മഞ്ജു മത്തായി

November 22, 2020, 3:22 am

ഉടയോൾ

Janayugom Online

റ്റമുറിയിൽ ജീവിക്കുന്നൊരുവൾ
ഒരു പുതിയ ഭൂമിയുണ്ടാക്കുന്നു
രാജാവും,
രാജ്ഞിയും
ചിലപ്പോൾ
മന്ത്രിയും
പ്രജയും
ദൈവവും
അവൾ മാത്രമാകുന്നു
ചില നേരം
ഫാഷൻ ഷോയുടെ റാംപുകൾ
സൃഷ്ടിച്ചതിലെ
മത്സരാർത്ഥിയും
ജഡ്ജിയും
കാണിയും
അവൾ തന്നെയാകുന്നു
സംഗീത മത്സരങ്ങൾ നടത്തി
ഗാനകോകിലപ്പട്ടം സ്വന്തമാക്കുന്നു
ലോകം മുഴുവൻ
ക്യൂ നിന്ന് വാങ്ങിയ
ഒരു പുസ്തകത്തിന്റെ
രചയിതാവാകുന്നു
എല്ലാത്തിനുമുടയോൾ
ഞാൻ തന്നെയെന്ന്
സ്വയം പ്രഖ്യാപിക്കുന്നു
ചുവരുകളിലാകാശം വരയ്ക്കുകയും
നീലക്കടലുകളെ…
ചേക്കേറാനനുവദിക്കയും ചെയ്യുന്നു
യാത്ര ചെയ്യാൻ പായ്ക്കപ്പലുകളെ
സജ്ജമാക്കുന്നു
ഭുഖണ്ഡങ്ങളിൽ നിന്ന്
മറ്റ് ഭുഖണ്ഡങ്ങളിലേയ്ക്കുള്ള
ഓരോ യാത്രയിലും
അവളോരോ നക്ഷത്രങ്ങളെ
കട്ടെടുത്ത്
കടന്നു വരുന്ന പാതയിലെ
ഇരുണ്ട ഗുഹകളിലൊക്കെ
തൂക്കിയിടുന്നു
ചിലപ്പോൾ മിന്നലുകളെ
ഒരു കള്ളക്കടത്തുകാരന്റെ
ജാഗ്രതയോടെ
ഒളിപ്പിച്ചു കടത്തി
അലങ്കാര വിളക്കുകളുണ്ടാക്കുന്നു
ചിതറിവീഴുന്ന മഴത്തുണ്ടുകളെ
കൽക്കണ്ടപ്പൊതിയെന്നപോൽ
ഒളിപ്പിച്ചു വയ്ക്കുന്നു
കവിതകളുടെ മേൽക്കുര
പണിയാനെന്ന വ്യാജേന
സ്വപ്നങ്ങളുടെ
അരികുകൾ വെട്ടി വെടിപ്പാക്കുന്നു
കളവുപോയ ഉറക്കങ്ങളെയെല്ലാം
കടലിൽ വലയെറിയുന്നവന്റെ
മിടുക്കോടെ പിടിച്ചടക്കുന്നു
(ചിലത് വലയിൽ നിന്ന് വഴുതി
കടലിൽത്തന്നെ പതിക്കുന്നു)
അതേ,
യുദ്ധത്തിൽ തോറ്റ
ഭരണാധികാരിയെപ്പോലെതന്നെ
ചിലപ്പോളൊരു പരവശപ്പെടലുണ്ട്
കാണാതെപോയ…
അവളെത്തേടി
തലയിണയ്ക്കടിയിൽ
അലമാരയിൽ
മേശവലിപ്പിൽ
പുസ്തകങ്ങൾക്കുള്ളിൽ
കണ്ടു കിട്ടുമ്പോൾ
നഷ്ടസ്വപ്നങ്ങളുടെ
മൊത്തവ്യാപാരിയുടെ
എല്ലാ ലക്ഷണങ്ങളോടും
കൂടിത്തന്നെയാവും
പക്ഷേ,
അവളന്നേരം
കൽക്കണ്ടപ്പൊതിയഴിക്കും
ഒരു മഴത്തുണ്ട് നാവിലിട്ട് നുണയും
നിങ്ങളപ്പോൾ പറയും
ദുരെ
ദൂരെയെങ്ങോ നിന്നൊരു
കാടു പൂത്ത മണം വരുന്നെന്ന്.