സമ്പര്‍ക്കക്രാന്തി യാത്ര തുടരുകയാണ്.…

അനീസ ഇഖ്ബാൽ
Posted on August 02, 2020, 3:00 am

രാജ്യത്തിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈറണ്‍ ഉയര്‍ന്നു. 22 ബോഗികള്‍. 3420 കീിലോമിറ്ററുകള്‍. 56മണിക്കൂര്‍. വി ഷിനിലാല്‍ യാത്ര തുടരുകയാണ്.….… ”2013‑ല്‍ സമ്പര്‍ക്കക്രാന്തി രൂപപ്പെട്ട കാലത്താണ് നരേന്ദ്ര ധബോല്‍ക്കര്‍ വധിക്കപ്പെട്ടത്. വധം നടന്ന പൂണെ നഗരത്തിലെ തെരുവ് എനിക്ക് പരിചിതമായിരുന്നു. വീട്ടുമുറ്റത്തു നടന്ന കൊലപാതകംപോലെ ആ വെടിശബ്ദം എന്നെ ഭീതിയിലാഴ്ത്തി. താമസിയാതെ ദശാബ്ദം മുമ്പ് വിട്ടുപോന്ന നഗരത്തില്‍ ഞാന്‍ വീണ്ടും ചെന്നു.….തിരികെ വണ്ടിയിലിരുന്ന് കര്‍ബുഡെ ടണല്‍ കടക്കുമ്പോള്‍ കാലത്തെ മൂടിയ കൂരിരുള്‍ എന്റെ ഉള്ളിലും നിറഞ്ഞു. ഞാന്‍ എഴുതാന്‍ തുടങ്ങി. നോവലിന് ‘‌‌ഇന്ത്യ’ എന്ന പുസ്തകം എന്ന് പേരിട്ടു. അപ്പോഴേക്കും ഗോവിന്ദന്‍ പന്‍സാരെയും വധിക്കപ്പെട്ടിരുന്നു. ഉടല്‍ഭൗതികത്തിന്റെ പണിപ്പുരയില്‍ ‘ഇന്ത്യ എന്ന പുസ്തകം’ മറന്നു. ഈ സമയത്ത് കല്‍ബുര്‍ഗിയും വധിക്കപ്പെട്ടിരുന്നു. ഞാന്‍ പഴയ നോട്ടുപുസ്തകങ്ങളില്‍ നിന്ന് ‘ഇന്ത്യ എന്ന പുസ്തകം’ പകര്‍ത്തിയെഴുതാന്‍ തുടങ്ങി. അപ്പോള്‍ ഗൗരിലങ്കേഷും വധിക്കപ്പെട്ടു. ഈ പുസ്തകം താങ്കളുടെ കൈയിലിരിക്കുമ്പോള്‍ മറ്റൊരു ‘ജ്ഞാനവൃദ്ധന്‍ / വൃദ്ധ’ വധിക്കപ്പെട്ടു എന്ന വാര്‍ത്ത താങ്കളുടെ മൊബൈലില്‍ സ്ക്രോള്‍ ചെയ്യുകയാകാം.…” ഇന്ത്യയുടെ ഹൃദയത്തില്‍ തൊട്ടുകൊണ്ടാണ് വി ഷിനിലാൽ എഴുതുന്നത്. ആദ്യനോവലായ ‘ഉടൽ ഭൗതികം’ പ്രഥമ കാരൂർ അവാർഡ് നേടി. ആനുകാലികങ്ങളിൽ ശക്തമായ കഥകൾ കൊണ്ട് സാന്നിദ്ധ്യം അറിയിക്കുന്നു. ട്രെയിൻ യാത്ര പശ്ചാത്തലമായുള്ള ആദ്യമലയാള നോവലായ ‘സമ്പർക്ക ക്രാന്തി’ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ, മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുന്നു. യുവ എഴുത്തുകാര്‍ക്കായി നല്‍കുന്ന നൂറനാട് ഹനീഫ് നോവല്‍ പുരസ്കാരത്തിന് ഷിനിലാലിന്റെ ‘സമ്പര്‍ക്ക ക്രാന്തി’ അര്‍ഹമായി. ഷിനിലാല്‍ സംസാരിക്കുന്നു.…..

