19 April 2024, Friday

പുരസ്ക്കാര തിളക്കത്തിൽ റഷീദ് അഹമ്മദ്

കെ കെ ജയേഷ്
October 31, 2021 2:45 am

തിരക്കേറിയ ഒരു നഗരം. ഈ നഗരത്തിരക്കിനിടയിലാണ് താമരയുടെയും മക്കളുടെയും ജീവിതം. തെരുവോരത്ത് പൊളിഞ്ഞു കിടക്കുന്ന ഒരു ബസിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ അവർ തങ്ങളുടെ ജീവിതം ജീവിച്ചു തീർക്കുന്നു. രാവിലെ താമര ആക്രി സാധനങ്ങൾ ശേഖരിക്കാനായി ഇറങ്ങും. ഇവ വിറ്റു കിട്ടുന്ന പണത്തിന് മക്കൾക്ക് കുറച്ചു ഭക്ഷണവും ബാക്കി പണത്തിന് ബിവറേജിൽ നിന്ന് മദ്യവും വാങ്ങും. നന്നായി മദ്യപിച്ച്, മുറുക്കി ചുണ്ടുചുവപ്പിച്ച് താമര രാത്രി തള്ളി നീക്കും. ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ആർട്ടിക്കിൾ 21′ എന്ന ചിത്രത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട താമരയുടെയും മക്കളുടെയുമെല്ലാം യാഥാർത്ഥ്യബോധ്യത്തോടെയുള്ള ചമയ മികവിനാണ് കോഴിക്കോട് സ്വദേശിയായ റഷീദ് അഹമ്മദിനെ തേടി മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡെത്തിയത്. ലെനയായിരുന്നു താമരയായി വേഷമിട്ടത്. തീർത്തും വെല്ലുവിളി നിറഞ്ഞതായിരുന്നു ‘ആർട്ടിക്കിൾ 21’ എന്ന് റഷീദ് പറയുന്നു.

സിനിമാ ലോകത്തേക്ക്
കോഴിക്കോട് മാങ്കാവ് കിണാശ്ശേരിക്കടുത്ത് കുളങ്ങരപ്പീടികയിലാണ് വീട്. ചെറുപ്പം മുതൽ കലാപ്രവർത്തനങ്ങളോട് വലിയ താല്പര്യമായിരുന്നു. കിണാശ്ശേരി സ്കൂളിലായിരുന്നു പഠനം. ഹൈസ്കൂൾ പഠന കാലം മുതലാണ് സിനിമയും അഭിനയവുമെല്ലാം സ്വപ്നമായി കൂടെ കൂടിയത്. പഠിക്കുമ്പോൾ തന്നെ ചെറിയ നാടകങ്ങളിലും ടെലി ഫിലിമുകളിലുമെല്ലാം വേഷമിട്ടിരുന്നു. 1999 ൽ സ്കൂൾ പഠനം കഴിഞ്ഞു നിൽക്കുമ്പോഴാണ് അയൽവാസികളായ ഷാജി, ഷിജു എന്നിവരുടെ നിർബന്ധത്തിന് വഴങ്ങി ഒരു സിനിമയിൽ അഭിനയിക്കാൻ പോയത്. യൂസഫ് ചിത്രാലയ സംവിധാനം ചെയ്ത ‘ചിറക്’ എന്ന സിനിമയായിരുന്നു അത്. ചിത്രത്തിൽ ചെറു വേഷത്തിലാണ് അഭിനയിച്ചതെങ്കിലും ആ സിനിമയുമായി ബന്ധപ്പെട്ട പല കാര്യങ്ങളുമായും സഹകരിക്കാൻ ഭാഗ്യമുണ്ടായി. ചിത്രത്തിന് തിരക്കഥയെഴുതിയ സതീഷ് കെ സതീഷിനെ സ്ക്രിപ്റ്റിലും നാഗരാജിനെ ആർട്ട് വർക്കിലുമെല്ലാം സഹായിച്ചു.
ഏഴാം തുയിലോ എഴുതുയിലോ എന്നതുൾപ്പെടെയുള്ള രാഘവൻ മാസ്റ്റർ സംഗീത സംവിധാനം നിർവ്വഹിച്ച പാട്ടുകളൊക്കെയുള്ള ചിറക് എന്ന സിനിമ പക്ഷെ പാതിവഴിയിൽ നിന്നുപോവുകയായിരുന്നു. ഈ ചിത്രത്തിന്റെ മേയ്ക്കപ്പ്മാൻ അപ്പുക്കുട്ടൻ നടുവട്ടമായിരുന്നു. അദ്ദേഹമാണ് മേയ്ക്കപ്പ് രംഗത്തേക്ക് മാറിക്കൂടെ എന്ന് എന്നോട് ചോദിക്കുന്നത്. എനിക്കാണെങ്കിൽ സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ നിൽക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംവിധായകനായ യൂസഫ് ചിത്രാലയയോട് ചോദിച്ചപ്പോൾ അദ്ദേഹവും പൂർണ്ണ പിന്തുണ നൽകി. അങ്ങനെയാണ് മേയ്ക്കപ്പാണ് തന്റെ മേഖലയെന്ന് ഉറപ്പിച്ച് അപ്പുക്കുട്ടൻ നടുവട്ടത്തിന്റെ സഹായിയായി ചേർന്നത്. വർഷങ്ങളോളം അദ്ദേഹത്തിനൊപ്പം ജോലി ചെയ്തു.

