അഞ്ജന പ്രസാദ്

October 11, 2020, 5:20 am

വാട്സ് ആപ്പ്

Janayugom Online

രു പകലിരവിന്നിടയില്‍
എത്രയോ സന്ദേശങ്ങള്‍!
സൗഹൃദത്തിന്റെ
കലപില ഒരിടത്ത്.
ചിലപ്പോള്‍
ചില അപസ്വരങ്ങള്‍.
ഒന്നിന്റെ ശരികളെ
മറ്റൊന്ന് തെറ്റായി
കാണുന്ന സങ്കീര്‍ണ്ണത.
സ്നേഹത്തിന്റെ
വെച്ചുകെട്ടലുകള്‍-
നിറയുന്ന ‘അകപ്പെട്ടികള്‍.’
ചിലമ്പിച്ച
പുകഴ്ത്തലുകളിലും
വാഗ്ദാനങ്ങളിലും മധുരമാം-
പ്രണയപ്പാഴ് വാക്കുകള്‍.
തിരക്കിട്ട പകലുകള്‍ക്ക്
വിടനല്‍കിയൊരുങ്ങിയ
‘വിദ്യാലയമുറി സന്ദര്‍ശനങ്ങള്‍.’
രക്ഷിതാക്കളുടെ ആവലാതിപ്പെട്ടി,
”സ്കൂളെന്നു തുറക്കുമോ?”
”തുറന്നാലെങ്ങനെയാ?”
”പരീക്ഷയെങ്ങനെയാ?”
പെട്ടികള്‍ നിറയുന്ന
ചിന്തകള്‍, വേവലാതികള്‍.
ഇടയിലെപ്പൊഴോ
മനസ് തൊട്ട മൊഴികള്‍.
ഉണര്‍വ്വിനും നിദ്രയ്ക്കുമിടയില്‍
ഉള്ളില്‍ നീയുണ്ടെന്ന സൂചന.
ഒരേ തൂവലില്‍,
വര്‍ണ്ണമൊക്കെയുമൊതുക്കിയവ.
കുഞ്ഞൊച്ചയില്‍,
ഉയിരിന്റെ സംഗീതം നിറച്ചവ.
ഇനി, കലമ്പല്‍മാത്രം
ബാക്കിവെച്ചെത്ര സന്ദേശങ്ങള്‍…?