വായനാ വഴി, എഴുത്തിന്റെയും

അക്ഷരം ഉറച്ചു വരുമ്പോൾ തന്നെ നാട്ടിലെ യുണൈറ്റഡ് ലൈബ്രറിയിൽ ചേർന്നു. വായനയുടെ ലോകം തുറന്നു കിട്ടിയത് അവിടെ നിന്നാണ്. റഷ്യൻ പുസ്തകങ്ങൾ, ഗ്രിമ്മിന്റെ കഥകൾ, ജാതക കഥകൾ അങ്ങനെ തുടങ്ങി വായന മുതിർന്നു. എന്നാൽ കഥ കേൾക്കുന്നത് വീട്ടിൽ നിന്നു തന്നെയാണ്. എന്തും വായിക്കുന്ന ഒരു പ്രായമുണ്ടായിരുന്നു. കുറെക്കൂടി വായന മുതിർന്നപ്പോൾ സെലക്ടീവായി. ചരിത്രമാണ് ഇഷ്ടവിഷയം. മനുഷ്യനോടുള്ള കൗതുകമാണ് അതിനടിസ്ഥാനം. എൻ എസ് മാധവന്റെ കുറിപ്പ് കണ്ടാണ് ‘സാപിയൻസ്’ വായിച്ചത്. ഒരു അഭിമുഖത്തിൽ മാധവിക്കുട്ടി സൂചിപ്പിച്ചത് കണ്ടാണ് ചെറുപ്രായത്തിൽ ‘തത്ത്വമസി’ വായിച്ചത്. ഉദ്ദേശാധിഷ്ഠിത വായനയാണ് ഇപ്പോൾ നടക്കുന്നത്. എഴുത്തിന്റെ വഴിയിൽ സ്വാഭാവികമായി വന്നു ചേർന്നതാണ്. പുഴയുടെ സഞ്ചാരപഥം പോലെ. ജലമായതിനാൽ അത് ജലചക്രത്തിൽ ചുറ്റുന്നു.

എഴുത്തുകാരനും കലാകാരനുമൊക്കെ ഇപ്രകാരം സ്വാഭാവികമായി തങ്ങളുടേതായ ചക്രങ്ങളിൽ വന്നു ചേരുന്നു. ധാരാളം വാമൊഴിക്കഥകളും മിത്തുകളും കേട്ടു വളർന്ന ബാല്യമാണ് എന്റേത്. ഒരു കൈയിൽ മഴുവും മറുകൈയിൽ പരശുരാമകഥയുമായാണ് ബ്രാഹ്മണർ കേരളത്തിൽ വന്നത്. ഒരു ആൾക്കൂട്ടത്തെ നിരീക്ഷിച്ചു നോക്കൂ. കഥ പറയുന്ന, ഭാവനയുള്ള ഒരാളായിരിക്കും ആ സംഘത്തിന്റെ കേന്ദ്രം. അങ്ങനെയുള്ളവരെ നമ്മൾ കുട്ടിക്കാലത്തു തന്നെ കാണുന്നുണ്ട്. അങ്ങനെയൊരാളായിത്തീരാൻ അന്നേ ആഗ്രഹിക്കുന്നുണ്ട്. കഥയെഴുത്തിന്റെ മോഹം അവിടെ നിന്നാണ്. കൃത്രിമമായ ശ്രമങ്ങളും ഇക്കൂട്ടത്തിൽ നടക്കുന്നുണ്ട്. വായന ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി പ്രത്യേകവിഷയത്തിലാവുന്നതൊക്കെ കൃത്രിമശ്രമമാണെന്ന് വേണമെങ്കിൽ പറയാം.

കഥകളിലെ രാഷ്ട്രീയം

അത് വളരെ സ്വാഭാവികമായ ഒന്നാണ്. രാഷ്ട്രീയം നിറഞ്ഞു നിന്ന, അമ്പതുകളിലെ പോലീസ് രേഖയിൽ കൊച്ച് മോസ്കോ എന്ന് രേഖപ്പെട്ട ഇരിഞ്ചയം എന്ന ഗ്രാമത്തിലാണ് ജനനവും ജീവിതവും. 52 ലെ ഒന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സാക്ഷാൽ ജവഹർലാൽ നെഹ്രു ഇതുവഴി വന്നു. അന്ന് ഉത്പതിഷ്ണുക്കളായ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരായ യുവാക്കൾ “വെൽക്കം നെഹ്രു. ഡൗൺ കോൺഗ്രസ്” എന്നെഴുതിയ ഒരു ബാനർ ഉയർത്തി കാണിച്ചു. നെടുമങ്ങാട് നടന്ന പൊതുയോഗത്തിൽ നെഹ്രു യുവാക്കളെ കുറിച്ച് ഇങ്ങനെ പറഞ്ഞുവത്രെ: “ഇന്റലിജന്റ് ബട്ട് ഇറെസ്പോൺസിബിൾ യൂത്ത്. ” അച്ഛൻ സി പി ഐയുടെ പ്രാദേശിക പ്രവർത്തകനായിരുന്നു. എണ്‍പതുകൾ മുതൽക്കുള്ള ഇന്ത്യൻ രാഷ്ട്രീയം കണ്ടാണ് വളർന്നത്. അപ്പോൾ കഥകളിൽ രാഷ്ട്രീയം വരിക എന്നത് തികച്ചും സ്വാഭാവികമാണ്. അങ്ങനെയാണ് കെ വി സുരേന്ദ്രനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ ‘ഉടൽ ഭൗതിക’ത്തിൽ വരുന്നത്.

ചരിത്രം

സത്യത്തിൽ ചരിത്രത്തിന്റെ മേൽപ്പാളിയിലാണ് കഥ സംഭവിക്കുന്നത്. അഥവാ, നാം ഇക്കാണുന്ന വർത്തമാനം ആഴത്തിൽ ആരംഭിച്ച ഒന്നിന്റെ തുടർച്ചയോ പരിണാമമോ ആണ്. ലോകമെമ്പാടും ഹിസ്റ്റോറിക്കൽ ഫിക്ഷൻ കൂടുതൽ വായിക്കപ്പെടുന്നുണ്ട്. പൂർവ്വകാലത്തോടുള്ള കൗതുകം മനുഷ്യസഹജവുമാണ്. ചരിത്രരചന അന്വഷണാത്മകവും ചരിത്രഫിക്ഷൻ രചന ഭാവനാത്മകവും ആണ്. കുളച്ചൽ യുദ്ധം എന്ന കഥയും ഉടൽ ഭൗതികം, സമ്പർക്ക ക്രാന്തി എന്നീ നോവലുകളും ചരിത്രത്തെ ഉപയോഗിക്കുന്നുണ്ട്.

കഥയിലെ സ്ത്രീകൾ

ഗ്രാമത്തിലെ സ്ത്രീകൾ ഇരട്ടച്ചങ്കുളളവരാണ്. പ്രശ്നങ്ങളൊക്കെ നേരിടുന്നുവെങ്കിലും അവർ നട്ടെല്ലുയർത്തി നിവർന്ന് നിൽക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. ജെൻഡർ ഇക്വാളിറ്റിയും ലൈംഗിക സ്വാതന്ത്ര്യവും നിലനിന്ന ജാതിസമൂഹങ്ങൾ ഇവിടെയുണ്ടായിരുന്നു. അതിന്റെ സ്വാഭാവിക തുടർച്ചയാണ് എഴുത്തിൽ സംഭവിച്ചത്. അങ്ങനെയാണ് കറിയറുപ്പോത്തി പിടിച്ച് മണൽ കൊള്ളക്കാരെ നേരിടുന്ന ഡാലിയമ്മുമ്മയും ഡില്ലനോയിയെ എറിഞ്ഞിട്ട കുളച്ചൽ യുദ്ധത്തിലെ അമ്മുവമ്മയും കാക്കാല സദ്യയിലെ കുണുക്കത്തി രായമ്മയും ഉടൽ ഭൗതികത്തിലെ രാധികയും പ്രജിതയും ഒക്കെ ഉണ്ടാവുന്നത്.

