മിനി വിനീത്

March 07, 2021, 2:00 am

വിടിയുടെ അരുന്ധതി നക്ഷത്രം

Janayugom Online

സ്ത്രീത്വത്തിന്റെ എല്ലാ നിലകളിലും നിഴലെന്നപോലെ എന്നെ പിന്തുടർന്നവരുടെ ഹൃദയത്തുടിപ്പുകൾ എനിക്ക് നന്നായറിയാം. നീർവന്ന് തളം കെട്ടി നിൽക്കുന്ന ആ മിഴികളിൽ ഞാൻ എന്നെത്തന്നെ നോക്കിക്കണ്ടിട്ടുണ്ട്. ജീവിത നഭോമണ്ഡലത്തിൽ, പുരുഷാധിപത്യത്തിന്റെ ഉജ്ജ്വല പ്രഭയിൽ ഈ സർഗ്ഗാത്മകപ്രപഞ്ചത്തിന് സാക്ഷിയായി നിൽക്കുന്ന ആ അരുന്ധതീ നക്ഷത്രം എന്റെ തിമിരാന്ധമായ നയനങ്ങളിൽ എന്നുമെന്നും തിളങ്ങുമാറാകട്ടെ…”

കേരള നവോത്ഥാന ചരിത്രത്തിന്റെ ചക്രവാള സീമകളിൽ ജ്വലിച്ചു നിൽക്കുന്ന, അസ്തമനമില്ലാത്ത സൂര്യനാണ് വി ടി ഭട്ടതിരിപ്പാട്. അതിശക്തരായ സ്വസമുദായത്തിന്റെ ഭീഷണികളെ അവഗണിച്ചു കൊണ്ട് തന്റെ കുടുംബത്തിൽത്തന്നെ വിധവാ വിവാഹവും മിശ്രവിവാഹവും നടത്തി, വിപ്ലവമെന്നാൽ കേവലം വാചകക്കസർത്തല്ല എന്ന് കേരളത്തെ പഠിപ്പിച്ച നവോത്ഥാന നായകൻ.

ജീവിതമെന്ന അതിരില്ലാ നരകത്തിന്റെ ചൂടും പുകയുമേറ്റു മരിച്ചു ജീവിച്ചിരുന്ന എത്രയോ സ്ത്രീ ജൻമങ്ങൾക്ക് വഴിയും വെളിച്ചവുമായൊരാൾ. തന്റെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളെ ആദരവോടെ ഓർമ്മിച്ച വേളയിലാണ്, ‘അരുന്ധതി നക്ഷത്രം’ എന്ന് വിടി അവരെ വിശേഷിപ്പിച്ചത്. വിടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തിലെ അരുന്ധതി നക്ഷത്രം ഒരേയൊരാൾ മാത്രമാണെന്ന് ആ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും. ജീവിതത്തിന്റെ ഇരുട്ടിൽ വെളിച്ചമാവുകയായിരുന്നില്ല, മറിച്ച് വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്ന വിപ്ലവ സൂര്യന് ഉദിച്ചുയരാൻ തന്റെ ചുണ്ടുവിരലുകൾക്കപ്പുറത്തായി ഒരാകാശം കാട്ടിക്കൊടുക്കുകയായിരുന്നു അവൾ. തിയ്യാടിപ്പെൺക്കുട്ടി എന്ന ഒരു പേരുകൊണ്ടു മാത്രം ചരിത്രം ഓർമ്മപ്പെടുത്തുന്നൊരാൾ.

സൂര്യൻ ഉദിച്ചുയരവേ മഞ്ഞ് ഇലയിൽ നിന്നെന്ന പോലെ, അത്രമേൽ നിശബ്ദമായി കടന്നു പോയൊരാൾ. അതാണ് നങ്ങേലി മരുവോളമ്മ എന്ന തിയ്യാടി പെൺകുട്ടി. വിടി ഭട്ടതിരിപ്പാട് എന്ന വിളക്കിനെ തേടിയെത്തിയ വെളിച്ചം.

