കെ എൻ ശോഭന

കഥ

March 07, 2021, 2:29 am

യാത്രാമൊഴി

Janayugom Online

പ്രിയമുള്ളവരേ, ഇന്നലെ നിങ്ങൾ എനിക്ക് നൽകിയ സ്വീകരണത്തിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. ഇത്രയും ഗംഭീരമായ ഒരു വരവേൽപ്പോ സ്നേഹ നിർഭരമായ യാത്രയയപ്പോ ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. വളരെ കുറച്ച് കാലം മാത്രം നിങ്ങളോടൊപ്പം കഴിഞ്ഞ എനിക്ക് നിങ്ങൾ പകർന്നു നൽകിയ സ്നേഹം എന്നെ വികാരാധീനനാക്കുന്നു. മറ്റൊന്നും കൊണ്ടല്ല, നിങ്ങൾക്കു വേണ്ടി കൂടുതലായി ഒന്നും ചെയ്യാൻ എനിക്ക് സാധിച്ചില്ലല്ലോ എന്നോർത്താണ്. അപ്പോൾ സ്വാഭാവികമായും നിങ്ങളിൽ നിന്നും ഒരു ചോദ്യമുയരാം, എന്ത് കൊണ്ടാണ് നീ പെട്ടെന്നങ്ങ് പോയ്ക്കളഞ്ഞത്, നിനക്ക് ഒന്നു പറയാമായിരുന്നില്ലേയെന്ന്. പ്രിയമുള്ളവരേ ഒന്നും ഞാൻ മനഃപൂർവം ചെയ്തതല്ല. ഇന്നലെ രഘുവിന്റെ കാര്യം ശരിയാക്കാനായി ഞാൻ വളരെ വേഗത്തിൽ പോകുകയായിരുന്നു. എല്ലാവരും പരാതി പറയാറുണ്ട് ഞാൻ വളരെ സ്പീഡിലാണ് പോകുന്നത്, കൂടെ വരാൻ പേടിയാണ് എന്നൊക്കെ. എല്ലാ ദിവസവും എനിക്ക് ഓരോരോ പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് എനിക്ക് ഇങ്ങനെ പോകാതെ തരമില്ല.

രഘുവിന്റെ അമ്മ തളർവാതം വന്നു കിടപ്പിലാണ്. രണ്ടു സഹോദരൻമാരുള്ളത് മാനസികവിഭ്രാന്തിയുള്ളവരും. രണ്ടു പേരും വീട്ടിൽ തന്നെ കുത്തിയിരിക്കും. ചേട്ടൻ സദാ സമയവും സ്വന്തം സാമ്രാജ്യത്തിൽ സ്വപ്നങ്ങൾ നെയ്തു കൂട്ടി സായൂജ്യമടയും. വീട്ടിൽ എന്ത് സംഭവിച്ചാലും അയാളറിയില്ല. ഇളയവന് അടങ്ങാത്ത വിശപ്പാണ്. എങ്ങനെയും പശിയടക്കാനുള്ള ചിന്ത മാത്രമാണ് അവന്റെയുള്ളിൽ. സർക്കാറിൽ നിന്നും ലഭിക്കുന്ന പെൻഷൻ ഒന്നിനും തികയില്ല. രഘു കൂലിവേല ചെയ്തു കിട്ടുന്ന പണം കൊണ്ട് വേണം ആ കുടുംബം കഴിയാൻ. ജോലിക്ക് പോകുന്നതിനിടയിലാണ് രഘു അമ്മയുടെ ദിനചര്യകൾ ചെയ്യുന്നതും എല്ലാവർക്കുമുള്ള ഭക്ഷണം തയ്യാറാക്കി വെക്കുന്നതും. രഘു ജോലിക്ക് പോയാൽ അമ്മക്ക് ഭക്ഷണം നൽകുന്നത് വിശപ്പുകാരനായ സഹോദരനാണ്. വിശപ്പ് സഹിക്കാൻ വയ്യാതാകുമ്പോൾ മാത്രം അവൻ പുറത്തേക്കിറങ്ങും. അങ്ങനെയൊരു ദിവസമാണ് അവൻ വീടിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിന്റെ കുപ്പിച്ചില്ലുകൾ എഴുന്നു നില്ക്കുന്ന മതില് ചാടിക്കടന്നത്. തന്റെ വിഹഗവീക്ഷണത്തിൽ മുകളിലത്തെ മുറിയുടെ ജനാല തുറന്നു കിടന്നത് കണ്ട അവൻ ക്ഷണനേരം കൊണ്ട് മലിന ജലം ഒഴുകുന്ന പൈപ്പിൽ അള്ളിപ്പിടിച്ച് കയറി. ജനാലയ്ക്കരികിലെത്തിയ അവനെ സ്വീകരിച്ചത് പച്ചയ്ക്ക് ചിരിച്ചു കൊണ്ടിരുന്ന സുന്ദരിയായ സ്മാർട്ട് ഫോൺ.

