കാണാതായ കൗമാരം

സുറാബ്
Posted on July 26, 2020, 6:21 am

സുറാബ്

വീട് പുതുക്കിപ്പണിയുന്നു. ചായ്പ്പിൽ മൂത്താശാരി ഗോവിന്ദേട്ടനും മകൻ കുമാരനും പണിയെടുക്കുന്നു. തൊട്ടടുത്ത് കഞ്ഞിക്കലത്തിൽ അരി തിളക്കുന്നുണ്ട്. ചിപ്ലിപ്പൊടിയും (ചീന്തേര് ) മരച്ചീളുമാണ് അടുപ്പിലെ തീ. ഇടയ്ക്ക് കഞ്ഞിയായോ എന്ന് കുമാരൻ കൈലിട്ട് നോക്കുന്നു.

ഗോവിന്ദേട്ടൻ നല്ല തമാശക്കാരനാണ്. മുമ്പ് പണിക്കുപോയ വീട്ടിലെ പല തമാശകളും പറയും. ശരിക്കും പറഞ്ഞാൽ തമാശയിലെ ഉസ്താദ്.

സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലം. ഒരിക്കൽ ഗോവിന്ദേട്ടൻ അവിടെത്തെ ഒരു വീട്ടിൽ പണിക്കുപോയി. ദൂരെനിന്നും ഗോവിന്ദേട്ടൻ വരുന്നതുകണ്ട വീട്ടിലെ പ്രായമുള്ള സ്ത്രീ പ്രായപൂർത്തിയായ മകളോട് പറഞ്ഞു. ” അതണേ, ആണ്ങ്ങ വര്ന്ന്.… . ആണ്ങ്ങ വര്ന്ന്.… . മാറിപ്പോണേ.… . ” മകൾ നോക്കിയപ്പോൾ ആശാരി ഗോവിന്ദേട്ടൻ. ” അത് ആണുങ്ങളല്ലുമ്മാ, ആശാരിയല്ലേ.… . ” മകൾ പറഞ്ഞതുകേട്ട് ഉമ്മ നോക്കിയപ്പോൾ ആശാരി തന്നെ. ആണുങ്ങളല്ല.

ഇത് പഴയ കഥയാണ്. പഴയ കാലത്തിലെ. പെണ്ണുങ്ങൾ അന്യമതക്കാരെ അന്യരല്ലാതായിക്കണ്ടിരുന്ന പഴങ്കാലം. അവർ മറഞ്ഞിരുന്നു ആണുങ്ങളായി കണ്ടിരുന്നത് സ്വന്തം സമുദായക്കാരെ മാത്രം. അവരുടെ മുന്നിൽ തലയിൽ തട്ടമില്ലാതെ പ്രത്യക്ഷത്തിൽ നിൽക്കാൻ പാടില്ല. *ഔറത്ത് മറക്കണം. ഒളിവും മറവും വേണം.

ഇങ്ങനെ ഗോവിന്ദേട്ടൻ പറഞ്ഞ എത്രയോ കഥകൾ മനസ്സിൽ പൊടിപിടിച്ചു കിടക്കുന്നുണ്ട്. ഉരുകിത്തിളയ്ക്കുന്നുണ്ട്. അതൊന്നും ഇതുവരെ എഴുതിയില്ല. ഗോവിന്ദേട്ടൻ എന്റെ ഉപ്പയുടെ വലിയ ചങ്ങാതിയാണ്, പാട്ടുകാരനായ എന്റെ ഉപ്പയുടെ. ഉപ്പയുടെ പാട്ടൊക്കെ മൂത്താശാരിക്ക് വലിയ പ്രിയമായിരുന്നു. അതുകൊണ്ടായിരിക്കാം പണി കഴിഞ്ഞു പോകുമ്പോൾ പാട്ടുകാരന്റെ മകന് താളമുണ്ടാക്കാൻ വീട്ടിമരത്തിൽ ചപ്ലാംകട്ട ( കൈത്താളം ) കടഞ്ഞു തന്നത്. എത്ര കൊട്ടിയിട്ടും മുട്ടിയിട്ടും എന്നിൽ അതിന്റെ താളം വന്നില്ല. ട്രെയിനിലൊക്കെ പാടുന്നവരുടെ കയ്യിൽ എത്ര അനായാസമായാണ് അത് ചലിക്കുന്നത്. അതും ആസ്പറ്റോസിന്റെ കട്ടയിൽ. നാടുവിടുന്നതുവരെ ചപ്ലാംകട്ട ഞാൻ സൂക്ഷിച്ചിരുന്നു. പിന്നീട് അതാരുകൊണ്ടുപോയെന്ന് അറിയില്ല. അതുപോലെ പഴയ ഓട്ടോഗ്രാഫും പുസ്തകങ്ങളും ചില്ലിട്ടുവെച്ച ഫോട്ടോകളും എന്നിൽനിന്നു മറഞ്ഞുപോയി. കാണാതായ കൗമാരം. മറക്കാൻ കഴിയാത്ത ചാരം മൂടിയ കാലം. ഓർക്കുമ്പോൾ അതൊരു മഞ്ഞുകാലമായി തോന്നും. ശീതകാലത്തെ കുളിരുകൾ. ചപ്പിലകൾ വാരിക്കൂട്ടി തീകാഞ്ഞ പ്രഭാതങ്ങൾ. പിന്നീട് എന്തുകൊണ്ടോ അത്തരം ഒരു പ്രഭാതം ജീവിതത്തിൽ ഉണ്ടായില്ല. ഉണ്ടായിരുന്നു, ആശാരി ഗോവിന്ദേട്ടനേയും അയാളുണ്ടാക്കിത്തന്ന ചപ്ലാംകട്ടയേയും ഓർക്കാനുണ്ടായ അനുഭവം.

