കണ്ണുകൾ

ഡോ. എസ് രമ
Posted on November 22, 2020, 3:17 am

കാഴ്ചകൾ കൂടുകൂട്ടുമ്പോൾ
കണ്ണുകൾ സ്വയം മറക്കും
ആസക്തിയുടെ പിന്നാലെ
നടക്കും ഇമയനക്കാത്ത
മിഴികളിൽ നിന്നപ്പോഴാണ്
പുഴുക്കൾ ഇറങ്ങിപ്പോകുന്നത്
മേനികൾ പരതി നടക്കുന്നത്.
അലക്കുകല്ലിനരികിൽ നടവഴികളിൽ
കാത്തിരിപ്പ് കേന്ദ്രങ്ങളിൽ
വാഹനങ്ങളിൽ പ്രവൃത്തി
പഥങ്ങളിൽ ആഘോഷവേളകളിൽ
അവ മേലാസകലം ഇഴയും
താരപ്രഭയുടെയിത്തിരിവെളിച്ചത്തിലവ
പെറ്റുപെരുകും.
വെളിപാടുപോലെയൊന്ന്
തലയുയർത്തുമ്പോഴേക്കും
സ്ഥാനം തെറ്റിയ
വസ്ത്രങ്ങൾക്കിടയിലൂടതു
ദേഹത്ത് നുഴഞ്ഞുകയറിയിട്ടുണ്ടാകും.
നിങ്ങളപ്പോൾ വസ്ത്രം
വീണ്ടും വീണ്ടും നേരെയാക്കും
മിഴിയാഴങ്ങളിൽ അഗ്നിനിറച്ച്
ആട്ടിയോടിക്കാൻ നോക്കും
മറ്റാരുമറിയാതെ,
വിവസ്ത്രയാക്കപ്പെടുന്നതിന്റെ
അസഹ്യത സ്വയമറിയുമപ്പോൾ
കണ്ണുകളിൽ നിന്ന്
ഇറങ്ങിവരുന്ന പുഴുക്കൾ
അവ നിങ്ങളെ ഭോഗിക്കും
അല്ല, ബലാത്സംഗം ചെയ്യും
നിങ്ങൾ പോലുമറിയാതെ,
എത്രയോ തവണകളിൽ
അത് സംഭവിച്ചിട്ടുണ്ടാകും.