പിന്നെ ഒട്ടും അമാന്തിച്ചില്ല അവളെ കോരിയെടുത്ത് തിരിച്ചിറങ്ങി. സമീപത്തെ ചായക്കടയിലെ കണ്ണാടിക്കൂട്ടിലെ വർണ്ണപ്പകിട്ടാർന്ന പലഹാരങ്ങൾ അവനെ മാടി വിളിക്കുന്നുണ്ടായിരുന്നു. പിന്നൊന്നും ആലോചിച്ചില്ല സുന്ദരിക്കുട്ടിയെ ആർക്കോ കൈമാറി കിട്ടിയ കാശ് കൊണ്ട് സുഭിക്ഷമായി തന്റെ കരിഞ്ഞ വയറിന്റെ നിലവിളിക്ക് ശമനം വരുത്തി. പുറത്തിറങ്ങിയ അവനെ അപ്പോൾ തന്നെ പോലീസ് പൊക്കി. സിസിടിവി ക്യാമറയോ മറ്റെന്തെങ്കിലുമോ അറിയാത്ത അവന് ആകെ അറിയാവുന്നത് അവന്റെ വിശപ്പ് മാത്രം. അതാണ് അവന്റെ ഏറ്റവും വലിയ ദുഃഖവും. 
കഴിഞ്ഞ ഒരാഴ്ചയായി അവനെ ജയിലിൽ നിന്നിറക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു രഘു. ‘നാൻ പെറ്റ മകൻ ’ തന്നാലേ കഞ്ഞി കുടിക്കൂ എന്ന വാശിയിലാണ് അവന്റെ അമ്മ. കഴിഞ്ഞ മൂന്നു ദിവസമായി എന്റെ ഊണിലും ഉറക്കിലും അവനായിരുന്നു. രാവിലെ ഉണരുമ്പോൾ രഘു ഒരു നൊമ്പരക്കാഴ്ചയായി എന്റെ മുന്നിൽ തെളിയും. ഇന്നലെ എങ്ങനെയായാലും രഘുവിന്റെ അനുജനെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള പെടാപ്പാടിലായിരുന്നു ഞാൻ. ആ ഓട്ടപ്പാച്ചിലിനിടയിൽ അപ്രതീക്ഷിതമായാണ് എന്റെ യാത്ര മുടക്കിക്കൊണ്ട് വഴിയിൽ അവൻ എന്നെ തടഞ്ഞു നിർത്തിയത്. അപ്പോൾ തന്നെ ഞാൻ അവന്റെയൊപ്പം ചെല്ലണമത്രേ. രഘുവിന്റെ കാര്യം ശരിയാക്കാൻ ഞാൻ അല്പ സമയം ചോദിച്ചെങ്കിലും അവൻ സമ്മതിച്ചില്ല. അവിടെ അതിലും വലിയ പ്രശ്നങ്ങൾ എനിക്ക് പരിഹരിക്കേണ്ടതുണ്ടത്രേ. ‘ഇപ്പോ തന്നെ സമയം അതിക്രമിച്ചു. ആരെങ്കിലും വരുന്നതിനു മുൻപേ നമുക്ക് പോകണം’. അവൻ പറഞ്ഞു. ആരെങ്കിലും എന്നെ കണ്ടാൽ ഞാൻ അവരുടെ പ്രശ്നങ്ങളിലിടപെടും. പിന്നെ എന്നെ കൈയോടെ കൊണ്ടു പോകാൻ അവന് പറ്റില്ലത്രേ. അതുകൊണ്ട് ആരുമില്ലാത്ത സമയത്തിനായി അവൻ കാത്തു നില്ക്കുകയായിരുന്നു. ആവശ്യക്കാരന് ഔചിത്യബോധമില്ലല്ലോ. എന്തെങ്കിലും അങ്ങോട്ട് പറയുന്നതിന് മുൻപു തന്നെ അവൻ എന്നെ ഒപ്പമിരുത്തി വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു.

