7 December 2024, Saturday
KSFE Galaxy Chits Banner 2

ശീമപ്പിള്ള

Janayugom Webdesk
December 19, 2021 5:01 pm

ഉച്ചനേരത്തെ വാനക്കറുപ്പിൽ തെറ്റിദ്ധരിച്ച ഒരു വവ്വാൽകുഞ്ഞൻ മാർക്ക് അക്കാദമിയിലെ പത്താംക്ലാസിന്റെ ചുമർ കെട്ടിനകത്തൂടെ ആകുലപ്പെട്ടു പാഞ്ഞു. ഉടനെ ട്യൂഷൻ ക്ലാസിലെ സർവ്വ കുട്ടികളും പീറ്റർ ഗില്ലിഗന്റെ ബല്ലാഡിൽ നിന്നും കണ്ണൂരി ഉത്തരംനട്ട് ബഹളം വെക്കാൻ തുടങ്ങി. കുഞ്ഞൻ ജയിൽ സമാനമായ ചുമരിലെ പാളിയില്ലാത്ത ജനലഴികളിലൂടെ ഒതുങ്ങി അഭയപ്പെട്ടുവെങ്കിലും കുട്ടികൾ ശാന്തരായില്ല. “ആശിഷ് ബാബു… നഹ് ലാ ചാലിൽ… അസനത്ത് കെ പി… ലിബിനേഷ് കൃഷ്ണ… ഖലിഫാൻ… വർണാ വിജയ്… ” പരുക്ക ഭാവേനെ മേശമേൽ ചൂരൽ കൊണ്ടടിച്ച് ഓരോരുത്തരെയായി പേര് വിളിക്കാൻ തുടങ്ങിയതോടെയാണ് ഏറെക്കുറെ ശാന്തമായത്. വീണ്ടും ബല്ലാഡിലെ വരികളിലേക്ക് തിരിഞ്ഞതും, നിമിഷംപ്രതി ഇരമ്പിയാർത്തു മഴപെയ്യാൻ തുടങ്ങി. വാച്ചിൽ പിരിയഡു തീരാൻ അര മണിക്കൂർ മാത്രമേ ശേഷിച്ചുള്ളു. കുട്ടികളെല്ലാം ശ്രദ്ധ തെറ്റി പ്രകൃതിയുടെ കവിതയിൽ ലയിച്ചിരിപ്പാണ്. ഇംഗ്ലീഷ് പാഠപുസ്തകം മടക്കിവെച്ചപ്പോൾ ഒന്നുരണ്ടുപേർ ഉല്ലാസത്തോടെ എന്നെ നോക്കാൻ തുടങ്ങി. വിരസതയിൽ നിന്നുള്ള മോചനത്തിനായി ഇടക്കിടെ പാട്ടും തമാശകളുമായി കുറഞ്ഞ സമയം പാഴാക്കാറുണ്ട്. അവരുടെ തുറുക്കണ്ണുകളുടെ തേട്ടവും, ആനന്ദിക്കാനായുള്ള ആ ഊഴത്തിനുവേണ്ടിയാണ്. ഈ പാഴ് സമയങ്ങളാണ് അവരുടെ ഓർമ്മയിൽ എന്നെന്നും നിലനിൽക്കുക. കാരണം പല ബാച്ചുകളുടെയും അവസാന സംഗമത്തിലെ അനുഭവപ്പറച്ചിലിൽ കുട്ടികൾ ആ സന്ദർഭങ്ങൾ ഓർത്തെടുക്കാറുണ്ട്. “കുട്ടികളെ… ഒരു കാര്യം ചോദിക്കട്ടെ…? മിണ്ടാതിരിക്കുവോ… ?” “ആ മാഷെ…” എന്നെ മുഴുമിക്കാൻ അനുവദിക്കാതെ ഒന്നടങ്കം ഒരേ സ്വരത്തിൽ പറഞ്ഞു. “പിന്നെ ജീവിതത്തിൽ ഒരു ലക്ഷ്യമൊക്കെ വേണം… നിങ്ങൾക്ക് എന്താവാനാണ് താല്പര്യം… ഓരോരുത്തർ പറയൂ…” “ആ മാഷെ…” വീണ്ടും ഒരേ താളം മുഴങ്ങി. “ഡോക്ടർ, എൻജിനീയർ, പ്രൊഫസർ, മാഷെ പോലെ…” വ്യത്യസ്ത മറുപടികൾ ശ്രവിക്കുന്നതിനിടെ സ്ഥിരം കൗതുകമുണർത്തുന്ന അവന്റെ ഊഴമെത്തി. എന്നെപ്പോലെ എല്ലാ വിദ്യാർത്ഥികളും സാകൂതം അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവൻ പറഞ്ഞു: “എനിക്ക് റസീവർ ആയാൽ മതി…” ഉത്തരം ശ്രവിച്ചതും വയൽ എരണ്ട ഇര വിഴുങ്ങും പോലെ സർവരും ശിരസ്സുന്തി അവനെ തുറിച്ചു നോക്കി. “വല്ല കമ്പനിയുടെയും റിസീവറണോ…?” സംശയ നിവർത്തിക്കായി അവനോട് തന്നെ തിരക്കി. “അല്ല നമ്മുടെ വീട്ടിൽ പിരിവിനു വരാറുള്ള അതേ റിസീവർ…” കുട്ടികൾ ഒന്നടങ്കം ചിരിക്കാൻ തുടങ്ങി. ധർമ്മസ്ഥാപനങ്ങൾക്ക് പിരിവിനു വേണ്ടി വീടുവീടാന്തരം കയറി ഇറങ്ങുന്ന റസീവറാവാനുള്ള മോഹം. ചിരിയുളവാക്കുന്നതിൽ അതിശയിക്കാനില്ല. എങ്കിലും ഒന്ന് കണ്ണുരുട്ടി മേശമേൽ കൈപ്പത്തികൊണ്ടു വീണ്ടും ആഞ്ഞടിച്ചു കുട്ടികളെ ശാന്തരാക്കി. തൽക്ഷണം ഓഫീസിൽ നിന്നും ബീഗിൾ മുഴങ്ങിയതിനാൽ “ഇനി പിന്നെയാവാം…” എന്നു പറഞ്ഞ് ക്ലാസ്സിൽ നിന്ന് ഓഫീസിലേക്കായി നടന്നു.
അധികാരഭാവം തൊട്ടുതീണ്ടാതെ പ്രിൻസിപ്പൾ കസേരയിൽ ഇരുന്നു ധൃതിയിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ഹംസ മാഷിനു ഒരു തംസപ്പു നൽകി ഓഫീസ് മൂലയിലെ ഒഴിഞ്ഞ കസേരയിൽ ഉപവിഷ്ടനായി. “എന്തുകൊണ്ടാവും ആ കുട്ടി അങ്ങനെ പറഞ്ഞത്…?” മനസ്സ് ആലോചനാ ഭാരത്താൽ അസ്വസ്ഥമായിരുന്നു. ജ്യോഗ്രഫി ക്ലാസ് കഴിഞ്ഞ് ജെസീം മാഷ് എതിരെ വന്നിരുന്നു. “മാഷെ… ലഞ്ച് കഴിക്കുന്നില്ലേ…?” ജസീം മാഷ് തന്റെ കയ്യിൽ പിടിച്ചു ഒരു ഉപചാരമെന്നോണം തിരക്കി. “ഇല്ല മാഷെ ഞാൻ ലഞ്ച് കഴിച്ചു.”
