23 April 2024, Tuesday

കാക്ക

എം എസ് ഹരി
October 3, 2021 3:46 am

അലക്ഷ്യമായി തോന്നുംപടി ചോറ് വാരിക്കളഞ്ഞ നേരം തലയ്ക്കൊരു കിഴുക്കു കിട്ടി മരവിച്ചിരുന്നു. “ചോറിങ്ങനെ വാരിക്കളയല്ലെ ഉണ്ണീ. എത്രപേരാ ഇതിനായി കഷ്ടപ്പെടുന്നെ? അന്ന വിചാരമിരുന്നാൽ എല്ലാം ശരിയായിടും.” അപ്പാപ്പൻ പൊരുള് പറഞ്ഞു. അന്ന് അത് മനസിലായില്ല. അത് മാത്രമല്ല, അന്നദ്ദേഹം വായിച്ചിരുന്ന സാഹിത്യ വിചാരങ്ങൾ പലതും അപ്രാപ്യവുമായിരുന്നു. അന്ന് വയസ് അഞ്ച്. തിരിച്ചറിവിന്റെ വരമ്പുകൾ പതുക്കെ തെളിച്ചത്തിലേക്ക് നീങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.
“അന്നം കളഞ്ഞാൽ നീ ഒരു കാക്കയാകും. വരും ജന്മത്തില്‍ കൊത്തിപ്പറുക്കി നിനക്ക് സേവനം നടത്താം.” കാതിലെ മുഴക്കം അസ്തമിച്ചില്ല. ഇന്ന് ആഹാരത്തിന് മുന്നിലിരുന്ന നേരം വീണ്ടും പഴയ ഓർമ്മകൾതികട്ടിയെത്തി. അന്നത്തിന് പ്രത്യേക ശക്തിയും കരുത്തുമുണ്ടെന്ന് മനസിലാക്കിത്തന്ന പിതാമഹന്റെ വാർദ്ധക്യകാലം വേദനയുള്ളതായിരുന്നു. അദ്ദേഹമാണ് എനിക്ക് വാൻ ഗോഗിനെ കാട്ടിത്തന്നത്. നിരാസങ്ങളിലൂടെ വിശപ്പനുഭവിച്ച് ചെവി മുറിച്ച് കാമുകിക്ക് സമ്മാനിച്ച ഭിക്ഷാംദേഹിയായ വാൻഗോഗ്.
പിതാമഹന്റെ കാലം ഒരു ലൂണയിലൂടെ വരച്ചിടാം. ഒരു ദിനം ഇരുട്ടിൽ തപ്പിത്തടഞ്ഞ് ഇടവഴി പിന്നിട്ട് വീട്ടുവളപ്പിലെത്തിയ അദ്ദേഹത്തിന്റെ കാൽവിരലിൽ ചോര കണ്ട് ആധി പെരുത്തു. “എന്തേ അപ്പാപ്പാ എന്ത് പറ്റീ ? അതൊന്നുമില്ലുണ്ണീ അത് കരിയും.”

