23 April 2024, Tuesday

നീലാകാശത്തിന് താഴെയൊരു സ്വർഗം

ടി കെ അനിൽകുമാർ
September 19, 2021 4:30 am

പച്ചക്കുപ്പായം വിതറിയപോലെ ഇലകളാണെങ്ങും. യൂണിഫോം അണിഞ്ഞ സ്കൂൾ കുട്ടികളെ പോലെ ചെടികൾ നിന്ന് ചിരിക്കുന്നു. മുറ്റത്തിന് ചന്തമൊരുക്കി പച്ചപുതച്ച നെൽപാടവും. ഗതകാല സ്മരണകളുയർത്തി സമീപം കാവൽ മാടവും. ഇത് സാരംഗ് എന്ന വീട്. മധ്യകേരളത്തിലെ സമ്പൽസമൃദ്ധിയുടെ പ്രതീകമായിരുന്ന ഓണാട്ടുകരയിൽ നീലാകാശത്തിന് താഴെയായുള്ള പച്ച പുതച്ചൊരു സ്വർഗം. വീടിന് മനോഹാരിത പകരാൻ ഉദ്യാനങ്ങൾ പതിവാണെങ്കിൽ പച്ചക്കറി കൃഷിയിലൂടെ വ്യത്യസ്തമായ ലാൻഡ്സ്കേപ്പ് ആണ് കായംകുളം പത്തിയൂരിൽ വിദ്യാ സാരംഗിന്റെ വീടിന്റെ പ്രധാന സവിശേഷത. 35 സെന്റിൽ ഒതുങ്ങി നിൽക്കുന്ന വീട്ടിൽ ഒരു ഇഞ്ച് പോലും പാഴാക്കാതെയാണ് രൂപകൽപ്പന. കണ്ണിന് കുളിർമ്മ പകർന്ന് നിൽക്കുന്ന സൂര്യകാന്തിയും ജമന്തി പൂക്കളും ആരെയും ആകർഷിക്കും. നട്ടർ മീനും വരാലും കാരിയും തിലോപ്പിയയുമെല്ലാം വിസ്മയം തീർക്കുന്ന മീൻകുളത്തിനും പ്രത്യേകതകളേറെ. ചുട്ടുപൊള്ളുന്ന വെയിലിൽ ആസ്വാദനത്തിന്റെ പ്രതീകമായി മുറ്റത്ത് സ്വിമ്മിങ് പൂളുമുണ്ട്.

ചിലച്ച് പറക്കുന്ന പക്ഷികളാണ് മറ്റൊരു സവിശേഷത. വൈവിധ്യ ഇനങ്ങളിലുള്ള താറാവും കോഴികളും മറ്റൊരു കാഴ്ച്ച. പച്ചയല്ലാത്തൊരിടം സൂചി കുത്താൻ പോലും ഇവിടെ കിട്ടില്ല. ആരെയും ആകർഷിക്കുന്ന വ്യത്യസ്തമായ ഭംഗിയാണ് വീടിന്റെ മുഖമുദ്ര. ഒരു വീട്ടിലേക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും മുറ്റത്ത് വിളയും. സീസൺ അനുസരിച്ചാണ് കൃഷി. പയറും ചീരയും വാഴയും പാഷൻ ഫ്രൂട്സും എന്ന് വേണ്ട ഉള്ളിയും ചോളവും ഉൾപ്പടെ ഇവിടെ സുലഭം. നടാൻ മണ്ണല്ല മനസാണ് പ്രധാനമെന്ന് തെളിയിക്കുകയാണ് വിദ്യാ സാരംഗും ഭാര്യ ബീനയും. എന്നാൽ വീട്ടിലെ ഉൽപന്നങ്ങൾ വിൽപന ചരക്കാക്കാൻ ഇവർ തയ്യാറല്ല. വീട്ടിലെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സൗജന്യമായി മാത്രം ഇവ നൽകണമെന്ന നിർബന്ധവും വിദ്യാ സാരംഗിനുണ്ട്. 25 വർഷമായി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം വീട്ടുമുറ്റത്തു നിന്നാണ് ഇവർ കണ്ടെത്തുന്നത്. കോളിഫ്ലവറും കാബേജും ഉൾപ്പടെയുള്ള ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണീ കുടുംബം. സമയം മാത്രമല്ല സ്ഥലവും കുറവാണെന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ പരിസ്ഥിതി സൗഹൃദ വീട്. എത്തുന്നവരെല്ലാം നിസംശയം പറയും ഇവിടം സ്വർഗമാണ്.

