീതവും ഈ ചിത്രങ്ങളുടെയെല്ലാം കരുത്താകുന്നു. കോവിഡ് കാലമായതുകൊണ്ട് തന്നെ ഒറ്റ ലൊക്കേഷന്റെ പരിമിതികളിൽ നിന്നുകൊണ്ടാണ് പല ചിത്രങ്ങളും ചിത്രീകരിച്ചത്. കാർത്തികിന്റെ ചിത്രം ഇവിടെയും വ്യത്യസ്തമാകുന്നുണ്ട്. ഒരു നായകനെ കേന്ദ്രീകരിച്ച് കഥ പറയാനുള്ള സമ്മർദ്ദങ്ങളില്ലാതെ പരിമിതികൾക്കിടയിലും ഓരോ സംവിധായകരും മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിക്കുന്നു. പുതിയ തുടക്കത്തിനുള്ള ഊർജ്ജവും ആവേശവും പ്രേക്ഷക മനസ്സിൽ നിറയ്ക്കുകയാണ് കോവിഡ് കാലത്തെ ഈ വസന്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.