കെടാത്ത തീനാളം

മലബാർ പ്രദേശത്ത് അയ്യപ്പൻ തീയ്യാട്ട് എന്ന കലാരൂപം അവതരിപ്പിക്കാൻ അവകാശമുള്ള അമ്പലവാസി സമുദായമാണ് തിയ്യാടി നമ്പ്യാർ. ഇവരുടെ വീടുകളുടെ പൊതു നാമമാണ് തിയ്യാടി. തെയ്യം ആട്ടമാണ് തിയ്യാട്ടം. ഈ അവകാശം ഇവർക്കു ലഭിച്ചതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. പാർവ്വതി തന്റെ അമ്മയല്ലെന്നു തിരിച്ചറിഞ്ഞ ധർമ്മശാസ്താവ് അമ്മയെക്കുറിച്ചറിയാൻ മൗനവ്രതത്തിലിരിക്കുന്ന ശിവന്റെ സമീപം ചെല്ലുന്നു. വ്രതഭംഗം ഭയന്ന ശിവൻ കുട്ടിയെ സമാധാനിപ്പിക്കാൻ നന്ദികേശനോട് ആംഗ്യത്തിലൂടെ ആവശ്യപ്പെടുന്നു. അങ്ങനെ നന്ദികേശൻ പാലാഴിമഥനം കഥയും ശിവമോഹിനീ സംഗമവും ആംഗ്യങ്ങളോടെ അയ്യപ്പനെ കേൾപ്പിക്കുന്നു. തുടർന്ന് കൈലാസം വിട്ട് കേരളത്തിലേക്കു പോകാൻ നിന്ന മകനെ സമ്മാനങ്ങൾ നൽകി യാത്രയാക്കുകയും മകനെ പാട്ടു പാടി സന്തോഷിപ്പിക്കാൻ ഒരു ബ്രാഹ്മണനെ ചുമതലപ്പെടുത്തുകയും, അതിന്റെ അവകാശ ചിഹ്നമായി ഒരു തീപ്പന്തം നൽകുകയും ചെയ്തു. ആ ബ്രാഹ്മണന്റെ പിൻമുറക്കാരാണ് തിയ്യാടി നമ്പ്യാർമാർ. ഇവരുടെ സ്ത്രീകൾക്കുള്ള സ്ഥാനപ്പേരാണ് മരുവോളമ്മ.

കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള അയ്യപ്പ ക്ഷേത്രങ്ങളിലെ ജീവനക്കാരനായി തിയ്യാടി നമ്പ്യാരെ അംഗീകരിച്ചിട്ടുണ്ട്. ഷൊർണൂർ മുണ്ടമുക അയ്യപ്പൻകാവിന് സമീപമുള്ള തിയ്യാടിയിലെ നീലകണ്ഠൻ നമ്പ്യാരുടെയും ശ്രീദേവി മരുവോളമ്മയുടെയും മകളായാണ് നങ്ങേലി ജനിച്ചത്. പെൺകുട്ടികൾക്ക് പൊതുവെയും ബ്രാഹ്മണപ്പെൺകുട്ടികൾക്ക് പ്രത്യേകിച്ചും വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന അക്കാലത്ത് തിയ്യാടി നമ്പ്യാർ സമുദായത്തിൽ നിന്നും ആദ്യമായി സ്കൂളിൽ പോയ പെൺകുട്ടി നങ്ങേലി മരുവോളമ്മയാണ്. തറവാട്ടിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ നടന്നു പോയി ഗണേശ് ഗിരി സ്കൂളിലാണ് അവർ പഠിച്ചത്. ആറാം ക്ലാസോടെ പഠനം അവസാനിച്ചു. ഇത്രയും ദൂരം നടന്നു പോയി പഠിക്കാൻ യാതൊരു മടിയും കാട്ടിയില്ല എന്നതുകൊണ്ടുതന്നെ പഠനത്തോടുള്ള അവരുടെ ഇഷ്ടം വ്യക്തമാണ്. നടന്നു ക്ഷീണിച്ചു വന്നതിനെക്കുറിച്ച് വി ടി യും എഴുതിയിട്ടുണ്ടല്ലോ. അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് നങ്ങേലി വിടി യുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്.

