26 March 2024, Tuesday

ആശാൻ കവിതയിലെ നവോത്ഥാന ചിന്തകൾ

ഡോ. എ മുഹമ്മദ്കബീർ
April 24, 2022 5:00 am

പാരമ്പര്യത്തിന്റെ ഇരുൾപ്പൂക്കൾ വീണ വഴികളെ കാല്പനികതയുടെ തീർഥജലത്താൽ തരളിതമാക്കി കവിതയിൽ കാലത്തിന്റെ ലാവണ്യാനുഭവം നിറച്ച മഹാകവിയാണ് കുമാരനാശാൻ. നിദ്രാണമായ ഒരു ജനതയെ അനുപമമായ കാവ്യവെളിച്ചം കൊണ്ട് ഞെട്ടിച്ചുണർത്തിയ ഈ കവി. മഹാകാവ്യമെഴുതാതെ മഹാകവിയായെന്ന പതിവുവഴക്കമാർന്ന അതിശയോക്തികളെ അപ്രസക്തമാക്കുംവിധം പർവതസദൃശം ഉയർന്നുനിൽക്കുന്നു. മധുവൂറും പദനിരയാൽ ചിന്തയിൽ അനുഭൂതിനിറച്ച് മാനവപുരോഗതി ലക്ഷ്യം വച്ച് കുമാരകവി വിശുദ്ധിയുടെ തെളിനീർച്ചന്തമാർന്ന നിരവധി കവിതകളെഴുതി. വായനക്കാരുടെ മനസ്സിന്റെ അഗാധതകളിലേക്ക് കിനിഞ്ഞിറങ്ങിയ മധുകണങ്ങളായിരുന്നൂ ആശാന്റെ ഓരോ കവിതയും. ഉപരിപ്ലവചിന്തകളെ കടപുഴക്കുന്ന കരുത്താർന്ന കാവ്യബോധത്തിനുടമയായിരുന്നൂ കുമാരനാശാൻ. കാവ്യാസ്വാദനത്തിന്റെ നേർവരകളിലൂടെ അനുവാചകനെ വഴിനടത്തുന്ന കവി ഉദ്ബോധനത്തിന്റെ സമാന്തരരേഖകളെയും ഒപ്പം ചേർക്കുന്നു. ഭാവാത്മകതയുടെ ശില്പബോധവും ആഖ്യാനത്തിന്റെ സൗകുമാര്യവും സമാസമം ചേർത്തുരചിച്ച മാനവജീവിതകഥകളാണ് ആശാന്റെ എല്ലാ കവിതകളും. ഇവയിൽ ദാർശനികതയുടെ ഉപ്പുകണം ചേർത്ത് രസം പകരാനും കവി മറന്നില്ല. സ്നേഹഗായകനെന്നും വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്നും വിശേഷണങ്ങളുടെ ധാരാളിത്തം ആശാനെത്തേടിയെത്തിയതിൽ അതിശയോക്തിയില്ല. ഇന്ദ്രിയാഭിലാഷങ്ങളുടെ ക്ഷണികസാന്നിധ്യമായിരുന്നില്ല ആശാന് സ്നേഹം. ആധ്യാത്മികതയുടെ പരമമായ ഉൾത്തുടർച്ചയിലേയ്ക്ക് കുമാരകവിയുടെ സ്നേഹം വഴിമാറുന്നു.
