Web Desk

July 26, 2020, 2:56 am

മോഹനോമിക്സ്

Janayugom Online

പ്രദീപ് ചന്ദ്രന്‍

ജെ എം കെയ്ൻസോ മാൽത്തൂസോ അമർത്യാസെന്നോ അല്ല കൊല്ലം പരവൂർ കോട്ടപ്പുറം കല്ലുവിളയിൽ ശങ്കരനാശാൻ മോഹനൻപിള്ള എന്ന മോഹൻ പരവൂർ. എന്നാൽ കൊറോണ പടർന്നേറുകയും സമ്പദ്‌വ്യവസ്ഥ തകർന്നടിയുകയും ചെയ്യുന്ന സാഹചര്യത്തിൽ മോഹൻ ഉയർത്തുന്ന ബദൽ സാമ്പത്തികക്രമത്തിന്റെ പ്രസക്തിയെ അവഗണിക്കാനാവില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടായി സുസ്ഥിര വികസനത്തിന്റെയും ഹരിത സമ്പദ്‌വ്യവസ്ഥയുടെയും മർമ്മം തേടൽ ജീവിതവ്രതമാക്കിയ ഈ ഇക്കണോമിക്സ് എംഎ ബിരുദധാരിയുടെ വാദഗതികളെ എതിർത്തോ അനുകൂലിച്ചോ കേരളത്തിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ രംഗത്തുവന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇഎംഎസ് നമ്പൂതിരിപ്പാട്, ഗുരുനിത്യചൈതന്യയതി, ഡോ. കെ രാമചന്ദ്രൻനായർ, ഡോ. എം എ ഉമ്മൻ തുടങ്ങി നിരവധി പ്രഗത്ഭമതികൾ മോഹൻ പരവൂർ മുന്നോട്ടുവച്ച ബദൽ വികസനാശയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട് എന്നതുതന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

കാൽനൂറ്റാണ്ടുമുമ്പാണ് മോഹന്റെ ‘തിരുത്തപ്പെട്ട വികസനം’ എന്ന കൃതി പ്രസിദ്ധീകരിച്ചത്. പേര് സൂചിപ്പിക്കുംപോലെ തന്നെ സാമ്പത്തിക വിഷയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരുന്നു പുസ്തകം. ഇതിലൂടെ അവതരിപ്പിച്ച ഒരു ബദൽ വികസന തന്ത്രമാണ് ‘യൂണിഫൈഡ് ഡവലപ്മെന്റ് സ്ട്രാറ്റജി’. വ്യവസായവൽക്കരണത്തെ പരിധിയിൽ നിർത്തി സമഗ്രമായ മനുഷ്യശേഷി വിനിയോഗത്തിലൂടെ കാർഷിക മേഖലയെ പുനസംഘടിപ്പിച്ചുകൊണ്ടുള്ള ഒരു അതിജീവനപദ്ധതിയുടെ രൂപരേഖയായിരുന്നു ഇത്. കെടുതിയിലും അനിശ്ചിതത്വത്തിലും അകപ്പെട്ട ലോകത്തെ ആദ്യം സാർവ്വത്രിക അതിജീവനത്തിലേക്കും പിന്നീട് ക്ഷേമത്തിലേക്കും വലിച്ചുകയറ്റുന്നതാണ് ഈ കർമ്മപദ്ധതി.

