Monday
18 Feb 2019

‘സ്യമന്തകം 17’

By: Web Desk | Sunday 4 February 2018 1:59 AM IST

ദൃശ്യ ഗോപിനാഥ്

ഓട്ടന്‍തുള്ളലിനെ ആധുനിക കാലത്ത് ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കലാമണ്ഡലം ഗീതാനന്ദന്റെ അവസാന നിമിഷങ്ങളെയും, ജീവിതസപര്യയെയും ഓര്‍ത്തെടുക്കുകയാണ് തുള്ളല്‍ കലാകാരികൂടിയായ ലേഖിക

‘കെല്‍പ്പൊടു നല്ല കദളീവനം തന്നില്‍
ഉള്‍പ്പുക്കുവേഗം നടന്നു തുടങ്ങിനാന്‍”

സൗഗന്ധികം അന്വേഷിച്ച് ഉത്തര ദിക്കിലേക്ക് പോയ ഭീമസേനന്‍ അത്ഭുതത്തോടെ കദളീവനത്തിന്റെ സൗന്ദര്യം ആസ്വദിച്ച് ഉള്ളിലേക്ക് നടക്കുകയാണ്. ഭീമസേനന്റെ അത്രതന്നെ പ്രൗഢിയില്‍ ആശാന്‍ അരങ്ങില്‍ ഗദയും വഹിച്ചുനടന്നു. ഇടയ്‌ക്കെവിടെയോ ക്ഷീണം തോന്നിയിട്ടുണ്ടായിരിക്കണം. മറ്റെങ്ങോട്ടും മാറിപ്പോകാതെ വലതുഭാഗത്തേക്ക് നടന്നുവന്ന് തന്റെ പ്രിയഗുരുനാഥന്‍ കലാമണ്ഡലം ഗോപിനാഥപ്രഭയുടെ കാല്‍ക്കലും, തന്നെ താനാക്കിയ തുള്ളല്‍ തറയും ഒരുമിച്ച് വണങ്ങി, കിരീടം ഭൂമിയിലേക്ക് ആഴ്ത്തിവച്ചു. പച്ചക്കദളി കുലകള്‍ക്കിടയിലേക്ക് പവിഴവും പച്ചരത്‌നക്കല്ലും ഒരുമിച്ച് കോര്‍ത്ത ഭാഷ കൊണ്ട് നമ്പ്യാര്‍ വിരിയിച്ച സൗഗന്ധികം തേടി കദളീവനവും കടന്ന് അത്ഭുതങ്ങളുടെ സൗഗന്ധിക പൊയ്കയിലേക്കായിരിക്കണം ഒടുവിലായി അദ്ദേഹം നിശ്ചയമായും പോയിട്ടുണ്ടാവുക.
വീടുവിട്ടുപോയി തിരിച്ചെത്തിയ അച്ഛന്‍, ഉമ്മറപ്പടിയില്‍ മകന്‍ പാടിക്കൊണ്ടിരുന്ന അതേ കല്ല്യാണ സൗഗന്ധികം തന്നെയായിരുന്നു അവസാനമായി അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലും ഗീതാനന്ദനും പാടിക്കളിച്ചത്. എന്തൊരു നിമിത്തമാണത്! പ്രൈമറിക്ലാസില്‍ തന്നെ തുള്ളല്‍കലാകാരനാകാന്‍ മോഹിപ്പിച്ച അതേ സൗഗന്ധികം! ആശാന്റെ പ്രിയപ്പെട്ട കഥ. അതുമാത്രമല്ല, ജീവിച്ചിരിക്കുന്ന തന്റെ ഗുരുനാഥന്‍ കലാമണ്ഡലം ഗോപിനാഥപ്രഭയും പ്രിയ ശിഷ്യന്‍ കലാമണ്ഡലം നയനനും ഒരുപോലെ പിന്‍പാട്ട് പാടുന്നു.

മറ്റുകലകള്‍ അധികാരവര്‍ഗ്ഗത്തിന്റെ ചിഹ്നങ്ങളായി കൂത്തമ്പലങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ മടിച്ചിരുന്നപ്പോള്‍, ബ്രാഹ്മണ അധികാരബോധത്തിന്റെയും ഫ്യൂഡല്‍ കലാപാരമ്പര്യത്തിന്റെയും മുഖത്തേറ്റ അടിയായിരുന്നു കലക്കത്ത് കുഞ്ചന്‍ നമ്പ്യാരും അദ്ദേഹത്തിന്റെ തുള്ളലും. അതിനുശേഷം കല വളര്‍ന്നു. പക്ഷേ പിന്നെയും ഭൂതകാലത്തിന്റെ ഇരുണ്ട ഗര്‍ത്തത്തിലേക്ക് അത് താഴ്ന്നുപോയി. നിരവധി തുള്ളല്‍കാര്‍ വരികയും പോവുകയും ചെയ്തു. ശേഷം മലബാര്‍ രാമന്‍നായര്‍ എന്ന അതുല്യപ്രതിഭാശാലി തുള്ളല്‍ പ്രചാരചരിത്രത്തിലെ മുഖ്യ അധ്യായമായി. കേരളകലാമണ്ഡലത്തില്‍ തുള്ളലിന്റെയുംകൂടി സുവര്‍ണകാലഘട്ടമായിരുന്നു അത്. 1974ലാണ് ദിവാകരന്‍ നായരാശാന്റെ ശിഷ്യനായി ഗീതാനന്ദന്‍ കലാമണ്ഡലത്തിലെത്തിയത്. 83ല്‍ തുള്ളല്‍ വിഭാഗം അദ്ധ്യാപകനാവുകയും കാല്‍നൂറ്റാണ്ടിലേറെ കാലം വകുപ്പുമേധാവിയായിരിക്കുകയും ചെയ്തു. ഇനിയുമൊരു കാല്‍നൂറ്റാണ്ടുകാലം കൂടി തുള്ളിത്തീര്‍ക്കാന്‍ പാകത്തിന് എണ്ണമറ്റ ശിഷ്യസമ്പത്തിന് ഉടമ കൂടിയായിരുന്നു.

