വീഴ്ചകൾ

രശ്മി എൻ കെ
Posted on November 22, 2020, 1:50 am

ഹൗ എന്തൊരു നീറ്റലാണീമുറിവിന്…
കൽ തട്ടി വീണ് ചോര പൊടിക്കുമ്പോഴാണറിയുക.
മാനം നോക്കി നടന്നതിൻ
ശിക്ഷ.
വെച്ചു കുത്തി നഖം പോയ വിരലുകൾ
കല്ലു കുത്തി നീലിച്ച
കാൽമുട്ടുകൾ…
എന്തു നീറ്റലാണ്
എന്തസഹ്യമീ വേദന!
ഇനിയൊരിക്കലും വീഴില്ല
മാനം നോക്കി നടക്കാനില്ല
ഞാനിനിയിത്തീപ്പൊള്ളലേൽക്കുവാൻ…
രണ്ടടി നടന്നപ്പോൾ
വീണ്ടും ആകാശനീലയും
കിളിക്കൊഞ്ചലും
ഇലപ്പടർപ്പിന്റെ വശ്യ ചിത്രങ്ങളും
അറിയാതെ ശ്രദ്ധ പോയ്
കണ്ണുകൾ മാനം നോക്കി
വീണ്ടുമേതോ കല്ലിൽത്തട്ടി വീണ് ഹൃദയത്തിൽ
കൽച്ചീളുകൾ കുത്തിക്കേറാൻ.
എത്ര വീഴണമിനിയും
ചൊവ്വെ നടക്കാൻ പഠിക്കുവാൻ?