അഭിലാഷ് കൊട്ടാരക്കര

February 23, 2020, 6:00 am

മറഞ്ഞിരിക്കുന്നൊരു ഗിരി കന്ദരം

Janayugom Online

മതിവരാക്കാഴ്ചകളുടെ ഗ്രാന്റ് കന്യോൺ

അമേരിക്കയിലെ കൊളറാഡോ നദിക്ക് 200 കോടി വർഷങ്ങളായി കാവലാളായി നിൽക്കുന്ന ‘ഗ്രാന്റ് കന്യോൺ ‘(Grant Canyon) എത്രയോ കാലമായി മാനവരാശിയെ ആകർഷിച്ചും കൊതിപ്പിച്ചും കൊണ്ടിരിക്കുന്ന മലയിടുക്കിന്റെയും നദീ പ്രവാഹത്തിന്റെയും സുന്ദര സംഗമസ്ഥാനമാണ്. അക്ഷരാർത്ഥത്തിൽ തന്നെ വിനോദ സഞ്ചാരികളുടെ സ്വപ്ന ഭൂമി! canyon എന്ന ഇംഗ്ലീഷ് വാക്കിനുള്ള സർഗമലയാളം ‘കന്ദരം’ എന്നാണ്. നദി കൊണ്ട് വിഭജിക്കപ്പെട്ട മലയിടുക്കെന്ന് ലളിതമായി കരുതാം. ഭഗവദ് ഗീതയുടെ ഭക്തി യോഗത്തിലെ ഒരു ശ്ളോകത്തിൽ ഒരിടത്ത് ‘ഗഹനമായ ഗീതാരഹസ്യത്തിന്റെ പർവ്വതനിരകൾ ഉയരട്ടെ, നിരീശരവാദമാകുന്ന കന്ദരം നശിക്കട്ടെ’ എന്ന് പറയുന്നുണ്ട്. പുരാണേതിഹാസങ്ങൾ പോലും ഗിരിശൃംഖങ്ങൾക്ക് നൽകിയ മഹത്വവും ഔന്നത്യവും മലയിടുക്കുകൾക്കും കന്ദരങ്ങൾക്കും നൽകിയിരുന്നില്ലെന്ന് വേണം കരുതാൻ. അതു കൊണ്ടാവാം സർഗ സൃഷ്ടികൾ അധികവും കന്ദരങ്ങൾക്ക് പതിത്വം കൽപ്പിച്ചതും. മലയിടുക്കുകളിൽ നടക്കുന്ന സുന്ദര കഥകളും കവിതകളും നമുക്ക് അത്രയൊന്നുമില്ലല്ലോ. പക്ഷെ മനുഷ്യന്റെ കണ്ണുകളെ കന്ദരങ്ങൾ തോൽപ്പിക്കുക തന്നെ ചെയ്തു. അങ്ങനെ അവഗണിക്കപ്പെടാവുന്നവയല്ല Canyon ( കന്ദരങ്ങൾ ) അങ്ങ് അമേരിക്കയിലായാലും ഇങ്ങു ഇന്ത്യയിലായാലും.

ഒരിന്ത്യൻ കന്യോൺ കഥ!