കേരള കലാമണ്ഡലം കണ്ട ഏറ്റവും വിപുലമായ വിരമിക്കല്‍ ചടങ്ങുകളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം ‘സ്യമന്തകം 17’ എന്ന് പേരിട്ട ഗീതാനന്ദനാശാന്റെ വിടപറയല്‍. തന്റെ പ്രിയപ്പെട്ട ഓരോരുത്തരെയും അദ്ദേഹം ഒരിക്കല്‍ കൂടി കൂത്തമ്പലത്തിലേക്ക് ക്ഷണിച്ച് തുള്ളല്‍പദകച്ചേരി നടത്തി. സമ്മേളനത്തില്‍ സംസാരിച്ച ആശാന്റെ പ്രിയപ്പെട്ട പ്രൈമറിടീച്ചര്‍, തന്റെ ശിഷ്യന്‍ ആവേശത്തോടെ ക്ലാസ് മുറിയിലിരുന്ന് തുള്ളല്‍പാട്ട് പാടിക്കളിച്ചതിനെപ്പറ്റി ഇന്നലത്തെപ്പോലെ ഓര്‍മ്മിച്ചെടുത്ത് അഭിമാനം കൊണ്ടപ്പോള്‍ തുള്ളല്‍കലകൊണ്ട് ദരിദ്രനായി നാടുവിട്ടുപോയ അച്ഛന്‍ കേശവന്‍ നമ്പീശന്‍ തിരികെ വന്നപ്പോള്‍ മകന്‍ തുള്ളല്‍ക്കാരനാകാന്‍ തയ്യാറെടുത്ത കഥ ഒരിക്കല്‍കൂടി പറഞ്ഞ് കൃതാര്‍ത്ഥനാവുകയായിരുന്നു. ജീര്‍ണ്ണിച്ച കാലത്തിനെ നെഞ്ചിലമര്‍ത്തിപ്പിടിച്ചുകൊണ്ട് കല കൊണ്ട് എത്താവുന്നിടത്തോളം പൊക്കത്തിലെത്തിയ ഒരു കലാകാരന്റെ ആത്മസംതൃപ്തി കൂത്തമ്പലത്തിലാകെ തുടികൊട്ടി നിന്നു.

കച്ചയും കെച്ചയും ഒച്ചയും പച്ചയും തുടങ്ങി തുള്ളലിനെ മുഴുവനായും വര്‍ണ്ണാഭമാക്കിയതില്‍, ചിട്ടപ്പെടുത്തിയതില്‍, അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേക്ക് എത്തിച്ചതില്‍, ആശാന്റെ വിലപ്പെട്ട കൈകളുണ്ട്. സാധാരണ അരങ്ങുകളില്‍ മാത്രമല്ല സ്‌കൂള്‍ കലോത്സവ വേദികളില്‍ ഇന്ന് ഗ്ലാമര്‍ ഇനങ്ങള്‍ക്കൊപ്പം തുള്ളലിനെ എത്തിച്ചതോടെ ഈ കലാരൂപത്തിന്റെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആളില്ലാതിരുന്ന കാലവും മാറി. നീനപ്രസാദ്, നവ്യനായര്‍, രചനാനാരായണന്‍കുട്ടി, ദേവിചന്ദന, രശ്മിസോമന്‍ തുടങ്ങിയ താരപരിവേഷങ്ങളുടെ നീണ്ട നിര കലോത്സവ വേദികളില്‍ അരങ്ങ് തകര്‍ത്തപ്പോള്‍ ഗുരു കലാമണ്ഡലം ഗീതാനന്ദനായിരുന്നു.

ചിലര്‍ അരങ്ങൊഴിയുകയാണ് പതിവ്, മറ്റ് ചിലര്‍ അരങ്ങ് മതിയാക്കി കാഴ്ചക്കാരാകും. ഇനിയും ചിലരുണ്ട് അവര്‍ അരങ്ങില്‍ ജീവിച്ച് മരണത്തെപ്പോലും കൊതിപ്പിക്കും. രംഗബോധമില്ലാത്ത മരണത്തോട് തന്റെ അസാമാന്യമായ രംഗബോധം കൊണ്ട് മരണവും ഈ അരങ്ങിലെന്നുറപ്പിച്ച് അതിനെയും അതിജീവിച്ചുകഴിഞ്ഞിരിക്കുന്നു ഗീതാനന്ദനാശാന്‍. ഇവിടെ ബാക്കിയായത് ഒരു ജനകീയ കലാചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും സുന്ദരവുമായ കലാതപസ്യയുടെ, ഉപാസനയുടെ, അതിജീവനത്തിന്‍റെ, നിശ്ചയദാര്‍ഢ്യത്തിന്‍റെ ശ്രുതിമധുരമായ ‘തുള്ളല്‍ പദക്കച്ചേരി’യാണ്.