എന്റെ ഉത്തരത്തിൽ ഒരു ക്ഷണം ശങ്കിച്ച് അദ്ദേഹം കൈകഴുകാൻ പുറത്തോട്ടു പോയി. “മാഷെ, സെക്കൻഡ് ബെഞ്ചിൽ മൂന്നാമതായിരിക്കുന്ന ആ കുട്ടിയില്ലേ ബിലാൽ… അവനെപ്പോഴും മനസ്സിലാക്കാൻ പ്രയാസമുള്ളതേ പറയൂ…” സംസാരം കേൾക്കേ ഊണ് കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ജസീം മാഷ് കവിൾ കൂട്ടിലെ ഭക്ഷണം ധൃതിയിൽ ചവച്ചിറക്കി. “മാഷെ ഒന്നു കേൾക്കണോ… അവനോടു ഞാൻ ചോദ്യം ചോദിക്കരുതെന്ന് ചട്ടംകെട്ടിയിരിക്കാ… അല്ലേൽ അവന്റെ ബുദ്ധിവെച്ചു ചോദിച്ചാൽ പെട്ടെതു തന്നെ.” അല്പം നിറുത്തിയ ശേഷം ജസീം മാഷ് തുടർന്നു. “മാഷെ അവന്റെ സംസാരം മനസ്സിലായില്ലേൽ ഒന്നു തിരക്കി നോക്ക്… വല്ലോം തടയും… ഹഹഹ…” ജെസീം മാഷ് വീണ്ടും പാതി തീർന്ന ഭക്ഷണത്തിലേക്ക് നിവർത്തിയാക്കാനെന്നോണം വിരൽ കടത്തി. “എന്റെ മാഷെ… അവന്റെ കാര്യം ആലോചിച്ച് തല പുണ്ണാക്കാതെ. അവനൊരു തെറിച്ചവനാ. സൈക്കിളിലാണ് ഇങ്ങോട്ടുള്ള വരവ്. സൈക്കിളിന്റെ ഹോണാണേലോ…! വലിയ ലോറിയുടെയോ മറ്റോ സൈറനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഞാൻ തന്നെ ഒരിക്കെ ഞെട്ടി…” ഹംസ മാഷ് തിരക്കിനിടയിൽ ഒരു ഉച്ഛ്വാസ നാഴികയിൽ പറഞ്ഞുനിർത്തിയതും കുറ്റവാളിയിലേക്കടുക്കുന്ന ഇൻവെസ്റ്റിഗേറ്ററുടെ മനോനിലപോലെ മനസ്സിന്റെ തേട്ടത്തിനു ആക്കം കൂടി.. “എന്നാലും എന്തുകൊണ്ടാവാം അവൻ റിസീവർ എന്ന് ഉത്തരം പറഞ്ഞത്…?”
കൈബാഗ് കക്ഷക്കൂട്ടിൽ തിരുകി, മാറിടം പകുതി തുറന്ന രീതിയിൽ അഴകിയ കുപ്പായവും ധരിച്ച്, ചെക്കുതുണികൊണ്ട് താറുപാച്ചി, വാതിൽ മുട്ടി പിരിവു തേടുന്ന റസീവറാകാൻ മോഹമോ…? ഉച്ചയ്ക്കു ശേഷമുള്ള മടുപ്പൻ പിരിയഡുകൾ തള്ളിനീക്കി ട്യൂഷൻ സെന്ററിലെ സർവ്വ കുട്ടികളും പിരിഞ്ഞുപോകും മുന്നേ ഓഫീസ് വരാന്തയിൽ ബിലാലിനെയും പ്രതീക്ഷിച്ച് നിൽക്കാൻ തുടങ്ങി. എല്ലാവരിൽ നിന്നും അകലം പാലിച്ച് അവൻ വരുന്നത് കാൺകേ ഞാൻ വിരലാൽ വിളിച്ചു. മടിച്ചുമടിച്ച് എന്റെ പിറകെ ഓഫീസിൽ കയറി ഇരിപ്പിടത്തിനു നേരെയായി അവൻ കൂനിക്കൂടി. ജസീം മാഷും, ഹംസ മാഷും രംഗം മനസ്സിലാക്കി ഒന്ന് ചിരിച്ച ശേഷം ഓഫീസ് വിട്ട് വീട്ടിലേക്കു പോയി. ഞാൻ അവന്റെ മുഖത്തു നോക്കി നിന്നു. പിടിതരാത്ത ഒരു മുഖഭാവമാണ്, ചിലപ്പോൾ തോന്നും അവനൊരു അത്യുത്സാഹിയാണെന്ന്. ഉടനെ തന്നെ ഒരു മാനസികരോഗിയുടെ മുഖത്തേക്കാണോ നോക്കുന്നതെന്ന് വിചാരിക്കും. “നീ ആളൊരു പുലിയാണല്ലോ…! “ആരംഭം രസിച്ച മട്ടിൽ അവൻ മനോഹരമായി ഒന്നു ചിരിച്ചു. “നീ എന്തിനാടാ സൈക്കിളിൽ വലിയ ഹോൺ വച്ചിരിക്കുന്നത്… ആളുകളെ പറ്റിക്കാനോ ?” അല്പംപോലും അമാന്തിക്കാതെ അവൻ പറഞ്ഞു തുടങ്ങി. “അത് പിന്നെ മാഷെ… സുരക്ഷക്കു വേണ്ടിയല്ലേ ഹോൺ. വലിയ വാഹനത്തിന്റെ സൈറനായാൽ ആളുകൾ കൂടുതൽ ശ്രദ്ധിക്കുകയും സുരക്ഷിതരാവുകയുംചെയ്യും. ഞാനും റോഡിലുള്ളവരും കൂടുതൽ സുരക്ഷിതരായാൽ എന്താ പ്രശ്നം?” കേട്ടയുടനെ ആശങ്കപ്പെട്ടുവെങ്കിലും ചിന്തിച്ചപ്പോൾ കുറഞ്ഞപക്ഷം ശരിയാണെന്നു തോന്നി. “പിന്നെ… ഞാൻ വിളിച്ചത് അതിനൊന്നുമല്ല. ഇന്ന് ബിലാല് റസീവർ ആവാനാണ് ആഗ്രഹം എന്ന് പറഞ്ഞില്ലേ. റസീവർ ആവാൻ ആരേലും ആഗ്രഹിക്കുവോ? തൂവാനങ്ങൾ പതിഞ്ഞ വരാന്തയിൽ നിന്നും കണ്ണൂരി അവൻ എന്നെ നോക്കി. “മാഷെ… കുടുംബത്തിന് ജീവിക്കാനുള്ളത് സ്വരൂപിക്കാനല്ലേ ജോലി. നമ്മുടെ ക്ലാസ്സിൽ ഡോക്ടറുടേയും, അധ്യാപകരുടെയും, സാധാരണക്കാരുടെയും മക്കളില്ലെ. പലപ്പോഴും ഞങ്ങൾക്ക് തൃപ്തി ഉണ്ടാകാറില്ല. അച്ഛൻ അത് വാങ്ങി തന്നില്ല… ബൂട്ട് വാങ്ങി തന്നില്ല… ടൂറുപോകാൻ സമ്മതിച്ചില്ല… ഇങ്ങനെ തുടങ്ങും. പക്ഷേ ഒരാൾ മാത്രം തൃപ്തികേട് പറയാറില്ല. അവൻ പുതിയ ചെരുപ്പ് വാങ്ങിയാൽ എന്റെ ഉപ്പ വാങ്ങിയതാണെന്ന് അഭിമാനത്തോടെ ഞങ്ങളോട് പറയും. ഒന്നിനും അവനു അതൃപ്തിയില്ല. അവന്റെ ഉപ്പ, ഒരു റെസിപ്റ്റിനു അമ്പതു രൂപ കൊടുത്താൽ പത്തുരൂപ സ്വന്തം കൈപ്പറ്റാവുന്ന പേരൂർ എത്തീം ഖാനയുടെ റസീവറാണ്. ജോലിക്ക് ശമ്പളം ആണോ മാഷെ പ്രധാനം? കുടുംബത്തിന്റെ തൃപ്തിയല്ലേ. അതുകൊണ്ട് എനിക്ക് റസീവറായാൽ മതി.” പേലവമായ അവന്റെ കൈത്തടം പിടിച്ചൊന്നു കുലുക്കി, ഉറുമ്പടക്കം പുണർന്നു. അക്ഷരംമുട്ടി ഞാൻ നിൽക്കുന്ന നേരം വീണ്ടും അവന്റെ മുഖം കൂടുതൽ രഹസ്യാത്മകമായി. സൈക്കിൾ, ഭീമൻ ഹോണുകൾ മുഴക്കി കോമ്പൗണ്ട് കടക്കും വരെ ഞാൻ അവനെ നോക്കി നിന്നു. ആകാശം മുരളുന്നതുകേട്ട് ഓഫീസിന് താഴിട്ട് മുടുക്കിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ വലിയ വലിയ ഹോണുകൾ മനസ്സിൽ മുഴങ്ങുന്നുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.