എസ് വി അയ്യപ്പദാസ്

November 29, 2020, 3:41 am

മധുരം മോതകം

Janayugom Online

 എസ് വി അയ്യപ്പദാസ്

“നിങ്ങളെ ആ സ്ത്രീ കുറേനേരമായി ശ്രദ്ധിക്കുന്നുവല്ലൊ ചേട്ടൻ കണ്ടില്ലാ…” അയാളുടെ അടുത്ത് ഇരുന്ന ആ യുവതി അവളുടെ ഒക്കത്ത് ഇരുന്ന കുട്ടിയെ യുവാവിന്റെ മടിയിലേക്ക് വച്ച് പറഞ്ഞു. “ആര്? ” “ദേ…” ഭാര്യ കൈ ചൂണ്ടികാണിക്കുമ്പോഴേക്കും അവരെ ഒരു നിഴൽ പോലെ അയാൾ കണ്ടു. “എടീ, ഓ… അവരാ…?” ഓർമ്മകളിൽ ഒരിക്കലും ചിതലരിക്കാതിരിക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന ഒരു ഏട്. അതിൽ അവർ ഉണ്ട്. അയാൾ കുഞ്ഞ് മകളെ നെഞ്ചോട് ചേർത്ത് ഇരുത്തി. മകളുടെ കുഞ്ഞു കവിളിൽ പഞ്ചാര ഉമ്മ നൽകി. “നമ്മൾ നാളെ എപ്പോ എത്തും?” പെട്ടെന്നാണ് അവർ ഭർത്താവിന്നോട് ആ ചോദ്യം ചോദിച്ചത്. “നമ്മൾ ഒരു 12.45 കഴിയുമ്പൊ ക്ഷേത്ര പരിസരത്ത് എത്തും. അയാൾ ആ മറുപടി നൽകിയ ശേഷം ആ ബസ്സിന്റെ സീറ്റിൽ പുറം ചാരിയിരുന്നു. ഒരു കിനാവിൽ എന്നപോലെയായിരുന്നു അയാൾക്ക് ആ പഴയ സംഭവങ്ങൾ അയാളെത്തേടിയെത്തി.

തനിക്ക് ഒരിക്കലും ചേരാത്ത ഒരു വേഷമെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടും താൻ ആ കാമുക വേഷം അണിഞ്ഞത്. ഏതിർപ്പുകൾ പുല്ലാണ് എന്ന് ചിലോരോടെങ്കിലും കാട്ടണമെന്നും മറ്റും കരുതി കൗമാരത്തിന്റെ അവസാനത്തിലും യൗവ്വനാരംഭത്തിലും കാട്ടി കൂട്ടിയ ചില വിക്രിയകൾ. കാമുകി സന്ദേശം നൽകിയ പ്രകാരമാണ് അന്ന് അയാൾ അവളെ കാണാൻ നഗരത്തിലെ ആ പ്രൈവറ്റ് കോളേജ് പരിസരത്ത് പോയത്. അന്ന് അടുത്ത് കണ്ട ചെറിയ ചായ പീടികയിൽ കാമുകിയെ തൊട്ടുരുമ്മി ഇരിക്കുമ്പോഴാണ് ആ മദ്ധ്യവയസ്കയെ അയാൾ ആദ്യം കണ്ടത്. സ്വന്തം കാമുകിയോടുള്ള തന്റെ അമിത സ്നേഹവായ്പ് ഒക്കെ ആ പാവം സ്ത്രീ കണ്ടിരിക്കുന്നതൊന്നും അയാൾ അപ്പോ അറിഞ്ഞിരുന്നില്ലാ. തന്നോടൊപ്പം ഒട്ടിയിരിക്കുന്നവളെത്തേടി മാറ്റാരു പുരുഷ കേസരി രംഗപ്രവേശം ചെയ്തതും പിന്നീട് അവിടം ഒരു യുദ്ധ ഭുമിയായതും വളരെ പെട്ടെന്നായിരുന്നു. ഒരിക്കലും തനിക്കിണങ്ങാത്ത ആ പെൺകുട്ടിയുടെ കാമുകവേഷം അയാളുടെ ശരീരത്തിൽ ചീഞ്ഞ് നാറി തുടങ്ങിയിരുന്നു. അയാൾ ഒരു വിധത്തിൽ ഒഴിഞ്ഞ് മാറാൻ നോക്കി. കൂട്ടത്തിൽ കാമുകാവകാശത്തിനായും വാദിച്ചു. പക്ഷെ അപ്പോഴെക്കും കാമുകി എവിടെയൊ മറഞ്ഞിരുന്നു. സംഘട്ടനം നിരത്തിലേക്ക് എത്തപ്പെട്ടപ്പോഴാണ് ആ റിക്ഷയുടെ വരവ്. ”കയറിക്കൊ.” എന്ന ഒരു സ്ത്രീ ശബ്ദം മാത്രമേ അപ്പൊള്‍ കേട്ടുള്ളു. പീടികയിൽ അല്പം മുൻപ് കണ്ട ആ സ്ത്രീയെ ആണ് അയാൾ ആ റിക്ഷയിൽ കണ്ടത്. കൈയിലെ പൊട്ടിയ വാച്ചും മുറിഞ്ഞ മുഖവും ബട്ടൻസ് പൊട്ടിയ ഷർട്ടും ഒക്കെ ആ സ്ത്രീ മാറി മാറി നോക്കി. പഴ്സ് നഷ്ടമായല്ലെ എന്നു തുടങ്ങി അവർ ചോദിച്ച പല ചോദ്യങ്ങൾക്കും മാതൃ സ്നേഹത്തിന്റെ തലോടൽ അയാൾക്ക് അനുഭവപ്പെട്ടിരുന്നു. അവർ അയാൾക്ക് തിരികെ വീട്ടിൽ പോകാനും ആശുപത്രി ചെലവിനുമായി അവരുടെ മുഷിഞ്ഞ ബ്ലൗസിനുള്ളിൽ നിന്ന് ലഭിച്ച കാശിന് ആ മാറിലെ ഇളം ചൂടു കലർന്നിരുന്നു. ആ ഇളം ചൂട് അവന് പകർന്ന് നൽകിയത് ഒരു പുതിയ അനുഭവമായിരുന്നു.