സിനിമയ്ക്കൊപ്പമുള്ള ജീവിതം
അപ്പുക്കുട്ടൻ നടുവട്ടത്തിന്റെ സഹായിയായി ജോലി തുടങ്ങിയ ഞാൻ പിന്നീട് രഞ്ജിത്ത് അമ്പാടി, പുനലൂർ രവി, കെ ടി രവി, എയർപോർട്ട് ബാബു, രമേഷ് മൊഹന്തി, രാമകൃഷ്ണൻ ചേർപ്പ്, ദിനേഷ് കാലിക്കറ്റ്, പട്ടണം ഷാ, പട്ടണം റഷീദ് തുടങ്ങിയവരുടെയൊക്കെ സഹായിയായി പ്രവർത്തിച്ചു. പട്ടണം റഷീദിനൊപ്പമാണ് ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ചത്. ‘ഹലോ’, ‘മായാവി’, ‘പരദേശി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം സഹകരിക്കാൻ കഴിഞ്ഞു. നിരവധി സൂപ്പർ സ്റ്റാറുകളെയും ചായമണിയിക്കാൻ ഭാഗ്യമുണ്ടായി. ഹിറ്റുകളും സൂപ്പർഹിറ്റുകളും അവാർഡ് സിനിമകളും ഇതര ഭാഷാ ചിത്രങ്ങളുമൊക്കെയായി നിരവധി ചിത്രങ്ങളിൽ പട്ടണം റഷീദിനൊപ്പം സഹകരിച്ചതാണ് എന്റെ വളർച്ചയ്ക്ക് കാരണം. ഒരു അറബി സീരിയലിലും അദ്ദേഹത്തിനൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. രഞ്ജിത്ത് അമ്പാടിക്കൊപ്പം ‘ഇന്ത്യൻ റുപ്പി’, ‘തന്മാത്ര’, ‘ഷട്ടർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. ചമയമല്ലാതെ മറ്റൊരു ജോലിയെക്കുറിച്ചും എനിക്കിപ്പോൾ ആലോചിക്കാൻ പോലും കഴിയുന്നില്ല.