അടരുകളായി അടുക്കി വെക്കപ്പെട്ട വൈവിധ്യമാർന്ന പാറകളുടെ കിഴുക്കാം തൂക്കായ പർവ്വതനിരയാണ് കന്ദരങ്ങൾ. ഇരുകരകളിലും നിന്ന് ഒരമ്മ പെറ്റ സഹോദരങ്ങളെ പോലെ മുഖാമുഖം നോക്കുന്ന മലയിടുക്കും അതിനിടയിലൂടെ ശാന്തമായൊഴുകുന്ന നദിയും ചേർന്ന ഹൃദ്യമായ കാഴ്ച സ്വയമേവ ഉണ്ടായതല്ല, പരിശ്രമിയായ കാലത്തിന്റെ നിർമ്മിതിയാണത്. കന്ദരങ്ങൾ കാണുമ്പോൾ ലോഹം പോലെ തിളങ്ങുന്ന നദി കൊണ്ട് മുറിച്ചെടുത്ത കേക്ക് കഷണം പോലെ തോന്നും. കാന്യോണുകൾ ഉണ്ടായതും സത്യത്തിൽ അങ്ങനെയാണ്. ഭൂമിയുടെ പുറംതൊലി ഭേദിച്ച് ഉള്ളുതുറന്ന് കാട്ടപ്പെടുമ്പോഴാണ് കാന്യോണുകൾ ഉണ്ടാകുന്നത്. അതുകൊണ്ടാണ് അവ അത്രയും നിഗൂഢമായതും, നിഗൂഢതകളെ എന്നും ഇഷ്ടപ്പെടുന്ന മനുഷ്യൻ കന്യോണുകളെ അടുത്തുകാണാൻ അത്രയേറെ ഇഷ്ടപ്പെടുന്നതും. സഞ്ചാരത്തിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നായ അമേരിക്കയിലെ ഗ്രാന്റ് കന്യോണിനെ കുറിച്ചുള്ള ചിന്തകളും അന്വേഷണങ്ങളും നടത്തുന്നതിനിടയ്ക്കാണ് ഒരു ചെറിയ ചിത്രം കണ്ണിൽ പെട്ടത്. ഒരു കൊച്ചു കാന്യോണിന്റെ ചിത്രം. കൊളറാഡോയിലെ കാന്യോൺ പോലെ അത്ര ബൃഹത്തരവും വ്യാപ്തിയുള്ളതുമല്ലെങ്കിലും സൗന്ദര്യത്തിനോട്ടും കുറവില്ലാത്ത ഒരു ‘കുട്ടി കാന്യോൺ ” കൂടുതൽ അന്വേഷിച്ച പ്പോൾ അത് നമ്മുടെ സ്വന്തം ആന്ധ്രയിൽ. കടപ്പാ ജില്ലയിലെ ഗണ്ടിക്കോട്ടെയിൽ! മറ്റൊന്നുമാലോചിച്ചില്ല അത്യാവശ്യം ഒരുക്കങ്ങളും നടത്തി നേരെ യാത്രതിരിച്ചു ഗണ്ടിക്കോട്ടെയ്ക്ക്, ഇന്ത്യൻ മണ്ണിലെ ഗ്രാന്റ് കന്യോണിലേക്ക്!.

