അനീഷ് കെ അയിലറ

January 03, 2021, 1:27 am

പുതുവർഷത്തിന്റെ ഓർമ്മയ്ക്ക്

Janayugom Online

ഡിസംബറെത്തുമ്പോൾ
ആശംസാകാർഡുകൾക്കു വേണ്ടി
തടിയലമാരിയിൽ നിന്ന്
പൊടിപിടിച്ച കാവ്യങ്ങളിറങ്ങി വന്ന്
തിരിച്ചും മറിച്ചും ചാടും.
കണ്ണുകളിലെ പ്രണയം
കാർഡുകളിൽ വിരിയിക്കാനുള്ള
പരിമിതിയിൽ
എൽഇഡി ആശംസകൾ
തെരഞ്ഞെടുക്കും.
അതിന്റെ നേർത്ത സംഗീതം
ഹൃദയത്തിൽ പകർത്താനായി
കരുതി വയ്ക്കും.
അവ പണ്ടു പാടിയ പാട്ടുകളെ
ഓർമപ്പെടുത്തുമ്പോൾ
ഒരു വസന്തകാലം
തളിർത്തു വരും.

കാത്തിരിപ്പിന്റെ ടെൻഷൻ കൊണ്ടാകാം
ഡിസംബർ മാസത്തിൽ
ശ്വാസം മുട്ട്.
പോസ്റ്റുമാനെ കാത്ത്
ഏറെ നേരം വരാന്തയിൽ
നിന്നിട്ട് ഇല്ലല്ലോ
എന്ന മറുപടി കേൾക്കുമ്പോൾ
ഒന്നമർത്തി
നിശ്വാസം വിടും.
കാർഡുകളുടെ വലിപ്പവും
വിലയുമനുസരിച്ച്
സ്നേഹം അളന്നു മാറ്റി വയ്ക്കും.

രാത്രി ഉറക്കമൊഴിച്ചിരുന്നു
പെയിന്റ് ചെയ്തുണ്ടാക്കിയ
ക്രിസ്തുമസ് ന്യൂഈയർ കാർഡുകൾ
പണമില്ലാഞ്ഞിട്ടാണെന്നു
കരുതാതിരിക്കാൻ
അതിലെന്റെ ഹൃദയമുണ്ടെന്നു
ആവർത്തിച്ചു പറയും.

ഇടയ്ക്ക് മറിച്ചു നോക്കുവാൻ
ഓരോ വർഷവും കിട്ടിയ
ആശംസാ കാർഡുകൾ
അതിരഹസ്യമായി സൂക്ഷിച്ചുവയ്ക്കും
കൊച്ചുപുസ്തകം പോലെ.

പുതിയ വീടുവച്ചു മാറുമ്പോൾ
പൊടിയടിച്ചു കിടക്കുന്നവ
എടുക്കേണ്ടെന്നു
വീട്ടുകാർ നിർബന്ധം പിടിക്കും.
പിന്നെപ്പോഴോ
പഴഞ്ചൻ സാധനങ്ങളുടെ കൂട്ടത്തിൽ
അവ കത്തിച്ച് കളഞ്ഞ്
ആശ്വസിക്കും.
ഇപ്പോൾ പൊള്ളുന്നത്
എന്റെ ഹൃദയമാണ്.