ഷൈല സി ജോർജ്ജ്

July 26, 2020, 2:07 am

നീലാകാശത്തിൽ നിന്ന്

Janayugom Online

ഷൈല സി ജോർജ്ജ്

സോവിയറ്റാനന്തര കാലത്തെ റഷ്യൻ സാഹിത്യത്തിലെ പുതിയ സമീപനത്തിന്റെയും ഇതിവൃത്തങ്ങളുടെയും ഉദാഹരണമാണ് യെവ്ഗെനി വൊദലാസ്കിൻ എഴുതിയ നീലാകാശത്തിൽ നിന്ന് എന്ന നോവൽ. സി എസ് സുരേഷ് റഷ്യൻ ഭാഷയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തതാണ് എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. വിദ്യാർത്ഥിയായി സോവിയറ്റ് യൂണിയനിലെത്തി, ആറുവർഷത്തിലധികം അവിടെ ജീവിച്ച്, ഭാഷയും ജീവിതവും പഠിച്ച ഉൾക്കാഴ്ചയുള്ള നിരീക്ഷകൻ ആണ് സുരേഷ്. അതുകൊണ്ടുതന്നെ ഈ നോവലിന്റെ ആത്മാവ് കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതേ ഗ്രന്ഥകാരന്റെ വളരെ പ്രശസ്തമായ ‘ലാറൂസ് എന്ന വിശുദ്ധൻ’ എന്ന പുസ്തകവും സുരേഷ് വിവർത്തനം ചെയ്തു.