പൊന്നാറിന്റെ സന്തതി

ആന്ധ്രയിലെ പെന്നാർ നദിക്കരയിലെ കടപ്പാജില്ലയിലെ വളരെ ചെറിയൊരു ഗ്രാമമാണ് ഗണ്ടിക്കോട്ടെ. നമുക്കിവിടെ ഏറെ പ്രസിദ്ധമായ കടപ്പക്കല്ലിന്റെ അടുക്കുകൾ കൊണ്ട് മതിലുകൾ തീർത്ത വൃത്തിയുള്ള ടാർ റോഡിലൂടെയുള്ള സുഖ യാത്ര. ഒടുവിൽ ഗണ്ടിക്കോട്ടെ കന്യോണിൽ ചെന്നു നിന്നു. കുറച്ചു ചെറിയ കടകളും അധികം പൊക്കമില്ലാത്ത കുറ്റിച്ചെടികളും കൊണ്ട് നിറഞ്ഞ ഒരു ഗ്രാമം. 360 ഡിഗ്രിയിൽ ആന്ധ്ര മുഴുവൻ കാണാനാകും. തടസമായി നിൽക്കുന്നത്. ഒരു വലിയ കോട്ടമതിൽ മാത്രം, ആ കോട്ടമതിലിന്റെ ഏതെങ്കിലും ഒരു കൊത്തളത്തിൽ കയറിനിന്ന് നോക്കിയാൽ നേരത്തെ കണ്ടതിലുമധികം ‘ആന്ധ്ര ’ കാണാം. കോട്ടക്കുള്ളിൽക്കയറി ചെറുനടപ്പാതയിലൂടെ നടന്ന് ചെല്ലുന്നത് ഗണ്ടിക്കോട്ടെ കന്യോനിന്റെ മുകളിലാണ്. വന്മല ചെത്തിനിർത്തിയപോലെ നിരപ്പാർന്ന ഭൂമി. ആരും അന്തംവിട്ടുപോകും കണ്മുന്നിൽ യു എസ് ഗ്രാന്റ് കാന്യോനിന്റെ അസ്സൽ മിനിയേച്ചർ! ഒരു വേളയെങ്കിലും കൊളറാഡോയിലെ സ്വപ്ന ഭൂമിയിലെത്തിയെന്ന് ഉറപ്പായും സംശയിച്ചുപോകുന്നത്ര സാമ്യത. വെട്ടിയൊരുക്കിയ മാതിരി അടരുകളായി അടുക്കിയൊരുക്കിയിരിക്കുന്ന ചുകചുകപ്പൻ കല്ലുകളുടെ മലയിടുക്ക്. പ്രകൃതിയെന്ന കല്ലാശാരിയുടെ ‘കണപ്പ് ’ തെറ്റാത്ത കരവിരുത്. പിളർന്നുമാറിയ മെത്ത മാതിരി തോന്നിക്കുന്ന പീഠഭൂമിയിൽ ചക്രവാളത്തോളം ദൂരത്തിൻ പച്ചപ്പുല്‍ മെത്ത. ആരോ കൊണ്ടിട്ട പച്ചപ്പുതപ്പു പോലെ തോന്നും അത് കണ്ടാൽ. മലയാളക്കരയിലൊരിക്കലും ഇത്രയും വ്യാപ്തിയിലൊരു കാഴ്ച്ച സമനിരപ്പിൽ അസാധ്യമാണ്. തീർന്നില്ല, ചെങ്കുത്തായി മുറിച്ചുവെച്ച മലയിടുക്കിൽ താഴെ ഏതാണ്ട് അഞ്ഞൂറോളം അടി താഴ്ച്ചയിൽ പെന്നാർ ശാന്തമായിയൊഴുകുന്നു. സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഒഴുകുന്നുവെന്ന് തോന്നുകയുള്ളു. വലിച്ചുകെട്ടിയ പച്ചപ്പാട പോലൊരു പാവം നദി. അല്പം ചരിത്രമന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവളത്ര പാവമല്ലെന്ന്. ഈ കടുകെട്ടിപ്പാറകളെ മുറിച്ചു പിളർത്തിയത് അവളാണത്രേ.