മനോഹരമായ ലാൻഡ്സ്കേപ്പ്;

അധികം പണം മുടക്കാതെ പച്ചക്കറി കൃഷിയിലൂടെയുള്ള മനോഹരമായ ലാൻഡ്സ്കേപ്പ് ആണ് സാരംഗ് എന്ന വീടിന്റെ സവിശേഷത. എട്ടു വർഷം മുൻപ് പഴയ വീട് നവീകരിക്കാൻ പ്ലാൻ വരച്ചതും ലാൻഡ്സ്കേപ്പ് ചെയ്തതും വിദ്യാസാരംഗ് തനിച്ച് തന്നെ. വീടിലേക്ക് ആവശ്യമായ പച്ചക്കറി അഭംഗി ഇല്ലാതെ കൃഷി ചെയ്യാനായി. സീസണനുസരിച്ച് കൃഷി മാറുന്നതിനാൽ ഒരേ ലാൻഡ്സ്കേപ്പ് എന്ന വിരസതയുമില്ല. കുളങ്ങളും പൂക്കളും വെള്ളാരം കല്ലിൽ തീർത്ത വഴികളും ആരുടെയും മനസിലുടക്കും. അടുക്കിലും ചിട്ടയിലുമാണ് വരികളായി വിളകൾ ക്രമീകരിച്ചിട്ടുള്ളത്. പുരയിടത്തിൽ ലഭിക്കുന്ന മഴവെള്ളം കുളത്തിലെത്താൻ പ്രത്യേക സംവിധാനവുമുണ്ട്. സാരംഗിന്റെ കരവിരുതിൽ ഉപയോഗ ശൂന്യമായ തടികൾ പോലും മികച്ച കലാരൂപങ്ങളായി.

കായിക രംഗത്ത് നിന്നും കൃഷിയിലേക്ക്;

കുഞ്ഞുനാൾ മുതൽ കായിക രംഗത്തോട് ഏറെ താൽപര്യമുണ്ടായിരുന്ന വിദ്യാ സാരംഗ് കൃഷിയിൽ സജീവമായതിന് പിന്നിൽ രാസ വസ്തുക്കൾ കലരാത്ത നല്ല ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ്. മുഴുവൻ വിളകൾക്കും ജൈവ വളം നൽകിയാണ് പരിപാലിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്രിക്കറ്റിനോടായിരുന്നു താൽപര്യം. കായിക രംഗത്തോടുള്ള അടങ്ങാത്ത അഭിനിവേശം മൂലമാണ് മാവേലിക്കരയിൽ ‘സാരംഗ്’ എന്ന പേരിൽ സ്പോർട്സ് ഷോപ്പ് ആരംഭിച്ചത്. രാവിലെ രണ്ട് മണിക്കൂറോളം കൃഷിയിടത്തിൽ ചെലവഴിച്ച ശേഷമേ ഷോപ്പിലേക്ക് പോകൂ. അവധി ദിവസങ്ങളിലും ഭാര്യക്കൊപ്പം കൃഷിയിടങ്ങളിൽ ചിലവഴിക്കും. കൃഷി ചെയ്യുമ്പോൾ ലഭിക്കുന്ന ഊർജ്ജവും സമാധാനവും പറഞ്ഞറിയിക്കാൻ കഴിയാത്തത് ആണെന്ന് വിദ്യാ സാരംഗ് പറയുന്നു. മനസ്സിൽ കൃഷി ഉണ്ടെങ്കിൽ അത് മുറ്റത്തും വിളയുമെന്ന് തെളിയിക്കുകയാണ് ഇവിടുത്തെ രക്തശാലി നെല്ല് മുതൽ ഹെലിക്കോണിയ ചെടിവരെ. കണ്ണ് തുറന്നാൽ കാണുന്ന കൃഷിയുടെ പച്ചപ്പും കണികണ്ട് ഉണരാനുള്ള മീൻ കുളവുമെല്ലാം നൽകുന്ന ഊർജ്ജം ചെറുതല്ലെന്നാണ് വിദ്യാ സാരംഗിന്റെ പക്ഷം.

