ഡി മുരളി

October 11, 2020, 4:30 am

കോറന്റയിൻ

Janayugom Online

വിദേശത്തു നിന്നും വന്ന അയാൾ രണ്ടാഴ്ചക്കാലത്തെ കർശന കോറന്റയിൻ വിജയകരമായി പൂർത്തീകരിച്ച ശേഷം ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. അയാൾക്കു വേണ്ടി വീടൊരുങ്ങി. വൃദ്ധമാതാപിതാക്കൾക്കും, കുട്ടികൾക്കുമെല്ലാം ബന്ധുവീടുകൾ അത്താണിയായി. ടെലിവിഷൻ ചാനലുകാർക്ക് അയാളെ ഏറെ നേരം തടവിലാക്കാൻ കഴിഞ്ഞില്ല. മുകളിലത്തെ കിടപ്പുമുറിയുടെ ജാലകത്തിലൂടെ, പിന്നിലെ മണ്ടരി കേറിയ തെങ്ങിൻ തോപ്പുകൾക്കുമപ്പുറം കടലിരമ്പത്തിന്റെ തിരയിളക്കം അയാളിലും ചെറുചലനങ്ങൾ സൃഷ്ടിച്ചു. വേഴാമ്പലിന്റെ സങ്കടം കരിയെഴുതാൻ മറന്ന, അവളുടെ മിഴികളിലെ നോവിന്റെ അഴലുകൾ അയാൾക്ക് വിദൂരക്കാഴ്ചകളായി. നിറം കെട്ട നിലത്തെഴുത്തു കോലങ്ങൾ, അടുക്കി വച്ച പത്രത്താളുകളിലെ പ്രധാന തലക്കെട്ടുകളിലെല്ലാം, ശ്മശാന ഭീകരത മാത്രം.

അസ്വസ്ഥനായ അയാൾ കോണിപ്പടിയിറങ്ങി താഴത്തെ മുറികളിലെല്ലാം ചുറ്റിക്കറങ്ങി എവിടെയും, ബ്ലീച്ചിങ്ങ് പൗഡറിന്റെയും ഫിനോയിലിന്റെയും രൂക്ഷ ഗന്ധം. വാഷ് ബയ്സിനു സമീപമിരുന്ന സോപ്പെടുത്ത് കൈകളിൽ പതുങ്ങുന്ന, വൈറസുകളുടെ ജൈവഘടനയെ തകർത്തു തരിപ്പണമാക്കി. മുന്നിലുള്ള നിലകണ്ണാടിയിൽ കണ്ട തന്റെ രൂപത്തിനാകെ എന്തോ മാറ്റം. അയാൾക്ക് ആകെ പരവേശം കയറി, ഡൈനിങ്ങ് ടേബിളിലിരുന്ന ജഗ്ഗിൽ നിന്നും കുറേ വെള്ളം, അന്നനാളത്തിലേക്ക് ഗുളും ഗുളും ശബ്ദത്തോടെ പ്രവഹിച്ചു.

കോണിപ്പടി കയറി മുകളിലെ കിടപ്പുമുറിയിൽ, വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സൂട്ട് കേയ്സ് തുറന്നു, കുറേ തുണികൾ വാരി പുറത്തേക്കെറിഞ്ഞു. കൈകളുടെ ചലന വേഗം കൂടി, ഒടുവിൽ സോക്സുകളിട്ട് ഭദ്രമായി സൂക്ഷിച്ച തന്റെ പ്രിയപ്പെട്ട സ്ക്കോച്ച് കയ്യിൽ തടഞ്ഞു. എന്തെല്ലാം പ്രതിക്ഷകളും സ്വപ്നങ്ങളുമാണ് കോവിഡ് തല്ലി കെടുത്തിയത്.
ഈ സമയം ചങ്ങായിമാരുടെ തിരക്കാകേണ്ടയിടം. മേശപ്പുറത്ത് ഇരുന്ന ചില്ലു ഗ്ലാസിന്റെ മൂന്നിൽ ഒരു ഭാഗത്തേക്ക് തേൻ നിറമുള്ള ദ്രാവകം അയാൾ പകർന്നു. ജഗ്ഗിലിരുന്ന വെള്ളം കൂട്ടി, ഒറ്റ വലി, തൊണ്ട കത്തൽ മാറ്റാൻ മേശപ്പുറത്തിരുന്ന ഞാലിപ്പൂവൻപഴം ഉൾപ്രേരകമായി. ഒരിക്കൽക്കൂടി അയാളുടെ മുന്നിലിരുന്ന, ചില്ലു ഗ്ലാസ് നിറ ഞ്ഞു കാലിയായി.