കടലുകടന്നു അക്കരെ എത്തിയപ്പോൾ ആദ്യം കിട്ടിയ തൊഴിൽ ആശാരിപ്പണിയായിരുന്നു. സോഫാ നിർമ്മാണക്കമ്പനിയിൽ ആണിയടിക്കുന്ന പണി. ചെറിയ മുള്ളാണി സോഫയുടെ അരികിൽ പശകൊണ്ടു തേച്ചൊടിച്ചിടത്ത് അടിച്ചു കയറ്റണം. എത്ര അടിച്ചിട്ടും ആണി കയറുന്നില്ല. ചെറിയ ആണിയാണ്. പഴയ ചപ്ലാംകട്ടപോലെ വഴുതിപ്പോകുന്നു. മാത്രമല്ല. പെരുവിരലിൽ നഖം വളർത്തിയിട്ടുണ്ട്. അത് ആദ്യദിവസംതന്നെ വെട്ടിക്കളഞ്ഞു. എന്നിട്ടും ആണിയും മുട്ടിയും ഒന്നിക്കുന്നില്ല. വിരലുകൾ ചേരുന്നില്ല.

ഈ പണി ചെയ്ത ഒരാൾ നാട്ടിൽ പോകുന്നു. പകരക്കാരനായി കിട്ടിയ ജോലിയാണിത്. കഷ്ടപ്പെട്ടെങ്കിലും പിടിച്ചു നിൽക്കണം. നാടുവിട്ടാൽ നമ്മൾ മറ്റൊരാളായി. വേഷത്തിലും ഭാഷയിലും അളന്നെടുത്ത മറ്റൊരാൾ. ഓരോ മനുഷ്യനും ഓരോ അളവാണ്. ജീവിതത്തിൽ എനിക്കു കിട്ടിയത് 162 സെന്റീമീറ്ററാണ്. അത്രയേ ഞാൻ ഉയരമുള്ളൂ. ഇനി ഇതിൽനിന്നും ഉയരാൻ എന്നെക്കൊണ്ടാവില്ല.

പണ്ട് ഗോവിന്ദേട്ടൻ മരപ്പണിയിൽ മുഴുകുമ്പോൾ ഉപ്പ അടുത്തിരുന്നു പാടുമായിരുന്നു. തടകി മണത്ത് മൊഞ്ചുള്ള പെണ്ണിന്റെ. അപ്പോൾ ചായ്പ്പിൽ കാരക്കഴുത്തുള്ള അവൾ ലെങ്കീമറിയും. വർഷങ്ങൾ കഴിഞ്ഞു മറ്റൊരിടത്ത് അതേ മരപ്പണിയിൽ ഞാൻ സോഫക്ക് ആണിയടിക്കുമ്പോൾ ഫോർമാൻ എന്റെ പുതിയ പണികണ്ട് തുറിച്ചു നോക്കുമായിരുന്നു. ഇടയ്ക്കിടെ അലറുമായിരുന്നു. എപ്പോഴാണ് ഇവനെ പിരിച്ചുവിടേണ്ടതെന്ന് മനസ്സിലോർത്തുകൊണ്ട്.

* ഔറത്ത്: കാണാൻ പാടില്ലാത്തത്