വീട്ടുമുറ്റത്തൊരു ജൈവ എൻജിനീയറിങ്;

വീട്ടുമുറ്റത്തൊരു ജൈവ എൻജിനീയറിങ് എന്ന വിദ്യാ സാരംഗിന്റെ പരീക്ഷണവും വിജയം കണ്ടു. സീസണനുസരിച്ച് രക്തശാലി ഇനത്തിൽ പെട്ട നെൽവിത്താണ് കൃഷി ചെയ്യുന്നത്. നെല്ലിനെ ബാധിക്കുന്ന ചാഴിക്കും കീടനുമൊന്നും മരുന്ന് അടിക്കില്ല. പകരം ശത്രുകീടങ്ങളെ ആകർഷിക്കാൻ ചുറ്റുവട്ടത്ത് സൂര്യകാന്തിയും ജമന്തിയും നട്ടു. ഇതോടെ നെൽകൃഷി സുരക്ഷിതവുമായി. മൽസ്യങ്ങളുടെ വിസർജ്യങ്ങൾ ലയിച്ച വെള്ളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഇത് മികച്ച ജൈവ വളമാണെന്നും ഇദ്ദേഹം പറയുന്നു. 35 സെന്റ് വസ്തുവിൽ ലഭിക്കുന്ന മുഴുവൻ മഴ വെള്ളവും കുളത്തിൽ എത്തിക്കാനും സംവിധാനമുണ്ട്.

മനം നിറച്ച് വേലിപ്പന്തൽ;

മീൻ കുളത്തിന് ഇരുവശവും പടർന്ന് പന്തലിച്ച് നിൽക്കുന്ന വേലി പന്തൽ ആരുടെയും മനം നിറയ്ക്കും. കമ്പിയും നെറ്റും കൊണ്ടാണ് പന്തൽ നിർമ്മിച്ചിരിക്കുന്നത്. തറയിൽ മൾച്ചിങ് ഷീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കുളത്തിൽ മത്സ്യങ്ങൾക്ക് കഴിക്കാൻ ഫ്ളോട്ടിങ് തീറ്റയാണ് നൽകുന്നത്. ഇതിലൂടെ കുളം മലിനമാകില്ല എന്ന് മാത്രമല്ല മൽസ്യങ്ങൾ അവ കഴിച്ചോയെന്ന് ഉറപ്പ് വരുത്താനും കഴിയും. പലതരം മൽസ്യങ്ങൾ ഉണ്ടെങ്കിലും തിലോപ്പിയയാണ് താരം. ആഴ്ചയിൽ ഒരിക്കലെങ്കിലും വലയും ചൂണ്ടയും ഉപയോഗിച്ചു മീൻ പിടിക്കുന്നതും പതിവാണ്.

 

താരമായി കൊക്കട്ടെയിലും സൺകോണൂറും;