 

 

നയനത്തിലൂടെ സ്വതന്ത്ര ചമയ കലാകാരനാവുന്നു
പട്ടണം റഷീദിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്യുന്ന കാലം. അദ്ദേഹം എന്തോ പ്രോഗ്രാമിന് വിദേശത്തുപോയ സമയത്താണ് സ്വതന്ത്രമായി മേയ്ക്കപ്പ് ചെയ്യാൻ ഒരു അവസരം ലഭിക്കുന്നത്. റഷീദ്ക്കയും പൂർണ്ണ പിന്തുണ നൽകി. അങ്ങിനെയാണ് 2011 ൽ സുനിൽ മാധവ് സംവിധാനം ചെയ്ത ‘നയനം’ എന്ന സിനിമയിലൂടെ സ്വതന്ത്ര ചമയ കലാകാരനാവുന്നത്. കൃപയും അരുൺ ഗോപനുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പഴയകാല കലാകാരനും നിർമ്മാതാവുമായ മഞ്ചേരി ചന്ദ്രന്റെ മകൾ റാണിയായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഇതിൽ കാഴ്ചയില്ലാത്ത ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു കൃപയുടേത്. ഈ സിനിമ കഴിഞ്ഞ് വീണ്ടും ഞാൻ അസിസ്റ്റന്റായി തന്നെ പ്രവർത്തിക്കാൻ തുടങ്ങി. ഇതിനിടയിലാണ് സംവിധായകൻ ഷെറി, നടൻ സന്തോഷ് കീഴാറ്റൂർ എന്നിവർ എന്നെ കാണാനെത്തിയത്. ഞാനപ്പോൾ ‘ഇന്ത്യൻ റുപ്പി‘യിൽ വർക്ക് ചെയ്യുകയായിരുന്നു. ‘ഇന്ത്യൻ റുപ്പി’ കഴിഞ്ഞതോടെ ഷെറിയുടെ ആദിമധ്യാന്തം എന്ന സിനിമയിൽ സ്വതന്ത്ര മേയ്ക്കപ്പ്മാനായി വർക്ക് ചെയ്തു. ഈ ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.
2013 ൽ ആസിഫലി നായകനായ വിനോയ് ഗോവിന്ദ് സംവിധാനം ചെയ്ത ‘കിളി പോയി’ എന്ന സിനിമ സ്വതന്ത്രമായി ചെയ്തു. ‘ശിക്കാരി ശംഭു’, ‘ഗോഡ്സ് ഓൺ കൺട്രി’, ‘താങ്ക് യു’, ‘തരംഗം’, ‘കക്ഷി അമ്മിണിപ്പിള്ള’ തുടങ്ങിയ നാൽപ്പത്താറോളം ചിത്രങ്ങൾ സ്വതന്ത്രമായി ചെയ്തിട്ടുണ്ട്.

പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ
ഏറെ പ്രതീക്ഷയുള്ള നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. സംസ്ഥാന അവാർഡ് നേടിത്തന്ന ‘ആർട്ടിക്കിൾ 21’, മഞ്ജു വാര്യർ നിർമ്മിച്ച് മധുവാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’, ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’, തമിഴ് ചിത്രങ്ങളായ ‘യാർ’, ‘പുതർ’ എന്നിവയാണ് പുറത്തിറങ്ങാനുള്ളത്. ‘ലളിതം സുന്ദര’ത്തിൽ മഞ്ജു വാര്യരും ബിജു മേനോനുമാണ് പ്രധാന വേഷത്തിൽ. പ്രശസ്ത നിർമ്മാതാവായിരുന്ന കെ പി കൊട്ടാരക്കരയുടെ മകൻ ഗണേഷ് കൊട്ടാരക്കരയാണ് ‘യാർ’ നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ നന്ദനുണ്ണി എന്ന നടനെ എഴുപത്തിനാല് വയസ്സുള്ള വൃദ്ധനാക്കി. ചിത്രത്തിലെ വില്ലൻ കഥാപാത്രമാണിത്. ഏറെ വെല്ലുവിളി നിറഞ്ഞ വർക്കായിരുന്നു ‘യാർ’ എന്ന ചിത്രത്തിന്റേത്. തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന ‘മൈ ഇന്ത്യ’ എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.
ഇപ്പോൾ രക്ഷിത് നായകനായി അഭിനയിക്കുന്ന ‘ദ മിസിംഗ് ബീൻ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ജോലിയിലാണ്. നാസർ, ചരൺരാജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

 

 