മകള്‍ സരസ്വതി മരുവോളമ്മയും മകൻ ശങ്കരൻകുട്ടി നമ്പ്യാരും

ഒരു മനുഷ്യൻ ജനിക്കുന്നു

മേഴത്തൂർകാരനായ രാമൻ ഭട്ടതിരിപ്പാട് ഉപനയനത്തിനു ശേഷം ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തിപ്പെട്ട കാലം. പരിവേദനവും അധിവേദനവും നിലനിൽക്കുന്ന ഒരു സമുദായത്തിലെ അപ്ഫൻ നമ്പൂതിരിയുടെ ലോകം അമ്പലം, കുളം, തേവാരക്കെട്ട് ഇവയുടെ പരിധിയിലേക്ക് ചുരുക്കപ്പെട്ടിരിക്കും. ‘അബ്രാഹ്മണർക്ക് സ്പർശിക്കാൻ അവകാശമില്ലാത്ത വിശിഷ്ട ജൻമം, മറ്റാർക്കും പഠിക്കാൻ അവകാശമില്ലാത്ത മന്ത്ര തന്ത്രങ്ങൾക്ക് അധികാരി, മലയാളം മ്ലേച്ഛ ഭാഷ, അച്ഛൻ അമ്മ തുടങ്ങിയ പദങ്ങൾ നികൃഷ്ടങ്ങളായതുകൊണ്ട് മാതാ പിതാ എന്നിങ്ങനെ സംസ്കൃത വാക്കുകളുടെ പ്രയോഗം.’ തുടങ്ങി ഒരു ഉജ്ജ്വല ചൈതന്യം തനിക്കുള്ളിലുണ്ടെന്ന മൂഢവിശ്വാസത്തിൽ മയങ്ങിക്കിടന്നിരുന്ന വി ടി യെ ഒരിളംകാറ്റ് തട്ടിയുണർത്തിയത് മുണ്ടമുക അയ്യപ്പൻകാവിന്റെ പടിഞ്ഞാറേ ആൽമരച്ചുവട്ടിൽ വച്ചായിരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം പതിനേഴ്. ക്ഷേത്രപൂജ കൂടാതെ ദേശ ഗൃഹങ്ങളിലെ ദൈവീക കർമ്മങ്ങളുടെ നടത്തിപ്പുകാരനായും അമ്മുക്കുട്ടി വാരസ്യാരുടെ പ്രണയിയായുമൊക്കെ ജീവിതം മുന്നോട്ടു പോകവെ ഒരു ദിവസം പതിവുപോലെ പടിഞ്ഞാറേ ആലിൻ ചുവട്ടിൽ നിൽക്കുമ്പോഴാണ്, കച്ചത്തോർത്തു മാത്രമുടുത്ത്, ചെറിയൊരോലക്കുടക്കാലിൽ തൂക്കിയിട്ട പുസ്തകസഞ്ചിയുമായി തിയ്യാടി നമ്പ്യാരുടെ ചെറിയ പെൺകുട്ടി അതുവഴി വന്നത്. അല്പം സംശയിച്ചു നിന്ന ശേഷം നോട്ടുബുക്കുമായി വിടിക്കു സമീപം ചെന്ന് അവൾ ചോദിച്ച ചോദ്യം വിടി യുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ‘പൊങ്ങച്ചം കൊണ്ടു പുളച്ച’ മനസമാധാനം തകർന്നടിഞ്ഞു. അന്ന് ആ മനുഷ്യന്റെ കണ്ണുകളിൽ നിന്നൊഴുകിയ കണ്ണുനീരിന് പൊങ്ങച്ചംകൊണ്ട് കെട്ടിയുണ്ടാക്കിയ അഹംബോധത്തെ അലിയിച്ചു കളയാനുള്ള ശക്തിയുണ്ടായിരുന്നു.

