ഒന്ന് തലയമരുമ്പോൾ മണൽത്തിളക്കം അടുത്ത നിശ്വാസത്തിന്റെ സൂര്യനാകുമെന്ന്.
രണ്ട് ഉമിനീരും കണ്ണീരും കുഴഞ്ഞുതുടങ്ങിയിടത്ത് ഒരു കുമിളയിൽ ശ്വാസംവീർക്കുമെന്ന്.
മൂന്ന് ആക്രോശങ്ങൾ വിലങ്ങു മുറിക്കുന്ന വാൾമുനയാകുമെന്ന്.
നാല് ഞെരിഞ്ഞൊടിയുന്ന പല്ലുകൾക്കിടയിലെ ഇത്തിരി മണ്ണ് ചോരയുറവ മറയ്ക്കുമെന്ന്.
അഞ്ച് തികട്ടുന്ന മുലപ്പാലോർമ്മയിൽ അമ്മ ഓടിയെത്തുമെന്ന്.
ആറ് വെളുത്തകുരിശ് ചുമക്കുന്ന കറുത്തക്രിസ്തു ഉയിർത്തെണീക്കുമെന്ന്.
ഏഴ് നിറങ്ങളുടെ ലോകത്തിൽ മഴവിൽച്ചുരങ്ങളിൽ ഇടം തിരയുമെന്ന്.
എട്ട് തണുപ്പുള്ള വെളുപ്പിനെ അട്ടിമറിയില്ലാതെ പിടിച്ചടക്കുമെന്ന്. ഒൻപത്: ഇനിയും നിലാവ് കറുത്ത പൊട്ടുകളോടെ ഉദിക്കുമെന്ന്!