കെ ആനന്ദൻ

January 31, 2021, 4:25 am

നിറഞ്ഞൊഴുകുന്ന കുളിരരുവി

Janayugom Online

ഇന്ദിരാകൃഷ്ണന്റെ കവിതാ സമാഹാരം ‘ഒറ്റാൽ’ നവ്യമായ ആസ്വാദനാനുഭവമാണ് നല്കിയത്. ക്ലിഷ്ടതയും ദുർഗ്രാഹ്യതയുമില്ലാത്ത, ആശയവ്യക്തതയും ആവിഷ്കാര സൗന്ദര്യവും നിറഞ്ഞ കവിതകൾ. കവയിത്രിയുടെ ലോലഹൃദയത്തിന്റെ തുടിപ്പുകൾ ഓരോ കവിതയിലും വികാരവായ്പ്പോടെ അടയാളപ്പെടുത്തുന്നു.

ഭാരത സംസ്കാര ബിംബങ്ങളും ചുവപ്പൻ വസന്തത്തിന്റെ പ്രതീക്ഷകളും കവിതാ മുഹൂർത്തങ്ങളായി മാറുന്നു. ഭാരത സംസ്കൃതിയുടെ പാരമ്പര്യത്തിലേക്ക് പറന്നിറങ്ങുമ്പോൾ കവിയുടെ ഉള്ളിലെ പക്ഷിക്കുഞ്ഞ് ദാഹിച്ച് നുകരുന്നു, വിണ്ണിലെ ഗംഗാതീർത്ഥ സഞ്ചിത സൗന്ദര്യങ്ങൾ (പുണ്യം). കോലുവിളക്ക് ഉയർത്തിക്കാട്ടി, ഇരുട്ടിലേക്ക് ദൃഷ്ടിയുയർത്തി, അത്താഴ പഷ്ണിക്കാരുണ്ടോയെന്ന് അഹംഭാവത്തോടെ ചോദിക്കുന്ന കാര്യസ്ഥൻ, മങ്ങിക്കത്തുന്ന നിലവിളക്കുമായി അത്താഴപഷ്ണിക്കാരുണ്ടോ എന്ന് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ച് മുഷിഞ്ഞ മുഖത്തോടെ ഇരിക്കണമ്മ. രണ്ടു ചിത്രങ്ങൾ. വഴിമാറിയ പഷ്ണിക്കാലം. മദ്യവും മാംസവും സിരകളിൽ കൊഴുപ്പു നിറച്ച മാംസദാഹികളുടെ കാലം. മുഷിഞ്ഞ നോട്ടുയർത്തിക്കാട്ടി ഒരാൾ കടക്കട്ടെ അകത്തേക്ക്. മറ്റൊരു ചിത്രം. കടുത്ത നിറങ്ങളിൽ മൂന്ന് കാലങ്ങളെ വരച്ചിട്ട കവിത, അത്താഴ പഷ്ണിക്കാരുണ്ടോ…? നമസ്കാരമുദ്രിത മനസ്സോടെ അച്ഛന് ശ്രാദ്ധമൂട്ടുന്ന മകളുടെ വൈകാരിക നിമിഷങ്ങളുടെ ആർദ്രാവിഷ്കാരമാണ് ശ്രാദ്ധം എന്ന കവിത. നാളെ അച്ഛന്റെ ശ്രാദ്ധമെന്നറിഞ്ഞ മകളുടെയുള്ളിൽ സങ്കടക്കടൽ തിങ്ങുന്നു. കണ്ണടയ്ക്കുമ്പോൾ, പിന്നെക്കൺ തുറക്കുമ്പോഴെല്ലാം അച്ഛനെ നമസ്കരിച്ചാണെന്റെ നിമിഷങ്ങൾ അച്ഛനെക്കുറിച്ചുള്ള ഓർമ്മകളുടെ വിശുദ്ധി, അച്ഛന്റെ ശബ്ദം മന്ത്രശുദ്ധമായ് ത്രിസന്ധ്യയി- ലക്ഷരം പൂക്കും വിരൽ തുമ്പിലെ സുഗന്ധവും എന്ന വരികളിൽ നിറയുന്നു.

പിതൃസ്മരണയുടെ ആഴത്തിന്റെ അപാരതയാണ് ഹൃദയസ്പർശിയായ ഈ കവിത. (ശ്രാദ്ധം) എവിടെ മുക്തി? ഉപനിഷത് മഹാവാക്യങ്ങളും മഹാഭാരതത്തിലെ മഹാപ്രസ്ഥാനവും ഓർമ്മിപ്പിക്കുന്ന ഗഹനവും ലളിതവുമായ വരികൾ- പ്രിയങ്ങളൊക്കെയും പൊഴിഞ്ഞു വീഴിലും തിരിഞ്ഞുനില്ക്കാതെ കടന്നുപോകുവോർ- അവരത്രെമുക്തി വെളിച്ചമെത്തിയോർ. കൃഷ്ണഭക്തിയുടെ വിലോലഭാവങ്ങൾ ചെറുവരികളിലൂടെ സരളമധുരമായി കവി ആവിഷ്കരിക്കുമ്പോൾ ഭക്തമനസ്സുകൾ കുചേലന്റെ സദ്ഗതിയടയുന്നു. ഇക്കുചേലമാം ചിത്തം നിന്റെ പാദത്തിൽ വയ്ക്കെ സൽക്കരിച്ചല്ലോ നീയിപ്പാവമാം മനസിനെ (കുചേലം) പാവം കുചേലനെ നോക്കി,