എഴുത്തിലെ പരിണാമം

2015 മുതലാണ് എഴുത്ത് ഗൗരവമായി എടുക്കുന്നത്. അന്നെഴുതിയ കഥകളിൽ മിക്കപ്പോഴും വ്യക്തമായി തന്നെ രാഷ്ട്രീയം പറഞ്ഞു. ‘നരോദപാട്യയിൽ നിന്നുള്ള ബസ്’ എന്ന കഥ ജനയുഗം വാരാന്തത്തിലാണ് അടിച്ചു വന്നത്. സ്റ്റേറ്റ്സ്മാൻ, സമാന്തരൻ തുടങ്ങിയ കഥകളിൽ രാഷ്ട്രീയം തെളിഞ്ഞു കാണാം. അവസാനമെഴുതിയ സ്പർശം, മധ്യേ, ബുദ്ധപഥം തുടങ്ങിയ കഥകളിലെത്തുമ്പോൾ പ്രത്യക്ഷത്തിൽ നിന്നും രാഷ്ട്രീയം മാഞ്ഞു. എന്നിരുന്നാലും രാഷ്ട്രീയം പറയേണ്ട ഇടങ്ങളിൽ അത് പറയുക തന്നെ വേണം എന്നാണ് അഭിപ്രായം.

ഭാഷ / മാറ്റങ്ങൾ

നോക്കൂ, ചെറുഭാഷകൾ അധിനിവേശം കൊണ്ട് ഞെരുങ്ങുന്ന കാലമാണിത്. അപ്പോൾ, എഴുതുക എന്നത് പ്രതിരോധം കൂടിയാണ്. ഒരു കൃതി അത് ഏത് നിലവാരത്തിലും ഉള്ളതാകട്ടെ, ഭാഷയുടെ ഒരു മ്യൂസിയം കൂടിയാണ്. നമ്മുടേത് ഒരു ചെറിയ ഭാഷയാണ്. ചെറിയ ജീവിതങ്ങളും പ്രാദേശിക പദങ്ങളും എഴുത്തിൽ ഉൾക്കൊള്ളിക്കാൻ മനപ്പൂർവ്വം തന്നെ ശ്രമിച്ചിട്ടുണ്ട്. ജീവിത / സാമൂഹ്യ / ശാസ്ത്ര സാങ്കേതിക / രാഷ്ട്രീയ / സാംസ്കാരിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഭാഷ മാറുന്നുണ്ട്. ‘അർബൻ നക്സലൈറ്റ്’, ‘മാധ്യമവേശ്യ‘ എന്നിങ്ങനെ വിലോമ രാഷ്ട്രീയം ആധിപത്യം നേടിയപ്പോൾ ഉണ്ടായ വാക്കുകൾ നിരവധിയുണ്ട്. ഈയിടെ ഞെട്ടലോടെ തിരിച്ചറിഞ്ഞ ഒരു സംഗതിയുണ്ട്. നമ്മുടെ സാഹിത്യ ഭാഷ മിക്കപ്പോഴും കാർഷിക / വ്യാവസായിക യുഗങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. അക്കാഡമിക്കുകൾ പഠിക്കേണ്ട വിഷയമാണ്. ധാരാളം വാക്കുകളും രൂപകങ്ങളും അക്കാലത്ത് രൂപപ്പെട്ടതാണ്. ഉദാഹരണത്തിന് ‘അളവ് കോൽ’, കാർഷിക യുഗത്തിലും ‘സമ്മർദ്ദം’ യന്ത്രയുഗത്തിലും നിൽക്കുന്നു. ‘അവന്റെ റിലേ പോയി’ എന്നൊക്കെ സംസാരിക്കുന്ന പുതിയ തലമുറയോടാണ് നമ്മുടെ പഴയ ‘അളവുകോൽ’ക്കളി.