അവർ ആ തെരുവിന്റെ പൊതു സുന്ദരിയാണ് എന്ന് ആ റിക്ഷ ഡ്രൈവറുടെ സംസാരത്തിലൂടെ അയാൾക്ക് ബോധ്യമായി. കൂട്ടം തെറ്റിയ ഒരു കുഞ്ഞു ആടിനെയെന്നപ്പോലെ കുറ്റസമ്മതക്കാരന്റെ കുമ്പസാരം തന്നോട് പറയരുത് എന്നും, അവൾ തനിക്ക് ചേർന്നതല്ല എന്ന ഉപദ്ദേശവും നൽകി. കൈയിയെ പൊതിയിൽ നിന്ന് ഒരു പലഹാരവും അയാൾക്ക് നൽകി. മടക്ക വണ്ടിക്കുള്ള വരവിനായി അയാൾ കാത്തിരുന്നു. പുറത്തെ ഇളം വെയിലിൽ കുഞ്ഞു മകളുടെ മുഖം കുറച്ചുകൂടി പ്രസന്നമായിരിക്കുന്നതായി അയാൾക്ക് തോന്നി. “ചേട്ടാ ഇത് വേണൊ…?” ഒരു നിമിഷം അയാൾ ഞെട്ടി. “ആ സ്ത്രീയുടേന്ന് വാങ്ങിയതാ” “കാശ് ” “കൊടുത്തു.” അയാൾ കൈയിലെ പലഹാരവും വച്ച് ബസ്സിന്നുള്ളിലെ ആ കച്ചവടക്കാരിയെ തിരഞ്ഞു. . ഒരു വേള ആ കച്ചവടക്കാരി തിരിഞ്ഞതും അയാൾ ആകെ ചിന്താ കുഴപ്പത്തിലായി. ഒപ്പം കുറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും. “ഇപ്പൊഴെ കഴിഞ്ഞ മയക്കനിടയിൽ എന്തെങ്കിലും സ്വപ്നം കണ്ടൊ?” ഭാര്യയുടെ ആ ചോദ്യത്തിനുും, പിന്നീട് മകളുടെ പല പല കൊഞ്ചലിനും അയാൾക്ക് ഒന്നും ഒന്നും പറയാനില്ല. കാരണം അയാൾ അപ്പോള്‍ സഞ്ചരിച്ചത് ആ പഴകിയ ഓട്ടോ റിക്ഷയിൽ ആ സ്ത്രീക്കൊപ്പമായിരുന്നു.