December 2, 2022 Friday

‘പുസ്തക ടീച്ചർ’

Janayugom Webdesk
June 19, 2022 2:00 am

വായനയുടെ വാതായനങ്ങൾ തേടിയെത്തുന്നവർക്ക് അറിവിന്റെ വിശാല ലോകം ഇരുപത്തിനാല് മണിക്കുറും തുറന്നിട്ടിരിക്കുന്ന അക്ഷര ഗേഹമുണ്ട് കിഴക്കിന്റെ വെന്നീസായ ആലപ്പുഴയിൽ. അധ്യാപന ജോലിക്കൊപ്പം സമുഹത്തിന് അക്ഷരവെളിച്ചമാകുന്ന അധ്യാപികയുടെ കഥയാണിത്. സ്വന്തമായി വീട്ടിൽ ലൈബ്രറി സജീകരിച്ച് വിജ്ഞാനത്തിന്റെ വിവിധ അഭിരുചികൾ ആബാലവൃദ്ധം ജനങ്ങൾക്ക് വിളമ്പുന്ന ഇവർക്ക് നാട് ഓമനപേരും നൽകി ‘പുസ്തക ടീച്ചർ.’ പുന്നപ്ര സെന്റ് ജോസഫ്സ് എച്ച് എസിലെ യു പി അധ്യാപിക ആലപ്പുഴ ത്രിവേണി ജംഗ്ഷനിൽ ഷെറിൻ വില്ലയിൽ ലീന തെരേസ റൊസാരിയോയ്ക്ക് പുസ്തകം ജീവിതം തന്നെ.

കുട്ടിക്കാലം മുതൽ വായനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ലീന. പുസ്തകങ്ങൾ സൂക്ഷിച്ച് വയ്ക്കുന്ന ശീലവും ഉണ്ടായിരുന്നു. പുസ്തകങ്ങളോട് ആത്മബന്ധം പുലർത്തിരിയിരുന്ന കാലഘട്ടം തൊട്ട് ഒരു ലൈബ്രറി എന്ന സ്വപ്നം മനസിൽ സുക്ഷിച്ചിരുന്നു. അധ്യാപികയായി ജോലി കിട്ടിയ ശേഷമാണ് ലൈബ്രറി സമൂഹത്തിനും കൂടി പ്രയോജനപ്പെടുത്തണം എന്ന ആലോചന വന്നത്. ഒരിക്കല്‍ സ്കുളിലേക്ക് പോകുന്നതിനിടെ സ്കുട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ വീട്ടമ്മക്ക് കൈവശം ഉണ്ടായിരുന്ന പുസ്തകം വായിക്കാന്‍ നൽകിയായിരുന്നു തുടക്കം. പിന്നീട് ആവശ്യക്കാരുടെ എണ്ണം വർധിച്ചു. പണമൊന്നും ഈടാക്കാതെ, വായിച്ച് കഴിഞ്ഞാൽ പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കണമെന്ന വ്യവസ്ഥയില്‍ ുപുസ്തകം നല്‍കി തുടങ്ങി. നാട്ടുകാരുടെ പിന്തുണ വർധിച്ചതോടെ ബാലസാഹിത്യം, രാഷ്ട്രീയം, കലാ, സാംസ്ക്കാരികം, സാമ്പത്തികം, ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽപ്പെട്ട 3000 അധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാല ലൈബ്രറി വീട്ടിലൊരുക്കി. വായനക്കാർ കൂടിയതോടെ പുസ്തകങ്ങൾ പോരാതെ വന്നു. പുറത്തുനിന്ന് വാങ്ങിയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും പുസ്തകങ്ങളുടെ എണ്ണം കൂട്ടി ലൈബ്രറി വിപുലമാക്കി.