സാമ്പത്തിക വറുതിയിൽപ്പെട്ട ഒരു ലോകത്ത് ഏവരുടെയും ആവശ്യം ഭക്ഷ്യലഭ്യത തന്നെ. കാർഷികമേഖലയിൽ സാമൂഹ്യോൽപാദനം വഴി ഉത്പാദിപ്പിച്ച് കൂട്ടുന്നതിൽ ഓരോ പങ്ക് ആരോഗ്യ‑വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കൂടി ലഭ്യമാക്കാനായാൽ അവരുടെ സേവനത്തിന്റെ ഒരുഭാഗം പണം ഈടാക്കാതെയുള്ള ഭക്ഷ്യസുരക്ഷയിന്മേൽ സമൂഹത്തിനാകമാനം പ്രദാനം ചെയ്യാൻ അവർ ഒരുക്കമാകും. ഇതിനായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സേവനം ഉപയോഗിക്കാനാകുമെന്ന് മോഹൻ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു. മറ്റൊരു മഹാശക്തിയെയും ഇതിനായി ഉപയോഗിക്കാമെന്ന് പ്രബന്ധത്തിൽ പറയുന്നു. സൈനികരാണവർ. ലോകത്തിനുള്ളത് യുദ്ധമല്ല, യുദ്ധഭീഷണിയാണ്. ഇതിനായി എല്ലാ രാജ്യങ്ങളിലെയും അതിർത്തി പ്രദേശങ്ങളിൽ സൈനികർ യുദ്ധസജ്ജരായി നിൽക്കുന്നു. ഉത്പാദന‑സേവന മേഖലകളിലേക്ക് ഇവരെ ഉപയോഗപ്പെടുത്തുന്ന ഒരു സംവിധാനം രൂപപ്പെടുത്തിയാൽ അത്ഭുതങ്ങൾ കാട്ടാനാവുമെന്നാണ് മോഹന്റെ പക്ഷം. യുദ്ധമില്ലാ കാലങ്ങളിൽ ദാരിദ്ര്യത്തിനെതിരെയും രോഗങ്ങൾക്കെതിരേയും മികച്ച പോരാട്ടം കാഴ്ചവയ്ക്കുന്നതിന് ഊഴവ്യവസ്ഥയിൽ ഇവരെ സജ്ജരാക്കാനാകും. സേനാവിഭാഗങ്ങളെ ഈ വിധം പുനസംഘടിപ്പിച്ചാൽ ലോകമാകെ മാറ്റമുണ്ടാകുമെന്നാണ് ബദൽ വികസനത്തിലൂടെ മോഹൻ മുന്നോട്ട് വയ്ക്കുന്ന ആശയം. സർക്കാർ ഉദ്യോഗസ്ഥരുടെ സേവനങ്ങളെ പ്രാദേശിക സർക്കാരുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനുതകും വിധം പ്രയോജനപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഇതിലുണ്ട്.

വികസനാവശ്യങ്ങൾക്കും കാർഷിക ആവശ്യങ്ങൾക്കും ഭൂമിയില്ലാതെ ഉഴലുന്ന കേരളം പോലെയുള്ള സംസ്ഥാനത്തിന് സാധ്യതകൾ തുറക്കുന്നതാണ് മോഹന്റെ ‘ഓവർഹെഡ് കൺസ്ട്രക്ഷൻ’ എന്ന ആശയം. റോഡുകൾ, റയിൽവേ ലൈനുകൾ, ചതുപ്പ് പ്രദേശങ്ങൾ എന്നിവയ്ക്ക് മീതെ കൂടി അനുയോജ്യമായ സ്ഥലങ്ങളിൽ പില്ലറുകളിൽ താങ്ങി ബഹുനിലമന്ദിരങ്ങളുടെ ശൃംഖല പണിതീർക്കലാണ് ഇതിന്റെ കാതൽ. പാർപ്പിടപ്രശ്നത്തിന് പരിഹാരം കാണുന്നതോടൊപ്പം കൃഷിഭൂമിയുടെ സംരക്ഷണവും വീണ്ടെടുക്കലും ഇതിലൂടെ സാധ്യമാക്കാനാകും. മറ്റൊന്ന് ഓവർഹെഡ് കൺസ്ട്രക്ഷനിലൂടെ ലഭിക്കുന്ന കോടാനുകോടികളുടെ വരുമാനമാണ്. ഈ ആശയം കേന്ദ്രനഗരവികസന വകുപ്പ് മന്ത്രിയായിരുന്ന ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ പക്കൽ മോഹൻ സമർപ്പിച്ചിരുന്നു. ഇതിന് പിന്നിലെ സാധ്യതകൾ അദ്ദേഹം തിരിച്ചറിഞ്ഞതായി മോഹൻ പറയുന്നു. ഇതിന് പുറമേ മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും പക്കൽ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ക്ഷണപ്രകാരം ഡൽഹിയിലെത്തി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുകയുമുണ്ടായി.

