May 28, 2023 Sunday

കന്യാവനങ്ങള്‍

പ്രദീപ് ചന്ദ്രന്‍
February 9, 2020 5:06 am

 ”At First I thought I was fight­ing to save rub­ber trees, then I thought I was fight­ing to save the Ama­zon rain for­est. Now I real­ize I am fight­ing for human­i­ty.” Chico Mendes (Brazil­ian environmentalist) 

ത് നാശത്തിലേക്ക് കൂപ്പുകുത്തിയ ഒരു വനമേഖയുടെ വീണ്ടെടുപ്പിനായി പ്രയത്നിക്കുന്ന മനുഷ്യരുടെ ഒത്തുചേരലിന്റെ കഥ. അതിൽ ജാതി — മത — വർഗത്തിന്റെയോ പൗരത്വത്തിന്റെയോ വേർതിരിവില്ല. രാജശാസനകളിലൂടെ പുറംലോകം അറിഞ്ഞ നിബിഢവനം. കാട്ടാനകളും ഹിംസ്ര മൃഗങ്ങളും മലയണ്ണാനും തേനീച്ചകളും വിഹരിച്ചിരുന്ന ഈ മലമ്പ്രദേശം ഒരു കൂട്ടം മനുഷ്യരുടെ കൂട്ടായ്മയിൽ വീണ്ടെടുപ്പിനൊരുങ്ങുകയാണ്. നെടുങ്ങല്ലൂർ പച്ച എന്ന അചുംബിത വനത്തെക്കുറിച്ചുള്ള ആദ്യ കുറിപ്പിന് അച്ചടി മഷി പുരണ്ടിട്ട് എഴുപതാണ്ടുകൾ കഴിയുന്നു. 1916 ൽ തിരുവിതാംകൂർ സർവീസിൽ പ്രവേശിച്ച എൻ പരമേശ്വരൻ ഫോറസ്റ്ററായും റെയ്ഞ്ചറായും ജോലി ചെയ്ത് 1951 ൽ വിരമിച്ചു. തിരു-കൊച്ചിയിലെ വിവിധ വനം റേഞ്ചുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് എഴുതാനുള്ള ത്വര അടക്കാനായില്ല. സർക്കാർ ജീവനക്കാരന് സാഹിത്യരചന നിഷിദ്ധമായിരുന്ന കാലത്ത് കെ സി എന്ന പേരിൽ സഞ്ചാര കുറിപ്പുകൾ ‘കൗമുദി‘യിലും ‘നവജീവനി‘ലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ കുറിപ്പുകളുടെ സമാഹാരമായിരുന്നു കെ സി യുടെ ‘വനസ്മരണകളും’ ‘വനയക്ഷിയുടെ ബലിമൃഗങ്ങളും’. കേരള കൗമുദി സ്ഥാപകനായ സി വി കുഞ്ഞുരാമനാണ് വനസ്മരണകൾക്ക് അവതാരിക എഴുതിയത്. ”ശ്രീവാഴുംകോടിന്റെ അചുംബിതങ്ങളായ വനഭാഗങ്ങൾ നിഗൂഹനം ചെയ്യുന്ന സൗന്ദര്യാതിശയമാണ് കെസിയുടെ സഞ്ചാരക്കുറിപ്പുകളെന്ന്” സി വി സമർത്ഥിക്കുന്നു.