ആവശ്യകാർക്ക് പുസ്തകം വെറുതെ എത്തിച്ച് നൽകുന്നതോടൊപ്പം പുസ്തകങ്ങളോട് അത്മബന്ധം പുലർത്തുന്നവരാണെന്ന് കണ്ടാൽ ലീന കൃതികളുടെ ചെറിയ വിവരണം വായനകാർക്ക് നൽകും. കിടപ്പുരോഗികൾക്കും വീടുകളിൽ ഒതുങ്ങികഴിയുന്ന വീട്ടമ്മമാർക്കും പുസ്തകങ്ങൾ നൽകിയതോടെ ഇവർക്ക് പിന്തുണയുമായി നാട്ടുകാരൊക്കെയെത്തി. നഗരത്തിന് പുറത്തേക്ക് പുസ്തകം നൽകുന്നത് സർവീസ് നടത്തുന്ന ബസ് ജീവനക്കാരുടെയും സ്ഥിരം യാത്രക്കാരുടെയും സഹായത്തോടെയാണ്. ഇതിനുള്ള ചെലവുകൾ ലീന സ്വന്തമായി വഹിക്കും. മറ്റ് ജില്ലകളിൽ നിന്നും പുസ്തകങ്ങൾ തേടി ആളുകൾ എത്താറുണ്ടെന്ന് ലീന പറയുന്നു. തുടക്കത്തിൽ പുസ്തകങ്ങൾ ആവശ്യപ്പെടുന്ന വ്യക്തികളുടെ പേരുകൾ സൂക്ഷിക്കാൻ രജിസ്റ്റർ തയ്യാറാക്കിയിരുന്നെങ്കിലും തിരക്ക് വർധിച്ചതോടെ കഴിയാതെ വന്നു. ഏതൊക്കെ പുസ്തകങ്ങള്‍ ആരുടെയൊക്കെ കൈകളിലുണ്ടെന്ന് കൃത്യമായി ലീനക്ക് അറിയാം.

സ്കൂളിലേക്ക് സ്കുട്ടറിൽ പോകുമ്പോഴും ലീന പുസ്തകങ്ങളെ ഒപ്പം കൂട്ടും. മുൻകൂട്ടി ഫോണിൽ വിളിച്ച് പറഞ്ഞാൽ അന്നത്തെ ആവശ്യക്കാർക്കുള്ള പുസ്തകങ്ങൾ സ്കുട്ടറിന്റെ ബോക്സിൽ നിന്നും എടുത്ത് വായിക്കാം. നഗരത്തിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരടക്കം വായനക്കാർ ഉള്ളതിനാൽ അവർക്ക് കൂടി സൗകര്യപ്രദമായ രീതിയിലാണ് പ്രവർത്തനം. ആവശ്യക്കാരന് ആരോടും ചോദിക്കാതെ തന്നെ വാഹനത്തിൽ നിന്നും പുസ്തകങ്ങൾ എടുക്കാം. കുട്ടികളെ പഠിപ്പിക്കുന്നതിന് തടസമുണ്ടാകാതിരിക്കാനാണ് ഈ ആശയം പരീക്ഷിച്ചത്. സ്കുളിൽ നിന്ന് മടങ്ങുമ്പോഴും അവധി ദിവസങ്ങളിലും പുസ്തക വിതരണം തുടരും. തന്റെ വിദ്യാർഥികളും മികച്ച വായനാശീലമുള്ളവരാക്കാൻ ലീന പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുസ്തകങ്ങൾ ആവശ്യപ്പെട്ട് വാട്സ് ആപ്പിൽ ലൊക്കേഷൻ മാപ്പ് വരെ അയച്ച് നൽകി കാത്തിരിക്കുന്നവരും നിരവധിയാണ്. ആരേയും ലീന നിരാശപ്പെടുത്തുന്നില്ല.