നിങ്ങൾ മാത്രമല്ല എന്റെ വീട്ടുകാരിയും വിവരമൊന്നുമറിഞ്ഞിരുന്നില്ല. രാവിലെ ഞങ്ങൾ ഒരുമിച്ചാണിറങ്ങിയതെങ്കിലും എന്റെ യാത്ര എങ്ങോട്ടാണെന്ന് അവൾക്കും നിശ്ചയമില്ലായിരുന്നു. എപ്പോഴും ധൃതി പിടിച്ച ഓട്ടമായതിനാൽ അവൾ തിരക്കാറുമില്ല. എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് അവൾ എന്റെ ജീവിതത്തിലേക്ക് കയറി വന്നത്. ഇന്നുവരെ എന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ അവൾ ശ്രമിച്ചിട്ടില്ല. പരിഭവമോ പരിദേവനങ്ങളോ പറഞ്ഞിട്ടുമില്ല. അത് തന്നെയായിരുന്നു എന്റെ വിജയവും. ഒരു പൊതു പ്രവർത്തകന്റെ ജീവിത സഖി കൂടുതലായൊന്നും ആഗ്രഹിക്കരുതെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. ഇന്നലെ ഞാൻ കടന്നു വന്ന വഴികളിൽ മുഴുവൻ ക്ഷമയോടെ നിങ്ങൾ എന്നെ കാത്തു നിന്നു. മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ചു കൊണ്ട് വലിപ്പച്ചെറുപ്പമില്ലാതെ നിങ്ങൾ ഓരോരുത്തരും എന്നെ സ്വീകരിച്ചു. കലവറയില്ലാത്ത നിങ്ങളുടെ സ്നേഹത്തിനു മുമ്പിൽ എനിക്ക് വാക്കുകളില്ല. പ്രിയ മിത്രങ്ങളേ നിങ്ങളിൽ പലരും പറഞ്ഞത് എന്റെ സ്വതസിദ്ധമായ ചിരിയെപ്പറ്റിയായിരുന്നു. സത്യത്തിൽ അത് കേട്ട് എനിക്ക് വല്ലാതെ ചിരി പൊട്ടി. നിങ്ങൾക്കറിയ്യോ ഞാനെന്താ എപ്പോഴും ഇങ്ങനെ ചിരിക്കുന്നതെന്ന്. പ്രിയമുള്ളവരേ എന്റെ മുഖം അങ്ങനെ ആയിപ്പോയതാ. കുഞ്ഞുന്നാളിൽ വീട്ടിൽ അടുപ്പ് പുകയാതിരുന്ന ദിവസങ്ങളിൽ രാത്രി ഉറക്കം വരാൻ അമ്പിളി മാമന്റെ വെളുക്കെയുള്ള ചിരി കാണിച്ചു തന്നിട്ട് അത് പോലെ ചിരിക്കാൻ അമ്മ പഠിപ്പിക്കുമായിരുന്നു.