ഇനി നമുക്ക് തെന്മല ഫോറസ്റ്റ് ഡിവിഷനിലെ ഇടമൺ സെക്ഷനിൽ പെടുന്ന നെടുങ്ങല്ലൂർ പച്ചയിലേക്ക് എത്താം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആവശ്യത്തിന് തേന്‍ മുടങ്ങാതെ നല്‍കേണ്ടത് അക്കാലത്ത് വനംവകുപ്പിന്റെ ചുമതലയായിരുന്നു. തേന്‍ ശേഖരിക്കാന്‍ ഗാര്‍ഡുകള്‍ മുഖേന കാണിക്കാര്‍ക്ക് അഡ്വാന്‍സ് തുക ഏല്‍പ്പിച്ചെങ്കിലും ഉത്സവമഠത്തില്‍ തേന്‍ എത്തിച്ചേരാത്തതിനാല്‍ അവരുടെ വാസസ്ഥലത്ത് ചെന്നന്വേഷിക്കാന്‍ തീരുമാനിച്ചു. അതുപ്രകാരമാണ് ഫോറസ്റ്റ് റേഞ്ചറായ പരമേശ്വരന്‍ നെടുങ്ങല്ലൂര്‍പച്ച എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് വാച്ചര്‍മാരുമൊത്ത് എത്തുന്നത്. പുനലൂർ — തെന്മല റൂട്ടിലാണ് ഇടമൺ 34. കൊല്ലത്തുനിന്നും 34 മൈൽ എന്നതു കൊണ്ടാണ് ഇടമണിനൊപ്പം 34 കൂടി ഉൾച്ചേർന്നത്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ആനപെട്ട കോങ്കലിൽ എത്താം. ആന പെട്ട ചതുപ്പ് ആയതു കൊണ്ടാണ് സ്ഥലത്തിന് ഈ പേര് ലഭിച്ചതെന്നും അതല്ല ആന പെറ്റതു കൊണ്ടാണെന്നും മറ്റു ചിലരുടെ വ്യാഖ്യാനം. ഇവിടെ നിന്ന് ജീപ്പിലും കാല്‍നടയായും സഞ്ചരിച്ചാല്‍ നെടുങ്ങല്ലൂര്‍ പച്ചയിലെത്തും. കെസിയുടെ തൂലികയിലൂടെ തന്നെ ഈ പ്രദേശത്തെ നമുക്ക് അടുത്തറിയാം. “കാടുകൾ പൂത്ത് വണ്ടുകൾ മുരണ്ടു പറക്കുന്ന പൂക്കാലം. മുള, ഈറ, കാനകമുക്ക്, ഈന്ത, ഉലറ്റി, ഏലം, ഇഞ്ചി, കാട്ടുകുരുമുളക്, മേച്ചിൽപ്പുല്ല്, പുൽത്തൈലപ്പുല്ല് തുടങ്ങി നിരവധി സസ്യ സമൂഹങ്ങളെ കൊണ്ട് നിതരാം അനുഗ്രഹിക്കപ്പെട്ടതാണ് ഈ മലകളും വനങ്ങളും. വനത്തിന്റെ വൻതരുക്കളുടെ ഉയർന്ന ശാഖകളിൽ പൈനാപ്പിൾ കൂടകൾ പോലെ കടന്തലുകൾ കെട്ടിയുണ്ടാക്കുന്ന തേൻ കുട്ടകൾ വാർത്തിങ്കൾ കണക്കെ വളർന്നു വരുന്നത് കാണുക എന്ത് അഴകാണെന്നോ “. ഇതായിരുന്നു നെടുങ്ങല്ലൂർപച്ച അറുപതുകളുടെ തുടക്കം വരെ.

നെടുങ്ങല്ലൂർപച്ച ഒരു അത്ഭുത ലോകമായിരുന്നുവെന്ന് ആനപെട്ടകോങ്കലിലെ മുതിര്‍ന്നവരുടെ അനുഭവസാക്ഷ്യം. ആമസോൺ കാടുകളെ പോലെ നിഗൂഢവും മായക്കാഴ്ചകൾ ഉറഞ്ഞു കിടക്കുകയും ചെയ്യുന്ന ഒരു പ്രദേശം. നട്ടുച്ചയ്ക്കു പോലും ഇരുട്ടായിരുന്നു ഈ നിത്യഹരിത വനത്തിനുള്ളിൽ. ഇടതൂർന്ന ചില്ലകൾ സൂര്യനെ കടത്തി വിട്ടിരുന്നില്ല. എന്നാൽ എല്ലാം മാറി മറിയാൻ അധികം താമസം വേണ്ടി വന്നില്ല. യൂക്കാലിപ് ട്സ് കൃഷിയുടെ ഭാഗമായി കേരളത്തിലെ അചുംബിത വന മേഖലകൾ വെട്ടിത്തെളിച്ചപ്പോൾ ഈ കന്യകാ വനത്തിലും മഴു വീണു. നാട്ടുകാർക്ക് ജോലിയായിരുന്നു പ്രധാനം. കൂപ്പ് കോൺട്രാക്ർമാരും കങ്കാണികളും സഹായികളും ചേർന്ന് നെടുങ്ങല്ലൂർ പച്ച വെട്ടി വെളുപ്പിച്ചു. 60–70 കാലഘട്ടത്തിലെ ക്ലിയർ ഫെല്ലിംഗോടെ നിബിഡ വനം അപ്രത്യക്ഷമായി. ഒരിക്കലും വറ്റാത്ത കുളം ചെറിയൊരു നീർച്ചാലായി. മലമ്പണ്ടാരങ്ങളുടെ വാസകേന്ദ്രമായ പളിയൻ പാറയും കിളികളുടെ ആവാസ കേന്ദ്രമായ മൊട്ടൽപ്പച്ചയും പഴങ്കഥയായി മാറി.

നെടുങ്ങല്ലൂര്‍ പച്ചയെ പുനരുജ്ജീവിപ്പിക്കണമെന്ന ചിന്ത അപ്പോഴേക്കും ചിലരുടെ മനസ്സിലെങ്കിലും കൂടുകെട്ടിയിരുന്നു. മൊട്ടക്കുന്നുകള്‍ നിബിഢവനമാക്കണമെന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമായി പിന്നീട്. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരായ എ ടി ഫിലിപ്പ്, ജയദേവന്‍, അശോകന്‍ എന്നിങ്ങനെ പ്രകൃതി സ്നേഹികളായ ചിലര്‍ ചേര്‍ന്ന് നെടുങ്ങല്ലൂര്‍പച്ച വനയാത്ര സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. ഈ വര്‍ഷത്തേത് സമിതിയുടെ എട്ടാമത്തെ വനയാത്രയാണ്. അതിനിടയിലെപ്പോഴോ ആണ് ‘വനയക്ഷിയുടെ ബലിമൃഗങ്ങള്‍’ എന്ന പുസ്തകം ഫിലിപ്പിന്റെ കണ്ണിലുടക്കിയത്. താന്‍ കളിച്ചുവളര്‍ന്നതും കണ്ടറിഞ്ഞതുമായ പ്രദേശങ്ങളെ കുറിച്ചുള്ള വിവരണമായിരുന്നു അതില്‍ നിറയെ. കെസിയെ കുറിച്ച് കൂടുതല്‍ അറിയണമെന്നായി. ഒരു ദിനപത്രത്തില്‍ വന്ന ലേഖനത്തില്‍ നിന്നാണ് കെസിയുടെ മകനായ പി രഘുനാഥന്‍ കൊല്ലത്തുണ്ടെന്നറിഞ്ഞത്. ഒട്ടും അമാന്തിച്ചില്ല. ഫിലിപ്പ് കൊല്ലത്തേയ്ക്ക് വച്ചുപിടിച്ചു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ രഘുനാഥന്റെ വിലാസം സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരകത്തിലെത്തി ശേഖരിച്ചു. അദ്ദേഹത്തെ അന്വേഷിച്ച് പള്ളിത്തോട്ടത്തെ വസതിയിലെത്തി. പരസ്പരം അറിഞ്ഞപ്പോഴേക്കും നെടുങ്ങല്ലൂര്‍പച്ച വനയാത്ര സമിതിയുടെ ഭാഗമായി കെ സി സ്മാരക സമിതി മാറിക്കഴിഞ്ഞിരുന്നു. പിതാവിന്റെ വാങ്മയ ചിത്രങ്ങളാല്‍ വിരചിക്കപ്പെട്ട കന്യകാവനത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര എന്ന രഘുനാഥന്റെ മോഹം പൂവണിഞ്ഞത് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ്. സഹപ്രവര്‍ത്തകരായ ലത്തീഫ് മാമൂടും ഖാനും ഒപ്പമുണ്ടായിരുന്നു. ആനപെട്ടകോങ്കലില്‍ നിന്ന് 10 മിനിട്ട് യാത്ര ചെയ്തശേഷം പ്രവേശിക്കുന്നത് കാട്ടുപാതയിലേയ്ക്കാണ്. മൂകാംബികയില്‍ നിന്ന് കുടജാദ്രിയിലേയ്ക്കുള്ള ജീപ്പ് യാത്രയെ അനുസ്മരിക്കുന്ന സഞ്ചാരപാത. ഒന്നരകിലോമീറ്ററോളം കാല്‍നടയായാണ് വനയാത്ര. നെടുങ്ങല്ലൂര്‍പച്ചയിലേയ്ക്കുള്ള വഴി താണ്ടിത്തുടങ്ങുമ്പോഴേ ചോരകുടിക്കുന്ന കാട്ടുപുല്ല് നമ്മുടെ കാലുകളെ ചുറ്റിവരിയും. കെസിയുടെ യാത്രാക്കുറിപ്പിലെ ഈ വിവരണം വായിച്ചാണ് പ്രദേശവാസിയായ ഫിലിപ്പ് പോലും തന്റെ സമീപത്തെ വനപ്രദേശമാണിതെന്ന കാര്യം തിരിച്ചറിയുന്നത്.

