കുഞ്ഞുങ്ങൾ വരയ്ക്കുന്ന വീടുകൾ

ആശ സജി
Posted on October 18, 2020, 4:34 am

കുഞ്ഞുങ്ങൾ വരയ്ക്കുന്ന
എല്ലാ വീടുകളും ചായം തേച്ചവയാണ്.
ചെറിയ ഇലകളുള്ള ചെടികൾ
വലിയ പൂക്കളും താങ്ങി
അവയ്ക്കരികിൽ വരും.
മലകൾക്കപ്പുറത്തേക്ക്
കാലുന്തി നിന്നൊരു സൂര്യൻ
നിഴലുകൾ വലിച്ചു നോക്കും.
ജാലക വിടവിലൂടിടയ്ക്കിടെ
പൂമ്പാറ്റകൾ കാറ്റിനോട്
ഓടിത്തൊട്ടു കളിക്കും.
മഴവില്ലാരും കാണാതെ വന്ന്
ചുമരിലങ്ങിങ്ങ് അക്ഷരം
പഠിച്ചു പോകും.
എത്തിനോട്ടം മടുത്തെന്ന്
കിണർ കമ്പിവല കൊണ്ട്
മുഖം പൊത്തി വയ്ക്കും.
മുറ്റത്തോടി വീണ്
മുട്ടുപൊട്ടിയെന്ന്
വെയിൽ വൈകുന്നേരങ്ങളിൽ
പിന്നാമ്പുറത്ത് കറുത്തു നിൽക്കും.
കുളിക്കാൻ മടിയുള്ളൊരു മരം
മഴയുടുത്ത് മുറ്റത്ത്പരുങ്ങിക്കളിക്കും.
കുഞ്ഞുങ്ങൾ വരയ്ക്കുന്ന
വീടുകൾ ആർക്കുംമാറ്റി വരയ്ക്കാൻ
പാകത്തിന് വാതിലുകളിൽ
ഇറേസർ തിരുകിവയ്ക്കും.
കുഞ്ഞുങ്ങൾ വീടുകൾക്കൊപ്പം
ശബ്ദങ്ങളും വരയ്ക്കും
അതിനാലവരുടെ വീടുകൾ
മിണ്ടിക്കൊണ്ടിരിക്കും.
പൂന്തോട്ടത്തിനു തേയ്ക്കാൻ
ചായങ്ങൾ അയൽപക്കത്തേക്കിട്ടു
കൊടുക്കുന്ന ആ വീടുകൾ
അസംബ്ളിയിലെപ്പോഴും
വരി തെറ്റി വഴക്കു കേൾക്കും
ചായങ്ങൾ ചിലപ്പോഴൊക്കെ
പറയാതിറങ്ങിപ്പോകുന്നതിനാലാവാം
അവർ പുറം വാതിലിൽ
നെയിം ബോർഡുകൾ
പെയിന്റടിച്ചു വയ്ക്കാത്തത്.