ശിവകുമാർ ആർ പി

November 01, 2020, 7:30 am

അനുഭവങ്ങളുടെ അകം കാഴ്ചകള്‍

Janayugom Online

ശിവകുമാർ ആർ പി

ഹിച്ച്കോക്കിന്റെ പഴയ സിനിമ 39 സ്റ്റെപ്സിൽ റിച്ചാർഡ് ഹാനേ എന്ന കഥാപാത്രം പോലീസിന്റെ തിരച്ചിലിൽ നിന്ന് രക്ഷപ്പെടാൻ തീവണ്ടിയിലിരുന്ന അപരിചിതയായ സ്ത്രീയെ ചുംബിക്കുന്ന ഒരു രംഗമുണ്ട്. പിന്നീട് മറ്റു പല ചിത്രങ്ങളിലും ആവർത്തിച്ച ഒരു സീനാണിത്. കുറ്റവാളികളെ തിരയുമ്പോഴും പ്രണയലീലകളിൽ ഏർപ്പെട്ടിരിക്കുന്ന കമിതാക്കളെ ഉപദ്രവിക്കാത്ത പോലീസ് പ്രത്യേകതരം സാമൂഹിക ബിംബമാണ്. സുനിൽ ഉപാസനയെഴുതിയ ‘ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ’ എന്ന കഥാസാമാഹാരത്തിലെ ആദ്യകഥയായ മുറിച്ചുണ്ടുള്ള പെൺകുട്ടി വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മവന്ന ചിത്രമാണിത്.

കഥയിൽ അപരിചിതയായ പെൺകുട്ടിയെ തീവണ്ടിയിൽ വച്ച് ആഖ്യാതാവ് ചുംബിക്കുന്നു. അതേ വണ്ടിയിൽ തൊട്ടടുത്ത് മറ്റൊരു യുവതിയെ ചുംബിക്കുന്ന യുവാവിനെയും കാണാം. മുറിച്ചുണ്ടുള്ള പെൺകുട്ടി, സ്ത്രൈണമായ അപകർഷം സ്വീകാര്യമാവുന്നതിനെപ്പറ്റിയുള്ള കഥയാണ്. മുറിച്ചുണ്ടിന്റെ വൈകൃതം ഉണ്ടായിട്ടും തന്നെ പരിഗണിച്ച ആഖ്യാതാവായ യുവാവിന്റെ കഴുത്തിൽ മുഖമണച്ചുകൊണ്ട് നന്ദി പറയുന്നിടത്താണ് കഥയവസാനിക്കുന്നത്. അത്രയും ഋജുവും സരളവുമായ കഥാബിന്ദുവിൽ സുനിലിന്റെ കഥകളെ, ഒരർത്ഥത്തിൽ എഴുത്തിനെ ആകെതന്നെ പൊതിഞ്ഞു നിൽക്കുന്ന ആത്മീയമായ ആശയധാരകളുടെ മിന്നാട്ടമുണ്ട്. ബാഹ്യമായ സൗന്ദര്യമല്ല എന്റെ വിഷയം എന്ന് സ്വന്തം പദകോശത്തിലുള്ള പരിമിതമായ വാക്കുകൾകൊണ്ട് സൂചിപ്പിക്കുന്നതുപോലെയാണ് ആ കഥ അനുഭവപ്പെടുന്നത്. അതോടൊപ്പം ചലിക്കുന്ന തീവണ്ടി, അതിലെ യാത്രക്കാർ അവരുടെ അസ്വാഭാവികതകളോടൊപ്പം മറ്റൊരു ലോകത്തെ മുന്നിൽ വയ്ക്കുന്നു. ഇതാണ് സുനിലിന്റെ കഥാലോകത്തിന്റെ പശ്ചാത്തലം. ഒച്ച കുറഞ്ഞൊരു ലോകമാണത്. അതുകൊണ്ട് സുനിൽ ആളുകളുടെ പെരുമാറ്റരീതികളിൽ വല്ലാതെ ശ്രദ്ധിക്കുന്നു. മുറിച്ചുണ്ടുള്ള പെൺകുട്ടിയിൽ തന്നെ ശ്രദ്ധ എത്തുന്നത് വിചിത്രമായ പെരുമാറ്റമുള്ള ഒരു യാത്രക്കാരന്റെ രീതികളെ സൂക്ഷ്മമായി പിന്തുടർന്നുകൊണ്ടാണ്.

