28 March 2024, Thursday

ജനപ്രതിനിധികളും ജനങ്ങളും അറിയാൻ

എസ് എം വിജയാനന്ദ്
September 19, 2021 6:28 am

യഥാർത്ഥ അധികാരം തദ്ദേശഭരണ സ്ഥാപനങ്ങളിൽ എത്തിക്കുന്ന കേരളത്തിന്റെ അധികാര വികേന്ദ്രീകരണ മാതൃക, ഒരു ദേശീയ മാത്യകയാണ്. ഇതിനു കാരണം അധികാര വികേന്ദ്രീകരണത്തിനായി രൂപീകരിച്ച ഡോ. എസ് ബി സെന്നിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സെൻ കമ്മിറ്റി എന്നറിയപ്പെടുന്ന, അദ്ദേഹത്തിന്റെ മരണശേഷം വി ജെ തങ്കപ്പൻ വൈസ് ചെയർമാനായിരുന്ന കമ്മിറ്റിയുടെ ശരിയായ ദിശയിലുള്ള പോളിസിയും, നിയമപരമായ ചട്ടക്കൂട് രൂപീകരണവുമായിരുന്നു. എംഎൽഎ എന്ന നിലയിലും, കമ്മിറ്റി അംഗം എന്ന നിലയിലുമുള്ള ഇരട്ട പദവികളിൽ പ്രകാശ് ബാബു ഇക്കാര്യങ്ങളിൽ വലിയ സംഭാവന നല്കി. ഈ പുസ്തകത്തിൽ പ്രകാശ് ബാബു പ്രസ്തുത കമ്മിറ്റിയുടെ സംഭാവനയെക്കുറിച്ചും, നിയമനിർമാണ പ്രക്രിയയെക്കുറിച്ചും പൊതുവായ ഒരു വിലയിരുത്തൽ നടത്തുന്നു.
പ്രകാശ് ബാബുവിനെ 1980-കൾ മുതൽ, കൊല്ലം ജില്ലയിൽ അദ്ദേഹം മുൻമന്ത്രി ഇ ചന്ദ്രശേഖരൻ നായരെ പ്രതിനിധീകരിച്ച് വിവിധ കമ്മിറ്റികളിൽ പങ്കെടുക്കുന്ന കാലം മുതൽ, ഞാൻ ജില്ലാ കളക്ടറായിരുന്നതിനാൽ അറിയാം. തുടക്കം മുതൽ തന്നെ ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ അദ്ദേഹം വ്യത്യസ്ഥത പുലർത്തി. ഒരു പ്രശ്നത്തിന്റെ വിവിധ വശങ്ങൾ പഠിക്കാനും വിഭിന്നാഭിപ്രായങ്ങൾ ഏകോപിപ്പിച്ച്, മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, സമവായത്തിലെത്തിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പൊതുജീവിതത്തിൽ മൂല്യബോധവും, അധഃസ്ഥിതരോട് സഹാനുഭൂതിയും പുലർത്തി എല്ലായ്പ്പോഴും പ്രസന്നതയോടെ തനിക്കു ശരിയെന്ന് തോന്നുന്നത് പറയാൻ അദ്ദേഹം ആർജവം കാണിച്ചു. ഈ ചെറിയ പുസ്തകത്തിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഈ സവിശേഷതകൾ കാണാൻ കഴിയും. അത് ഈ പുസ്തകത്തിന്റെ മേന്മ വർദ്ധിപ്പിക്കുന്നു. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സംബന്ധിച്ച നിയമത്തിൽ ഇതു സംബന്ധിച്ച് രൂപീകരിച്ച നിയമസഭ സെലക്ട് കമ്മറ്റിയുടെ സംഭാവനകൾ ഉൾക്കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പാർട്ടി വ്യത്യാസമില്ലാതെ സെലക്ട് കമ്മറ്റി മെമ്പർമാർ ബില്ലിനെ സമ്പുഷ്ടമാക്കി. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസർമാരുടെയും മുനിസിപ്പൽ കമ്മീഷണർമാരുടെയും തസ്തികയുടെ പേര് സെക്രട്ടറി എന്നു മാറ്റി തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ ഭരണപരമായ അധികാരം ഉറപ്പാക്കിയത് ഉദാഹരണമാണ്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധികാര കൈമാറ്റം എന്നാൽ അത് ജനങ്ങളിലേക്കുള്ള അധികാര കൈമാറ്റമാ ണെന്നും ജനങ്ങളുടെ ശബ്ദം കേൾക്കുക എന്നതിലുപരി അവരുടെ ആശയാഭിലാഷങ്ങൾക്കനുസരിച്ച് വികസനം നടപ്പിൽ വരുത്താൻ അവരെ ശാക്തീകരിക്കുക എന്നതാണെന്ന് ഇടക്കാല സിഡിപി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രകാശ് ബാബു സമർത്ഥിക്കുന്നു. 25 വർഷങ്ങൾക്കിപ്പുറം ഒരു തിരിഞ്ഞുനോട്ടം തികച്ചും ഉചിതമായി. 