അമ്പിളി മാമൻ മാത്രമേ അന്ന് എനിക്കും അമ്മക്കും കൂട്ടുണ്ടായിരുന്നുള്ളു. ദുഃഖത്തിന്റെ നിഴൽപ്പാടുകൾ മുഖത്ത് തെളിഞ്ഞു കാണുമ്പോഴും അതൊന്നും പുറത്തറിയാതിരിക്കാൻ ചിരിച്ചു കൊണ്ടിരിക്കുന്ന ആ മാമൻ ഞാനറിയാതെ തന്നെ എന്റെ റോൾ മോഡലായി. പകൽ സമയത്ത് വിശപ്പിന്റെ അഗ്നി ആളിക്കത്തുമ്പോൾ മനസ്സിൽ മാമന്റെ വെളുത്ത മുഖം തെളിഞ്ഞു വരും. കത്തി ജ്വലിക്കുന്ന സൂര്യൻ ഉള്ളിൽ തിളച്ചു മറിയുമ്പഴും പുഞ്ചിരി തൂകാൻ ഞാൻ പഠിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടും പരസ്പരം മത്സരിച്ച് തീർത്ത തീച്ചൂളയിൽ ഒരു ബലി മൃഗത്തെപ്പോലെ വെന്തെരിയുമ്പോൾ ‘മോനേ തളരരുത്, പിടിച്ചു നില്ക്കണം’ എന്ന് തന്റെ നിസ്സഹായാവസ്ഥയിലും പറയാതെ പറയുന്ന അമ്മയുടെ തിളക്കമറ്റ കണ്ണുകൾ. അവയിൽ നിന്ന് പ്രവഹിച്ച ഊർജ്ജം ഒന്നു കൊണ്ട് മാത്രം മുന്നോട്ട് നീങ്ങിയ ജീവിതം. എന്ത് പ്രതിബന്ധങ്ങളുണ്ടായാലും ജീവിക്കണം എന്ന വാശിയായിരുന്നു പിന്നീടങ്ങോട്ട്.
ഏത് പ്രതിസന്ധിയേയും ശാന്തമായി നേരിടാൻ ഞാൻ ശീലിച്ചു. ഒഴുക്കിനെതിരെ നീന്തുന്നതിനിടയിൽ സൗമ്യതയും സഹയാത്രികയായി ഒപ്പം കൂടി. വാടിക്കരിഞ്ഞു പോയ ബാല്യം പകർന്ന കരുത്ത് പിന്നീടൊരിക്കലും എന്നിൽ നിന്നും ചോർന്നു പോയില്ല. ചുട്ടു പൊള്ളുന്ന അനുഭവങ്ങൾ മാത്രം കൂടപ്പിറപ്പുകളായത് കൊണ്ടാണ് ഞാൻ നിങ്ങളിന്നലെ വിശേഷിപ്പിച്ച ഞാനായത്. അല്ലെങ്കിലൊരിക്കലും എനിക്ക് മറ്റുള്ളവരുടെ വേദന നെഞ്ചേറ്റാൻ സാധിക്കില്ലായിരുന്നു.

നിങ്ങളുടെ കൂട്ടത്തിലൊരാളാകാൻ കഴിയില്ലായിരുന്നു. രഘുവിനെപ്പോലുള്ളവരെ കാണുമ്പോൾ എന്റെ മനസ്സ് പിടയ്ക്കും, ഹൃദയം വല്ലാതെ തുടിക്കും. അവരിൽ ഞാൻ എന്നെത്തന്നെയാണ് കാണുന്നത്. ഞാനൊരുപാട് പറഞ്ഞു പോയി. നിങ്ങളുടെ സ്നേഹക്കൂട്ടായ്മയിൽ നിന്നും പൊടുന്നനെ അടർന്നു വീഴേണ്ടി വന്നതിൽ എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സങ്കടമുണ്ട്. എന്റെ വിഷമം കണ്ടിട്ടായിരിക്കണം ചില നിബന്ധനകൾക്ക് വിധേയമായി ഇന്നലെ നിങ്ങളോടൊപ്പം കഴിയാൻ എന്നെ അനുവദിച്ചത്. അങ്ങനെയാണ് നിങ്ങളെ എല്ലാവരേയും നേരിട്ട് കാണാനും നിങ്ങൾ പറയുന്നത് കേൾക്കാനും എനിക്ക് പറ്റിയത്. ഇനി എന്റെ തട്ടകം ഇവിടെയാണ്. ഇവിടെയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അവിടത്തേതിനെക്കാൾ സങ്കീർണമാണ് ഇവിടത്തെ അവസ്ഥ. അത് കൊണ്ട് ഇനി അവിടത്തെ വിശേഷങ്ങൾ തിരക്കാനോ ഓർക്കാനോ സമയം കിട്ടുമോന്നറിയില്ല. വളരെ പണിപ്പെട്ടാണ് ഇത്രയെങ്കിലും എഴുതാൻ സാവകാശം കിട്ടിയത്. എല്ലാരും എന്നോട് ക്ഷമിക്കുമല്ലോ. ഒരു കുളിർ മഴയായ് എന്നിലേക്ക് പെയ്തിറങ്ങിയ നിങ്ങളുടെ സ്നേഹത്തിനു മുമ്പിൽ ചുടു നിശ്വാസമർപ്പിച്ചു കൊണ്ട് നിർത്തട്ടെ. എന്ന്,
നിങ്ങളുടെ സ്വന്തം.