സ്വയം നവീകരണം

തീർച്ചയായും. ഇരുപത് വർഷം മുമ്പുള്ളതിൽ നിന്നും സമൂഹം ആശയപരമായി നവീകരിക്കപ്പെട്ടു. ധാരാളം പുതിയ ആശയങ്ങൾ അനുനിമിഷം മുന്നിൽ വന്നുകൊണ്ടിരിക്കുന്നു. ജെൻഡർ, ട്രാൻസ് ജൻഡർ, ദളിത്, പരിസ്ഥിതി, ബാലാവകാശങ്ങൾ, ഇക്കോ പൊളിറ്റിക്സ് അങ്ങനെ പല ആശയങ്ങളും പെട്ടെന്ന് വ്യാപനം ചെയ്യപ്പെടുകയും ചെയ്യുന്നു. അതിനനുസരിച്ച് ഭാഷയിൽ പുതിയ വാക്കുകൾ കടന്നു വരുന്നു. നിലവിലുള്ള ചില വാക്കുകൾക്കുള്ളിൽ ഒളിച്ചു വച്ചിരുന്ന ക്രൂരത ബോധ്യപ്പെടുന്നു. ചില വാക്കുകൾക്ക് അർത്ഥം മാറുന്നു. പഴയ ശരികൾ തെറ്റുകളായി മാറുന്നു. ഇതെല്ലാം മനസ്സിലാക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. ഏത് ആശയത്തെയും അനുഭാവപൂർവ്വം മനസ്സിലാക്കാൻ ശ്രമിക്കാറുമുണ്ട്. ടെക്നോളജിയുടെ വികാസം കൊണ്ട് ഇല്ലാതാവുകയോ തീവ്രത കുറയുകയോ ചെയ്ത ഒരു വികാരമാണ് വിരഹം. സോഷ്യൽ മീഡിയ അതിനെ കൊന്നു.

‘സമ്പർക്ക ക്രാന്തി’

എഴുതിയപ്പോൾ അതിൽ ‘ഉടൽ ഭൗതിക’ത്തിൽ നിന്നും യാതൊന്നും കടന്നു വരാതിരിക്കാൻ മനപൂർവ്വം തന്നെ ശ്രമിച്ചിട്ടുണ്ട്. സമ്പർക്ക ക്രാന്തി 2013 ലാണ് ‘ഇന്ത്യ എന്ന പുസ്തകം’ എന്ന് പേരിട്ട് ‘സമ്പർക്ക ക്രാന്തി’ എഴുതി തുടങ്ങുന്നത്. ഇന്ത്യൻ രാഷ്ട്രീയം തീവ്രവലതുപക്ഷത്തേക്ക് കൃത്യമായി തിരിഞ്ഞിരിക്കുന്ന കാലം. ധബോൽക്കർ കൊല്ലപ്പെടുന്നു. കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി എന്നിങ്ങനെ ആ പരമ്പര നീളുന്നു. ഇന്ത്യയെ അടയാളപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അതിന് ഏറ്റവും അനുയോജ്യമായ രൂപകം തീവണ്ടി ആണ്. ആ ലോകം എനിക്ക് പരിചിതവുമാണ്. അങ്ങനെയാണ് ഇന്ത്യയെ തെക്ക് വടക്കോടുന്ന ഒരു ട്രെയിനിൽ ഞെരുക്കിവെച്ചത്. അഥവാ, ട്രെയിനിനെ ഇന്ത്യയോളം വികസിപ്പിച്ചത്. എഴുതി വന്നപ്പോൾ കൂടുതൽ സാധ്യതകൾ തെളിഞ്ഞു വന്നു. ഈ രാഷ്ട്രീയത്തെ നിർമ്മിക്കുന്ന വിധത്തിൽ മനുഷ്യ സ്വഭാവങ്ങിലെ ചില പ്രത്യേകതകൾക്ക് പ്രാധാന്യം വന്നു. അത് ശരിയാണെന്ന് ഇപ്പോൾ നടക്കുന്ന ഓരോ സംഭവങ്ങളും തെളിയിക്കുന്നു. പൗരത്വ നിയമവും പാട്ടകൊട്ടിക്കലും ഇവിടെ സാധ്യമാണെന്ന് ഇന്ത്യൻ മനുഷ്യനെ നിരീക്ഷിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാം. ഇതൊക്കെ പ്രതീകാത്മകമായി നോവലിൽ ഉൾച്ചേർന്നിട്ടുണ്ട്.