ലേഖകൻ ഗണ്ടിക്കോട്ടയിൽ

ഭൂമിയുടെ അല്പം ശാസ്ത്രം

നൂറിലധികം കോടി വർഷങ്ങളായി ഒഴുകുന്ന നദികൾ, അതിന് ഒഴുകാനിടം കൊടുത്ത മലകളുടെ ഇരുവശങ്ങളെയും കുറേശ്ശെ അലിയിച്ച് താഴേക്ക് അരിഞ്ഞ് മുറിച്ചെടുത്തവയാണ് ഭൂമിയിലെ ക്യാനോനുകൾ. ഗ്രാന്റെ കന്യോൻ 200 കോടി വർഷം കൊണ്ട് കൊളറാഡോ നദി അരിഞ്ഞെടുത്തതാണത്രേ. ആറേഴ് കിലോമീറ്ററോളം നീളത്തിൽ ഏറമ്മല പർവ്വതഖണ്ഡത്തെ നെടുകെ മുറിച്ചെടുത്തുണ്ടാക്കിയതാണ് ഗണ്ടികോട്ടെ കന്യോൻ. ഒച്ചുപൊലൊഴുകുന്നൊരു നദി കടുകെട്ടി പാറകളെ മുറിച്ചു മാറ്റിയെന്നത് നമുക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമാകാം. പക്ഷെ നേരിട്ട് അവിടെച്ചെന്ന് ഒന്നു കണ്ടു നോക്കണം, പ്രകൃതിയെന്ന വലിയ മനുഷ്യനു മുന്നിൽ പർവ്വതങ്ങൾ വെറും കേക്ക് കഷണങ്ങളും നദിയൊരു കത്തിയുമായി മാറുന്നത് അപ്പോൾ നമുക്കനുഭവപ്പെടും. പുതിയ ഗ്രാനൈറ്റുകൾക്ക് നൽകാനാകുന്നതിനുമപ്പുറമുള്ള സൗന്ദര്യമാണ് മുറിച്ച് പിളർത്തി നിർത്തിയ കന്യോൻ പാറയടുക്ക്. ആഗ്നേയ ശിലകളാണവ. കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ ഉപരിതലത്തിലും ഉള്ളിലുമുള്ള ഉരുകി തിളച്ച ദ്രവ രൂപത്തിലുള്ള പാറകൾ തണുത്തുറഞ്ഞ് ഉണ്ടായവയാണ് ആഗ്നേയശിലകൾ. അഗ്നി പർവ്വതങ്ങളിലൂടെയും അവ രൂപപ്പെടും. അതുകൊണ്ട് തന്നെ ഭൂമിയിലെ ഭൂരിഭാഗം ആഗ്നേയ ശിലകളും മണ്ണിനടിയിലാണ്. ഉപരിതലത്തിൽ വളരെക്കുറച്ചെയുള്ളു. അക്കാരണത്താലാണ് പ്രകൃതിയുടെ വാത്സല്യത്തിൽ ഉരുകിയുറച്ച പാറകളുടെ സൗന്ദര്യം നമുക്ക് ഭൂമോപരിതലത്തിൽ ലഭിക്കാതെ പോകുന്നതും. ഗണ്ടികോട്ടയിലെ ഭൂമിക്കടിയിലെ സവിശേഷ നിറലാവണ്യമുള്ള ആ ശിലകളെ കുത്തനെ മുറിച്ച് ഭൂമിയുടെ ആന്തരിക സൗന്ദര്യത്തെ അടരുകളായി തുറന്നു കാട്ടിത്തന്നതാണ് പെന്നാർ നദി ചെയ്ത കഠിന കൃത്യം. ചെങ്കുത്തായ മലയുടെ ശിഖരങ്ങളിൽ ‘ദാ ഇപ്പൊ താഴെ വീഴു’ മെന്ന് തോന്നുന്ന തരത്തിൽ ചരിഞ്ഞ് വിശ്രമിക്കുന്ന ചതുര, ത്രികോണ, പഞ്ചഭുജ ആകൃതികളിലൊക്കെയുള്ള പാറക്കൂട്ടം നമ്മെ വല്ലാതെ അമ്പരപ്പിക്കും. ചെങ്കുത്തായ മലമുകളിൽ നിന്ന് താഴെ പെന്നാറിലേക്ക് നോക്കുന്ന പ്രവൃത്തി തന്നെയാണ് വിനോദ സഞ്ചാരികളെ ഹരം കൊള്ളിക്കുന്ന ഏറ്റവും വലിയ സാഹസിക കൃത്യം. കാലും മനസ്സും വിറകൊള്ളുന്ന നിമിഷങ്ങൾ. അതുപോലെ ഭയകൗതുകങ്ങൾ ജനിപ്പിക്കുന്നതാണ് അമിത ജനക്കൂട്ടങ്ങൾക്ക് പിടികൊടുക്കാതെ ഒളിഞ്ഞിരിക്കുന്ന ഗണ്ടികോട്ടയും.