നങ്ങേലി മരുവേളമ്മയെ വിവാഹം ചെയ്തു കൊണ്ടുവന്ന പെരുമ്പ

ആ രാത്രിയിലെ കൂരിരുട്ടിലാണ് വി ടി യുടെ ജീവിതത്തിലെ സൂര്യൻ ഉദിച്ചത്. വിജ്ഞാനം നേടിയേ അടങ്ങൂ എന്ന് ശപഥമെടുത്ത അദ്ദേഹം നങ്ങേലിയുടെ ശിഷ്യത്വം സ്വീകരിച്ചു. അവൾ ഒരു സ്ളേറ്റിൽ എഴുതിക്കൊടുത്ത അന്‍പത്തൊന്ന് അക്ഷരങ്ങളാണ് കേരള ചരിത്രം കണ്ട വിപ്ലവ സൂര്യൻ വിടി ഭട്ടതിരിപ്പാടിനെ സൃഷ്ടിച്ചതും കൂടുതൽ പഠിക്കാനായി തിരുവനന്തപുരത്തേക്ക് പോയതും വായനയുടെ തുടക്കവും പുരോഗമന വിപ്ലവ പ്രസ്ഥാനത്തിലെ അമരക്കാരുമായുള്ള സൗഹൃദവും… പിന്നീടുള്ള വി ടി യുടെ ജീവിതം കേരളത്തിന്റെ ചരിത്രമാണ്. പിന്നീട് അവളെ കണ്ടതായി വി ടി പറഞ്ഞിട്ടില്ലെങ്കിലും മരിക്കുന്നതിന് രണ്ടു വർഷം മുൻപ് മുണ്ടമുക ക്ഷേത്രവും തിയ്യാടി ഭവനവും കാണണമെന്ന വിടി യുടെ ആഗ്രഹപ്രകാരം അവിടെ പോയ ദിവസത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ മകൻ വി ടി വാസുദേവൻ പങ്കുവച്ചു. താൻ പൂജിച്ചിരുന്ന മുണ്ടമുക ശാസ്താവിനെ തൊഴുതശേഷം നങ്ങേലിയുടെ തിയ്യാടിയിലെത്തി, ആ മണ്ണിൽ നമസ്കരിച്ച് അക്ഷര ദേവിയുടെ അനുഗ്രഹം പോലെ അവിടത്തെ ഒരു പിടി മണ്ണ് തന്റെയൊപ്പം കൊണ്ടുവരികയും ചെയ്തു. തന്നെക്കുറിച്ച് വിടി ഭട്ടതിരിപ്പാടെഴുതിയ ലേഖനം ആ പെൺകുട്ടി കണ്ടിരുന്നു എന്ന് അവരുടെ ബന്ധു പറഞ്ഞതായും വിടി വാസുദേവൻ ഓർമ്മിക്കുന്നു. ആ കൊച്ചു പെൺകുട്ടിയെയും അവൾ പകർന്നു കൊടുത്ത നൻമയെയും വി ടി എന്നും നന്ദിയോടെ ഓർമ്മിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ വാക്കുകൾ: “ആ അയ്യപ്പൻകാവിലെ അന്തരീക്ഷത്തിൽ ആ തിയ്യാടിപ്പെൺകുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണ് പിൽക്കാല ജീവിതത്തിൽ എനിക്ക് മാർഗ്ഗനിർദ്ദേശം നൽകിയ മഹാ ജ്യോതിസ്സെന്നോർക്കുമ്പോൾ കൃതജ്ഞതകൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോകുന്നു.

           മുണ്ടമുക അയ്യപ്പൻകാവ് 

” ഓർമ്മകളുടെ നറുനിലാവിൽ ’

പത്തു വയസ്സിലേറെ പ്രായമാകാത്ത’ ആ പെൺകുട്ടി പന്ത്രണ്ടാം വയസ്സിൽത്തന്നെ വിവാഹിതയായി. പെരുമ്പിലാവ് തിയ്യാടിയിലെ കേശവൻ നമ്പ്യാരാണ് നങ്ങേലിയെ വിവാഹം കഴിച്ചത്. അന്ന് അദ്ദേഹത്തിനു പ്രായം പതിനാറ്.