അതും പറഞ്ഞ് അപ്പാപ്പൻ നെഞ്ചും വിരിച്ചു നടന്നു. കാലിലെ മുറിവു് അത് പ്രശ്നമില്ല…
ഒന്നും കാര്യാക്കിയില്ല. മുറിവ് പഴുത്തു. വ്രണമായി. നെഞ്ചുവിരിച്ചുള്ള നടത്തം ഒഴിവാക്കിയില്ല. നടന്നു. പരിചയക്കാരോട് ചിരിച്ചും, പണിക്കരോട് കലഹിച്ചും. ദൂരയാത്ര മാത്രം ലൂണയിൽ.
ഒരു ദിനം ലൂണയിലെ യാത്ര വഴിക്കൊരിടത്ത് ഉപേക്ഷിക്കേണ്ടി വന്നു. ചെന്നപ്പം കമഴ്ന്നുകിടക്കുകയാണ്. അടുത്തൊരു പരിചയക്കാരൻ നോക്കി ചിരിച്ചു.
“വൈദ്യരൊന്നു വീണു. വൈദ്യര് കഴിക്യാരുന്നോ?”
“നിന്റെപ്പനാ കുടിചിട്ട് കിടക്ക്ണെ…”
അയാളൊന്നും മിണ്ടാതെ നടന്നങ്ങ് പോയി.
“ഉണ്ണീന്നെ ഒന്നുയർത്താവോ… ന്റെ കാലില് പിടിക്കല്ല് മോനെ… ന്റെ ഇടത്തു കാലിപ്പോ അവിടുണ്ടോ… അതോ വീഴ്ച്ചേല് ഇറുന്നു പോയോ? നിന്റെ അപ്പനെന്തിയേ? രാജ്യസഞ്ചാരം കഴിഞ്ഞ് തിരിച്ചു വന്നോ സോമ്പേരി?” ഒരു വായിൽ നൂറു വാക്യങ്ങൾ. തല പെരുത്തു..
അപ്പാപ്പന് പുതിയ ഒരറ ഒരുങ്ങി. എട്ടു കെട്ടും എടുപ്പുകളുമുള്ള ‘അണിയറ’ എന്ന മഹാ സൗധത്തിൽ മരുന്നിന്റെ മണവും ഇടയ്ക്കുള്ള അലർച്ചയും വാർത്തയല്ലാതായി.
ഇടയ്ക്കൊരു ദിനം മുഖം കാട്ടിയ നേരം അടുത്തു വിളിച്ചു.
“ഉണ്ണീന്നെക്കൊണ്ട് ബുദ്ധിമുട്ടായി ഇല്ലെ…?”
”അപ്പാപ്പാ…”
ഞാനൊരു ശാസനയിൽ വിളിച്ചു. അടുത്തിരുന്ന് സ്പൂണിൽ കഞ്ഞി കോരിക്കൊടുത്ത പണിക്കാരിയോട് വേണ്ട എന്നാംഗ്യം കാട്ടി. 

“എന്താ അപ്പാപ്പാ ഇങ്ങനെ? ദേ ഇങ്ങനെ തട്ടിയാല്…” ഞാൻ അർദ്ധോക്തിയിലൊന്നു നിറുത്തി.
“നീയെന്താനിറുത്തിയെ ഏ… ആഹാരം തട്ടിക്കളഞ്ഞാ ഞാനെന്താ കാക്കയാകുവോ? ഏ… ”
ഞാനൊന്നും മിണ്ടിയില്ല. അപ്പാപ്പൻ കാണാതെ ഞാനെന്റെ കണ്ണു തുടച്ചു.
നാളുകൾക്കകം അപ്പാപ്പൻ ഞങ്ങളെ വിട്ടു പോയി. 

ഏറെ നാളിന് ശേഷം പുറത്ത് ചെറു പുള്ളിയുമായി ഒരു കാക്ക എന്നെ വന്നെത്തി നോക്കി. ഒന്നു കുറുകി, പിന്നെ പറന്നു പോയി. രണ്ടാം ദിനം വീണ്ടും അതേകാക്ക വീണ്ടും വന്ന നേരം, ഒരു ഉരുള ചോറ് മിറ്റത്ത് കൊണ്ടുവച്ച് ഞാൻ മാറി നിന്നു. കാക്ക മടിച്ച് മടിച്ച് ചോറുരുള വന്നു കൊത്തി.
ഞാൻ തൃപ്തനാണ്. എന്റെ അപ്പനമ്മമാരോട് തികച്ചും കൂറുള്ള ഒരു മകനായിരുന്നു ഞാൻ. ഒന്നും ആഗ്രഹിക്കാതെ ഏറ്റവും കൂടുതൽ അവരെ സ്നേഹിച്ച ഒരു മകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.