ഒളിഞ്ഞിരിക്കുന്ന ഗണ്ടികോട്ടെ

ഇത്രയൊക്കെയായിട്ടും നാണം കുണുങ്ങിയാണ് ഗണ്ടിക്കോട്ടെ. മറ്റിടങ്ങളെയപേക്ഷിച്ച് നോക്കുമ്പോൾ ഇത്രയേറെ കാഴ്ചഭംഗിയുണ്ടായിട്ടും വിനോദസഞ്ചാരികൾ വളരെ കുറവാണ്. വലിയ കോട്ടക്കുള്ളിൽ ഒട്ടും തിരക്കില്ലാതെ നമുക്കെല്ലായിടത്തും യഥേഷ്ടം സഞ്ചരിക്കാം. പണിതീരാതെ നിർത്തിപോയതും ഇടിഞ്ഞുവീണതുമായ ഒട്ടേറെ കെട്ടിടാവശിഷ്ടങ്ങളാൽ സമ്പന്നമാണ് കോട്ടയ്ക്കകം. ഗണ്ടികോട്ടയുടെ ചരിത്രവും സൗന്ദര്യവും സാഹസികതയുമെല്ലാം കോട്ടക്കുള്ളി ൽ ഒളിഞ്ഞിരിക്കുകയാണ്. പെന്നാർ നദിക്കരയിലെ പാറകൾ കീറി പണി തീർത്ത് ഏതാണ്ട് ഏഴ് കിലോമീറ്ററോളം വ്യാപിച്ച് കിടക്കുകയാണ് ഗണ്ടിക്കോട്ടെ.. 40 അടി പൊക്കത്തിൽ കെട്ടിയുയർത്തിയ ഭീമൻ കോട്ട. നൂറോളം കൊത്തളങ്ങൾ, മിനാരങ്ങൾ തുടങ്ങിയ നിർമ്മിതികൾ കൊണ്ട് നിറഞ്ഞ കോട്ടക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചാലൂക്യ രാജവംശത്തിലെ കക്കരാജ എ ഡി 1123 ൽ പണിത ഗണ്ടിക്കോട്ടെ പതിനഞ്ചാം നൂറ്റാണ്ടോടെ ഗോൽകോണ്ടയിലെ ക്വാതിബ്ഷാനി പിടിച്ചെടുത്തതായും രേഖയുണ്ട്. കന്യോൻ കൂടാതെ ചരിത്ര കൗതുക കാഴ്ചകളുടെ ഉത്സവമാണിവിടെ. കൃഷ്ണദേവരായർ പണികഴിപ്പിച്ച മാധവരായർ ക്ഷേത്രവും അത്ഭുതപ്പെടുത്തുന്ന കൊത്തുപണികളുള്ള രഘുനാഥ ക്ഷേത്രവും ഈ കോട്ടക്കുള്ളിലുണ്ട്. ഒറ്റക്കല്ലിൽ തീർത്ത ശില്പചാതുരിയുടെ സൂഷ്മ സൗന്ദര്യം നമ്മെ അത്ഭുതപ്പടുത്തും. മുഹമ്മദ് ക്വതിബ് ഷാനി നിർമ്മിച്ച ജുമാ മസ്ജിദും ചാർമിനാറുകളും മുഗൾ നിർമ്മിതികളുടെ സൗന്ദര്യമാവാഹിച്ച മഹ്റബയും മിനാരങ്ങളും ഈ ക്ഷേത്രങ്ങളോട് ചേർന്നുതന്നെയുണ്ട്. ഏറെ കൗതുകം ജനിപ്പിക്കുന്ന മറ്റൊരു കാഴ്ച്ചയാണ് ഈ ആരാധനാലയങ്ങൾക്കിടയിലുള്ള വെളിമ്പ്രദേശത്ത് നിർമ്മിച്ച ഭീതി ജനിപ്പിക്കുന്ന ജയിൽ കെട്ടിടം. അതിഭീമമായ ആയുധപ്പുരയും, തൊട്ടു മുന്നിലായി കല്ലുകെട്ടി സംരക്ഷിച്ച ചെറു കുളങ്ങളും കാണാം. പമ്പ് സെറ്റ് പിടിപ്പിച്ചു ഇന്നവ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. കോട്ടക്കുള്ളിൽ എത്രയോ കാലങ്ങളായി പരമ്പരയാ താമസിക്കുന്ന ‘നാട്ടുകാർ’ പറയുന്നത് ആ ചെറു കുളങ്ങൾ കാതുല കൊനേരു ( വാൾ കുളങ്ങൾ ) ആയിരുന്നുവെന്നാണ്. യുദ്ധം കഴിഞ്ഞുവന്ന യോദ്ധാക്കൾ ചോര കട്ടപിടിച്ച വാളുകൾ കഴുകാനുപയോഗിക്കുന്ന കുളങ്ങൾ. പണ്ട് അവയിൽ ചുവന്ന നിറത്തിലുള്ള വെള്ളമായിരുന്നുവത്രെ!. ഈ ചരിത്രസ്മൃതികളൊക്കെയും കണ്ടുകണ്ടാണ് നാം പെന്നാറൊഴുക്കുന്ന മലയിടുക്കിന്റെ മുകൾ പീഠത്തിലെത്തുന്നത്.