അച്ഛൻ മരിച്ചതിനാൽ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന കേശവൻ നമ്പ്യാരുടെ തുണയായി ചെല്ലുമ്പോൾ നങ്ങേലി ഋതുമതി ആയിരുന്നില്ല ചിത്രശലഭത്തെപ്പോലെ പറന്നു നടന്നിരുന്ന ആ പെൺകുട്ടി തീർത്തും കുടുംബിനിയായി. രണ്ട് ഭർത്തൃ സഹോദരിമാരും മൂന്ന് സഹോദരൻമാരും അമ്മയും അടങ്ങുന്ന കൂട്ടുകുടുംബത്തിലെ ബഹളങ്ങൾക്കും ബദ്ധിമുട്ടുകൾക്കും ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പഠനത്തെയും വായനയെയും കുറിച്ച് ചിന്തിക്കാൻ പോലും നങ്ങേലിക്ക് അവസരമുണ്ടായില്ല. അന്നത്തെ ബ്രാഹ്മണ കുടുംബങ്ങളിലെ വിവാഹ വ്യവസ്ഥയുടെയും അരാജകത്വത്തിന്റെയും ബലിയാടുകളായ ഭർത്തൃ സഹോദരിമാരുടെ പെരുമാറ്റങ്ങളും അന്നത്തെ ജീവിത രീതികളും സാപത്ന്യവും എല്ലാം ചേർന്നപ്പോൾ നങ്ങേലിയുടെ ജീവിതം അസന്തുഷ്ടമായി. തന്റെ വിഷമങ്ങളും പരിഭവങ്ങളും മറ്റാരോടും പങ്കുവയ്ക്കാതെ ബന്ധുജനങ്ങൾക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായി, എല്ലാവർക്കും മാതൃകയായി അവർ ജീവിച്ചു. ”ആർക്കും അവരെക്കുറിച്ച് ഒരു കുറ്റവും പറയാനുണ്ടായിരുന്നില്ല. അത്രമേൽ സാധുവായിരുന്നു എന്റെ അമ്മ” എന്ന് നങ്ങേലിയമ്മയുടെ മകൾ സരസ്വതി മരുവോളമ്മ വേദനയോടെ ഓർമ്മിച്ചു.

ഓണക്കാലമായാൽ നാലഞ്ചു ദിവസം വീട്ടിൽ കൈകൊട്ടിക്കളി ഉണ്ടാവും. സ്ത്രീകളെയെല്ലാം കൈകൊട്ടിക്കളി പഠിപ്പിച്ച് അവരെ കളിമുറ്റത്തെത്തിക്കുന്നതും നങ്ങേലിയമ്മ ആയിരുന്നു. അമ്മയെ എങ്ങനെ ഓർമ്മിക്കുന്നു എന്ന ചോദ്യത്തിന് സാധുവായ എന്റെ അമ്മ എനിക്കിന്നും ദൈവത്തെപ്പോലെയാണെന്ന് പറയുമ്പോൾ ആ മകളുടെ വാക്കുകൾ ഇടറിയിരുന്നു. നങ്ങേലി മരുവോളമ്മയുടെ അഞ്ച് മക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന മറ്റൊരാൾ തൃശൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വിരമിച്ച ഡോക്ടർ ടി കെ ശങ്കരൻകുട്ടി നമ്പ്യാരാണ്. ഇളയ മകന്റെ ഓർമ്മകളിലെ അമ്മ അല്പം കൂടി കരുത്തയാണ്. സമുദായത്തിന്റെ കടുത്ത എതിർപ്പുകളെ അവഗണിച്ച് മകൾ അമ്മിണി മരുവോളമ്മയെ സ്കൂളിൽ വിട്ട് പഠിപ്പിക്കുകയും, എഎന്‍എം ആയി അവർക്ക് സർക്കാർ ജോലി കിട്ടിയപ്പോൾ മകൾക്കു തുണയായി ഇളയ മകന്റെ കൈപിടിച്ച് അവരുടെ ജോലി സ്ഥലത്തേക്ക് യാത്രയായി. മകന്റെ കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്ന സാധാരണ ഒരമ്മ മാത്രമായിരുന്ന തന്റെ അമ്മയുടെ മഹത്വം താൻ തിരിച്ചറിഞ്ഞത് വളരെ വൈകി അമ്മയുടെ മരണശേഷം മാത്രമായിരുന്നു എന്ന് അദ്ദേഹം നൊമ്പരപ്പെട്ടു. ജീവിത സാഹചര്യങ്ങൾ നൽകിയ കടുത്ത മാനസിക സമ്മർദ്ദം നങ്ങേലി മരുവോളമ്മയെ ഒരു രോഗിയാക്കി. 65 മത്തെ വയസ്സിൽ പരവൂരിൽ വച്ച് ഒരു പൂവ് അടർന്നു മണ്ണിൽ വീഴുന്ന പോലെ ആ ജീവിതം നിശബ്ദമായി അവസാനിച്ചു. വിടി ഭട്ടതിരിപ്പാടിന് സ്മാരകമില്ലാത്തിടത്ത് തീയ്യാടിപ്പെൺകുട്ടിക്ക് സ്മാരകം എന്നത് നടക്കാത്ത സ്വപ്നമായേക്കും.