സിഡിപി യിലൂടെ കേരള പഞ്ചായത്ത് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗ സ്ഥരും തമ്മിലുള്ള പെരുമാറ്റച്ചട്ടം, വിവരാവകാശം (ദേശീയ തലത്തിൽ നിയമം വരുന്നതിനു എത്രയോ മുൻപ്) പൗരാവകാശം, ഓംബുഡ്സ്മാൻ, അപ്പലറ്റ് ട്രിബ്യൂണൽ, ദേശീയ ഡവലപ്പ്മെന്റ് കൗൺസിലിന്റെ മാതൃകയിൽ സംസ്ഥാന ഡവലപ്മെന്റ് കൗൺസിൽ, ഇവയെല്ലാം കൂടി ചേർത്തു. രാജ്യത്തെ മറ്റൊരു തദ്ദേശ സർക്കാർ നിയമത്തിലും ഈവകുപ്പുകൾ ഇല്ല. സിഡിപി യുടെ മറ്റൊരു പ്രധാന സംഭാവന 41 ലധികം നിയമങ്ങൾ മൂന്നായി ക്രോഡീകരിച്ചു എന്നതാണ്. ഇത് പഞ്ചായത്തുകളുടെ നിയമപരമായ വ്യക്തിത്വം ശക്തിപ്പെടുത്തുകയും സർക്കാരിന്റെ വിവിധ പ്രവർത്തന മേഖലകളിൽ തദ്ദേശീയ ഭരണകൂടമായി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അംഗീകരിക്കപ്പെടുകയും ചെയ്തു. 

സിഡിപി ക്ക് സവിശേഷമായ ഒരു ഘടനയാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ, ആക്ടിവിസ്റ്റുകൾ. കമ്മിറ്റി വിവിധ തലങ്ങളിൽ വിവിധ വിഭാഗങ്ങളുമായി വിശാലമായ ചർച്ചകൾ നടത്തി, യാതൊരു വ്യക്തി അധിഷ്ടിത തർക്കങ്ങളും ഇല്ലാതെ യോജിച്ച തീരുമാനങ്ങളിലെത്തി ചേർന്നു. ഇത്തരത്തിലൊരു ക്രിയാത്മക സംസ്കാരം സൃഷ്ടിക്കുന്നതിൽ പ്രകാശ് ബാബുവിന്റെ സംഭാവന വളരെ വലുതാണ്.കാലത്തിന്റെ വെല്ലുവിളികൾ ഫലപ്രദമായി നേരിട്ട കേരള മോഡൽ അധികാര വികേന്ദ്രീകരണ മാതൃക ഉയർത്തി പിടിക്കുമ്പോൾ തന്നെ, അടിയന്തര ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗ്രാമസഭകളിലും വാർഡ് സഭകളിലും കുറഞ്ഞു വരുന്ന ജനപങ്കാളിത്തം, ജനങ്ങളുടെ പ്ലാനിങ്ങിനു പകരം മെമ്പർമാരും കൗൺസിലർമാരും ഫണ്ട് വീതിച്ചെടുക്കുന്ന പ്രവണത, ആഡിറ്റ് കമ്മീഷൻ രൂപീകരിക്കാതിരിക്കുക, സ്റ്റേറ്റ് ഡവലപ്പ്മെമെന്റ് കൗൺസിലിന്റെ സാധ്യത ഉപയോഗിക്കാതിരിക്കൽ എന്നിവയെല്ലാം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ ചെറുപുസ്തകം അവസാനിപ്പി ക്കുന്നത് വിജയപ്രദമായ തദ്ദേശ ഭരണകൂടങ്ങൾ കൂടുതൽ ആഴത്തി ലുള്ള ജനാധിപത്യത്തിനും നവ ഉദാരവൽക്കരണത്തിനെതിരെയുള്ള ചെറുത്തു നില്പിനും ആവശ്യമാണ് എന്ന നിരീക്ഷണത്തോടെയാണ്. തദ്ദേശ ഭരണകൂടങ്ങളിൽ സംഭവിച്ചേക്കാവുന്ന മൂല്യച്ച്യുതി ജനങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വാസം നശിക്കുന്നതിന് പോലും കാരണമാകാം. നവകേരളം എന്ന ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനു അടിസ്ഥാന മാവുന്ന കാര്യങ്ങൾ അധികാരവികേന്ദ്രീകരണവും ജനങ്ങളുടെപ്ളാനിങ്ങുമാണ്. കാൽ നൂററാണ്ടുകാലത്തെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ ഇവ രണ്ടും ശക്തിപ്പെടുത്തണമെന്ന ഉപദേശമാണ് രാഷ്ട്രീയ നേതൃത്വത്തിനു പ്രകാശ് ബാബു നല്കുന്നത്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 1996 മുതലുള്ള പ്രയാണത്തെ സഹായിച്ച ഘടകങ്ങൾ ചർച്ച ചെയ്യുന്ന ഗ്രന്ഥമാണിത്. അധികാരവികേന്ദ്രീകരണം ആരംഭിച്ചതിനുശേഷമുള്ള ഇരുപത്തിയഞ്ചുവർഷങ്ങളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേട്ടങ്ങളിലേക്കുള്ള എത്തിനോട്ടം ഇതിൽ കാണാം. ജനകീയാസൂത്രണത്തിന് അടിത്തറ പാകിയ അധികാരവികേന്ദ്രീകരണ കമ്മിറ്റിയിലെ അംഗമെന്ന നിലയിൽ കൃത്യമായ വിലയിരുത്തൽ നടത്തുന്നു ഗ്രന്ഥകർത്താവ്. ജനപ്രതിനിധികളും ജനങ്ങളും നിശ്ചയമായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ്. 

അധികാരവികേന്ദ്രീകരണത്തിന്റെ നാള്‍വഴികള്‍
കെ പ്രകാശ് ബാബു
പ്രഭാത് ബുക്ക് ഹൗസ്
വില 150 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.