മതിവരാതെ മടങ്ങേണ്ടിവന്നു

ചൂട് ജാസ്തി ആയിരുന്നു എങ്കിലും ഗണ്ടിക്കോട്ടെയിലെ ആ സുന്ദരമായ മണ്ണിൽ നിന്ന് കൊതിതീരാതെയും കണ്ടു മതിവരാതെയുമാണ് മടങ്ങേണ്ടി വന്നത്. ചരിത്രം പ്രകൃതിയുമായും പ്രകൃതി ചരിത്രത്തോടും രമി ച്ചു കഴിയുന്ന തിരക്കുകളില്ലാത്ത, ബഹളങ്ങളൊട്ടുമില്ലാത്ത ഒരിടം. യാത്ര, ഭക്ഷണം, താമസം തുടങ്ങിയവയൊക്കെ അല്ലറ ചില്ലറ ബുദ്ധിമുട്ടുകളൊക്കെ നേരിടാനിടയുണ്ടെങ്കിലും അവയെ കവച്ചുവയ്ക്കുന്നസ്മരണയും പാഠങ്ങളും ഗണ്ടിക്കോട്ടയിലെ ആ കന്ദരം നമുക്ക് നൽകും. ഭൂമിയുടെ ഉള്ളാണത്. പാറക്വാറികളിൽ കാണുന്ന മനസ്സ് നീറ്റുന്ന ഉള്ള് അല്ല, മറിച്ച് പ്രകൃതി കാലത്തെ കൂട്ടുപിടിച്ച് കനിവോടെ കാട്ടിത്തരുന്ന ധരയുടെ ആന്തരിക സൗന്ദര്യം. കലിനിറഞ്ഞ മനുഷ്യനെ പലതും പഠിപ്പിക്കാനും ഉള്ളിലും പുറത്തുമുള്ള സൗന്ദര്യം ഒരുപോലെ ഹൃദ്യമാണെന്ന് ഓര്‍മിപ്പിക്കാനും, പ്രകൃതി നിഗൂഢമായ ഇന്ത്യൻ മണ്ണിൽ കരുതിവച്ചിരിക്കുന്ന ഒരപൂർവ ഇടം. അത് നിഗൂഢമായതുകൊണ്ടാവാം ഗണ്ടിക്കോട്ടയിലെ പെന്നാർ മലയിടുക്കും ഇപ്പോഴും നാണം പിടിച്ചു മറഞ്ഞു തന്നെയിരിക്കുന്നത്.

Eng­lish Summary:janayugom varan­tham maran­jirikkun­noru giri kandham