1920 മുതൽ 1953 വരെ സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും 1941 മുതൽ 1953 വരെ സോവിയറ്റ് യൂണിയൻറെ ഭരണാധികാരിയുമായിരുന്നു ജോസഫ് സ്റ്റാലിൻ. സ്റ്റാലിന്റെ ഭരണത്തിന് കീഴിൽ ജീവനുള്ള മനുഷ്യശരീരം മരവിപ്പിച്ചുകിടത്തുന്ന പരീക്ഷണത്തിനടിമയാകേണ്ടിവരുന്ന മുപ്പതുകാരനായ ഇന്നക്കെഞ്ചി പെത്രോവിച്ച് അറുപത്തൊൻപത് വർഷങ്ങൾക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. കാലത്തെ വെല്ലുവിളിക്കുന്ന ‘നീലാകാശത്തിൽ നിന്ന്’ എന്ന ഈ പുസ്തകം ഏറെ വിഭിന്നമായ ഒരു പരിസരം വായനക്കാരന്റെ മുൻപിൽ തുറന്നു വെയ്ക്കുന്നു; അത് ചരിത്രം പറയുന്നതിനപ്പുറം മനുഷ്യന്റെ ഏറ്റവും ഉദാത്തമായ ചിന്തകൾ പ്രകാശിപ്പിക്കുന്നു. ടൈം ട്രാവൽ എന്ന ശാസ്ത്ര സങ്കേതമുപയോഗിക്കുന്ന പുസ്തകത്തിനുള്ളിൽ കുറ്റാന്വേഷണത്തിൻറെ അംശങ്ങളും കടന്നുവരുന്നുണ്ട്. ഏതൊരു കുറ്റാന്വേഷണ നോവലിനേക്കാളും വിസ്മയം പേറുന്ന ഒരന്ത്യവുമായി. ആയിരത്തിതൊള്ളായിരത്തി മുപ്പതിൽ ഇന്നക്കെഞ്ചിക്ക് മുപ്പത് വയസ്സാണ്. തന്നെ സൂക്ഷിച്ച ഹിമകുടീരത്തിൽ നിന്ന് പുറത്തു കടക്കുമ്പോളും മുപ്പതു വയസ്സ്. ‘കാലത്തിന്റെ തടവറയിൽ’ അകപ്പെട്ട ഇന്നക്കെഞ്ചിയുടെ പുതിയ ജീവിതം തുടങ്ങുന്നത് സെന്റ് പീറ്റേഴ്സ്ബർഗിലെ ഒരു ആശുപത്രിയിലാണ്. ജർമൻകാരനായ ഡോക്ടർ ഗെയ്ഗറും ‘1914 ലെ യുദ്ധകാലത്തെ കരുണാമയിയായ നേഴ്സിനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ വേഷം കെട്ടിയ പിഎച്ച് ഡി വിദ്യാർത്ഥിനിയായ’ വാലന്റീനയും ആണ് ഇന്നക്കെഞ്ചിയെ പരിചരിക്കുന്നത്. ഡോക്ടറോട് ഇന്നക്കെഞ്ചി ചോദിച്ചു, “എങ്കിലും എനിക്കെന്താണ് സംഭവിച്ചത്? ” “അത് നിങ്ങൾ ഓർമ്മിച്ചെടുക്കേണ്ട കാര്യമാണ്. അല്ലെങ്കിൽ നിങ്ങളുടെ ബോധത്തിന് പകരം എന്റെ ബോധം സ്ഥാപിക്കപ്പെടും; നിങ്ങൾക്കത് വേണോ?” അയാൾ ചോദിച്ചു. സ്വയം കണ്ടെത്താനായി ഡോക്ടർ ഗെയ്ഗർ ഇന്നക്കെഞ്ചിയോട് ഡയറി എഴുതാൻ ആവശ്യപ്പെടുന്നു. അങ്ങനെ ഇന്നക്കെഞ്ചിയുടെ പഴയ ജീവിതം പതുക്കെപ്പതുക്കെ അയാളുടെ മുന്നിൽ തന്നെ അനാവരണം ചെയ്യപ്പെടുന്നു. അത് സംഭവബഹുലമായിരുന്നു. റഷ്യൻ വിപ്ലവത്തിന് ശേഷമുള്ള സ്റ്റാലിൻറെ കാലഘട്ടത്തിൽ ജീവിക്കുകയും കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് കുപ്രസിദ്ധമായ സളവ്യേത്സ്കി ക്യാമ്പിൽ അടക്കപ്പെടുകയും ചെയ്യുന്നത്ര സംഭവബഹുലം. എന്നിട്ട് ഇപ്പോൾ എത്തി നിൽക്കുന്നതോ സോവിയറ്റ് യൂണിയൻ ഇല്ലാതായ 1990 കാലത്ത്. പൂർവാശ്രമത്തിൽ അനസ്ത്യാസയുമായി പ്രണയത്തിലായിരുന്നു, ഇന്നക്കെഞ്ചി. തീവ്രമായ പ്രണയം. “അനസ്ത്യാസ, ആശ്ചര്യകരമായ പേര്. ഒരേ സമയം പൂർണസ്വരത്തിലും തരളവുമായ പേര്. മൂന്ന് ആകാശവും രണ്ട് സയുമുണ്ട്…” ജീവിതം സുന്ദരമായി മുന്നോട്ടു പോകുന്ന കാലത്ത് കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് ഇന്നക്കെഞ്ചി വൈറ്റ്സീയിലെ കുപ്രസിദ്ധമായ സളവ്യേത്സ്കിയിൽ മറ്റു പലരോടൊപ്പം കഠിനമായി ജോലി ചെയ്യാൻ നിയോഗിക്കപ്പെടുകയാണ്. പ്രതിവിപ്ളവകാരികൾ, ക്രിമിനലുകൾ എന്നിവർ മറ്റ് അന്തേവാസികൾ. ഇന്നക്കെഞ്ചിയുടെ ഓർമയിൽ ക്യാമ്പ് ഇങ്ങനെ: ‘ദ്വീപിലെ ശബ്ദങ്ങൾ നിരവധിയായിരുന്നു. തലയ്ക്കടിക്കുന്ന ശബ്ദങ്ങൾ. ഒരു പട്ടാളക്കാരൻ വന്ന് ഒരു തടവുകാരന്റെ മുടിക്ക് കുത്തിപ്പിടിച്ചു അയാൾ ക്ഷീണിക്കുന്നത് വരെ അവൻറെ തല കട്ടിലിൽ ഇടിക്കുന്നതിന്റെ ശബ്ദങ്ങൾ. അതെല്ലാം കൂടി നെയ്തെടുത്ത പൊതുവായ നിരാശയുടെ ഗന്ധമുണ്ടായിരുന്നു. നിരാശയുടെ നിറവും ശബ്ദവും ആത്മാവിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു, അവയാകട്ടെ ഇന്ദ്രിയാതീതവുമായിരുന്നു.’ സാധാരണയായി ഒരു മനുഷ്യൻ ജനിക്കുന്നു, ജീവിക്കുന്നു ഒന്നിന് പിറകെ ഒന്നായി പലതും സംഭവിക്കുന്നു. എന്നാൽ ഇന്നക്കെഞ്ചിയുടെ ജീവിതം ഒരു ഊരാക്കുടുക്കാണ്. അഴിക്കുംതോറും മുറുകുന്ന ഒരു കുരുക്ക്. ഇന്നക്കെഞ്ചിയുടെ പ്രണയിനിക്ക് അയാളേക്കാൾ ആറു വർഷത്തെ ഇളപ്പമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അനസ്ത്യാസക്ക് ഇന്നക്കെഞ്ചിയെക്കാൾ 63 വയസ്സ് കൂടുതലുണ്ട്. അവർ ഓർമകൾക്ക് ജരാനര ബാധിച്ച് ആരെയും അറിയാതെ ജീവിക്കുകയാണ്. പഴയ കാലത്തെ പ്രണയിനിയുടെ പേരക്കുട്ടിയെയാണ് പുതിയ ജന്മത്തിൽ ഇന്നക്കെഞ്ചി വിവാഹം ചെയ്യുന്നത്. അറുപതു കൊല്ലം കൊണ്ട് ബാഹ്യമായ മാറ്റങ്ങൾ വന്ന ഭൂവിടങ്ങൾ ഉണ്ടാകാം. എന്നാൽ മഹത്തായ വിപ്ലവം വിജയിച്ച, രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവും പേരെ കുരുതി കൊടുക്കേണ്ടി വന്ന വേറൊരു രാജ്യവും ജനതയും ഇല്ല. എന്നിട്ട് സോവിയറ്റ് യൂണിയൻ നാമാവശേഷമായിക്കഴിഞ്ഞിടത്തേക്കാണ് ഇന്നക്കെഞ്ചി ജീവിച്ചു തീർത്ത മുപ്പതു വയസ്സിന്റെ അനുഭവങ്ങളുമായി ഉയിർത്തെഴുന്നേൽക്കുന്നത്. ഒരു നൂറ്റാണ്ടിന്റെ ആദ്യ മുപ്പതു വർഷം ജീവിച്ച് കഴിഞ്ഞ് എഴുപതോളം വർഷങ്ങൾക്കു ശേഷം മാറിയ മനുഷ്യർക്കിടയിൽ മാറിയ സാഹചര്യങ്ങളിൽ അതേ മുപ്പതുകാരനായി ഒരാൾ വീണ്ടും ജീവിക്കുന്നു.