കവിൾ മറുകും കാക്ക പൂവുമൊക്കെയുള്ള കൊക്കട്ടെയിൽ ആണ് പക്ഷികളിലെ താരം.സുന്ദരമായ ഇവയുടെ പാട്ടുകേൾക്കാനായി നിരവധിപേരാണ് സാരംഗിലേക്കെത്തുന്നത്. തത്തകളിലെ രാജാവായ സൺകോണൂറിനും ആരാധകരേറെ. സ്നേഹ പക്ഷികൾക്ക് മാത്രമായി പ്രത്യേകം കൂടും ഒരുക്കിയിട്ടുണ്ട്. ആഫ്രിക്കൻ ലൗ ബേർഡ്സും കാഴ്ച്ചക്കാർക്ക് നവ്യാനുഭവമൊരുക്കുന്നു. ഓറഞ്ചു മഞ്ഞ നിറങ്ങൾ ചാലിച്ചെഴുതിയ ഫെസന്റ് പക്ഷികളും ആരുടെയും മനം കവരും. ഭൗമ ശാസ്ത്രജ്ഞരുടെ ഉറ്റ തോഴിയാണ് ഇവ. ഭൂകമ്പവും സുനാമിയുമൊക്കെ മുൻകൂട്ടി അറിയാൻ ഫെസന്റ് പക്ഷികളിൽ ജൈവ സെൻസറുകൾ ഘടിപ്പിക്കാറുണ്ട്. വിയറ്റ്നാം താറാവായ വിഗോവക്കും കാഴ്ചക്കാരുണ്ട്. മഞ്ഞ കാലും ചുണ്ടും തൂവെള്ള തൂവലുകളുമുള്ള ഇവക്ക് 75 ദിവസങ്ങൾ കഴിയുമ്പോൾ മൂന്ന് കിലോക്ക് അടുത്ത് തൂക്കവും വരും.അരയന്നങ്ങളോട് ഏറെ രൂപസാദൃശ്യമുള്ള ഗൂസം ഫ്ലയിങ് ഡക്കും ആരുടേയും മനം കവരും. കുട്ടനാടൻ താറാവുകളായ ചാരയും ചെമ്പല്ലിയും ഇവിടെ ഉണ്ട്. താറാവുകളുടെ കൂട്ടിൽ നിന്ന് കുളത്തിലേക്കെത്താൻ പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്. കരിംകോഴി, ഗ്രാമശ്രീ, ഗ്രാമ പ്രിയ എന്നിവയാണ് കോഴികളിലെ പ്രമുഖർ. ഹൈദരാബാദിൽ വികസിപ്പിച്ചെടുത്ത ഗ്രാമശ്രീ കോഴികൾ ഒരു വർഷം ഇരുനൂറോളം മുട്ടയിടും. ഇവയ്ക്കും പ്രത്യേക വാസസ്ഥലമുണ്ട്. അടുക്കള അവശിഷ്ടങ്ങളും ധാന്യങ്ങളുമാണ് ഇവയുടെ ഭക്ഷണം. നട്ടർ അല്ലെങ്കിൽ റെഡ് ബെല്ലി എന്ന മീനും കുളത്തിൽ ആവോളമുണ്ട്. ആവോലി മച്ചാൻ എന്ന് വിളിപ്പേരുള്ള ഈ മത്സ്യങ്ങൾക്ക് ആറാം മാസം ഒരു കിലോയോളം തൂക്കം വരും.

കൃഷി കുടുംബ കാര്യം;
സാരംഗിലുള്ളവർക്ക് കൃഷി കുടുംബകാര്യമാണ്. വിദ്യാ സാരംഗിന് പച്ചക്കറി കൃഷിയോടാണ് കൂടുതൽ ആഭിമുഖ്യം. ഭാര്യ ബീനക്ക് പൂചെടികളെ പരിപാലിക്കുന്നതും. മക്കളായ അക്കുവിനും അങ്കുവിനും കൂടുതൽ താൽപര്യം പക്ഷികളോടും. പുലർച്ചെ ഉണർന്ന ശേഷം എല്ലാവരും ഒന്നിച്ചാണ് കൃഷി പരിപാലനത്തിന് ഇറങ്ങുന്നത്. ഞായറാഴ്ച ഉൾപ്പടെയുള്ള അവധി ദിനങ്ങൾ പൂർണ്ണമായും ചിലവഴിക്കുക കൃഷിയിടത്തിൽ. എല്ലാവർക്കും താൽപര്യമുള്ളതിനാൽ കൃഷി പണിക്ക് പുറത്ത് നിന്നുള്ളവരെ വിളിക്കേണ്ടിയും വരില്ല. ഓരോ സീസണിലും എന്തൊക്കെ കൃഷി ചെയ്യണമെന്ന് തീരുമാനിക്കുന്നത് എല്ലാവരും കൂടിയാണ്.

സന്ദർശകരും നിരവധി;
സാരംഗിലെ പ്രകൃതി സൗന്ദര്യം ഒപ്പിയെടുക്കാനായി സന്ദർശകരുടെ തിരക്കാണ്. വിവിധ കൃഷി വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ കൂടിയാണ് സാരംഗിലെ അത്ഭുതങ്ങൾ പുറംലോകം അറിഞ്ഞത്.ആരെയും നിരുത്സാഹപ്പെടുത്താതെ വിദ്യാ സാരംഗ് സ്നേഹത്തോടെ സ്വീകരിക്കും. കൃഷി രീതികൾ പഠിക്കുവാൻ എത്തുന്നവരും നിരവധി. മൽസ്യ കുളത്തിലും താറാവിനും അലങ്കാര പക്ഷികൾക്കൊപ്പവും സെൽഫി എടുക്കാൻ ഇഷ്ടപ്പെടുന്നവരും ഇവിടെ വരാറുണ്ട്. സാരംഗിന്റെ ലാൻഡ്സ്കേപ്പ് അനുകരിക്കാൻ ശ്രമിക്കുന്നവരും നിരവധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.