ഇഞ്ചക്കാട്ടുകാരന്‍

Web Desk
Posted on May 27, 2018, 8:30 am

ഇഞ്ചക്കാട്ടുകാരന്‍ചിറവരമ്പേല്‍ കുട്ടി
നൂറുമൊരേഴും കഴിഞ്ഞ കുട്ടി, കുട്ടി-
യ്ക്കീയാണ്ടില്‍ പ്രായം ചെറുബാല്യം.

ഇഞ്ചക്കാട്ടുകാരന്‍ ചിറവരമ്പേല്‍ കുട്ടി
പുഴപോലെ ശാന്തനാം കുട്ടി,കുട്ടി
കിളിപോലെ പാറിപ്പറക്കും.

ഇഞ്ചക്കാട്ടുകാരന്‍ ചിറവരമ്പേല്‍ കുട്ടി
പല്ലു കിളിര്‍ക്കാത്ത കുട്ടി, കുട്ടി-
യ്‌ക്കേതോ കിനാവിന്‍ മുഴുപ്പ്.

ഇഞ്ചക്കാട്ടുകാരന്‍ ചിറവരമ്പേല്‍ കുട്ടി
കാറ്റുപോലെങ്ങും നിറഞ്ഞോന്‍, കുട്ടി
പാട്ടിന്റെ പൊന്മുളന്തണ്ട്

നിറപുഴ നീന്തിക്കടക്കും ഉഴും തേവും
ചക്രം ചവിട്ടും കിളയ്ക്കും കുട്ടിക്ക്
വേരുണ്ട് മണ്ണിലാഴത്തില്‍.

പൂവിലിലകളില്‍ തൊട്ടും തലോടിയും
കണ്ണിലാനന്ദം നിറയ്ക്കും കുട്ടിക്ക്
എന്നേരവും ചിരി ചുണ്ടില്‍.

കുട്ടിത്തം നിറവുള്ള മനമുണ്ടേല്‍ ദൈവം
കൂട്ടിനായുണ്ടെന്നു ചൊല്ലും കുട്ടിക്ക്
വാക്കെല്ലാം തേന്‍തൊട്ട നേദ്യം.

എന്തിലും ഏതിലും അത്ഭുതം, എപ്പോഴും
കാഴ്ചപ്പുതുമയില്‍ മുങ്ങും ‚കുട്ടിക്ക്
കാണുന്നതെല്ലാം പുസ്തകങ്ങള്‍

ദീപം നിറയായ നോട്ടം പതിപ്പിച്ച്
കനിവും നനവും തുറക്കും കുട്ടിക്ക്
വാഴ്‌വിന്‍ പൊരുള്‍ തെളിവാകും.

ഇഞ്ചക്കാട്ടുകാരനിവനെന്നും ചെറുബാല്യം
തീരില്ല ബാല്യം ചുടലയോളം, കുട്ടിക്ക്
കുട്ടിത്തമെന്നും കരുത്ത്.

 

ഇഞ്ചക്കാട് ബാലചന്ദ്രന്‍