ഒന്നും പറയാതെ ചേട്ടന്റെ വീട്ടിൽ വന്ന് ആഹാരം കഴിച്ചു മടങ്ങുന്ന ഇരട്ട സഹോദരൻ, ( ഇരട്ടച്ചെമ്പരത്തി) ആളുകൾക്കുള്ള കത്ത് തുറന്നു വായിക്കാൻ തടയാനാവാത്ത പ്രേരണയുള്ള വൃദ്ധനായ പോസ്റ്റുമാൻ (ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ) മരണവീടുകൾ സന്ദർശിക്കാനും മരണത്തിനു സാക്ഷിയാവാനും വല്ലാതെ കൊതിക്കുന്ന ഒരാൾ ( മരണദൂതൻ) കാഴ്ചകളെല്ലാം മുൻപു താൻ കണ്ടിട്ടുണ്ടെന്നു തോന്നലുള്ള മനോരോഗി (ഭദ്രന്റെ മനസ്സ്) സ്വപ്നത്തിലെ പാലത്തിലൂടെ കടന്നു പോകാൻ കഴിവുള്ള ചെരുപ്പുകൾ അന്വേഷിക്കുന്ന കുൽദീപ് ( നിർവാണം) നീലനിറമായി മരണം അനുഭവിക്കുന്ന ചെറുപ്പക്കാരൻ (നീലമരണം) ഭ്രാന്തന്റെ ലോകത്ത് ഭ്രാന്തുമായി ഇറങ്ങിച്ചെല്ലുന്ന ലാൽ (ടിൻ ഫാക്ടറി ജങ്ഷനിലെ.. ) ഗ്രാമത്തലവനെ വിധേയത്വത്തോടെ മരിച്ചതിനു ശേഷവും സേവിക്കുന്ന ശ്യാംസിങ്( ദിമാവ് പൂരിലെ സർപഞ്ച്)… ഇത്തരം കഥാപാത്രങ്ങൾ നമുക്കിടയിൽ എപ്പോഴും ഉണ്ടെങ്കിലും അവരെ പകൽ വെളിച്ചത്തിൽ കാണുക അത്രയെളുപ്പമല്ല. അഥവാ അവരെ മാത്രമായി കണ്ടെടുക്കാൻ ചില ഉപകരണങ്ങൾ ആവശ്യമാണ്. സുനിൽ ഉപാസന, പ്രാചീന ഭാരതീയ തത്ത്വചിന്തകളാണ് അതിനുപയോഗിക്കുന്നത്.

കഥകൾക്കു മുന്നിലുമുള്ള താക്കോൽ വാക്യങ്ങൾ എടുത്തു ചേർത്തിരിക്കുന്നത് ലങ്കാവതാര സൂത്രം, ബുദ്ധസംവാദം, ബിന്ദു ധർമ്മകീർത്തിയുടെ ന്യായ ബിന്ദു ടീക തുടങ്ങിയവയിൽനിന്നാണ്. നചികേതസ്സും യമനുമായുള്ള മരണരഹസ്യം പങ്കുവയ്ക്കലിലൂടെ വികസിക്കുന്ന ഒരു കഥയും ഈ സമാഹാരത്തിനുള്ളിലുണ്ട്, ‘മോക്ഷം നേടുന്ന ബലിക്കാക്കകൾ. ’ പൗരാണിക രചനകളിൽനിന്നുള്ള താക്കോൽ വാക്യങ്ങൾ ആമുഖങ്ങളായി നിലനിൽക്കുക മാത്രമല്ല ചെയ്യുന്നത്, അവ ആ കഥയുടെ കേന്ദ്രത്തെ നിർമ്മിക്കുകയാണ്. ഇരട്ടച്ചെമ്പരത്തി എന്ന കഥയിലെ ഭർത്താവിനെ നോക്കുക. ഭാര്യയുടെ വയറ്റിൽ ഇരട്ടക്കുട്ടികളാണെന്നറിയുന്ന അയാൾ അതുവേണ്ടെന്ന് ആവശ്യപ്പെടുകയാണ്. കാരണം അയാൾ തന്റേതിൽനിന്നും വ്യത്യസ്ത സ്വഭാവമുള്ള ഇരട്ട സഹോദരനുമായുള്ള വിയോജിപ്പിന്റെ ഇരയാണ്. ഈ രോഗത്തെ ഭാര്യ പരിഹരിക്കുന്നത്, തത്ത്വചിന്തയുടെ സഹായത്തോടെയാണ്. സുനിൽ എഴുതുന്നു: ശരീരബാഹ്യമായ കാര്യങ്ങളെപ്പറ്റിയാണ് നിങ്ങൾക്ക് വിയോജിപ്പ്. ബാഹ്യമായ ഇൻപുട്ടുകളില്ലാതെ ശരീരത്തിന് സ്വയമൊരു തീരുമാനം എടുക്കാൻ പറ്റില്ലല്ലോ. യോജിപ്പും വിയോജിപ്പും വെറും ആഖ്യാനപ്രശ്നങ്ങൾ മാത്രമാണ്. ഒന്നില്ലാതെ മറ്റേതിനെ മനസ്സിലാക്കാൻ പറ്റില്ല. അവയുടെ ആധാരം യഥാർത്ഥത്തിൽ ഒന്നുതന്നെയാണ്.

