28 March 2024, Thursday

സണ്ണിയുടെ കഥ കോവിഡിന്റെയും

അരുണിമ എസ്
October 3, 2021 5:14 am

നമുക്കൊക്കെ പ്രതീക്ഷ നഷ്ടപ്പെടുന്ന ചില നേരങ്ങൾ ഉണ്ട്. മറ്റാരേക്കാളും നന്നായി നമ്മെ അറിയുന്നവർ ചേർത്ത് പിടിക്കാന്‍ തയ്യാറാകുന്നവരോട് ശല്യമായാലോ എന്ന ചിന്ത തരുന്ന ദുരഭിമാനം കാരണം പലതും പറയാൻ മടിച്ച് നിൽക്കുന്ന സമയങ്ങൾ. ഒടുവിൽ ഇതൊക്കെ നമ്മളെ കൊണ്ടെത്തിക്കുന്നത് എവിടെയായിരിക്കും എന്നോർത്തിട്ടുണ്ടോ? എല്ലാമവസാനിപ്പിക്കാമെന്ന ചിന്തയിലോ, ഇനിയെന്തെന്ന ചോദ്യത്തിലോ ആയിരിക്കുമത്. ആ നിമിഷം ഇതുവരെയെന്ന ബോധ്യമുണ്ടാക്കാനായാൽ അതിലും വലിയൊരു കാര്യമുണ്ടാകില്ല എന്നാണ് രഞ്ജിത്ത് ശങ്കർ — ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ‘സണ്ണി‘പറയുന്നത്. കോവിഡും ക്വാറന്റൈനും പശ്ചാത്തലമാക്കി ഒന്നര മണിക്കൂർ ദൈര്‍ഘ്യമുള്ള ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റീലിസായത്. 

ദുബായിൽ നിന്നും നാട്ടിലെത്തുന്ന സണ്ണി ഏഴു ദിവസത്തെ ക്വാറന്റൈൻ വാസത്തിനായി ആഡംബര ഹോട്ടലായ ഗ്രാൻഡ് ഹയാത്തിൽ മുറി എടുക്കുന്നതും തുടർന്നുള്ള ദിവസങ്ങളിൽ സണ്ണി കടന്നുപോകുന്ന മാനസികാവസ്ഥയുമാണ് കഥയിലുള്ളത്. പ്രതീക്ഷകളൊക്കെ അസ്തമിച്ചു, ജീവിതം തന്നെ മടുത്തെന്നു തോന്നിപ്പിക്കുന്ന നിമിഷത്തിലൂടെ കടന്നു പോകുന്ന മനുഷ്യരെ നമുക്ക് സണ്ണിയെന്ന കഥാപാത്രത്തിലൂടെ കാണാനാകും. 

ഏതൊരു മനുഷ്യനുമാവശ്യം നമ്മെ നമ്മളായി കേൾക്കാൻ മനസുള്ള ഒരാളെയാണ്. പക്ഷേ ചില ഏകാന്തതകൾ നമ്മെ ഒരുപടി കൂടി പിന്നിലേക്ക് വലിച്ചെന്നു വരാം. ഏകാന്തത ഒരു മനുഷ്യനെ എത്രത്തോളം മടുപ്പിക്കുമെന്നതിന്റെ തെളിവാണ് തന്റെ കോവിഡ് ടെസ്റ്റ് എടുക്കാൻ വരുന്നയാളോട് പോലും സൗഹൃദം സ്ഥാപിക്കാനുള്ള സണ്ണിയുടെ ശ്രമവും അയാളുടെ അവ​ഗണന ആ മുഖത്തുണ്ടാക്കുന്ന ഭാവമാറ്റവും.
കാഴ്ചക്കാരുമായി അത്രത്തോളം അടുത്തു നിൽക്കുന്ന കഥാപാത്രമായതുകൊണ്ടു തന്നെ എവിടെയെങ്കിലും ഒന്നു പാളിപ്പോയിരുന്നുവെങ്കിൽ സിനിമയുടെ കഥ തന്നെ മാറിപ്പോയെനെ. 

കോവിഡ് കാലത്ത് പുതുമ ഫീൽ ചെയ്യാത്ത കഥയ്ക്ക് മുന്നിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയത് ജയസൂര്യയുടെ അഭിനയമാണെന്ന് പറയാതെ വയ്യ. തന്റെ നൂറാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോഴേക്കും നടനെന്ന എന്ന നിലയിൽ ഒരുപാട് മുന്നോട്ട് സഞ്ചരിക്കാൻ ജയസൂര്യയ്ക്കായിട്ടുണ്ട്. പ്രേക്ഷകരെ ചിന്തിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ശങ്കർ ശർമ്മയുടെ പശ്ചാത്തല സംഗീതവും ക്യാമറയും എടുത്തു പറയേണ്ടതാണ്. ഓരോ ഫ്രയിമും ഒന്നിനൊന്ന് മെച്ചപ്പെടുത്താൻ ക്യാമറമാന് സാധിച്ചിട്ടുണ്ട്. സിനിമയിലെ​ ​ഗാനങ്ങൾ പൂർണമായും കഥയോട് നീതി പുലർത്തിയിട്ടുണ്ട്. മധു നീലകണ്ഠൻ ഒരുക്കിയ ഫ്രെയിമുകൾ മികച്ചൊരു കാഴ്ചനുഭവം നൽകുന്നവയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.