ആല്‍മരം കുറച്ചു വര്‍ഷം മുൻപ്
നങ്ങേലി മരുവേളമ്മ ജനിച്ച മുണ്ടമുക തിയ്യടി

മുണ്ടമുകള്‍ ക്ഷേത്രത്തിലെ ആൽമരം അടർന്നുവീണെങ്കിലും മറ്റൊന്ന് അവിടെ വളർത്താനോ ആൽമരത്തിന് തറക്കെട്ടി സംരക്ഷിക്കാനോ, ഒരു ബോർഡ് സ്ഥാപിക്കാനോ കൊച്ചിൻ ദേവസ്വം ബോസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വിടി ഭട്ടതിരിപ്പാടിനൊപ്പം നങ്ങേലി മരുവോളമ്മ എന്ന തിയ്യാടിപ്പെൺകുട്ടിയും ഉചിതമായ രീതിയിൽ ആദരിക്കപ്പെടുമെന്നും പ്രത്യാശ പങ്കുവച്ചത് നങ്ങേലി മരുവോളമ്മയുടെ ചെറുമകനും പത്രപ്രവർത്തകനുമായ ശ്രീവത്സൻ തിയ്യാടിയാണ്. വിടി യോടുള്ള ആദരവ് ഒന്നു കൊണ്ടു മാത്രം വിടി സ്മാരകത്തിനായി തന്റെ വീടും സ്ഥലവും സകല സമ്പാദ്യങ്ങളും നൽകിയ വ്യക്തിയാണ് നാരായണൻ. ആ സ്മാരകത്തിന്റെ അവശിഷ്ടങ്ങൾ മാത്രമേ ഇന്ന് ബാക്കിയുള്ളു. സുദീർഘമായ ഈ ജീവിത യാത്രയിൽ ഒരാത്മാവിന്റെ മുന്നിലൂടെ കോടാനുകോടി മുഖങ്ങൾ കടന്നു പോകുന്നു. മിക്കതും നാം മറന്നുകളയും അങ്ങനെ മറവിയിലേക്കു തള്ളിക്കളയേണ്ട ഒന്നല്ല വിടി ഭട്ടതിരിപ്പാടും അദ്ദേഹത്തിന്റെ ജീവിതവും. അവഗണിക്കുന്നതും അവഹേളിക്കുന്നതും കേവലം ഒരു മനുഷ്യനെയല്ല കേരളത്തിന്റെ അത്യുജ്ജ്വലമായ നവോത്ഥാന ചരിത്രത്തെ ത്തന്നെയാണ്.