ജയപാലൻ കാര്യാട്ട്

March 28, 2021, 3:15 am

രണഭേരി

Janayugom Online

വേരറുക്കും പുതുനീതി വൈഭവം
വേലി തന്നെ വിള കൊയ്യും വൈകൃതം!
ആരു കാണുമീ കണ്ണീരു നാടിന്റെ
അന്നദാതാക്കളൊന്നായ് തെരുവിലായ്
ചേറിലന്നം വിളയിച്ചു നാടിനെ
ഊട്ടു മദ്ധ്വാനശീലന്റെ വേദന
കൺമിഴിച്ചു നോക്കുന്നു മിഴിയിണ
മൺമറഞ്ഞു പോകുന്നു കൃഷിയിടം
വിണ്ടു കീറിയ നഗ്നപാദങ്ങളാൽ
വീണ്ടെടുപ്പിന്നുറച്ച കാൽവെപ്പുകൾ
വഴികളടയുന്നിരുൾ മൂടും പാതയിൽ
അഭയമറ്റോരടരാടി നാൾക്കുനാൾ
എത്തി നില്പതിന്നീക്കടൽപ്പാലത്തിൽ
കത്തിവേഷങ്ങളാടുന്നരങ്ങുകൾ
ലാഭനഷ്ടക്കണക്കെടുപ്പാദ്യന്തം
മോഹനങ്ങളാം വാഗ്ദാനശീലുകൾ
വട്ടമിട്ടു പറക്കും കഴുകന്റെ
കണ്ണിലേശാതിരയുടെ നൊമ്പരം
ചിട്ടയായ് കവർന്നോടുന്ന രാക്ഷസർ
ചട്ടുകങ്ങളായ് കിങ്കരക്കൂട്ടവും
പേരിനോതും പ്രതിജ്ഞതൻ ലംഘനം
പോരിതല്ലാതെ മാർഗ്ഗമില്ലോർക്കുകിൽ
കനിവിരന്നല്ലഭിമാനത്തേരുമായ്
താണ്ടി ദൂരം മനക്കരുത്തൊന്നിനാൽ
തെരുവിലൊരുമതൻ പെരുമത്തിളക്കം
ഇരവു പകലൊന്നായ് തുടരുന്ന ദൗത്യം
കത്തിയാളുന്ന വേനലിൽ, ശൈത്യത്തിൽ
ചേർന്നു നില്‍പ്പന്ത്യപ്പോരിൻ പോരാളികൾ
കൺ തുറന്നൊന്നു കാണുക, കേൾക്കുക
മൺമറഞ്ഞെത്ര സോദരർ, ലാൽ സലാം!
.

പുറകിലേക്ക്
രണ്ട് കവിതകൾ
മുൻപിലേക്ക്
പാപ്പരാസി
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