സ്നേഹത്തിൽ നിന്നുദിക്കുന്നൂ — ലോകം
സ്നേഹത്താൽ വൃദ്ധിതേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ ‑സ്വയം
സ്നേഹം താനാനന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ‑സ്നേഹ
വ്യാഹതി തന്നെ മരണം
സ്നേഹരാഹിത്യം മരണമാണെന്ന ദിവ്യബോധം പകർന്ന വാക്കുകളുടെ ഊർജമാണ് ആശാൻ കവിതകളുടെ ജനകീയതയ്ക്കടിസ്ഥാനം. പ്രകൃതിയുടെയും മനുഷ്യന്റെയും പാരസ്പര്യത്തിൽ നിന്നുമാണ് മാനവികതയുടെ കുളിരല പിറവികൊള്ളുന്നതെന്ന വിശ്വാസമാണ് കവിക്കുള്ളത്. സ്നേഹത്തിന്റെ പൂർണത ത്യാഗത്തിലന്തർലീനമാണെന്ന ബുദ്ധതത്വത്തിലാണ് കവി വിശ്വാസമർപ്പിച്ചത്. സകലജീവികളോടുമുള്ള മമതാബോധവും പ്രപഞ്ചസ്നേഹവും ആധ്യാത്മികച്ചുവയാർന്ന ഭയാശങ്കളും ചേർന്നൊരുക്കിയ കവിതകളായിരുന്നൂ ആശാന്റേത്. ഭൗതികതയെ ആധ്യാത്മികതയിൽ വിലയിച്ചൊരുക്കിയ കവിതകൾ വായനക്കാരിൽ സാന്ത്വനസ്പർശമായി മാറി. ധാർമികതയുടെ ചൂര് നിറച്ച കവിതകളാണ് ആശാന്റേത്. പുരോഗമനപരമായ ഒരു ആശയചിന്തയിൽ നിലയുറപ്പിച്ച് അതിനായി ആത്മത്യാഗം ചെയ്യുന്നവരാണ് കുമാരനാശാന്റെ കഥാപാത്രങ്ങൾ.
നിലവിലിരുന്ന വ്യവസ്ഥിതിക്കുനേരെ കലഹിച്ച കലാപകാരിയായിരുന്നൂ ആശാൻ. സാമൂഹികമായ ഉച്ചനീചത്വങ്ങൾക്ക് വിരാമമിടാൻ തന്റെ രചനകളിലൂടെ അദ്ദേഹം പൊരുതി.
നരനു നരനശുദ്ധ വസ്തുവാണുപോലും
ധരയിൽ നടപ്പതു തീണ്ടലാണു പോലും
നരകമിവിടമാണു ഹന്ത, കഷ്ടം
ഹര ഹര ഇങ്ങനെ വല്ല നാടുമുണ്ടോ?
എന്ന രക്തമിറ്റിയ ചോദ്യത്താൽ കവി കേൾവിക്കാരുടെ ഉള്ളുപൊള്ളിച്ചു. സർഗാത്മകതയുടെ വെയിൽത്തിളക്കമാർന്ന തന്റെ കഴിവിനെ സാമൂഹികമാറ്റത്തിന്റെ ടൂളായി വഴിമാറ്റുവാൻ കുമാരനാശാൻ തയാറായി. ആധ്യാത്മികതയുടെ അതിർത്തിയിൽ ബന്ധിതനായിരുന്ന കവിയെ വിപ്ലവകാരിയാക്കിയത് അക്കാലത്തെ സാമൂഹികാവസ്ഥയും സ്വാവബോധത്തിന്റെ തെളിമയുമായിരുന്നു. പ്രസ്തുത ബോധത്തിന്റെ ഉൾത്തുടിപ്പേറ്റിയ ചോദ്യമാണ് വിപ്ലവാഹ്വാനമായി ഒടുവിൽ പൊട്ടിത്തെറിച്ചത്.
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ
എന്ന വരികളിൽ നിറഞ്ഞിരിക്കുന്ന ക്ഷോഭത്തിന്റെ കനൽത്തിളക്കം അമ്പരപ്പിക്കുന്നതാണ്.
ജാതീയമായ വേർതിരിവുകളാൽ വിള്ളൽ വീണ സമൂഹഘടനയ്ക്കുള്ളിൽ ഒരവർണസമുദായത്തിലാണ് കുമാരനാശാൻ ജനിച്ചത്. സംസ്കൃതവിദ്യാഭ്യാസം ലഭിച്ചതോടൊപ്പം ശ്രീനാരായണഗുരുവുമായുള്ള ബന്ധം ബാംഗ്ലൂരിലേയ്ക്കും കൽക്കത്തയിലേയ്ക്കുമുള്ള ഉപരിപഠനസാധ്യതകൾ തുറന്നിട്ടു. പുതുചിന്തകളും സ്വാതന്ത്യ്രസമരവീര്യവും സാമൂഹികനവീകരണവ്യഗ്രതയും ചേർന്നൊരുക്കിയ കാവ്യബോധം ഇംഗ്ലീഷ് വിദ്യാഭ്യാസവും പാശ്ചാത്യകാവ്യചിന്തകളും ചേർന്നതോടെ കൂടുതൽ കരുത്താർജിച്ചു. മാനവികദുരന്തത്തിന്റെ നിഴൽപറ്റിയുള്ള ജീവിതസഞ്ചാരമായിരുന്നൂ കവിയുടേത്. നരജീവിത വേദനയിൽ അസ്വസ്ഥനായ കവിഹൃദയത്തിന്റെ തേങ്ങലിൽ ക്ലാസിക്കൽ ദുരന്തബോധം പതിഞ്ഞുകിടക്കുന്നുണ്ട്.
കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ
വരുതിലഭിച്ചതിൽ നിന്നിടാവിചാരം
പരമഹിതമറിഞ്ഞുകൂട, യായു
സ്ഥിരതയുമില്ലതിനിന്ദ്യമീ നരത്വം
ലീലാകാവ്യത്തിൽ കവി അവതരിപ്പിക്കുന്ന ഈ ആശയഗതി വായനക്കാരിൽ നിരന്തരസ്മൃതിയായി മാറാൻ തക്ക കരുത്തുള്ളതാണ്. കവിമനസിലെ എല്ലാ ദുരന്തബോധ്യങ്ങളും മരണത്തിന്റെ ചിറകിനുള്ളിൽ ബന്ധിതമാകുന്നു. നളിനി, ലീല, കരുണ എന്നീ കൃതികളിൽ മരണഗന്ധം പ്രത്യക്ഷമായും ‘ചണ്ഡാലഭിക്ഷുകി‘യിലും ‘ദുരവസ്ഥ’യിലും പരോക്ഷമായും വായനക്കാർ അനുഭവിക്കുന്നു.
നവോത്ഥാനചിന്തകൾ നിറച്ച വർണക്കൂട്ടുകളായിരുന്നൂ ആശാന്റെ കവിതകൾ. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും പേരിലുള്ള ചേരിതിരിവ് മാനവപുരോഗതിക്ക് തടസ്സമാണെന്ന് ആശാൻ തിരിച്ചറിഞ്ഞു. ജാതിചിന്തയ്ക്കെതിരെ ആഴമേറിയ ആശയലോകമാണ് ശ്രീനാരായണഗുരു ഉയർത്തിയത്.
ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്. വേറൊരുവന്റെ ജാതി എന്തെന്നറിയാനുള്ള ഉദ്വേഗം, തന്റെ ജാതിയെപ്പറ്റി തോന്നുന്ന അഭിമാനം എന്നിവയിൽ നിന്ന് മോചിതമായ മനസുകൾക്കേ ജാതിബോധത്തെ തോൽപ്പിക്കാൻ കഴിയൂ. കുമാരനാശാൻ തന്റെ കവിതയിലൂടെ ഗുരുവിന്റെ ഈ ദർശനത്തെ സാക്ഷാൽക്കരിച്ചു. വർത്തമാനകാലത്തെ ഇന്ത്യനവസ്ഥയുടെ പ്രതിഫലനമായി ‘ഒരു തീയക്കുട്ടിയുടെ വിചാരം’ മാറുന്നു. ദേശീയതയെന്ന കപടബോധ്യത്തിൽ മനുഷ്യരെ വേർതിരിച്ച് ബഹുസ്വരസംസ്കാരത്തെ ദുർബലപ്പെടുത്തുന്നതിന്റെ ഭീതിദമായ ചിത്രമാണല്ലോ ഇന്നത്തെ ഇന്ത്യയുടെ ഭരണാധിപത്യകാഴ്ചയിലുള്ളത്.
എന്തിനു ഭാരതധരേ കരയുന്നു? പാര-
തന്ത്യ്രം നിനക്കു വിധികല്പിതമാണു തായേ
ചിന്തിക്ക ജാതിമദിരാന്ധരടിച്ചു, തമ്മി-
ലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം.
പ്രവാചകധ്വനിയാർന്ന പ്രസ്തുത വരികളിൽ തെളിയുന്ന ദുഖത്തിന്റെ കനൽത്തിളക്കം നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നു.
ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും തന്റെ ആശയാഭിലാഷങ്ങളുടെ അവതരണഭംഗികൊണ്ട് കവി വെടിക്കെട്ടുകൾ തീർത്തു. സാവിത്രിഅന്തർജനം ചാത്തൻപുലയന്റെ കൈപിടിച്ചത് വരേണ്യബോധത്തിൽ ഇടിമുഴക്കം തീർത്തു. അടുക്കളച്ചുവരിനുള്ളിൽ ആലംബമറ്റ സ്ത്രീമനസ്സുകളിൽ സ്വാതന്ത്യ്രത്തിന്റെയും ആത്മബോധത്തിന്റെയും തീർഥജലമായി ‘ചിന്താവിഷ്ടയായ സീത’യും ‘നളിനി‘യും ‘ലീല’യും ‘ദുരവസ്ഥ’യുമെല്ലാം മാറി. ജാതിരഹിത മതരഹിത വിവാഹം അസാധ്യമാക്കുംവിധം
ലവ് ജിഹാദെന്ന വ്യാജനിർമിതിയിലേർപ്പെട്ട് സ്ത്രീപുരുഷമനസ്സുകളുടെ ആഗ്രഹപൂർത്തീകരണത്തെ തടയുന്നവർക്കൊരു താക്കീതുപോലെ ‘ലീല’യിലെ വരികൾ ഇപ്പോഴും തിളങ്ങിനിൽക്കുന്നു.
പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമവ — മനസ്വിമാർ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാൽ.
പ്രായപൂർത്തിയായ സ്ത്രീപുരുഷന്മാർക്ക് ഒരുമിച്ചുജീവിക്കാൻ ജാതിബോധം പ്രധാനമാണെന്ന് ചിന്തിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന വരികളാണ് ‘ലീല’യിൽ കുമാരനാശാൻ വരച്ചിടുന്നത്.
യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ.
ഒരു നൂറ്റാണ്ടു മുമ്പ് കുമാരനാശാൻ പ്രകടിപ്പിച്ച ഉന്നതചിന്തയിൽ നിന്നും എത്രയോ പിന്നാക്കം പോയൊരു സമൂഹമാണ് ഇന്നത്തേതെന്ന് ചിന്തിക്കുമ്പോൾ നാമൊരു തോറ്റജനതയായി മാറുന്നുവെന്ന ബോധ്യമുണരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഭരണാധികാരികൾക്കും കുമാരനാശാൻ തന്റെ കവിതയിലൂടെ ശക്തമായ താക്കീതാണ് നൽകുന്നത്.
മോഹം കളഞ്ഞു ജനത്തെ — ത്തമ്മിൽ
സ്നേഹിപ്പാൻ ചൊൽക നരേന്ദ്രാ.
എന്ന ഉപദേശത്തിൽ ഒരു രണ്ടാം നവോത്ഥാനത്തിന്റെ അല ഒളിഞ്ഞുകിടക്കുന്നുണ്ട്. ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് പ്രതീക്ഷാനിർഭരമായി യാത്രതുടരുന്ന ഒരു സമൂഹത്തിന്റെ മുന്നിലെ പ്രകാശത്തിന്റെ നാളം ഊതിക്കെടുത്തി വീണ്ടും അവരെ ഇരുളിലേയ്ക്ക് തള്ളിവിടാൻ ശ്രമിക്കുന്ന വിധ്വംസകശക്തികളെ നാം കരുതിയിരിക്കണമെന്ന സൂചനയും ഇതിലുണ്ട്.
1873 ഏപ്രിൽ 12 ന് ചിറയിൻകീഴ് താലൂക്കിൽ കായിക്കരദേശത്ത് തൊമ്മൻവിളാകം വീട്ടിൽ ജനിച്ച കുമാരനാശാന്റെ നൂറ്റിഅൻപതാം ജന്മദിനമാണ് കടന്നുപോയത്. തത്വചിന്തയും ലോകോക്തികളും ചേർത്ത് മനുഷ്യമനസ്സിനെ വിശുദ്ധിയിലേക്കുയർത്താനാണ് കുമാരനാശാൻ ശ്രമിച്ചത്. ജീവിതത്തെ സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുവാൻ ആശാൻകവിതയോളം സഹായകമായി മറ്റൊന്നുമില്ല. കാലം കഴിയുന്തോറും കുമാരനാശാന്റെ ചിന്താഭരിതമായ വരികൾക്ക് തിളക്കവും മൂല്യവുമേറുകയാണ്. അശാന്തിപർവങ്ങളിൽ നിന്ന് ഇപ്പോഴും വീശിയെത്തുന്ന കാറ്റിൽ ശാന്തിയും സമാധാനവും നിറയ്ക്കാൻ കരുത്തുള്ളവയാണ് കുമാരനാശാന്റെ എല്ലാ കവിതകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.