പുസ്തകങ്ങൾ സുക്ഷിക്കാനുള്ള സ്ഥലപരിമിതിയാണ് ലീനയെ ഇപ്പോൾ വിഷമിപ്പിക്കുന്നത്. ചെറിയ മുറിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം പുസ്തകങ്ങൾ ഇപ്പോള്‍ ലൈബ്രറിയിലുണ്ട്. വീട്ടിലുള്ള പുസ്തകങ്ങളേക്കാൾ കൂടുതൽ വായാനക്കാരുടെ കൈവശമുണ്ട്. പുസ്തകം വാങ്ങുന്നതിന് ആരില്‍ നിന്നും പണം സ്വീകരിക്കാറില്ല. പണത്തിന് പകരം പുസ്തകം മതിയെന്ന നിലപാടാണ് ലീനക്ക്. ഉറൂബിന്റെ സമ്പൂർണ്ണ കൃതികൾ തേടി ഒരിക്കൽ ഒരു വായനക്കാരൻ ലീനയെ സമീപിച്ചു. എന്നാൽ ആസമയം ക‍ൃതി ലീനയുടെ പക്കലുണ്ടായിരുന്നില്ല. സുഹൃത്തുക്കളോടും സ്ഥിരം വായനക്കാരോടും പുസ്തകം തിരക്കിയെങ്കിലും ലഭിച്ചില്ല. അപ്പോഴാണ് കോളജ് അധ്യാപകന്റെ കയ്യിൽ ഇത് ഉണ്ടെന്നറിഞ്ഞത്. ഉടൻതന്നെ ഫോണിൽ വിളിച്ച് പുസ്തകം എത്തിച്ചു. കടം വാങ്ങിച്ച പുസ്തകമായതിനാൽ യാതൊരു കുഴപ്പവും വരാതെ ഉപയോഗം കഴിഞ്ഞ് ഇവർ മടക്കി നൽകുകയും ചെയ്തു.

പുസ്തക വിതരണത്തിനിടെ മറക്കാനാവാത്ത നിരവധി സംഭവങ്ങളുണ്ട്. ഒരിക്കൽ അപ്രതീക്ഷിതമായി അയർലണ്ട് സ്വദേശിയായ വനിത വീട്ടിലെത്തി. നെടുമ്പാശ്ശേരിയിലേക്ക് പോകുന്നതിനിടെ കാർ തകരാറായതിനെ തുടർന്ന് പകരം ടാക്സി അന്വേഷിച്ചായിരുന്നു വന്നത്. വീടിന്റെ വരാന്തയിലേക്ക് കയറിയ ഇവർ ലീനയുടെ ലൈബ്രറി കാണാനിടയായി. ലൈബറി ഒരുക്കിയതിന്റെ പിന്നിലുള്ള ലക്ഷ്യം മനസിലാക്കിയ ഇവർ ലീനയുടെ തോളിൽ തട്ടി ഇങ്ങനെ പറഞ്ഞു, ”ഗുഡ് മിഷൻ.…” മടങ്ങാൻ നേരത്ത് വിദേശി വനിത കൈയ്യിൽ സൂക്ഷിച്ചിരുന്ന ഫഞ്ച് ഭാഷയിൽ അച്ചടിച്ച അഞ്ച് പുസ്തകങ്ങളും കുളിംഗ് ഗ്ലാസും സമ്മാനമായി നൽകി. അതിപ്പോഴും നിധിപോലെ കാത്ത് സൂക്ഷിക്കുന്നുണ്ട് ലീന. മറ്റൊരനുഭവം: വായനക്കാരനായ കുട്ടിയുടെ പിതാവ് കടുത്ത മദ്യപാനിയായിരുന്നു. ഭാര്യയെ മർദ്ദിക്കുകയും ചെയ്യും. മകൻ പഠിച്ച് നന്നായാലേ കുടുംബം രക്ഷപ്പെടുകയുള്ളുവെന്നും അവനെ ശല്യപ്പെടുത്തരുതെന്നും രക്ഷിതാവിനെ ഉപദേശിച്ചു. വായിക്കാൻ ആ പിതാവിന് പുസ്തകവും നൽകി. കളിഞ്ഞ നാല് വർഷമായി നല്ലൊരു വായനക്കാരാനാണ് ഇദ്ദേഹം. കുടുംബത്തിൽ നഷ്ടമായ മനസമാധാനം ലീനയിലുടെ കൈവന്നു.

ഭർത്താവ് ബോണിയും ഭർതൃമാതാവ് ബേബിയും ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ലീനയോടൊപ്പമുണ്ട്. ബേബിയും വായനക്കാരിയാണ്. വീട്ടിൽ പുസ്തകത്തിനെത്തുന്നവർക്ക് എടുത്ത് കൊടുക്കുകയും ചെയ്യും. എട്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ഡാർവിനും ഡെറിനുമാണ് മക്കൾ. ക്രൈസ്തവ പ്രസിദ്ധീകരണങ്ങളായ മുഖരേഖ, ബഥേൽ എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും കൂടിയാണ് ഇവർ.

ഫോട്ടോ: ക്ലീറ്റസ് പൂങ്കാവ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.