ജനാലയിലൂടെ അരിച്ചു കയറുന്ന കടൽക്കാറ്റിനൊപ്പം അയാളിലേക്കൊരു വൈദ്യുത പ്രവാഹം. തൊട്ടടുത്താണ്, തന്റൊപ്പം ഒന്നാം തരം മുതൽ പഠിച്ച ചങ്ക് ബ്രോയുടെ വീട്. ജന്നൽ തുറന്നാൽ അവന്റെ വീട് കാണാം. ഏണിപ്പടികൾ ഇറങ്ങി താഴെ ഹാളിലെത്തി. വാതിൽ തുറക്കാൻ നോക്കി. പറ്റുന്നില്ല. “പുറത്തു നിന്നു പൂട്ടിയതാവും പണ്ടാരങ്ങൾ…” അയാൾ പിറുപിറുത്തു. പിന്നിലെ വാതിലും താഴിട്ടുപൂട്ടിയിരിക്കുന്നു. അയാളുടെ പ്രതീക്ഷകൾ ചിറകുവിടർത്തി. മുകളിലത്തെ ബാൽക്കണിയുടെ വാതിൽ പൂട്ടിയിട്ടില്ല. അയാൾ കൈവരി വഴി സൺ ഷെയിഡിലേക്ക് പറന്നിറങ്ങി, പിന്നെ താഴേയ്ക്കും. കൈതമുൾച്ചെടികൾ തീർത്ത അതിരുവേലികൾക്ക്, അയാളെ പിന്നോട്ടു മാറ്റാൻ കഴിഞ്ഞില്ല. ആന്റപ്പന്റെ വീടിനുള്ളിലെ കോളിങ്ങ് ബെൽ പലതവണ ചിലച്ചു. വാതിൽ തുറക്കപ്പെട്ടില്ല. മുട്ടുവിൻ തുറക്കപ്പെടും എന്ന ആപ്തവാക്യവും, അയാളെ കൈവിട്ടു.

പിന്നാമ്പുറത്തേക്കോടിയ അയാളുടെ കാൽ ശക്തിയ്ക്കു മുന്നിൽ മരവാതിൽ ഞരക്കത്തോടെ തോറ്റു വഴിമാറി.
”ആന്റപ്പാ…” എന്ന് അലറിക്കൊണ്ടയാൾ മുറികൾ മാറിക്കേറി. കട്ടിലിന്നടിയിൽ ഒളിച്ച കാലുകളിൽ തട്ടി, അയാൾ ദണ്ഡനമസ്ക്കാരം ചെയ്തു. ആന്റപ്പനെ വാത്സല്യത്തോടെ വാരിപ്പുണർന്നു, അവലുമായി വന്ന, കുചേലനെപ്പുണർന്ന കാർവർണ്ണനെപ്പോലെ. ആന്റപ്പൻ ഒഴിഞ്ഞു മാറി, ബഹളം കേട്ട് മേരിക്കുട്ടി ഓടി വന്നു, അവൾ അല മുറയിട്ടു കൂവി. “കാലമാടൻ. വീട്ടിൽ അടച്ചിരിക്കേണ്ടവന്റെ തോന്ന്യാസം. ”

ആന്റപ്പനെ വാരിപ്പുണർന്ന കൈകൾ അവളുടെ അണപ്പല്ലുകൾ ഇളക്കി. മേരിക്കുട്ടിയുടെ പുലയാട്ടുകച്ചേരിക്ക്, പക്കമേളം ചമയ്ക്കാൻ അയൽക്കാർ ഓടിക്കൂടി. വന്നവർ, അരങ്ങു തകർത്തു, കോറന്റയിൻകാരന്റെ ഗേറ്റിൻ പടിക്കൽ 108 ‑ആംബുലൻസ് സഡൺ ബ്രേക്കിട്ടു നിർത്തി. പിപിക്കിറ്റുധാരികൾ, പുറത്തിറങ്ങി അപ്പോൾ അന്തരീക്ഷത്തിൽ ഒരശരീരി മുഴങ്ങി, “അയാൾ പോസിറ്റീവാത്രേ…” മണിയറയിലേക്ക് പ്രവേശിക്കുന്ന നവവധുവിന്റെ ലജ്ജയോടെ അയാൾ രഥമേറി.