25 April 2024, Thursday

കോലങ്ങൾ

ജയപാലൻ കാര്യാട്ട്
October 3, 2021 3:00 am

പേടിയാകുന്നുയിർ തേടി വന്നെത്തിയോർ
പാടിപ്പുകൾ പെറ്റോരാശയ വാഴ്ത്തുകൾ.
കോലങ്ങൾ കെട്ടും കബന്ധ നൃത്തച്ചുവ-
ടാലംബഹീനരായാടുന്നതി ദ്രുതം.
വാദിച്ചു വീണ്ടും തളർന്നിടും സംവാദ
വേദിയിൽ നീതി നിഷേധത്തിൻ നൊമ്പരം.
കൂട്ടിക്കുഴച്ചുടലാർന്ന രൂപങ്ങൾ തൻ
ആട്ടക്കലാശ ദൂതേറ്റ കങ്കാണികൾ.
മൂശകളേറെ നിരത്തി വിരൂപമാം
വാർപ്പുകൾ തീർക്കാൻ കൊതിക്കും വിരുതുകൾ
കൂട്ടത്തിൽപ്പായും കുഞ്ഞാടിന്റെ കണ്ണുകൾ
പൂട്ടുന്ന പുത്തൻ പ്രവാചക ഘോഷണം.
വേർപ്പിൻ മണിമുത്തു ചാർത്തി കൃഷീവലൻ
ശീലുകളേറ്റിക്കുതിക്കും വയലുകൾ
വീതിയിൽ വീഥികൾ തേടുന്ന വേഗത
വേർപിരിച്ചെത്രയോ ബന്ധമനാഥമായ്.
വീതിച്ചു നൽകും നിധിയെന്നുറച്ചവർ
ഊതിപ്പെരുപ്പിച്ചുയർത്തും പാഴ് വാക്കുകൾ.
കേഴുന്ന നാടിൻ കരം ഗ്രഹിച്ചാധിതൻ
വ്യാധി തലോടികറ്റുന്ന മന്ത്രമായ്
കാതോർത്തു നിൽക്കുന്നു കാലമിന്നക്ഷമം
നീതിശാസ്ത്രങ്ങൾ തൻ തേരോട്ട നാളുകൾ.
ആഴികളാർത്തിരമ്പുന്നു രണഭേരി
പോരാട്ട വീര്യം പടരട്ടെ നാൾക്കുനാൾ.
കാടടച്ചും വെടിവെച്ചവരാകുലം
കാണാക്കരയിലടിയുന്നനാഥരായ്.
പോരിന്റെ പാതയിൽ പന്തങ്ങളേന്തിയും
പോരാടി നേരിന്റെ ചാരത്തു ചേർന്നിടാം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.