തമ്പാൻ തായിനേരി

ബാലയുഗം 1

October 18, 2020, 5:30 am

പൊട്ടൻ നീലാണ്ടൻ

Janayugom Online

ഗ്രാമത്തിലെ കുപ്രസിദ്ധനയ കള്ളനായിരുന്നു മുത്തലവി. നിരവധി വീടുകളിൽ അയാളുടെ മോഷണപരമ്പര അരങ്ങേറി. നാട്ടുകാരുടെ അടിയും ഇടിയും കൊണ്ടിട്ടും മുത്തലവി മോഷണം അവസാനിപ്പിച്ചില്ല. മോഷണത്തിന്റെ പേരിലുള്ള ജയിൽവാസം മുത്തലവിക്ക് പുത്തരിയായിരുന്നില്ല. ഒരു രാത്രി തെങ്ങിന്റെ മണ്ടയിൽ ഒരനക്കം കേട്ടപ്പോൾ പൊട്ടൻ നീലാണ്ടൻ വീട്ടിൽ നിന്നും പുറത്തിറങ്ങി. പിന്നെ സംശയിച്ചില്ല ടോർച്ചിന്റെ വെളിച്ചം തെങ്ങിന്റെ മണ്ടയിലേക്ക് പായിച്ചു. നീലാണ്ടന് കള്ളനെ പിടികിട്ടി. 

”അയ്യോ… ഓടിവരണേ കള്ളൻ മുത്തലവി തേങ്ങ മോഷ്ടിക്കുന്നേ…” അയൽപക്കത്തുകാരായ ചെറുപ്പക്കാർ ഓടി എത്തുമ്പോഴേക്കും മുത്തലവി തെങ്ങിൽ നിന്നും കുത്തനെ ഇറങ്ങി ഓടി. പിന്നാലെ ചെറുപ്പക്കാരും. നീലാണ്ടനും മുത്തലവിയുടെ പിന്നാലെ ഓടി. മുത്തലവി രക്ഷപ്പെടാനുള്ള വെപ്രാളത്തോടെ സമീപത്തുള്ള പുഴയിലേയ്ക്കു ചാടി. എന്തുചെയ്യണമെന്നറിയാതെ ചെറുപ്പക്കാർ പകച്ചുനിന്നു. ”അവൻ പുഴയിൽ ചാവട്ടെ…” ചെറുപ്പക്കാർ പറഞ്ഞു. എല്ലാവരും പിരിഞ്ഞുപോകുമ്പോൾ നീലാണ്ടൻ പറഞ്ഞു. ”അവനെ വിട്ടുകൂടാ… അവനെവിട്ടുകൂടാ…” നീലാണ്ടൻ പുഴയിലേക്കു ചാടാനുള്ള പരിപാടിയാണ്. ചെറുപ്പക്കാർ പറഞ്ഞു. ”നീലാണ്ടാ പുഴയിൽ ചാടല്ലേ… ഒഴുക്കുള്ള പുഴയാണ്. ജീവൻ പോവും.” അപ്പോഴും നീലാണ്ടൻ പറഞ്ഞു; ”അവനെ വിട്ടുകൂടാ… അവനെ വിട്ടുകൂടാ… അവനെ ഞാൻ പിടിക്കും.

” പെട്ടെന്ന് അവൻ പുഴയിലേക്കു ചാടി. ചെറുപ്പക്കാർ തരിച്ചു നിന്നു. പുഴയിലേക്കു ചാടാൻ ആർക്കും ധൈര്യമില്ല. അല്പം കഴിഞ്ഞപ്പോൾ മുത്തലവിയെയുംകൊണ്ട് അതാ നീലാണ്ടൻ നീന്തി വരുന്നു. . എല്ലാവരും അത്ഭുതത്തോടെ മിഴിച്ചുനോക്കി.
നീലാണ്ടൻ ഒരുവിധത്തിൽ മുത്തലവിയെ കരയിലെത്തിച്ചു. വെള്ളം കുടിച്ച് അവശനായ മുത്തലവി കരയിൽ കിടന്നു പിടഞ്ഞു. ഒരു വിധത്തിൽ മുത്തലവിയുടെ ശ്വാസം നേരെ വീണു. ”നീലാണ്ടൻ എന്റെ ജീവൻ രക്ഷിച്ചു. ഇനി മുതൽ ഞാൻ മോഷ്ടിക്കില്ല. നല്ലവനായി ജീവിക്കാം.” മുത്തലവി സങ്കടത്തോടെ പറഞ്ഞു. ‘അവനെ വിട്ടുകൂടാ എന്നു ഞാൻ പറഞ്ഞത് മരണത്തിനു വിട്ടുകൂടാ എന്നാ മനസ്സിലായോ.’ 

നീലാണ്ടന്റെ ധൈര്യത്തെയും കാരുണ്യത്തെയും എല്ലാവരും പ്രശംസിച്ചു. പിന്നീടുള്ള കാലം മുത്തലവി അദ്ധ്വാനിച്ചു നല്ലവനായി ജീവിച്ചു. കാണുന്നവരോടെല്ലാം മുത്തലവി പറയും; ”നീലാണ്ടന്റെ കാരുണ്യമാണ് എന്നെ നല്ലവനാക്കിയത്. സഹജീവികൾക്ക് കാരുണ്യവും സ്നേഹവും കൊടുക്കുക.” 

പുറകിലേക്ക്
സംഗീതത്തിലെ ‘ശ്രീ’
മുൻപിലേക്ക്
തള്ളെ എന്തര്.…
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