ആർട്ടിക്കിൾ 21 എന്ന അനുഭവം
ആർട്ടിക്കിൾ 21 ‑ൽ ലെനയെ ആക്രിപെറുക്കി ജീവിക്കുന്ന തമിഴ്‌നാട്ടുകാരിയായ താമര എന്ന കഥാപാത്രത്തിലേക്ക് മാറ്റുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞൊരു ജോലിയായിരുന്നു. താമരയുടെ രൂപഭാവങ്ങളെ തികച്ചും സ്വാഭാവികമായും യഥാർത്ഥവുമായി അണിയിച്ചൊരുക്കാനായിരുന്നു എന്റെ ശ്രമം. ജീവിത പ്രയാസങ്ങളോട് പോരാടി മുന്നോട്ടുകൊണ്ടുപോകുന്ന കരുത്തുറ്റൊരു കഥാപാത്രമാണ് താമര. ഏറെ സമയമെടുത്താണ് ലെനയെ മേയ്ക്കപ്പ് ചെയ്തത്. കറുപ്പല്ല അഴുക്കുപുരണ്ടൊരു കളറാണ് താമരയ്ക്ക് നൽകിയത്. ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ ലെനയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിൽ ഒപ്പം പ്രവർത്തിച്ചവരെല്ലാം അവാർഡ് ഉറപ്പാണെന്നും പറഞ്ഞു. ആ സിനിമയ്ക്കായി നടത്തിയ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ച സംസ്ഥാന അവാർഡ്.

മേയ്ക്കപ്പ് എന്ന കല
മേയ്ക്കപ്പ് വലിയൊരു കലയാണ്. വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ജോലി. ഒരു കഥയിൽ രൂപപ്പെട്ടുവരുന്ന കഥാപാത്രത്തിലേക്ക് അഭിനേതാവിനെ കൊണ്ടു വരികയെന്നത് ഏറെ ശ്രമകരമാണ്. വളരെയേറെ പഠിക്കാനുള്ള മേഖലയാണിത്. ജോലി ആരംഭിക്കുന്നതിന് മുമ്പ് കഥാപാത്രങ്ങളെപ്പറ്റി കൃത്യമായി പഠിക്കാൻ ശ്രദ്ധിക്കാറുണ്ട്. തിരക്കഥ വായിക്കുകയും സംവിധായകനോടും തിരക്കഥാകൃത്തിനോടും സംസാരിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയും ചെയ്യും. ഒരു നടനെ സുന്ദരനോ സുന്ദരിയോ ആക്കി മാറ്റുന്നതല്ല മേയ്ക്കപ്പ്. രൂപം കൊണ്ട് കഥാപാത്രത്തെ പ്രായമുള്ളയാളാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. കഥാപാത്രത്തിന്റെ ഭാവപ്രകടനങ്ങളും സ്വഭാവ സവിശേഷതകളുെല്ലാം മനസ്സിലാക്കിക്കൊണ്ടാവണം കഥാപാത്ര സൃഷ്ടി സാധ്യമാക്കേണ്ടത്. മേയ്ക്കപ്പ് ചെയ്തു എന്നുപോലും അറിയാത്ത വിധത്തിലായിരിക്കണം ജോലി പൂർത്തിയാക്കേണ്ടത്. മേയ്ക്കപ്പ് കാരണം കഥാപാത്രം ദുർബലമാകാൻ പാടില്ല. കൃത്യമായൊരു ബാലൻസ് നിലനിർത്തുക എന്നത് തന്നെയാണ് വലിയ വെല്ലുവിളി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ ലഭിക്കുമ്പോഴാണ് മേയ്ക്കപ്പ്മാനെന്ന നിലയിൽ ഞാനും സംതൃപ്തനാകുന്നത്.

കുടുംബം
ഭാര്യ: ജിൻസി സഹകരണ ബാങ്ക് ജീവനക്കാരിയാണ്. മക്കൾ: ആയിഷ ലീൻ, സീനുൽ ലിയ. മാതാവ്: ആയിഷാബി. പിതാവ് പി സി അഹമ്മദ് ജീവിച്ചിരിപ്പില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.