സാമ്പത്തിക ശാസ്ത്രത്തിൽ എംഎ പഠനം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ ഗവേഷണത്തിനായി ഇറങ്ങിപ്പുറപ്പെട്ട ചരിത്രവും മോഹനുണ്ട്. പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യയുടെ നികുതി ശേഷിക്കുണ്ടായ മാറ്റത്തെക്കുറിച്ചുള്ള പഠനം തിരുവനന്തപുരം സിഡിഎസിൽ അന്ന് പബ്ലിക് ഫിനാൻസ് മേഖല കൈകാര്യം ചെയ്തിരുന്ന ഐ എസ് ഗുലാത്തിയുടെ ശ്രദ്ധയിൽപെട്ടു. സിഡിഎസിലെ മുഴുവൻ ഫാക്കൽറ്റിയും വിചാരിച്ചാൽ പോലും ഏറ്റെടുക്കാനാവുന്ന വിഷയമല്ല അതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. വ്യത്യസ്ത വിഷയങ്ങളിലായി ആറ് പുസ്തകങ്ങൾ കൂടി മോഹൻ രചിച്ചിട്ടുണ്ട്. അതിൽ സാമ്പത്തികശാസ്ത്രസംബന്ധിയായ അക്കാദമിക് പുസ്തകങ്ങളും ഉൾപ്പെടും.

ഹരിതസമ്പദ്ഘടന എന്ന ആശയവുമായി മുന്നോട്ട് പോയപ്പോൾ പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും സംഭവിക്കാത്ത സമ്പദ്ഘടനയായിരുന്നു മനസ്സിൽ. ഇതിൽ പ്രധാനപങ്ക് ഊർജ്ജോൽപാദന മേഖലയ്ക്കും ഉണ്ടെന്ന് മനസ്സിലാക്കിയ മോഹൻ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാത്ത ഊർജ്ജോൽപാദനം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. കോടികൾ ചിലവാക്കി പുതിയ ഡാമുകൾ കെട്ടുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെ ഊർജ്ജോൽപാദനം നടത്താനുള്ള സംവിധാനമായിരുന്നു മനസ്സിൽ. അതുപ്രകാരം സമുദ്രനിരപ്പിന് കുറേകൂടി താഴെ നിന്നുള്ള ഒരു പെൻസ്റ്റോക്ക് പൈപ്പിലൂടെ തീരത്ത് കുഴിച്ചുണ്ടാക്കുന്ന കിടങ്ങിലേക്ക് കടൽവെള്ളം കടത്തിവിട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ഒരു മാർഗ്ഗത്തിനും രൂപം നൽകുകയുണ്ടായി. ഇതിനായി എലോങ്ങേറ്റഡ് ഹാൻഡിൽ എന്ന ഉപകരണം രൂപകല്പന ചെയ്തു. 2008ൽ ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കുകയും ചെയ്തു. നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനിലേക്ക്, അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ പി ജെ അബ്ദുൽ കലാം ഇത് നിർദ്ദേശിക്കുകയുണ്ടായി. അത് തനിക്ക് നൽകിയ പ്രചോദനം വലുതായിരുന്നുവെന്ന് മോഹൻ പറയുന്നു.

തിരുവിതാംകൂറിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വിശാഖം തിരുനാൾ രാമവർമ്മയാണ് കേരളത്തിൽ കപ്പകൃഷി കൊണ്ടുവന്നത്. കൊറോണകാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള പോംവഴികളെപ്പറ്റി ആലോചിക്കുമ്പോൾ കപ്പ തന്നെയാണ് മലയാളിയുടെ മനസ്സിലേക്ക് എത്തുന്നത്. കാർഷികമേഖലയിലെ അതിജീവനത്തിനും മോഹൻ ചില പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. മഹാമാരികളിലും കൊടുംവിനാശങ്ങളിലും ലോകം അടിക്കടി അകപ്പെടുന്ന പശ്ചാത്തലത്തിൽ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഫലം തരുന്നതും എന്നാൽ ദീർഘനാൾ ആശ്രയിക്കാവുന്നതുമായ വിളകളെ കണ്ടെത്തി അവയെ നമ്മുടെ കൃഷിസംരംഭങ്ങളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണമെന്നാണ് മോഹന്റെ പക്ഷം. പപ്പായ, കോവൽ എന്നിവ ഉദാഹരണം. പപ്പായയുടെ ചില ഇനങ്ങൾ മൂന്നുമാസം കൊണ്ട് കായ്ക്കുകയും മൂന്നുവർഷം വരെ മു‍ടങ്ങാതെ ഫലം തരികയും ചെയ്യുന്നു. ഇതുതന്നെയാണ് കോവലിന്റെയും സ്ഥിതി. പപ്പായയാകട്ടെ ഖരഭക്ഷ്യവസ്തുവായും പഴമായും ഉപയോഗിക്കാം. വേണമെങ്കിൽ പപ്പായയും കോവലും പച്ചയ്ക്കും ഭക്ഷിക്കാം. എല്ലാവർക്കും ഭക്ഷണം എന്ന മുദ്രാവാക്യം ഏറ്റെടുക്കേണ്ട ഒരു ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് മോഹനൻ വ്യക്തമാക്കുന്നു.

ഇതുപോലെയുള്ള ചെറിയചെറിയ വികസന കാഴ്ചപ്പാടുകളും മോഡലുകളുമാണ് കോവിഡാനന്തരകാലത്ത് കേരളത്തിനാവശ്യമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മോഹന്റെ സാമ്പത്തികശാസ്ത്രത്തിലും ഇത്തരം ചെറിയ വീണ്ടെടുപ്പുകളിലൂടെ വലിയൊരു മാറ്റം സൃഷ്ടിക്കുന്ന മോഡലുകൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്.

ഹാസസാഹിത്യകാരനായ എൻ പി ചെല്ലപ്പൻനായർ തന്റെ കഥയിൽ അറുപത് വർഷം നീണ്ട ദാമ്പത്യം വിജയകരമായി പൂർത്തിയാക്കിയ ദമ്പതികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. എന്താണ് നിങ്ങളുടെ വിജയരഹസ്യമെന്ന ചോദ്യത്തിന് വലിയകാര്യങ്ങൾ അദ്ദേഹം തീരുമാനിക്കും, ചെറിയകാര്യങ്ങൾ ഞാനും എന്നായിരുന്നു വീട്ടമ്മയുടെ മറുപടി. അമേരിക്ക ക്യൂബയിലേക്ക് സൈന്യത്തെ അയച്ചത് ശരിയാണോ, ഇന്ത്യ കയറ്റുമതി വർദ്ധിപ്പിക്കേണ്ടതുണ്ടോ തുടങ്ങിയവയായിരുന്നു വലിയകാര്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. അപ്പോൾ ചെറിയ കാര്യങ്ങളോ. പുഞ്ചയിലെ കളപറിക്കുന്നതിന് എത്രതൊഴിലാളികൾ വേണം, കടയിൽ നിന്ന് ഏതൊക്കെ സാധനങ്ങൾ വാങ്ങണം, പിള്ളാർക്ക് ഓണത്തിന് എത്രതുണി വാങ്ങണം ഇതൊക്കെയായിരുന്നു വീട്ടമ്മ തീരുമാനിച്ചിരുന്ന കാര്യങ്ങൾ. ഇത്തരത്തിൽ തീരെ ചെറിയ ആശയങ്ങളാണ് സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി മോഹൻ പരവൂർ മുന്നോട്ട് വയ്ക്കുന്നത്. ഇവ ഒരുകാലത്ത് അംഗീകരിക്കപ്പെടുമെന്ന കാര്യത്തിൽ മോഹന് ഒട്ടും സംശയമില്ല. കേരളത്തിന്റെ പൂർവ്വകാല ചരിത്രം തെളിയിക്കുന്നതും അതുതന്നെയല്ലേ?

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച മോഹൻ ഇപ്പോൾ എഴുത്തും വായനയും ഗവേഷണവുമായി സമയം ചിലവഴിക്കുന്നു. സജിയാണ് ഭാര്യ. ശ്രീപ്രിയ, ഹരിപ്രിയ എന്നിവർ മക്കൾ.

മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