‘ഞാനില്ലയോനീ ഭയക്കാതിരിക്കുക’ എന്ന് ഇക്കാടിൻ ഭയങ്ങളിൽ വാക്കും വഴിയുമായി കൃഷ്ണനെ അവതരിപ്പിക്കു മ്പോൾ ഭക്തി പൂർണതയിലെത്തുന്നു (ആര്) ചേർത്തുവായിക്കേണ്ട കൃഷ്ണഭക്തി തുളുമ്പുന്ന കവിതയാണ് ഒപ്പം നമസ്കരിക്കുന്ന ഭക്തയെ കണ്ണൻ തൊട്ടുവോ. വെണ്ണയുടെ നറുഗന്ധം; കുഞ്ഞുകൈവിരൽ സ്പർശം. കണ്ണൻ മുന്നിൽ നില്ക്കുന്നു. കൈകളെന്റെ നറുകയിൽ ചേർത്തുനീ ഒപ്പമുണ്ടുഞാൻ — എന്നേയനുഗ്രഹം (ഒപ്പം) ചിന്തയാകുന്ന മണിമന്ദിരത്തിൽ വിളങ്ങുന്ന ഈശനെ വാഴ്ത്തിയ കവിപാരമ്പര്യത്തിന്റെ ഗഹനമധുര മന്ത്രാവിഷ്കാരമാണ് ‘നമസ്കാരം’. പുതുതലമുറയുടെ മനസിൽ പാടിപ്പതിപ്പിക്കേണ്ട വരികളാണ് ‘മദേഴ് ഡേ’ യിലെ അമ്മച്ചിറകുകൾ തളരുമ്പോഴീ നമ്മൾ ചേർത്തു പിടിക്കണ്ടേ-ചിറ കൊന്നു വിടർത്തിയിണക്കണ്ടേ മിഴി ചിമ്മാതരികിലിരിക്കണ്ടേ. എന്ന വരികള്‍.

കാലികസംഭവങ്ങളുടെ നടുക്കുന്ന ഓർമ്മകൾ അഗ്നിപുഷ്പങ്ങളായി വിടരുന്ന കവിതകളാണ് മുംബൈ 2008,ഗൗരിലങ്കേഷ്, കെവിൻ, കിരാതം. ഈ മണ്ണിനെ ചുവപ്പിച്ച, പാവപ്പെട്ടവർക്കുവേണ്ടി പൊരുതിവീണ, രക്തനക്ഷത്രങ്ങളായി മാറിയ സഖാക്കളുടെ സ്മരണകൾ ‘ലാൽസലാ‘മിൽ ഇരമ്പുന്നു. കുറത്തിത്തെയ്യം വളരെ ശ്രദ്ധേയമായ കവിതയാണ്. നമ്മുടെ നാടോടി സംസ്കാരവും അനുഷ്ഠാനകലയും കൂട്ടിയിണക്കിയ കാവ്യശില്പം. തപ്പുതാളവും, തുള്ളിത്തിമർക്കലും, ചടുലചലനവും പെൺമനസ്സിന്റെ സ്ഥൈര്യവും ചേർന്ന അപൂർവത. കഴുത്തിൽ ചാർത്തിയ ചുവന്ന തെച്ചിപ്പു അവളുടെ സ്ഥൈര്യം തെളിച്ചുകാട്ടുന്നു അത് മുറിച്ചവൾ പകുത്തു നല്കുമ്പോ- ളെനിക്കുമെന്റെ പെൺകുലത്തിനാകെയും ഉണർച്ചയാകുവാൻ തൊഴുതു നില്ക്കുന്നു? താളം കെട്ടി ഉറക്കെപ്പാടിതന്നെ ഈ കവിത ആസ്വദിക്കണം. ഒറ്റാൽ കുത്തിവലിക്കപ്പെടുന്ന നിസ്സഹായരായ വയൽ മീനുകൾക്കിടയിൽ ഒരിക്കൽ നടന്ന കാരിമീനിന്റെ പ്രതിഷേധത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും രസകരമായ കഥപറയുന്നു.

‘ഒറ്റാൽ’ ചേറിലും വെള്ളത്തിലും ചോരച്ചാലുകൾ കാരിയുടെ പ്രതിരോധത്തിൽ കവിക്ക് ബഹുമാനം തോന്നി. ഏതു നിസ്സഹായനും ഒരിക്കൽ പ്രതിഷേധിക്കും. ഒഴുകുന്ന പ്രതിഷേധവുമായിരിക്കുമത്. പ്രിയതരങ്ങളാണ് സമാഹാരത്തിലെ എല്ലാ കവിതകളും. പുത്തൻ കവിതകളിലെ ദുർഗ്രാഹ്യതകളേതുമില്ലാതെ ഭക്തിയും സ്നേഹവും വീര്യവും വിപ്ലവവും ആർദ്രതയും കരുണയും നിറഞ്ഞൊഴുകുന്ന കുളിരരുവിയാണ് ‘ഇന്ദിരാകൃഷ്ണന്റെ ഈ കവിതൾ. ഒറ്റാല്‍ ഇന്ദിരാകൃഷ്ണന്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് വില: 80 രൂപ

മുൻപിലേക്ക്
കോലൈസ്…
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