അതുകൊണ്ട് നിങ്ങളുമായി ജൈവബന്ധമില്ലാത്ത ബാഹ്യമായ കാര്യങ്ങളെ യോജിപ്പെന്നും വിയോജിപ്പെന്നും വേർതിരിക്കുന്ന അജ്ഞതയെ ഇല്ലാതാക്കിയാൽ അകലവും ഇല്ലാതാവും. ഭദ്രന്റെ മനസ്സ് എന്ന കഥയിൽ ഡോക്ടർ ഭദ്രന്റെ മാനസിക പ്രശ്നം പരിഹരിക്കുന്നത് “അയാളുടെ മനസ്സിലുള്ള താനും പുറത്തുള്ള താനും ഒരാളാണെന്നു ധരിക്കുന്നതാണ് കുഴപ്പങ്ങൾക്കടിസ്ഥാനമെന്നും അതു രണ്ടും രണ്ടാണെന്ന് ചിന്തിച്ചാൽ പ്രശ്നമുണ്ടാവില്ലെന്നുമാണ്”. ഇവിടെയും യോജിപ്പ്- വിയോജിപ്പ് എന്ന ബൈനറിയെ ആശയവാദത്തിന്റെ വെളിച്ചത്തിൽ സുനിൽ സമീകരിക്കുകയാണ്. വണ്ടിയിടിക്കാതെ അശോകനെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഭ്രാന്തനോട് അശോകൻ പറയുന്നത്: “വണ്ടിയിടിച്ചാൽ മാത്രമേ ഇടിച്ചെന്നു പറയാൻ പറ്റുകയുള്ളൂ. വണ്ടി ഇടിക്കാത്തിടത്തോളം കാലം ഇടിച്ചു എന്ന് കരുതി പെരുമാറുന്നതിൽ വിശ്വാസത്തിന്റെ പ്രശ്നമുണ്ട്.” അതോടെ ഭ്രാന്തന്റെ ഭ്രാന്ത് വിട്ടൊഴിയുകയാണ്. സ്വപ്നത്തിൽ കാണുന്ന പാലം കടക്കാൻ കേടുപാറ്റില്ലാത്ത ചെരുപ്പുകൾ അന്വേഷിച്ചുനടക്കുന്ന ചെറുപ്പക്കാരന് ചെരുപ്പില്ലാതെ പാലം കടക്കാൻ ഉപദേശം നൽകി രക്ഷപ്പെടുത്തുകയാണ് സഞ്ജയൻ ചെയ്യുന്നത്, നിർവാണം എന്ന കഥയിൽ. മരണം, സ്വപ്നം, ഭ്രാന്ത് തുടങ്ങിയ ആവർത്തിക്കുന്ന കഥകളിൽ കഥാപാത്രങ്ങളിൽ ആരു വേണമെങ്കിലും പെട്ടെന്ന് ഉപദേശകനോ ഗുരുവോ വഴികാട്ടിയോ ആവാം. ഇത് പ്രാചീനമായ കഥാ വഴക്കമാണ്. മഹാഭാരതത്തിലെ വ്യാധഗീതയിൽ കൊക്കും വീട്ടമ്മയും ഇറച്ചിക്കടക്കാരനും (അയാൾ സസ്യാഹാരിയാണെങ്കിലും) ജ്ഞാനികളാണല്ലോ.

ആശയങ്ങൾ കഥയുടെ രൂപം പ്രാപിക്കുമ്പോൾ വരുന്ന മങ്ങിയ ചിത്രങ്ങളാണ് പശ്ചാത്തലവും കഥാപാത്രങ്ങളും. ഇരുട്ടിൽനിന്നും ആശയത്തിന്റെ തുരങ്കത്തിലൂടെ നടന്ന് വെളിച്ചത്തിൽ ചെന്നെത്തുന്ന മട്ടിലാണ് കഥകളുടെ ആഖ്യാന ഘടന. ടി പദ്മനാഭന്റെയും മറ്റും ആഖ്യാനരീതിയെ അനുസ്മരിപ്പിക്കുന്നമട്ടില്‍ കുറച്ചു വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഒട്ടും ദുരൂഹമല്ലാതെ സുനിൽ കഥയെഴുതുന്നു. നിർവാണമെന്നും മോക്ഷമെന്നും സുനിൽ കഥകൾക്ക് വെറുതേ പേരിടുന്നതല്ല. പ്രശ്നം, അതിന്റെ പരിഹാരാർത്ഥമുള്ള ധ്യാനം, അതിലൂടെയുള്ള ഉണർവ് (പ്രശ്നത്തിൽനിന്നുള്ള മോക്ഷം) എന്ന അടിസ്ഥാന ഘടനയിലാണ് സുനിൽ തന്റെ കഥാഖ്യാനത്തെ വിഭാവന ചെയ്തിരിക്കുന്നതെന്നു തോന്നുന്നു. ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ സുനിൽ ഉപാസന ലോഗോസ് വില: 160 രൂപ

പുറകിലേക്ക്
അതിമോഹം ആപത്ത്
മുൻപിലേക്ക്
ലെനിന്‍ മുസോളിയം
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