ആ യാത്രയുടെ അതി വിദഗ്ധമായ ചിത്രീകരണമാണ് ഈ പുസ്തകം. ഒരു വലിയ ദേശത്തിന്റെ തൊണ്ണൂറു വർഷത്തെ കഥ പറയാൻ ഇന്നക്കെഞ്ചിയെ നോവലിസ്റ്റ് അതിസമർത്ഥമായി ഉപയോഗപ്പെടുത്തുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി. വ്യത്യസ്ത മാനങ്ങളുള്ള ഈ പുസ്തകത്തിന് അനവധി അടരുകൾ ഉണ്ട്. ടെലിവിഷനും മെട്രോയും ഇല്ലാതിരുന്ന ഒരു ഭൂതകാലത്ത് നിന്നാണ് ഇന്നക്കെഞ്ചി വരുന്നത്. ടെലിവിഷനിൽ പരിപാടി കാണുന്ന ഇന്നക്കെഞ്ചി ഇങ്ങനെ അഭിപ്രായപ്പെടുന്നു, “ഇംഗ്ലീഷിൽ അവർ ‘ടോക്ക് ഷോ’ എന്ന് പറയുന്ന പരിപാടിയായിരുന്നു. ഓരോരുത്തരും പരസ്പരം തടസ്സപ്പെടുത്തുകയാണ്. സ്വരഭേദങ്ങൾ ചേർച്ചയില്ലാത്തതും സംസ്കാരശ്യൂന്യവും അസഹ്യവുമായിരുന്നു. ഇതാണോ എൻറെ ആധുനിക മനുഷ്യർ? ” കംപ്യൂട്ടറിനെക്കുറിച്ചുള്ള അയാളുടെ വിലയിരുത്തലും രസകരമാണ്. “ഇന്ന് അയാളെന്നെ കമ്പ്യൂട്ടർ കാണിച്ചു തന്നു.