നെടുങ്ങല്ലൂര്‍പച്ച വനയാത്ര സമിതി കൂടുതല്‍ വിശാലമായി കഴിഞ്ഞു. നേച്ചര്‍ പ്ലസ് എന്ന പ്രകൃതിസ്നേഹികളുടെ കൂട്ടായ്മ, മലയാളം സാംസ്കാരികവേദി, സംസ്ഥാന ഉപഭോക്തൃസമിതി, കണ്‍സ്യൂമര്‍ ക്ലബ് തുടങ്ങിയ സംഘടനകളെല്ലാം ഇതിന്റെ കുടക്കീഴില്‍ അണിനിരന്നു. ഇന്ന് (ഞായറാഴ്ച) നടക്കുന്ന വനയാത്രയില്‍ നിരവധി പ്രകൃതിസ്നേഹികളും സംഘടനാപ്രതിനിധികളും കൈകോര്‍ക്കും. സഹായത്തിന് വനംവകുപ്പും. ആനപെട്ടകോങ്കലിലെ ഗുരുമന്ദിരം ജംഗ്ഷനില്‍ വനയാത്രികര്‍ക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. ഉച്ചയോടെ വനം മന്ത്രി കെ രാജുവും യാത്രയ്ക്കൊപ്പം ചേരും. മുന്‍പ് ഇവിടെ വളര്‍ന്നുപന്തലിച്ചിരുന്ന വന്‍മരങ്ങളും ഫലവൃക്ഷങ്ങളും നഴ്സറിയില്‍ വളര്‍ത്തി പ്രത്യേക ഫെന്‍സിംഗ് നല്‍കി സംരക്ഷിച്ച് സ്വാഭാവിക വനം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തില്‍ സര്‍ക്കാര്‍ കൂടി കൈകോര്‍ക്കുന്നതോടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനൊരുങ്ങുകയാണ് നെടുങ്ങല്ലൂര്‍പച്ച എന്ന കന്യകാവനം (Vir­gin Forest).

ഫോട്ടോ: അശ്വിൻ പി എസ് 
സുരേഷ് ചൈത്രം

Eng­lish sum­ma­ry: janayu­gom varan­tham pro­file sto­ry about vir­gin forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.