ജീവന്റെ അനന്യത / അന്തസ്സ്

ഇന്ന് കാണുന്ന ഓരോ ജീവിയും പ്രകൃതിയുടെ കൊടിയ പരീക്ഷണങ്ങളെ അതിജീവിച്ച് ഇവിടെ എത്തിയതാണ്. ഹിമയുഗങ്ങളെയും പ്ളേഗ് പോലുള്ള മഹാമാരികളെയും ലോകയുദ്ധങ്ങളെയും നേരിട്ടവരുടെ പിൻമുറ. നമ്മൾ ഇപ്പോൾ ജീവിച്ചിരിക്കാനുള്ള സാധ്യത കോടാനുകോടിയിൽ ഒരംശം മാത്രമാണ്. ഇരുപത് ലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന നമ്മുടെ മുതുമുത്തശ്ശനെ ഒരു കടുവ പിടിച്ച് തിന്നുവെങ്കിൽ, അല്ലെങ്കിൽ അയാൾ വസൂരി വന്ന് മരിച്ചുവെങ്കിൽ നമ്മൾ ഇന്നില്ല. അത്രയും അനന്യമാണ് മനുഷ്യ ജന്മം. ഇത് ഓരോ ജന്തുവിനും ബാധകം തന്നെ.

കൊറോണാനന്തര മനുഷ്യൻ

മനുഷ്യരാശി വലിയൊരു പരീക്ഷണ ഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. ആ മാറ്റത്തിന്റെ കാലത്തു തന്നെ ജീവിക്കാൻ കഴിഞ്ഞു എന്ന ഭാഗ്യം നമുക്കുണ്ട്. മഹാമാരിയെ നേരിടുന്നു എന്ന ദൗർഭാഗ്യവും ഉണ്ട്. കൊറോണയെ അതിജീവിച്ചതിന്റെ അനുഭവം കൂടി ഉള്ളവരായിരിക്കും നമ്മുടെ വരും തലമുറ. കൂട്ടം കൂടാൻ സ്വതേ താൽപ്പര്യമുള്ള ജീവിയാണ് മനുഷ്യൻ. മനുഷ്യരുടെ നേരിട്ടുള്ള സാന്നിധ്യം ഇല്ലാതെ തന്നെ യോഗങ്ങളും സമരങ്ങളും വിവാഹങ്ങളും ഉത്സവങ്ങളും നടത്താം എന്ന് നമ്മൾ ഇപ്പോൾ മനസ്സിലാക്കി. ഇങ്ങനെ പൊതുവിടങ്ങളിൽ നിന്നും മാറേണ്ടി വരുന്ന മനുഷ്യർ സമയത്തിന്റെ മിച്ചം എങ്ങനെ ഉപയോഗിക്കുന്നു എന്നിടത്താണ് വായനയുടെയും എഴുത്തിന്റെയും സർഗാത്മകതയുടെയും ഭാവി.

പുതിയ നോവല്‍

മലയാള സാഹിത്യത്തിൽ ഇതുവരെ കടന്നു വരാത്ത രണ്ട് വിഭാഗം മനുഷ്യരെ അടയാളപ്പെടുത്തുന്ന ഒരു നോവലിന്റെ രചനയിലാണ്. മുന്നൂറ് വർഷത്തെ ജീവിതം അതിലുണ്ടാവും. മറച്ചു വച്ച ചില ചരിത്ര സന്ദർഭങ്ങൾ അതിൽക്കൂടി വെളിപ്പെടും. ബുദ്ധപഥം എന്ന കഥാസമാഹാരം ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നുണ്ട്.

പുതിയ എഴുത്തുകാരോട്

എഴുതാനുള്ള കഴിവ് പോലെ പ്രധാനം തന്നെയാണ് ആവശ്യമില്ലെങ്കിൽ എഴുതാതിരിക്കാനുള്ളതും. ധാരാളമായി എഴുതുക. സ്വയം എഡിറ്ററാവുക. വേണ്ടെന്ന് തോന്നുന്നതിനെ നിഷ്കരുണം ഉപേക്ഷിക്കുക. ക്രമേണ, എഴുതാതിരിക്കാനുള്ള കഴിവ് ആർജ്ജിക്കുക.