ഒരു വില കൂടിയ കളിപ്പാട്ടം. നിങ്ങൾ ഒരു ബട്ടൺ അമർത്തുന്നു. സ്ക്രീൻ തെളിയുന്നു. മറ്റൊരു ബട്ടൺ അമർത്തുമ്പോൾ സ്ക്രീനിൽ ചിത്രങ്ങൾ തെളിഞ്ഞു വരുന്നു; ഒരു മാന്ത്രിക വിളക്ക് പോലെ.” ഇന്നക്കെഞ്ചിയുടെ ഓർമകളിൽ അയാളുടെ കസിൻ സേവയുമായുള്ള ചങ്ങാത്തം, ബോൾഷെവിക്ക് പാർട്ടിയിൽ ചേർന്ന അവനുമായുള്ള അഭിപ്രായ വ്യത്യാസം, ഇന്നക്കെഞ്ചിയുടെ പതിനേഴാം വയസ്സിൽ അച്ഛൻ വെടിയേറ്റുകൊല്ലപ്പെടുന്നത് വരെയുള്ള സുന്ദരമായ കുടുംബ ജീവിതം, തടവറയിൽ അടക്കപ്പെടുന്നതിനു മുൻപുള്ള അതിതീവ്രവും മാസ്മരികവും ആയ പ്രണയം എന്നിങ്ങനെ അതീവ സുന്ദരമായ നിമിഷങ്ങൾ പിന്നെയും പിന്നെയും കടന്നു വരുന്നു.

ഇത്തരം നല്ല അനുഭവങ്ങൾ ആകാം പിൽക്കാലത്ത് കടുത്ത ജീവിതാനുഭവങ്ങൾ തരണം ചെയ്യാൻ ഇന്നക്കെഞ്ചിയെ പ്രാപ്തനാക്കിയത്. ആദിമധ്യാന്തപ്പൊരുത്തം പാലിക്കാതെ എഴുതപ്പെട്ട ഈ കൃതി സയൻസ് ഫിക്ഷനു വേണ്ടിയുള്ള സയൻസ് ഫിക്ഷൻ അല്ല. അനേകായിരം പേരുടെ ആശയും പ്രതീക്ഷയുമായിരുന്ന ഒരു രാജ്യത്തിന്റെ തൊണ്ണൂറ്റൊൻപതു വർഷത്തെ ചരിത്രം ഒരു മുപ്പതുകാരനിലൂടെ വരച്ചുകാട്ടാൻ അവലംബിക്കേണ്ടി വരുന്ന ഒരു സങ്കേതമായി മാത്രമേ ഇതിലെ ‘ടൈം ട്രാവലി’നെ കാണാൻ കഴിയൂ. ആ രാജ്യത്തിന്റെ ഭൂത വർത്തമാന കാലങ്ങൾ അറിയുന്ന പരിഭാഷകൻ പുസ്തകത്തിന്റെ ആത്മാവ് അറിഞ്ഞ് മൊഴിമാറ്റം ചെയ്യുമ്പോൾ വായിച്ചിരിക്കേണ്ട ഒരുത്തമഗ്രന്ഥമായി ‘നീലാകാശത്തിൽ നിന്ന്’ മാറുന്നു.